ശമ്പളത്തിന് പൊതുപണം, എവിടെ പ്രാതിനിധ്യം?
text_fieldsസംസ്ഥാനത്തെ പ്രശസ്തമായ ഒരു എയ്ഡഡ് കോളജിൽ ദലിത് സമൂഹത്തിൽനിന്നുള്ള പ്രഗല്ഭനായ ഒരു അധ്യാപകന് നിയമനം ലഭിച്ചത് സമൂഹമാധ്യമങ്ങളിൽ വാർത്തയായിരുന്നു. എയ്ഡഡ് കോളജുകളിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്നതാണ് അത്തരമൊരു നിയമനം. സാമൂഹിക നീതി ലംഘനത്തിെൻറ അതിക്രൂരമായ കേരള മോഡലാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ദലിത്-പിന്നാക്ക പ്രാതിനിധ്യ നിഷേധം. സംസ്ഥാനത്തെ ജനങ്ങളുടെ പൊതുപണത്തിൽനിന്നെടുത്ത് എയ്ഡഡ് മേഖലയിൽ നൽകുന്ന ശമ്പളത്തിൽനിന്ന് പിന്നാക്ക ദുർബല വിഭാഗങ്ങളിൽനിന്നുള്ളവർക്ക് ചില്ലിക്കാശുപോലും നൽകരുതെന്ന് സർക്കാറിനും ഭൂരിഭാഗം മാനേജ്മെൻറുകൾക്കും ഒരുതരം ശാഠ്യമുണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അതൊരു അസത്യമല്ല- മാധ്യമം നടത്തുന്ന വിശകലനം
സംസ്ഥാനത്ത് എയ്ഡഡ് മേഖലയിൽ ആറ് പോളിടെക്നിക്കുകളുണ്ട്. ഇവിടെ 272 അധ്യാപകർ. ഇതിൽ പട്ടികജാതിയിൽനിന്ന് ആകെയുള്ളത് ഒരേ ഒരാൾ. പട്ടികവർഗത്തിന് പ്രാതിനിധ്യമേയില്ല. അനധ്യാപകരായി ജോലിചെയ്യുന്നവർ വേറെ. അതിലും സ്ഥിതി സമാനം. സർക്കാർ പോളികളിൽ 1259 അധ്യാപകരുള്ളതിൽ 126 പട്ടികജാതിക്കാരും 31 പട്ടികവർഗക്കാരും അടക്കം 157 അധ്യാപകരുണ്ടെന്ന് ഓർക്കണം. സർക്കാർ ഖജനാവിൽനിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരിൽ ദുർബല വിഭാഗങ്ങൾ മാറ്റിനിർത്തപ്പെടുന്നുവെന്നതിന്‍റെ ഒരു ചെറു ഉദാഹാരണം മാത്രമാണിത്. മറ്റു സംവരണ വിഭാഗങ്ങളുടെ സ്ഥിതിയും ഒട്ടും ഭിന്നമല്ല.
മുന്നാക്ക സംവരണം ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി അംഗീകരിക്കുകയും സംസ്ഥാന സർക്കാർ തന്നെ ആവേശത്തോടെ നിലപാട് എടുക്കുകയും ചെയ്യുമ്പോൾ സർക്കാർ ശമ്പളവും ആനുകൂല്യവും കൊടുക്കുന്ന എയ്ഡഡ് മേഖലയിൽ എന്തുകൊണ്ട് സംവരണം ബാധകമാക്കുന്നില്ല- സുപ്രധാന ചോദ്യം ശക്തമാവുകയാണ്. മെറിറ്റോ സംവരണമോ പാലിക്കാതെ നിയമനം നടത്തുകയും സർക്കാർ ഖജനാവിൽനിന്ന് ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും യഥേഷ്ടം നൽകുകയും ചെയ്യുന്ന കൊടും അനീതിയാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം ഏകദേശം അഞ്ച് ലക്ഷം വരും. ഇതിൽ ഭൂരിഭാഗവും പി.എസ്.സി വഴി നിയമനം നേടിയവരും അക്കാലത്ത് നിലനിന്ന സംവരണ സംവിധാനങ്ങളിലൂടെ വന്നവരുമാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളവും സ്ഥാനക്കയറ്റവും പെൻഷൻ അടക്കം മുഴുവൻ ആനുകൂല്യങ്ങളുമുള്ള എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണമില്ല. അവരുടെ നിയമനത്തിൽ സർക്കാറിന് ഒരു നിയന്ത്രണവുമില്ല. മാനേജ്മെന്‍റുകൾ നിയമിക്കുന്നവർക്ക് സർക്കാർ ശമ്പളം നൽകുന്ന സ്ഥിതി. സംഘടിതരായ മാനേജ്മെന്‍റിനെ തൊടാനോ പിന്നാക്ക വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കാനോ കേരളം ഭരിച്ച ഒരു സർക്കാറും താൽപര്യം കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, നിയമനത്തിന് ഏറെ സ്ഥാപനങ്ങളിലും പണമാണ് മാനദണ്ഡം. ലക്ഷങ്ങളാണ് ഓരോന്നിലും മറിയുക. മെറിറ്റ് നോക്കി ശരിയായി നിയമനം നടത്തുന്ന ചില മാനേജ്മെന്‍റുകളെ മാറ്റിനിർത്തിയാണ് ഈ പരാമർശം. എയ്ഡഡ് മേഖലയിൽ ജോലിചെയ്യുന്നവരുടെ ജനസംഖ്യാപരമായ പ്രാതിനിധ്യ കണക്കുകളൊന്നും എവിടെയുമില്ല. അതെടുക്കാൻ സർക്കാറിന് താൽപര്യമില്ല.
കടമെടുത്തുനൽകുന്ന ശമ്പളമാണിത്
സംസ്ഥാനത്ത് സർക്കാർ-എയ്ഡഡ് മേഖലയിലായി ഏകദേശം 13,576 സ്കൂളുകൾ പ്രവർത്തിക്കുന്നു. ഇതിൽ 8060 ഓളം സ്കൂളുകൾ എയ്ഡഡ് മേഖലയിലാണ്. 163 ആർട്സ് ആൻഡ് സയൻസ് കോളജുകൾ, മൂന്ന് എൻജിനീയറിങ് കോളജുകൾ, ആറ് പോളി ടെക്നിക്കുകൾ എന്നിവയും എയ്ഡഡ് മേഖലയിലുണ്ട്. ഇവയിൽ എല്ലാം കൂടി 1,37,000ത്തിലേറെ അധ്യാപകർ ജോലി ചെയ്യുന്നു. പുറമെ അനധ്യാപകർ പതിനായിരക്കണക്കിനാണ്. എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിഞ്ഞ കൊല്ലം ചെലവിട്ടത് 12,892.11 കോടി രൂപയാണ്. സർക്കാർ ജീവനക്കാരുടെ ആകെ ശമ്പളമായ 44,275.22 കോടിയിലാണ് ഇത്രയും എയ്ഡഡ് മേഖലക്കായി നൽകുന്നത്. പെൻഷനായി ആകെ നീക്കിെവച്ച 26,834.03 കോടിയിൽ ആനുപാതികമായ തുക എയ്ഡഡ് മേഖലയിലെ പെൻഷൻകാർക്കായി നീക്കിവെക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ മാസം 3000 കോടിയോളം രൂപ കടമെടുക്കുന്ന കാലത്താണ് ഇതെന്ന് ഓർക്കണം. ഈ മേഖലയിലെ പ്രാതിനിധ്യം പരിശോധിക്കപ്പെടേണ്ട കാലം അതിക്രമിച്ചുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
സ്കൂളുകളിൽ സർക്കാറിന്‍റെ ഇരട്ടി എയ്ഡഡിൽ
പത്താം ക്ലാസ് വരെ എടുത്താൽ ആകെ 12,986 സ്കൂളുകൾ. ഇതിൽ 1075 എണ്ണം അൺ എയ്ഡഡാണ്. 4697 സർക്കാർ സ്കൂളുകൾ. 7214 എണ്ണം എയ്ഡഡ്. സർക്കാർ സ്കൂളുകളിൽ 52853 അധ്യാപകരാണ് പഠിപ്പിക്കുന്നത്. 13,901 പേർ എൽ.പി. തലത്തിലും 10,558 പേർ യു.പി തലത്തിലും 28,394 പേർ ഹൈസ്കൂൾ വിഭാഗത്തിലും. അതേസമയം എന്നാൽ എയ്ഡഡിൽ 93,727 അധ്യാപകരുണ്ട്. 23,166 പേർ എൽ.പിയിലും 26,736 പേർ യു.പി.യിലും 42,825 പേർ ഹൈസ്കൂളുകളിലും. അതായത്, സർക്കാർ സ്കൂളിൽ നിയമിക്കുന്ന അരലക്ഷം അധ്യാപകർ മാത്രമാണ് സംവരണ തത്ത്വം പാലിച്ച് സർവിസിൽ ജോലിക്ക് കയറുന്നത്. എന്നാൽ, എയ്ഡഡിലെ ഒരു ലക്ഷത്തോളം അധ്യാപകർ (സർക്കാറിന്‍റേതിന്‍റെ ഇരട്ടി) ഒരു സംവരണ തത്ത്വവും പാലിക്കാതെ മാനേജ്മെന്‍റിന്‍റെ താൽപര്യപ്രകാരം മാത്രം സർവിസിലെത്തുന്നു. ഇവർക്ക് ശമ്പളവും സ്ഥാനക്കയറ്റവും പെൻഷനും ആനുകുല്യങ്ങളും എല്ലാം സർക്കാർ ഖജനാവിൽനിന്നുതന്നെ നൽകുന്നു. സർക്കാർ ഖജനാവിൽനിന്ന് ശമ്പളവും പെൻഷനും നൽകുമ്പോൾ സ്വാഭാവികമായും അവിടെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യം വേണ്ടതാണ്. ഇവിടെ പട്ടികവിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളും അടക്കം വലിയ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യമില്ല. അതേസമയം, എയ്ഡഡിൽനിന്ന് അധ്യാപകർ കുട്ടികളില്ലാതെ പുറത്താകുമ്പോൾ അവരെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റുന്നു. മെറിറ്റ് വഴി എല്ലാ വിഭാഗത്തിനും ജോലി ലഭിക്കേണ്ട തസ്തികകൾ കൂടി ഇപ്രകാരം എയ്ഡഡിൽനിന്ന് വന്നവർക്കായി മാറ്റുന്നു. മെറിറ്റിൽ കിട്ടേണ്ടവർക്ക് അവസരം നഷ്ടമാകുന്നു. പി.എസ്.സി വഴി സംവരണ തത്ത്വം പാലിച്ച് നിയമനം ലഭിക്കേണ്ട സർക്കാർ അധ്യാപക തസ്തികകളിലേക്കും ഇപ്പോൾ ഇവരെ വിന്യസിക്കുന്നു.
ഹയർസെക്കൻഡറികളിലെയും കോളജുകളിലെയും അവസ്ഥ
സംസ്ഥാനത്ത് 2077 ഹയർസെക്കൻഡറി സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 412 എണ്ണം അൺ എയ്ഡഡാണ്. 819 സർക്കാർ സ്കൂളുകളും 846 എയ്ഡഡ് സ്കൂളുകളുമുണ്ട്. ഇവയിലെല്ലാം കൂടി 7232 ബാച്ചുകളും പ്രവർത്തിക്കുന്നു. സർക്കാറിന്‍റെ സാമ്പത്തികാവലോകനത്തിൽ എയ്ഡഡ് ഹയർസെക്കൻഡറിയിൽ എത്ര അധ്യാപകരുണ്ടെന്നു പറയുന്നില്ല. എങ്കിലും കാൽലക്ഷത്തിലേറെ വരും. 389 വൊക്കേഷനൽ ഹയർസെക്കൻഡറികളിൽ 261 എണ്ണം സർക്കാറും 128 എണ്ണം എയ്ഡഡുമാണ്. ഇവിടെയെല്ലാം വമ്പൻതുക ശമ്പളം പറ്റുന്ന അധ്യാപകരാണ് പ്രവർത്തിക്കുന്നത്. അനധ്യാപകർ വേറെയും. സംസ്ഥാനത്ത് 229 ആർട്സ് ആൻഡ് സയൻസ് കോളജുകളുള്ളതിൽ 66 എണ്ണം മാത്രമാണ് സർക്കാർ മേഖലയിൽ. 163 എണ്ണവും എയ്ഡഡിലാണ്. കോളജുകളിൽ ഏകദേശം 10,136 അധ്യാപകർ ജോലിചെയ്യുന്നു. അനധ്യാപകർ വേറെയും. 3866 െഗസ്റ്റ് അധ്യാപകരും കോളജുകളിലുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മൂന്ന് എയ്ഡഡ് എൻജിനീയറിങ് കോളജുകളും ആറ് എയ്ഡഡ് പോളി ടെക്നിക്കുകളും പ്രവർത്തിക്കുന്നു. യു.ജി.സി സ്കെയിൽ വാങ്ങുന്ന ലക്ഷത്തിലേറെ തുക ശമ്പളമുള്ളവരാണ് കോളജ് അധ്യാപകർ. ഹയർസെക്കൻഡറിയിലും കോളജുകളിലും പ്രവർത്തിക്കുന്ന ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന തലങ്ങളിൽ നിയമനങ്ങൾക്ക് സർക്കാറിന്‍റെ ഒരു നിയന്ത്രണവുമില്ല. പല വിഭാഗങ്ങൾക്കും പ്രാതിനിധ്യമില്ല. പട്ടികവിഭാഗങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.