മുസ്‍ലിം വിരുദ്ധ ഹിന്ദുത്വയെ കുറിച്ച് തുറന്നെഴുതി; എഴുത്തുകാരിക്ക് ഭീഷണി, ലേഖനം പിൻവലിക്കുന്നെന്ന് 'ദി ഇൻഡിപെൻഡന്റ്'
text_fieldsഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയെ തുടർന്ന് ലേഖനം പിൻവലിച്ച് ബ്രിട്ടീഷ് പത്രമായ 'ദി ഇൻഡിപെൻഡന്റ്'. മുസ്‍ലിംവിരുദ്ധ ഹിന്ദുത്വ മതഭ്രാന്തിനെ കുറിച്ച ലേഖനമാണ് പത്രം പിൻവലിച്ചതെന്ന് ഡെപ്യൂട്ടി എഡിറ്റർ സണ്ണി ഹുണ്ടൽ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിവരങ്ങൾ പങ്കുവെച്ചത്. 'ഭീഷണികളും പക്ഷപാതപരമായ ആരോപണങ്ങളും' കാരണം ഒരു ഹിന്ദു യുവതി എഴുതിയ മുസ്‍ലിം വിരുദ്ധ മതഭ്രാന്തിനെ കുറിച്ച ലേഖനം പിൻവലിക്കുന്നു എന്നാണ് ഹുണ്ടൽ ട്വീറ്റ് ചെയ്തത്.
തനിക്കു ചുറ്റുമുള്ള മുസ്‌ലിംകൾക്കെതിരെ നടക്കുന്ന വംശീയ പീഡനങ്ങൾക്ക് താൻ എങ്ങനെ സാക്ഷിയാകുന്നുവെന്നതിനെ കുറിച്ച് എഴുതിയ ലേഖനാമണ് ബ്രിട്ടീഷ് പത്രമായ ദി ഇൻഡിപെൻഡന്റ് ഞായറാഴ്ച പിൻവലിച്ചത്. ലേഖികക്കും കുടുംബത്തിനും ഓൺലൈനിൽ നിരവധി ഭീഷണികൾ ലഭിച്ചതിനെ തുടർന്നാണ് പത്രം ഈ ഭാഗം പിൻവലിച്ചത്.
പത്രത്തിന്റെ ഒപ്പിനിയൻ ഡെസ്‌കിന്റെ ഡെപ്യൂട്ടി എഡിറ്ററായ സണ്ണി ഹുണ്ടൽ, ഇന്ത്യയിലെ "ഹിന്ദു ദേശീയവാദ ബി.ജെ.പി സർക്കാരിനെ" കുറ്റപ്പെടുത്തി. ഇന്ത്യയിലെ മുസ്ലീം വിരുദ്ധ പ്രചാരണം യു.കെയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലും വ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"ഒരാഴ്‌ച മുമ്പ്, ഒരു ഹിന്ദു സ്ത്രീ എഴുതിയ മുസ്‌ലിംകൾക്കെതിരായ മതാന്ധതയെക്കുറിച്ച് 'ദി ഇൻഡിപെൻഡന്റിൽ' ഞങ്ങൾ ഒരു എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. ഇത് പ്രസിദ്ധീകരിച്ചതിന് ശേഷം, അവർക്ക് ഉടൻ തന്നെ ഭീഷണികൾ ലഭിക്കുകയും ലേഖിക ആകെ പ്രയാസത്തിലാകുകയും ചെയ്തു. ഞങ്ങൾ ലേഖനം ഒഴിവാക്കി" -ഹുണ്ടൽ പറഞ്ഞു.
''ഹിന്ദു ദേശീയവാദിയായ ബി.ജെ.പി സർക്കാർ മുസ്ലീങ്ങളെ 'പൈശാചികവൽക്കരിക്കാൻ' ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും പ്രചാരണം നടത്തുകയാണ്. ഹിന്ദുക്കളെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്നുവെന്ന് ഇന്ത്യൻ സർക്കാർ ഹിന്ദുക്കൾക്ക് ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. "ഹിന്ദുക്കൾക്കിടയിൽ മുസ്‌ലിംകൾക്കെതിരായ മതാന്ധതയുടെ ഒരു പ്രശ്‌നം തീർച്ചയായും വളർന്നുവരികയാണ്. ഇത് ഇന്ത്യയിൽ നിന്ന് പടിഞ്ഞാറോട്ട് പടരുകയാണ്" -അദ്ദേഹം പറയുന്നു.
ഹുണ്ടലിന്റെ ട്വീറ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തുർക്കി എഴുത്തുകാരൻ മുസ്തഫ അഖിയോൾ അടക്കമുള്ളവർ ഹുണ്ടലിന്റെ ട്വീറ്റിനോട് പ്രതികരിച്ചു. മുസ്‍ലിം വിരുദ്ധ ഹിന്ദുത്വയുടെ ഒരു ശരിയായ മുന്നറിയിപ്പാണ് ഇതിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രചയിതാവിനെ സംരക്ഷിക്കാൻ ബൈലൈനില്ലാതെ പുനഃപ്രസിദ്ധീകരിക്കുന്നതിനുപകരം അഭിപ്രായ ശകലം എടുത്തുകളഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങളും ഉയർന്നു. ഹിന്ദു സമൂഹത്തെ കളങ്കപ്പെടുത്തുന്ന ലേഖനം ആയിരുന്നു എന്നതിന്റെ തെളിവാണ് പിൻവലിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് ചിലർ വാദിക്കുന്നു.
മുസ്‌ലിംകൾക്കെതിരായ മതഭ്രാന്ത് വളർന്നുവരുന്ന പ്രശ്‌നമാണെന്നും എന്നാൽ ബ്രിട്ടീഷ് ഹിന്ദുക്കൾ തന്നെ "നിഷേധിക്കുന്ന" പ്രശ്‌നമാണെന്നും ഹുൻഡാൽ പറയുന്നു. ബ്രിട്ടീഷ് ഹിന്ദുക്കളിൽനിന്ന് നിരന്തരം വംശീയ വാട്ട്‌സ്ആപ്പ് സന്ദേശം ലഭിക്കാറുണ്ടെന്നും ഹുണ്ടാൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.