Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഎ.ഐ നമ്മുടെ പണി...

എ.ഐ നമ്മുടെ പണി കളയുമോ?

text_fields
bookmark_border
artificial intelligence
cancel
മനുഷ്യന്‍ ചെയ്​തുവരുന്ന പല ജോലികളും മികച്ച രീതിയിലും വളരെ കുറഞ്ഞ ചെലവിലും എ.ഐ അധിഷ്​ഠിതമായ ഉപകരണങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. ഉൽപാദന, കൃഷി മേഖലകളിലെ ജോലികൾ കൂടുതല്‍ യന്ത്രവത്കരിക്കപ്പെടും. എ.ഐ ഓട്ടോമേഷൻ വഴി നഷ്​ടമാകാൻ സാധ്യതയുള്ള ജോലികൾ ഭൂരിഭാഗവും, തൊഴിൽ വിപണിയിലെ തുടക്കക്കാരുടെ ജോലികളാണ് എന്നതുകൊണ്ട് തന്നെ ദരിദ്രരായവർ കൂടുതല്‍ ദരിദ്രരാവുകയും സാമൂഹിക അസമത്വം വ്യാപകമാവുകയും ചെയ്യും

കഴിഞ്ഞ മാസം പുറത്ത് വന്നഭാവി ജോലികളെക്കുറിച്ചുള്ള ലോക ഇക്കണോമിക് ഫോറം റിപ്പോർട്ട്പ്രകാരം (Future of Jobs, 2023 Report) വരുന്ന അഞ്ച് വർഷത്തിനുള്ളിൽ തൊഴില്‍ മേഖലയിലെ നാലിലൊന്ന് ജോലികളും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകും. നിർമിതബുദ്ധി, നൂതന സാങ്കേതികവത്കരണം, പുനരുപയോഗം സാധ്യമാക്കുന്ന ഊര്‍‍ജമേഖലകള്‍, ഉല്‍പാദന വിതരണ മേഖലയിലെ പുതിയരീതികള്‍ എന്നിവ ആഗോളതലത്തില്‍ തൊഴില്‍ മേഖലയെ പുനഃക്രമീകരിക്കും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25 ശതമാനം തൊഴില്‍ രീതികളും മാറും. ദ്രുതഗതിയിലുള്ള ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ആവശ്യമായ കഴിവുകൾ പല തൊഴിലാളികൾക്കും ഉണ്ടായിരിക്കില്ല എന്ന് ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ലോകമെമ്പാടുമുള്ള 45 രാജ്യങ്ങളിലായി 11.3 ദശലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്ന 800ലധികം കമ്പനികളിലാണ്​ ലോക ഇക്കണോമിക് ഫോറം പഠനം നടത്തിയത്. Coursera പോലുള്ള ഓണ്‍‌ലൈന്‍‍ ട്രെയിനിങ് സൈറ്റുകളും, LinkedIn, Indeed തുടങ്ങിയ ജോബ് പോര്‍ട്ടലുകളും ഈ പഠനത്തിന് ഉപയോഗപ്പെടുത്തി.

റിപ്പോര്‍ട്ടിന്‍റെ ആമുഖത്തില്‍ സാമ്പത്തിക ഫോറം എം.ഡി. സാദിയ സഹീദി പറയുന്നത് പ്രകാരം കോവിഡ്​ തൊഴിൽ മേഖലയില്‍ സൃഷ്ടിച്ച വ്യാപകമായ അസ്ഥിരതക്കു ശേഷം; വരാനിരിക്കുന്ന മാറ്റങ്ങള്‍ക്കും അവസരങ്ങൾക്കും വേണ്ടി മികച്ച രീതിയിൽ തയാറാക്കുന്നതിന് സഹായകമാകും പ്രസ്തുത റിപ്പോര്‍ട്ട്.

നേട്ടത്തിന്‍റെയും നഷ്ടത്തിന്‍റെയും കണക്കുകള്‍

നിര്‍മിതബുദ്ധി മേഖലയിലുണ്ടാവുന്ന മുന്നേറ്റം വമ്പിച്ച സാമ്പത്തിക മൂല്യം സൃഷ്ടിക്കാൻ കഴിയുമെങ്കിലും, ചെറുതും വലുതുമായ എല്ലാ മേഖലകളും അഭൂതപൂർവമായ തൊഴിൽ മാറ്റത്തിന് കാരണമാകും. മനുഷ്യന്‍ ചെയ്​തുവരുന്ന പല ജോലികളും മികച്ച രീതിയിലും വളരെ കുറഞ്ഞ ചെലവിലും എ.ഐ അധിഷ്​ഠിതമായ ഉപകരണങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും.

ഉൽപാദന, കൃഷി മേഖലകളിലെ ജോലികൾ കൂടുതല്‍ യന്ത്രവത്കരിക്കപ്പെടും. എ.ഐ ഓട്ടോമേഷൻ വഴി നഷ്​ടമാകാൻ സാധ്യതയുള്ള ജോലികൾ ഭൂരിഭാഗവും, തൊഴിൽ വിപണിയിലെ തുടക്കക്കാരുടെ ജോലികളാണ് എന്നതുകൊണ്ട് തന്നെ ദരിദ്രരായവർ കൂടുതല്‍ ദരിദ്രരാവുകയും സാമൂഹിക അസമത്വം വ്യാപകമാവുകയും ചെയ്യും.

2027ഓടെ ആഗോളതലത്തിൽ 69 ദശലക്ഷം പുതിയ തസ്തികകൾ സൃഷ്ടിക്കാമെന്നും 83 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാക്കാനാകുമെന്നും തൊഴിലുടമകൾ പ്രതീക്ഷിക്കുന്നു. അഥവാ, സാങ്കേതികവിദ്യയിലെ അതിവേഗമുള്ള മാറ്റങ്ങളുടെ ആഘാതം നിലവിലെ ജോലികളും ജോലി രീതികളും പരിവര്‍ത്തനത്തിന് വിധേയമാവുകയും വരുന്ന അഞ്ചു വര്‍ഷം 14 ദശലക്ഷം തൊഴിലുകള്‍ ഇല്ലാതാവുകയും ചെയ്യും.

റിപ്പോര്‍ട്ട് പ്രകാരം; ഇല്ലാതാവുന്ന 44 ശതമാനം തൊഴിലവസരങ്ങളും കുറഞ്ഞ സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള ജോലികളായിരിക്കും. എ.ഐ കാരണം 2027ഓടെ അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിലെ 26 ദശലക്ഷം ജോലികൾ കുറയുമെന്ന് സാമ്പത്തിക ഫോറം റിപ്പോര്‍ട്ട് പറയുന്നു. ഈ പ്രവണതകൾ ഇന്ത്യയിൽ ലഭ്യമായ തൊഴിലുകളിൽ കാര്യമായ സ്വാധീനം ചെലുത്തും.

വരുന്ന വര്‍ഷങ്ങളില്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (എ.ഐ) ഓട്ടോമേഷന്റെയും സാധ്യതകള്‍ ഡേറ്റ സയൻസ്, മെഷീൻ ലേണിങ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും.STEM (Science, Technology, Engineering and Mathematics) കഴിവുകളുള്ള തൊഴിലാളികളുടെ ആവശ്യം വർധിക്കും.

ഈ ജോലി മേഖലയില്‍ ഇന്ത്യയില്‍ 27ഓടെ 62ശതമാനം വളര്‍ച്ചയുണ്ടാകും. വിദ്യാഭ്യാസ മേഖലയിലെ ജോലികളില്‍ 10 ശതമാനം വളര്‍ച്ച കൈവരിക്കും. പരിസ്ഥിതിസൗഹൃദ ഹരിതോർജം, കാലാവസ്ഥ വ്യതിയാന ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പുതിയ നിക്ഷേപം, സുസ്ഥിരത വികസനത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കൽ എന്നിവ വ്യവസായ പരിവർത്തനത്തിനും തൊഴിൽ വിപണിയിൽ പുതിയ അവസരങ്ങൾ തുറക്കുന്നതിനും കാരണമാവും.

തൊഴിലിടങ്ങളില്‍ എ.ഐയുടെ ശക്തിദൗര്‍ബല്യങ്ങള്‍

വലിയ അളവിലുള്ള ഡേറ്റ അവിശ്വസനീയമാംവിധം പഠിക്കാനും മനസ്സിലാക്കാനും, ഡേറ്റകള്‍ തമ്മിലെ സൂക്ഷ്മമായ ബന്ധങ്ങള്‍ പോലും കണ്ടെത്താനുമുള്ള കഴിവാണ് നിർമിതബുദ്ധിയുടെ യഥാർഥ ശക്തി. മനുഷ്യന്‍ ആവര്‍ത്തിച്ച് ചെയ്യുന്ന കാര്യങ്ങള്‍ പഠിച്ചെടുത്ത്, മനുഷ്യരെക്കാള്‍‍‍ ഉയര്‍ന്ന കൃത്യതയോടു കൂടി സ്വമേധയാ ചെയ്യാനും; മനുഷ്യന് ചെയ്യാൻ പ്രയാസമുള്ളതും അസാധ്യമായതുമായ പ്രവചനങ്ങൾ നടത്താനും നിർമിതബുദ്ധിക്ക് സാധിക്കും.

ഏതൊക്കെ ജോലികളാണ് വരും കാലങ്ങളില്‍ ഭീഷണി നേരിടുക എന്നറിയാന്‍ തൊഴിലിലും, തൊഴിലിടങ്ങളിലും മനുഷ്യന്‍റെ വ്യതിരിക്തതയും, യന്ത്രങ്ങളുടെ ദൗര്‍ബല്യങ്ങളും മനസ്സിലാക്കിയാല്‍ മതിയാവും. വേഗത്തിനും, കാര്യക്ഷമതക്കുമപ്പുറം നമ്മുടെ ജോലികളും തൊഴിലിടങ്ങളും കച്ചവട സ്ഥാപനങ്ങളും ഫാക്ടറികളും നിലനില്‍ക്കുന്നത് തന്നെ ക്രിയാത്മകതയുടെയും(Creativity),മനുഷ്യരുടെ സാമൂഹികമായ ആദാനപ്രദാനങ്ങളുടെയും (Social Engagement) ഇടം എന്ന നിലക്ക് കൂടിയാണ്.

അവിടെ കരുണ, വികാരം, സര്‍ഗാത്മകത, ധാർമികത, സാമാന്യ ബുദ്ധി, സഹാനുഭൂതി തുടങ്ങിയവക്ക് സഹജമായ ഇടങ്ങളുണ്ട്. യന്ത്രങ്ങള്‍ ഏതളവില്‍ മുന്നോട്ട് പോയാലും സർഗാത്മകവും,വൈകാരികവുമായ സാമൂഹിക ഇടപെടല്‍ ആവശ്യമുള്ളതുമായ സങ്കീർണമായ ജോലികളിൽ മനുഷ്യർക്ക്​ പകരമാവാൻ അവക്ക് സാധിക്കില്ല.

കൂടുതല്‍ സൃഷ്ടിപരവും, സാമൂഹിക ഇടപെടല്‍ ആവശ്യമുള്ളതുമായ ജോലികള്‍ എ.ഐയുടെ വരവോടെ ഇല്ലാതാവുകയില്ല. സാമൂഹിക പ്രാധാന്യമുള്ളതും ഒരേ രൂപത്തില്‍ പതിവായി ചെയ്യുന്നതുമായ ജോലികളില്‍ ഭാവിയില്‍ യന്ത്രങ്ങള്‍ മനുഷ്യനെ സഹായിക്കുകയും അവരുടെ ജോലിയുടെ ഉല്‍പാദനക്ഷമത വര്‍ധിക്കുകയും ചെയ്യും. നഴ്​സ്​, ഡോക്ടര്‍, സെയില്‍സ് മാര്‍ക്കറ്റിങ് വിദഗ്ധർ, അധ്യാപകര്‍ എന്നിവ ഉദാഹരണം.

കുട്ടികളുടെ മാനുഷികവും സാമൂഹികവുമായ വികസനത്തിന്‍റെ ഭാഗം അധ്യാപകർ കൈകാര്യം ചെയ്യും; അവരെ ആശ്വസിപ്പിക്കും, പ്രചോദിപ്പിക്കും, ശാസിക്കും, വഴി നടത്തും. അതോടൊപ്പം പതിവ് ഗൃഹപാഠങ്ങളും പരീക്ഷകളും ഗ്രേഡിങ് ചെയ്യാനും കുട്ടികളുടെ നിലവാരമനുസരിച്ച് പാഠങ്ങളും വ്യക്തിഗത പരിശീലനങ്ങളും വാഗ്ദാനം ചെയ്യാനും എ.ഐക്ക് കഴിയും.

കസ്റ്റമര്‍ സര്‍വിസ് മേഖലയിലെ 70ശതമാനം ആശയ വിനിമയങ്ങളും സമീപഭാവിയില്‍ എ.ഐ ഏറ്റെടുക്കുമെന്ന് ടെക്നോളജി ഭീമനായ ആക്സെഞ്ചര്‍ (Accenture)പുറത്തുവിട്ട പഠനം പറയുന്നു. സങ്കീര്‍ണത കുറഞ്ഞതും (Less complex), സാമൂഹികമല്ലാത്തതും (Asocial), നിരന്തരമായി ഒരേ രൂപത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നതുമായ (Repetitive) ജോലികള്‍ സമീപ ഭാവിയില്‍ ആവശ്യങ്ങള്‍‍‍ കുറഞ്ഞു വരുകയോ ഇല്ലാതാവുകയോ ചെയ്യും.

ഉദാഹരണത്തിന്​ ഡേറ്റാ എൻട്രി ജോലിക്കാർ, കാൾ സെൻറർ എക്​സിക്യൂട്ടിവുകൾ, പ്രൂഫ്​ റീഡർ, ടെലിമാർക്കറ്റിങ്​ ജീവനക്കാർ, ബുക്ക്‌കീപ്പിങ് ക്ലർക്കുകൾ, ബാങ്ക് ടെല്ലർമാർ, കാഷ്യർമാർ തുടങ്ങിയവരുടെ ജോലികൾ യന്ത്രങ്ങള്‍ കൈയടക്കും. അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിലെ 26 ദശലക്ഷം ജോലികൾ കുറയുമെന്ന് ഇക്കണോമിക്ക് ഫോറം റിപ്പോര്‍ട്ട് ഇത്തരം ജോലികളിലേക്കാണ് വിരല്‍ ചൂടുന്നത്.

മാറ്റത്തിനുള്ള തയാറെടുപ്പ്

ഭാവിയിലെ ജോലികളെ അടിസ്ഥാനപ്പെടുത്തി വേണം നമ്മുടെ പാഠ്യപദ്ധതി പുനർരൂപകൽപന ചെയ്യാൻ. "എല്ലാവർക്കും നല്ല ആരോഗ്യവും ക്ഷേമവും" എന്ന യു.എൻ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ ഏകദേശം പതിനെട്ട് ദശലക്ഷത്തോളം കുറവുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന പ്രവചിക്കുന്നു. അത്തരം സുപ്രധാനമായ മനുഷ്യ കേന്ദ്രീകൃത സേവന ജോലികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കണം.

ജോലിയുടെ ഭാവിക്കായി തയാറെടുക്കുന്നതിന്, വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നമ്മുടെ സര്‍ക്കാറുകള്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. എല്ലാ വിദ്യാർഥികൾക്കും അവരുടെ പശ്ചാത്തലം പരിഗണിക്കാതെ തന്നെ ഭാവിയെ മുന്നില്‍ കണ്ടുള്ള വിദ്യാഭ്യാസം ലഭ്യമായെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തൊഴിലാളികൾക്ക് ഭാവിയിലെ ജോലികൾക്ക് ആവശ്യമായ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന പരിശീലന പരിപാടികളും നൽകേണ്ടതുണ്ട്.

തൊഴില്‍ മേഖലയില്‍ നിർമാണാത്മകവും, സർഗാത്മകവും, മൂല്യാധിഷ്ഠിതവും, മാനവികവുമായ ഒരു നവോത്ഥാനം എ.ഐ ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യയിലൂടെ നമുക്ക് പ്രതീക്ഷിക്കാം. കവികൾ, ചിത്രമെഴുത്തുകാർ, ശിൽപികൾ, ഡിസൈനര്‍മാര്‍, ഫോട്ടോഗ്രാഫർമാർ എന്നിവർ കലാസൃഷ്ടികൾ രചിക്കുന്നതിനും പരീക്ഷിക്കുന്നതിനും പരിഷ്കരിക്കുന്നതിനും എ.ഐ ടൂളുകൾ ഉപയോഗിക്കും.

സാഹിത്യരചന നടത്തുന്നവരും മാധ്യമപ്രവർത്തകരും ഗവേഷണത്തിനും രചനക്കും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കും. മരുന്ന് കണ്ടെത്തൽ ത്വരിതപ്പെടുത്തുന്നതിന് ശാസ്ത്രജ്ഞരും, ചികിത്സക്കായി ഡോക്ടര്‍മാരും എ.ഐ ഉപകരണങ്ങളെ ആശ്രയിക്കും. ഈ മാറ്റം വിദ്യാഭ്യാസം പുനർനിർമിക്കും, ഓരോ വിദ്യാർഥിക്കും അവരുടെ അഭിനിവേശങ്ങളും കഴിവുകളും കണ്ടെത്താൻ സഹായിക്കുന്നതിന് അധ്യാപകർക്ക് എ.ഐ ടൂളുകൾ നൽകും.

പുതിയ തൊഴിലുകള്‍, സാധ്യതകള്‍

ഒരു കൂട്ടം ജോലികള്‍ ഇല്ലാതാകുമെങ്കിലും ഓട്ടോമേഷന്‍ നൂതനമായ ജോലികള്‍ സൃഷ്ടിക്കുമെന്ന്​ മുന്‍നിര ഇന്‍വെസ്റ്റ്മെന്‍റ് സ്ഥാപനമായ ഗോൾഡ്മാൻ സാച്ച്സ്​ ബാങ്ക്​ നടത്തിയ പഠനം എടുത്തുകാണിക്കുന്നു. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി കമ്പനികൾക്ക് ചെലവ് ലാഭിക്കാനും പുതിയ സാങ്കേതിക സാധ്യതകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും ഫലപ്രദമായി വിഭവങ്ങളെ വിന്യസിക്കാനും കഴിയും.

ഇത്തരം സാധ്യതകളിലൂടെ ആത്യന്തികമായി ആഗോള വാർഷിക ജി.ഡി.പി ഏഴ്​ ശതമാനം വർധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വരും നാളുകളിലെ മാറ്റങ്ങളുടെ ചാലകശക്തി എന്ന നിലക്ക് ടെക്നോളജി കമ്പനികളുടെ വരുമാനം നിർമിതബുദ്ധി മേഖലയിലെ അവരുടെ മുന്നേറ്റത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. പുതിയ എ.ഐ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് മേഖലയില്‍ ഒന്നാമതെത്താനുള്ള മത്സരത്തിലാണ് ആഗോള ഭീമന്മാര്‍.

കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് പുറത്തുവിട്ട പുതിയ ഉല്‍പന്നമായ കോപൈലറ്റ് (Copilot) ഡോക്യുമെന്റുകള്‍ എ.ഐ ഉപയോഗപ്പെടുത്തി കൂടുതല്‍ നന്നായി മാറ്റി എഴുതാനും, നിമിഷങ്ങൾകൊണ്ട് ആകര്‍ഷകമായ പ്രസന്‍റേഷനാക്കി മാറ്റാനും കഴിവുള്ളതാണ്.

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല നിർമിതബുദ്ധി മേഖലയിലെ നിക്ഷേപത്തെക്കുറിച്ച് പറഞ്ഞത് എ.ഐ സംബന്ധിയായ വലിയ നിക്ഷേപങ്ങള്‍ തുടരുമെന്നും, ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ ആവശ്യങ്ങളും മാറ്റങ്ങളും ഉപയോഗപ്പെടുത്തുന്നതിലൂടെ വരുമാനം കാലക്രമേണ വളരുമെന്നാണ്.

പുതിയ എ.ഐ ആപ്ലിക്കേഷനുകളും, ഉപകരണങ്ങളും തൊഴിലിടങ്ങളിലും പുറത്തും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാവുന്നതോടെ തൊഴിലും തൊഴിലിടങ്ങളും പരിവര്‍ത്തനത്തിന് വിധേയമാവുകയും ഉൽപാദനക്ഷമത വർധിക്കുകയും ചെയ്യും.

മൊബൈല്‍ ഫോണിന്റെ വരവോടെ മൊബൈലും അനുബന്ധ കച്ചവടവും വ്യാപകമായത് പോലെ, ഉബറിന്റെ (Uber) വരവ് ഡ്രൈവര്‍മാരുടെ മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നുവെച്ചത് പോലെ പുതിയ സാങ്കേതികവിദ്യ വിപ്ലവം നമുക്ക് സങ്കൽപിക്കാനും പ്രവചിക്കാനും സാധ്യമല്ലാത്ത തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

സാമ്പത്തിക ഫോറം റിപ്പോര്‍ട്ട് പ്രകാരം ഹരിത സാങ്കേതിക വിദ്യകളുടെയും പുനരുപയോഗിക്കാവുന്ന ഊർജത്തിന്‍റെയും വ്യാപനമായിരിക്കും വരുംനാളുകളില്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മറ്റൊരു മേഖല. സുസ്ഥിര വികസന വിദഗ്ധർ (Sustainable Development Expert), പുനരുപയോഗിക്കാവുന്ന ഊർജ വിദഗ്ധർ(Reusable Energy Expert), സൗരോർജ വിദഗ്ധർ(Solar Energy Engineer)എന്നിവർക്ക് ഉയർന്ന തൊഴിലവസരങ്ങള്‍ സാധ്യമാവും.

തൊഴിലധിഷ്ഠിത പരിശീലകരുടെയും (Vocational training), ഉന്നത വിദ്യാഭ്യാസ അധ്യാപകരുടേതുമായി മൂന്ന്​ ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടെ വിദ്യാഭ്യാസ മേഖലയിൽ 10 ശതമാനം വളർച്ചയുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. കാർഷിക ഉപകരണങ്ങളുടെ ഓപറേറ്റർമാരുടെ വർധിച്ച ആവശ്യകതയോടെ കാർഷിക വിദഗ്ധർക്കായി മൂന്ന്​ ദശലക്ഷം ജോലികള്‍ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് വന്നുചേരും.

(ഐ.ടി വിദഗ്ധനാണ് ലേഖകന്‍ Arshad.el@gmail.com)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artificial intelligenceJob opportunitiesjob
News Summary - Will AI take away our jobs
Next Story