ചൈന ക്രിക്കറ്റ് കളിക്കാത്തത് എന്തുകൊണ്ട് ?
text_fieldsഏറ്റവും പ്രാചീനമായ മറ്റൊരു കായികവിനോദംകൂടി ചൈനക്ക് സ്വന്തമായുണ്ട്. ചൈനീസ് ചെസ് എന്നറിയപ്പെടുന്ന ഷ്യങ്ചി. ആയിരത്തിലേറെ വർഷങ്ങൾക്കു മുമ്പുതന്നെ നിലവിലുണ്ടെന്നു കരുതുന്ന ബോർഡ് ഗെയിമാണിത്. ആധുനിക കാലത്തെ ചെസ് രൂപംകൊള്ളാനിടയായ ഇന്ത്യയുടെ വിനോദമായ ചതുരംഗത്തിൽ നിന്നുതന്നെയാണ് ഷ്യങ്ചിയും ഉടലെടുത്തത് എന്നാണ് വിശ്വാസം. വയോധികരാണ് അധികവും ഈ വിനോദത്തിൽ ഏർപ്പെട്ടുകാണാറ് ലോകകപ്പ് കഴിഞ്ഞു. ആസ്ട്രേലിയ കപ്പു നേടി. മിഷേൽ മാർഷ് ട്രോഫിക്ക് മുകളിൽ കാൽ കയറ്റിവെച്ചത് ശരിയോ തെറ്റോ എന്നും മറ്റുമുള്ള ചർച്ചകൾ നമുക്കിടയിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനിടെ നിരവധി തവണ കേൾക്കാനിടയായ ചോദ്യമാണ്, ചൈന എന്തുകൊണ്ട് ക്രിക്കറ്റ് കളിക്കുന്നില്ല?
ഏറ്റവും ലളിതമായ ഉത്തരം ചൈന ഒരു ബ്രിട്ടീഷ് കോളനി അല്ലായിരുന്നു എന്നതാണ്. ബ്രിട്ടീഷുകാരുടെ വിനോദമായതിനാലാണല്ലോ അവർ അധിനിവേശപ്പെടുത്തിയ രാജ്യങ്ങളിലെല്ലാം വലിയ വിനോദമായി ക്രിക്കറ്റ് വളർന്നത്. ചൈന എപ്പോഴും ലക്ഷ്യംവെക്കുന്നത് ഒളിമ്പിക്സിലുള്ള നേട്ടമാണ്. അതിന്റെ ഭാഗമായി ക്രിക്കറ്റില്ല എന്നതും ആ കളിയോടുള്ള ആഭിമുഖ്യം ചൈനക്കാർക്ക് കുറയാൻ കാരണമായി. ഇപ്പോൾ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരിക്കുന്ന വാർത്തകൾ വരുന്നു. ഇനി ചൈനക്ക് മാറ്റമുണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം.
ഐ.സി.സി ഇപ്പോൾ ചൈനയിലും ക്രിക്കറ്റിനെ ഉദ്ധരിക്കാൻ ശ്രമിക്കുന്നുണ്ട്. 2019ൽ ബാങ്കോക്കിൽവെച്ചു നടന്ന ടി20 മത്സരത്തിൽ ചൈനയുടെ വനിത ടീം യു.എ.ഇയുമായി ഏറ്റുമുട്ടി. 10 ഓവറുകൾ ബാക്കിനിൽക്കെ വെറും 14 റൺസെടുത്ത് ടീം ഓൾഔട്ടായി. അന്തർദേശീയ വനിത-പുരുഷ മത്സരങ്ങളിൽ എക്കാലത്തും ലഭിച്ച ഏറ്റവും ചെറിയ സ്കോറാണിത്. എങ്കിലും സ്ഥിരോത്സാഹത്തിലൂടെ എന്തിനെയും കീഴ്പ്പെടുത്തി ശീലമുള്ള ചൈന ക്രിക്കറ്റിലും തോറ്റുപിന്മാറി നിൽക്കാൻ സാധ്യതയില്ല.
ചൈനയിലെ സ്പോർട്സ് എന്നു കേൾക്കുമ്പോൾ ആയോധനമുറകളാണല്ലോ നമ്മുടെ മനസ്സിൽ ആദ്യം വരുക. ഷ്യാ രാജവംശത്തിനും നാലായിരം വർഷങ്ങൾക്കു മുമ്പാണ് ചൈനീസ് ആയോധനകലകൾ രൂപംകൊണ്ടതെന്നാണ് പറയപ്പെടുന്നത്. ഷാവോലിൻ സ്റ്റൈലിലുള്ള കുങ് ഫുവാണ് ഏറ്റവും പുരാതനം. എല്ലാ ആയോധനകലകളിലും വടക്കു, തെക്കു ഭാഗങ്ങളിൽ നേരിയ വ്യത്യാസം കാണാനാവും. വേഗത്തിലും ബലത്തോടെയുമുള്ള കിക്കുകളാണ് വടക്കൻ ചൈനയിലെങ്കിൽ, കൈകളുടെ ചലനങ്ങളിലാണ് തെക്കു ഭാഗത്തുള്ളവർ ശ്രദ്ധ കേന്ദ്രീകരിക്കുക.
തെക്കൻ ചൈനക്കാർക്ക് ആയോധനകലയുടെ മൂർത്തിരൂപം ബ്രൂസ് ലീയാണ്. താമസനഗരത്തിൽനിന്ന് കേവലം കിലോമീറ്ററുകൾ അകലെയുള്ള ജുനാൻ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ബ്രൂസ് ലീയുടെ കുടുംബവീട് ഒരിക്കൽ സന്ദർശിച്ചിട്ടുണ്ട്. ജുനാനിലെ ‘ബ്രൂസ് ലീ പാരഡൈസ്’ പാർക്കിലാണ് ലോകത്തുവെച്ച് ഏറ്റവും വലിയ ബ്രൂസ് ലീ പ്രതിമയുള്ളത്. അവിടത്തെ മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സഹിതം, ആയോധനമുറയുടെ വിവരണങ്ങൾ ചുമരിൽ പതിപ്പിച്ചത് കാണാനാവും. തത്ത്വചിന്തയും ആയോധനകലയും സംയോജിപ്പിച്ച ചൈനീസ് കുങ് ഫു എന്നു വിശേഷിപ്പിക്കാവുന്ന ‘ജീത്കുഹ് ദോ’ ബ്രൂസ് ലീയുടെ സംഭാവനയാണ്. എല്ലാംകൊണ്ടും ഏറ്റവും മനോഹരമായി ബ്രൂസ് ലീയുടെ ഓർമകളെ ആ മ്യൂസിയത്തിൽ അടക്കം ചെയ്തുവെച്ചിരിക്കുന്നു.
ഡ്രാഗൺ എന്ന മൃഗത്തിനു ചൈനീസ് സംസ്കാരവുമായി മഹത്തായ ഒരു ബന്ധമുണ്ടെന്നാണ് വിശ്വസിച്ചുപോരുന്നത്. പദവി, ശക്തി, ഭാഗ്യം എന്നിവയുടെയെല്ലാം പ്രതീകമാണ് ഡ്രാഗൺ. പല തരത്തിലുള്ള സാമ്പ്രദായിക കായിക വിനോദങ്ങൾ ഇന്നും ചൈന തുടർന്നുപോരുന്നുണ്ട്. അതിലെ പ്രധാനപ്പെട്ട ഒന്നിനെക്കുറിച്ച് പറയാം- ‘ഡ്രാഗൺ ബോട്ട് റേസിങ്.’ മലയാളീകരിച്ചു പറഞ്ഞാൽ വള്ളംകളി. ‘ഡ്രാഗൺ ബോട്ട് ഫെസ്റ്റിവൽ’ എന്നൊരു ആഘോഷത്തോട് അനുബന്ധിച്ചാണ് ഇതിന്റെ നടത്തിപ്പ്. നീളത്തിലുള്ള തോണികൾ ഒരു ഡ്രാഗണെപ്പോലെ അലങ്കരിക്കും. കൊട്ടും കുരവയും ആർപ്പുവിളികളുമുണ്ടാവും. 20 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമാണ് സാധാരണയായി മത്സരത്തിലെ വള്ളങ്ങൾക്കുണ്ടാവുക.
ഇതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. ചു യ്വൻ എന്ന ഒരു പഴയകാല കവിയുണ്ടായിരുന്നു. ഒരിക്കൽ എന്തോ കാര്യത്തിൽ കോപിഷ്ഠനായ രാജാവ് കവിയെ നാടുകടത്തി. പക്ഷേ, അതിമനോഹര കവിതകളെഴുതി അദ്ദേഹം ആ കാലമത്രയും ജനങ്ങൾക്കൊപ്പം കഴിയുകയാണുണ്ടായത്. എന്നാൽ, പതിയെ വിഷാദത്തിലേക്ക് വീണ ചു യ്വൻ ആത്മഹത്യക്കായി ഒരു ദിവസം പുഴയിൽ ചാടി. നല്ലവരായ ജനങ്ങൾ അദ്ദേഹത്തെ രക്ഷിക്കാൻ വള്ളങ്ങളുമായി ഇറങ്ങിയെങ്കിലും കാര്യമുണ്ടായില്ല. പുഴയിലെ വലിയ മത്സ്യങ്ങൾ കവിയെ ഭക്ഷിക്കാതിരിക്കാനായി അവർ റൈസ് ബാളുകൾ (ആവിയിൽ പുഴുങ്ങിയ അരിയുണ്ടകൾ) എറിഞ്ഞുകൊടുത്തുകൊണ്ടിരുന്നു. ഇന്നും വർഷത്തിലെ എല്ലാ അഞ്ചാം മാസവും ഡ്രാഗൺ ബോട്ട് ഫെസ്റ്റിവലിന്റെ സമയങ്ങളിൽ അവർ പുഴയിലേക്ക് റൈസ് ബാളുകൾ എറിഞ്ഞുകൊണ്ട് കവിയോടുള്ള സ്നേഹം കാണിക്കുന്നു. വിനോദം മനുഷ്യത്വപരംകൂടിയാവുന്നത് അങ്ങനെയാണെന്നുവേണം കരുതാൻ.
ഏറ്റവും പ്രാചീനമായ മറ്റൊരു കായികവിനോദംകൂടി ചൈനക്ക് സ്വന്തമായുണ്ട്. ചൈനീസ് ചെസ് എന്നറിയപ്പെടുന്ന ഷ്യങ്ചി. ആയിരത്തിലേറെ വർഷങ്ങൾക്കു മുമ്പുതന്നെ നിലവിലുണ്ടെന്നു കരുതുന്ന ബോർഡ് ഗെയിമാണിത്. ആധുനിക കാലത്തെ ചെസ് രൂപംകൊള്ളാനിടയായ ഇന്ത്യയുടെ വിനോദമായ ചതുരംഗത്തിൽനിന്നുതന്നെയാണ് ഷ്യങ്ചിയും ഉടലെടുത്തത് എന്നാണ് വിശ്വാസം. വയോധികരാണ് അധികവും ഈ വിനോദത്തിൽ ഏർപ്പെട്ടുകാണാറ്.
സ്കൂളുകളിലും കായികാഭ്യാസങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട് ചൈനീസ് ഭരണകൂടം. വിദ്യാർഥികളെ ക്ലാസ് ടീച്ചർമാർ ഏഴരയോടെ പുല്ലുപാകിയ മൈതാനത്തേക്ക് എത്തിക്കും. അസംബ്ലിക്ക് നിൽക്കുന്നപോലെ അച്ചടക്കത്തിൽ അവരെ നിർത്തും. ആദ്യം ഫ്ലാഗ് റേസിങ്. ശേഷം ഉച്ചത്തിലുള്ള മ്യൂസിക് വെച്ച് ടീച്ചർമാർ കുട്ടികൾക്ക് മുന്നിൽനിന്ന് കാർഡിയോ എക്സസൈസ് ചെയ്യും; കുട്ടികൾ അപ്പടി അത് പകർത്തും. 15 മിനിറ്റുവരെ നീണ്ടുനിൽക്കുന്ന വ്യായാമ മുറകൾ കഴിയുമ്പോഴേക്കും കുട്ടികൾ ഉഷാറായിക്കാണും. അൽപസ്വൽപം വിശപ്പറിയുന്ന ആ സമയത്താണ് എല്ലാവരും ഒന്നിച്ചിരുന്നു ബ്രേക്ക്ഫാസ്റ്റ് കഴിക്കുക. രണ്ടു വയസ്സ് മുതൽ ജിംനാസ്റ്റിക്സിൽ പരിശീലനം നേടുന്ന കുട്ടികളാൽ സമ്പന്നമാണ് രാജ്യം.
ചൈനയിൽ വലിയൊരു കൂട്ടം കാണികളുള്ള കായിക വിനോദമാണ് ബാസ്കറ്റ്ബാൾ. 2019ലെ ഫിബ ബാസ്കറ്റ്ബാൾ ലോകകപ്പിന് ചൈനയാണ് ആതിഥേയത്വം വഹിച്ചത്. യൗ മിങ് ആണ് ഏറ്റവും പോപുലറായ ചൈനീസ് ബാസ്കറ്റ്ബാൾ കളിക്കാരൻ. അദ്ദേഹം എൻ.ബി.എയിൽ എത്തിയതിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് 300 മില്യൺ ബാസ്കറ്റ്ബാൾ കളിക്കാർ ചൈനയിലുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. മിക്ക പബ്ലിക് പാർക്കുകളിലും ബാസ്കറ്റ്ബാൾ കോർട്ടുകൾ കാണാനാവും. മറ്റൊരു ഇഷ്ടവിനോദം പിങ് പോങ് അഥവാ ടേബിൾ ടെന്നിസാണ്. നിലവിൽ, ചൈനീസ് ടേബിൾ ടെന്നിസ് കളിക്കാരനായ മാ ലോങ്ങാണ് ലോകത്തിലെ ഏറ്റവും ഉയർന്ന റാങ്കുള്ള കളിക്കാരൻ.
ഓരോ രാജ്യത്തും ജനകീയമായ ഓരോ കായിക ഇനമുണ്ടാകാം. എന്നാൽ, അതിന്റെ ആസ്വാദ്യത, സ്വീകാര്യത, നിപുണത എന്നിവയൊന്നും ആ രാജ്യത്തിന്റെ മാത്രം സ്വന്തമാകില്ല. രാജ്യാതിർത്തികൾക്കപ്പുറം മനുഷ്യരെ ഒരുമിപ്പിക്കാനുള്ള അപൂർവ സിദ്ധി കായിക ഇനങ്ങൾക്കുണ്ട്. പുള്ളാവൂർ പുഴയിൽ തലയുയർത്തി നിന്ന മെസ്സിയും റൊണാൾഡോയും നെയ്മറുമൊന്നും നമ്മുടെ ദേശക്കാരായിരുന്നില്ലല്ലോ. ആ സാർവജനീനതയാണ് കായിക മത്സരങ്ങളെ സുന്ദരമാക്കുന്നത്.
ക്രിക്കറ്റിൽ ഇനി ചെറിയ മീനുകളില്ലെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം ഈ ലോകകപ്പ് കാലയളവിൽ മുഖപ്രസംഗമെഴുതി. ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാന്റെയും നെതർലൻഡ്സിന്റെയും പ്രകടനമായിരുന്നു അങ്ങനെ എഴുതാൻ അവർക്കുണ്ടായ പ്രചോദനം. ചൈന ക്രിക്കറ്റ് കളിക്കാൻ തുടങ്ങുമ്പോൾ ലോകം കാത്തിരിക്കുകയാണ്, മൈതാനങ്ങളെ ത്രസിപ്പിക്കുന്ന മികവുറ്റ ക്രിക്കറ്റ് മത്സരങ്ങൾക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.