ഇന്ത്യ എന്ന പേര് അപ്രത്യക്ഷപ്പെടുത്തുന്നത് എന്തിനുവേണ്ടിയാണ് ?
text_fieldsഭരണഘടനാ രൂപവത്കരണ ഘട്ടത്തിൽ എച്ച്.വി. കമ്മത്ത്, കെ.ടി. ഷാ, സേത്ത് ഗോവിന്ദഭായ്, ഷിബൻലാൽ സക്സേന മുതലായ പ്രധാന വ്യക്തികൾ ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നായിരിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു. അവരുടെ വാദങ്ങളെ പ്രതിരോധിച്ച ഡോ. ബി.ആർ. അംബേദ്കർ ഇന്ത്യ എന്ന പേര് തന്നെയാവണമെന്ന ഉറച്ച നിലപാടാണ് കൈക്കൊണ്ടത്.
ഈ മാസം ആദ്യവാരം ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഇന്ത്യൻ പ്രസിഡന്റിനെ പ്രസിഡന്റ് ഓഫ് ഭാരത് എന്നു വിശേഷിപ്പിച്ചത് ദേശവ്യാപക ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചു. ഇന്ത്യ എന്ന പേരിനെ ഉപേക്ഷിക്കുകയും ഭാരത് എന്നു പുനർനാമീകരിക്കുകയും ചെയ്യുക എന്നത് ബി.ജെ.പി പോലുള്ള സംഘ്പരിവാർ ശക്തികളുടെ മാത്രമല്ല, ഹിന്ദു യാഥാസ്ഥിതിക വിഭാഗങ്ങൾക്ക് പണ്ടുമുതലേയുള്ള അജണ്ടയാണ്.
ഇപ്പോൾ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇത്തരം നിയമനിർമാണത്തിന് കേന്ദ്ര സർക്കാർ മുതിർന്നേക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അങ്ങനെയൊരു ഉദ്ദേശ്യവുമില്ലെന്നു കേന്ദ്ര നിയമമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും അതിനെ പൂർണമായി മുഖവിലക്കെടുക്കാൻ പ്രതിപക്ഷ കക്ഷികളോ പൊതുസമൂഹമോ സന്നദ്ധമല്ല.
എന്തുകൊണ്ടാണ് ഇന്ത്യ എന്ന പേരിനെ അപ്രത്യക്ഷപ്പെടുത്താൻ ബി.ജെ.പിയും വിവിധ ഹിന്ദുവാദികളും കിണഞ്ഞുശ്രമിക്കുന്നത്? ഭരണഘടനാ രൂപവത്കരണ ഘട്ടത്തിൽ എച്ച്.വി. കമ്മത്ത്, കെ.ടി. ഷാ, സേത്ത് ഗോവിന്ദഭായ്, ഷിബൻലാൽ സക്സേന മുതലായ പ്രധാന വ്യക്തികൾ ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നായിരിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു.
അവരുടെ വാദങ്ങളെ പ്രതിരോധിച്ച ഡോ. ബി.ആർ. അംബേദ്കർ ഇന്ത്യ എന്ന പേര് തന്നെയാവണമെന്ന ഉറച്ച നിലപാടാണ് കൈക്കൊണ്ടത്, എന്നിരിക്കിലും മേൽപറഞ്ഞവരുടെയും ഹിന്ദു യാഥാസ്ഥിതികരുടെയും സമ്മർദത്തിനുവഴങ്ങി ഒരു അഭിപ്രായ സമന്വയമെന്ന നിലയിൽ ഭരണഘടനയുടെ ഒന്നാം ആർട്ടിക്കിളിൽ ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത്’ എന്നു രേഖപ്പെടുത്തുകയുമുണ്ടായി.
ഇന്ത്യ എന്ന പേരുമാറ്റുന്നതിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഹിന്ദുത്വ വാദികൾ ഉന്നയിക്കുന്നത്.
ഒന്ന്: ഇന്ത്യൻ പുരാണങ്ങൾ പ്രകാരം, ദുഷ്യന്തന്റെയും ശകുന്തളയുടെയും പുത്രനായ ഭരതനാണ് മറ്റു മുഴുവൻ രാജാക്കന്മാരെയും കീഴടക്കിക്കൊണ്ട് ദ്വിഗ്വിജയം നടത്തി ചക്രവർത്തി പദത്തിലേക്ക് ഉയർന്നത്. അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ് ഭാരതവർഷം എന്ന സങ്കൽപം നിലനിൽക്കുന്നത്.
എന്നാൽ, ഹിന്ദുത്വ വാദികൾ പറയുന്നപോലെ ഭാരതവർഷം ഇന്ത്യയുടെ ഭൂപരതയെയോ വൈവിധ്യ പരതയെയോ ഉൾക്കൊള്ളുന്നതല്ല. അതിൽ വിന്ധ്യാപർവതത്തിന് തെക്കുള്ള പ്രദേശങ്ങളും വടക്കുകിഴക്കൻ മേഖലകളും ഉൾപ്പെടുന്നില്ല. കൂടാതെ, ഭാരതവംശം എന്നത് ഒരു ബ്രാഹ്മണകുലം മാത്രവുമാണ്. അതിനാൽതന്നെ ഇന്ത്യ എന്ന കാഴ്ചപ്പാടിനോട് ഒരുവിധത്തിലും ചേർന്നുപോകുന്നതല്ല ‘ഭാരത്’ എന്ന ദേശനാമം.
രണ്ട്: ഇന്ത്യ എന്ന പേര് വിദേശികൾ നിർമിച്ചതാണ്. ആ പേരിനെ ഉപേക്ഷിക്കുന്നതിലൂടെ കൊളോണിയൽ അടിമത്തത്തിന്റെ ഭാരം തുടച്ചുമാറ്റുകയാണെന്ന് ഇവർ അവകാശപ്പെടുന്നു.
എന്നാൽ, ഇന്ത്യയുടെ പുരാണങ്ങളുടെ അത്രയും പഴക്കമുള്ളതും വിവിധ തരത്തിലുള്ള ജനാധിവാസത്തെ കുറിക്കുന്നതും അതിവിപുലമായ ഭൂ വിസ്തീർണതയെ ഉൾക്കൊള്ളുന്നതുമാണ് ഇന്ത്യ എന്ന പേര്. മാത്രമല്ല ഭാഷകൾ, ദേശീയതകൾ, സംസ്കാരം മുതലായ കാര്യങ്ങളെല്ലാം സ്വദേശീയവും വിദേശീയവുമായ കലർപ്പുകളിലൂടെ ചരിത്രപരമായി രൂപപ്പെടുന്നതുമാണ്. നിരവധിയായ സങ്കരങ്ങളിലൂടെയാണ് ഇന്ത്യ നിലനിൽക്കുന്നത്.
അതിൽനിന്ന് ഇന്ത്യ എന്ന പേരിനെ മാറ്റിയാലൊന്നും വൈദേശികാടിമത്തത്തിന്റെ രേഖകൾ തുടച്ചുമാറ്റാൻ സാധിക്കുമെന്നുപറയാൻ കഴിയില്ല. ചുരുക്കിപ്പറഞ്ഞാൽ ഹിന്ദുത്വ വാദികൾ മുന്നോട്ടുവെക്കുന്ന രണ്ട് വാദഗതികളും ഒരു ആധുനിക സമൂഹത്തിനു നിരക്കുന്നതല്ല.
എന്നാൽ, ഇപ്പോൾ ബി.ജെ.പി ഭാരത് എന്നു പേരുമാറ്റുന്നതിനും സനാതന ധർമത്തിന്റെ തുടർച്ചക്കും വേണ്ടി നിലകൊള്ളുന്നതിന് സവിശേഷമായ കാരണമുണ്ട്.
ഇന്ത്യയിലെ വിവിധ പ്രതിപക്ഷ കക്ഷികൾ ഒരു പൊതുവേദി രൂപവത്കരിച്ചിരിക്കുകയാണ്. അതിന്റെ ചുരുക്കെഴുത്താണ് ‘ഇൻഡ്യ’ എന്നത്. ഈ പൊതുവേദി ഏറക്കുറെ രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിനൊപ്പം ‘ഇൻക്ലൂഷനെ’ അജണ്ടയായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിന്ദുത്വം സനാതന ധർമത്തിലും ബ്രാഹ്മണരുടെ വംശീയ മേധാവിത്വത്തിലും വേദകാലത്തെ സുവർണ ഭൂതകാലമായി നിർണയിച്ചുകൊണ്ടുമാണ് നിലനിൽക്കുന്നത്. അതിന്റെ പ്രധാനപ്പെട്ട ഘടകം എക്സ് ക്ലൂഷൻ അഥവാ പുറന്തള്ളലാണ്. പുറന്തള്ളലിനുപകരം ഉൾക്കൊള്ളലിനെ അജണ്ടയായി പ്രഖ്യാപിച്ച പ്രതിപക്ഷ ഐക്യമുന്നണി ഹിന്ദുത്വ വാദികളുടെ ഉറക്കം കെടുത്തുന്നതാണ്.
പ്രതിപക്ഷ മുന്നണിയിൽ ശക്തമായ പ്രാതിനിധ്യമുള്ളവരാണ് ദക്ഷിണേന്ത്യയിലെ ദ്രാവിഡ ജനതയും ഉത്തരേന്ത്യയിലെ പിന്നാക്ക-ദലിത്-ന്യൂനപക്ഷ ജനതയും. മണിപ്പൂരിലെ ക്രൈസ്തവ വിരുദ്ധ കൂട്ടക്കൊലകൾ മൂലം വടക്കുകിഴക്കൻ മേഖലകളുടെ പ്രാതിനിധ്യവും പ്രതിപക്ഷ മുന്നണിയിലേക്കാണ് എത്തിച്ചേരുന്നത്.
മേൽപറഞ്ഞ സമുദായങ്ങൾ പൊതുവേ സനാതന ധർമത്തെ നിരാകരിക്കുന്നവരും വേദകാല പാരമ്പര്യത്തെ അടിമത്തമായി കാണുന്നവരുമാണ്. ഇന്ത്യ എന്ന പേരിനോടാണ് ‘ഭാരത്’ എന്നതിനേക്കാൾ അവർക്ക് വൈകാരിക അടുപ്പമുള്ളത്.
ബി.ജെ.പി അധികാരത്തിൽ വന്നതും മുസ്ലിംവിരുദ്ധ വംശീയ കലാപങ്ങളിലൂടെയാണ്. ഇതിലൂടെ മുസ്ലിംകളെ അപരരായി നിർണയിക്കുകയും ഇതേ അപരരെ ചൂണ്ടിക്കാട്ടി ജാതീയമായി വിഘടിച്ചു കിടക്കുന്ന ഹിന്ദുക്കളെ ഏകീകരിക്കുകയുമാണ് ചെയ്തത്.
എന്നാൽ ‘ഭാരത്’ എന്ന പേരിനൊപ്പം നിരവധി സ്ഥലനാമങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും പേരുമാറ്റുന്നതും ഹിന്ദുക്കളുടെ ഐക്യം ഉദ്ദേശിച്ചുള്ളതല്ല. മറിച്ച് സനാതന ഹിന്ദുക്കളുടെയും ബ്രാഹ്മണരുടെയും വംശീയ അധികാരത്തെ ചിഹ്നപരമായി സ്ഥാപിക്കാനും അടിച്ചേൽപിക്കാനുമാണ്. ഇതിലൂടെ ദലിത്-പിന്നാക്ക-ആദിവാസി ജനതയാണ് കൂടുതലായി അന്യവത്കരിക്കപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.