ജി.എസ്.ടി ബാധ്യത സഹകരണ മേഖലയെ തകർക്കുമോ?
text_fieldsകോഓപറേറ്റിവ് സൊസൈറ്റികൾ, സർവിസ് കോഓപറേറ്റിവ് ബാങ്കുകൾ, ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റികൾ തുടങ്ങിയ സഹകരണസ്ഥാപനങ്ങൾ നൂറു ശതമാനവും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവയാണെങ്കിലും, അവ ജി.എസ്.ടി (ചരക്കുസേവന നികുതി) നിയമപ്രകാരം ‘ബിസിനസ്’ എന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നവരാണ്. അതിനാൽ നിയമപ്രകാരമുള്ള നികുതിയടക്കാനും ജി.എസ്.ടി രജിസ്ട്രേഷനെടുക്കാനും മറ്റ് നിബന്ധനകൾ പാലിക്കാനുമൊക്കെ ബിസിനസ് സ്ഥാപനങ്ങളെപ്പോലെ കോഓപറേറ്റിവ് സൊസൈറ്റികൾക്കും ബാധ്യതയുണ്ട്.
ചരക്കുസേവന നികുതി ബാധകമായ സേവനങ്ങൾ നൽകിയാലും, നികുതിബാധകമായ സാധനങ്ങൾ വിറ്റാലും (ആക്രി സാധന വിൽപനക്കുപോലും ജി.എസ്.ടി ബാധകമാണ്) സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലും നിയമ പരിധിയിൽ വരുമെന്നിരിക്കെ കോഓപറേറ്റിവ് സൊസൈറ്റികൾ ഇതിനുകീഴിൽ വരുന്നതിൽ അത്ഭുതമില്ല. പക്ഷേ, ഇക്കാര്യം സൊസൈറ്റികളുടെ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന എത്ര പേർക്ക് അറിയാം എന്നത് സംശയമാണ്.
സേവനം മാത്രമോ, ചരക്കുകളും സേവനങ്ങളും സമ്മിശ്രമായോ സപ്ലൈ ചെയ്യുന്നവർ, ജി.എസ്.ടി യുടെ പരിധിയിൽപ്പെടുന്ന വാർഷിക ടേണോവർ (വാർഷിക വിറ്റുവരവ്) 20 ലക്ഷം രൂപ കടക്കുന്നതോടെയും, ചരക്കുകൾ മാത്രം സപ്ലൈ ചെയ്യുന്നവർ ജി.എസ്.ടിയുടെ പരിധിയിൽപ്പെടുന്ന തങ്ങളുടെ വാർഷിക ടേണോവർ 40 ലക്ഷം രൂപ കടക്കുന്നതോടെയും, ജി.എസ്.ടി രജിസ്ട്രേഷനെടുക്കാൻ ബാധ്യസ്ഥരാകുമെന്നാണ് നിയമം പറയുന്നത്. കോഓപറേറ്റിവ് സൊസൈറ്റികൾ പോലുള്ള സ്ഥാപനങ്ങൾ സേവനവും ചരക്കുകളും സമ്മിശ്രമായി സപ്ലൈ ചെയ്യുന്നതിനാൽ ജി.എസ്.ടി ബാധക ടേണോവർ 20 ലക്ഷം കടക്കുന്നതോടെ അവർ രജിസ്ട്രേഷനെടുക്കാൻ ബാധ്യസ്ഥരായിത്തീരുന്നു.
കേരളത്തിലെ കോഓപറേറ്റിവ് സൊസൈറ്റികൾ മിക്കവയും ലോണുകൾ, ഡെപ്പോസിറ്റുകൾ, ലോക്കർ സർവിസുകൾ, ചിട്ടികൾ എന്നിങ്ങനെയുള്ള ബാങ്കിങ് സംബന്ധമായ പ്രവൃത്തികളും, കെട്ടിടങ്ങളും കാർഷികോപകരണങ്ങളും വാടകക്ക് കൊടുക്കൽ, പലചരക്ക് സാധനങ്ങൾ നൽകുക (സൗജന്യമായും അല്ലാതെയും), മെഡിക്കൽ ഷോപ് നടത്തിപ്പ്, ലേബർ കോൺട്രാക്ട് എടുത്ത് ജോലികൾ ചെയ്യിക്കൽ തുടങ്ങിയ നിരവധി ബാങ്കിങ്-ഇതര പ്രവൃത്തികളും ചെയ്യാറുണ്ട്. കോഓപറേറ്റിവ് സൊസൈറ്റികൾ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാകയാൽ അംഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നൽകുന്ന ബാങ്കിങ്, ബാങ്കിങ്-ഇതര സേവനങ്ങളും ചരക്കുവിൽപനകളും ബിസിനസല്ലായെന്നും അതുകൊണ്ട് ജി.എസ്.ടിയൊന്നും അടക്കേണ്ടതില്ല എന്നുമുള്ള തെറ്റായ ധാരണ വ്യാപകമാണ്. ഈ ധാരണ വെച്ചുപുലർത്തുന്നത് കോഓപറേറ്റിവ് സൊസൈറ്റികളുടെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെങ്കിൽ അത് വൻ ബാധ്യതകൾ വരുത്തിവെക്കും.
ഒരു ഉദാഹരണം നോക്കാം. കേരളത്തിലെ പല കോഓപറേറ്റിവ് സൊസൈറ്റികളും, ചിട്ടി നടത്താനുള്ള സാങ്കേതിക ബുദ്ധിമുട്ട് മറികടക്കുന്നതിനായി മന്ത്ലി ഡെപ്പോസിറ്റ് സ്കീം (MDS) എന്ന പേരിൽ സമാനമായ പദ്ധതികൾ നടത്താറുണ്ട്. ഇതിൽനിന്ന് സൊസൈറ്റിക്ക് ലഭിക്കുന്ന കമീഷൻ തുക ജി.എസ്.ടിയെ സംബന്ധിച്ചിടത്തോളം ടാക്സബിൾ ടേണോവർ (നികുതിബാധക വിറ്റുവരവ്) ആണ്. ജി.എസ്.ടി രജിസ്ട്രേഷനുള്ള ഓരോ കോഓപറേറ്റിവ് സൊസൈറ്റിയും അപ്രകാരം ലഭിക്കുന്ന കമീഷൻ തുകയുടെ 18 ശതമാനം നികുതിയടക്കണം. അടുത്ത കാലത്ത് ഇതുമായി ബന്ധപ്പെട്ട നികുതി അടക്കാത്ത നിരവധി കോഓപറേറ്റിവ് സോസൈറ്റികൾക്കെതിരെ ജി.എസ്.ടി ഡിപ്പാർട്മെന്റ് നികുതി ചുമത്തിക്കൊണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
സൊസൈറ്റികൾ ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം, റിവേഴ്സ് ചാർജ് അടിസ്ഥാനത്തിൽ നൽകേണ്ട ജി.എസ്.ടി തുകകൾ അടക്കാതെപോകുന്നതാണ്. സൊസൈറ്റികൾ സർക്കാറിന് നൽകുന്ന ഫീസ്, അഭിഭാഷകർക്ക് നൽകുന്ന ഫീസ് പോലുള്ള തുകകൾ എന്നിവയുടെയെല്ലാം ഇൻവോയ്സ് കോഓപറേറ്റിവ് സൊസൈറ്റികൾ തങ്ങളുടെ കൈവശം വാങ്ങി സൂക്ഷിക്കേണ്ടതും, അവക്ക് മേലുള്ള നികുതിത്തുക സർക്കാറിലേക്ക് ‘റിവേഴ്സ് ചാർജ്’ ആയി അടക്കേണ്ടതും ആണ്. (ചരക്ക്/സേവനം കൊടുക്കുന്നയാളാണ് സാധാരണയായി സർക്കാറിലേക്ക് ജി.എസ്.ടി അടക്കാൻ ബാധ്യസ്ഥർ. എന്നാൽ, ചില ചരക്ക്/സേവനം സംബന്ധിച്ച് അവ സ്വീകരിക്കുന്നയാൾക്കാണ് ജി.എസ്.ടി ബാധ്യത വരുക. അങ്ങനെ സ്വീകർത്താവ് ജി.എസ്.ടി അടക്കേണ്ടി വരുന്ന സാഹചര്യത്തെ റിവേഴ്സ് ചാർജ് എന്ന് പറയുന്നു. ഒരു ജി.എസ്.ടി രജിസ്ട്രേഡ് സ്ഥാപനം സർക്കാറിൽനിന്നും അഭിഭാഷകരിൽനിന്നുമെല്ലാം സേവനം കൈപ്പറ്റുമ്പോൾ ആ സേവനത്തിനുമേൽ ബാധകമായ ജി.എസ്.ടി തുക ആ രജിസ്ട്രേഡ് വ്യക്തി വേണം റിവേഴ്സ് ചാർജ് അടിസ്ഥാനത്തിൽ ജി.എസ്.ടി വകുപ്പിലേക്ക് അടക്കാൻ.)
സഹകരണ മേഖലയിലെ വലിയ വിഭാഗം ആളുകളും ഇപ്പോഴും ഈ കാര്യങ്ങളുടെ നിയമവശവും അതിന്റെ ഗൗരവവും മനസ്സിലാക്കിയിട്ടില്ല. മറ്റു രാജ്യങ്ങളിലെ കോഓപറേറ്റിവ് സൊസൈറ്റിക്ക് സമാനമായ സ്ഥാപനങ്ങൾക്ക് അവരുടെ രാജ്യത്തെ ചരക്കുസേവന നികുതി ബാധകമാവുന്നില്ല എന്നെല്ലാം ഗൂഗ്ളിൽ സെർച്ച് ചെയ്തും മറ്റും കണ്ടുപിടിച്ച് അതുപോലെയാണ് ഇന്ത്യയിലും എന്ന് വിശ്വസിച്ചിരിക്കുന്നവർ പോലുമുണ്ട്.
ഒരു ശരാശരി കോഓപറേറ്റിവ് സൊസൈറ്റിയുടെ ശരാശരി കണക്ക് എടുത്തുനോക്കുകയാണെങ്കിൽ ചിട്ടി/മാസനിക്ഷേപ പദ്ധതി കമീഷൻ ഇനത്തിൽ ഒരു വർഷത്തിൽ 50 ലക്ഷം രൂപ കിട്ടാൻ സാധ്യതയുണ്ട്. മറ്റു വരുമാനങ്ങളെല്ലാം കൂട്ടുമ്പോൾ ആ സൊസൈറ്റിയുടെ നികുതിബാധക വാർഷിക വിറ്റുവരവ് (ടാക്സബിൾ ആനുവൽ ടേണോവർ) ഒരു കോടി രൂപക്ക് മുകളിലാവും. ഈ തുക അവർ ജി.എസ്.ടി റിട്ടേണിൽ കാണിക്കാതിരുന്നാൽ, വസ്തുതകൾ മറച്ചുവെക്കൽ എന്ന കുറ്റകൃത്യമായി. 2017-18 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപ ടേണോവർ കിട്ടിയ ഒരു സൊസൈറ്റി അക്കാര്യം മറച്ചുവെച്ചാൽ, ആ തുകയുടെ 18 ശതമാനമായ 18 ലക്ഷം രൂപ നികുതിയിനത്തിലും, ഏകദേശം 20 ലക്ഷം രൂപ പലിശയിനത്തിലും, മറച്ചുവെച്ച ടേണോവറിന് അനുസൃതമായ തുകയും ഉൾപ്പെടെ ഏകദേശം 56 ലക്ഷം രൂപ സൊസൈറ്റി അടക്കേണ്ടിവരും. ഇപ്രകാരം 2018-19, 2019-20, 2020-21, 2021-22, 2022-23, 2023-24 എന്നീ സാമ്പത്തിക വർഷങ്ങളിലെ മറച്ചുവെച്ച ടേണോവറും കൂടി കണക്കിലെടുത്താൽ ഏകദേശം മൂന്ന് കോടി രൂപക്കുമേലെ ഒരു സൊസൈറ്റിക്ക് ബാധ്യത വരാം. ഇത് വർഷത്തിൽ ഒരു കോടി മാത്രം സപ്രസ്ഡ് ടേണോവറുള്ള സൊസൈറ്റിയുടെ കാര്യമാണ്. കൂടുതൽ വരുമാനമുള്ള സൊസൈറ്റികൾക്ക് ഈ ബാധ്യതത്തുകയും കൂടും. കേരളത്തിലെ ഒട്ടുമിക്ക കോഓപറേറ്റിവ് സൊസൈറ്റികൾക്കും ഒറ്റയടിക്ക് മൂന്നുമുതൽ അഞ്ചുകോടി രൂപ വരെ ബാധ്യത വന്നാൽ കോഓപറേറ്റിവ് മേഖലയുടെ നിലനിൽപുതന്നെ അപകടത്തിലാകും!
പല സൊസൈറ്റികൾക്കും ഇത്തരം ബാധ്യത ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞു. കണക്കുകളുടെ നിയമവശം പഠിച്ച് കാര്യങ്ങൾ കൃത്യമായി ചെയ്യാൻ ഉത്തരവാദിത്തമുണ്ടായിരുന്ന സെക്രട്ടറിമാർ ഇക്കാര്യം ശ്രദ്ധിക്കാതിരുന്നതുകൊണ്ട് സൊസൈറ്റിക്ക് ബാധ്യത വന്നു എന്നു തെളിഞ്ഞാൽ സെക്രട്ടറിമാർക്ക് വ്യക്തിപരമായ ബാധ്യതയും വരുന്നതാണ്.
പണ്ട് സംസ്ഥാന മൂല്യവർധിത നികുതി (Kerala VAT) നിലനിന്നിരുന്ന സമയത്ത്, കേരളത്തിലെ കോഓപറേറ്റിവ് സൊസൈറ്റികൾക്ക് ‘വാറ്റ്’ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ സംസ്ഥാന ഗവൺമെന്റ് അതിൽ ഒരു തീരുമാനം എടുക്കുമായിരുന്നു. അത്തരം തീരുമാനങ്ങൾ കോഓപറേറ്റിവ് സൊസൈറ്റികൾക്ക് അനുകൂലവും ആകുമായിരുന്നു. എന്നാൽ, ഇന്ന് കോഓപറേറ്റിവ് സൊസൈറ്റികൾക്ക് ജി.എസ്.ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ സംസ്ഥാന സർക്കാറിനോ അല്ലെങ്കിൽ കേന്ദ്ര സർക്കാറിനു പോലുമോ ആ പ്രശ്നത്തിൽ സ്വന്തമായി തീരുമാനമെടുക്കാനാവില്ല. ജി.എസ്.ടി സംബന്ധിച്ച തീരുമാനങ്ങളെല്ലാം ജി.എസ്.ടി കൗൺസിൽ വേണം എടുക്കാൻ. കേന്ദ്രത്തിലെയും എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികൾ ഉൾക്കൊള്ളുന്ന ജി.എസ്.ടി കൗൺസിലിനെക്കൊണ്ട് ഒരു കാര്യത്തിൽ തീരുമാനമെടുപ്പിക്കുന്നത് വളരെ ശ്രമകരമായ നീണ്ട പ്രക്രിയ ആയിരിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ, കോഓപറേറ്റിവ് സൊസൈറ്റി ഭരണകർത്താക്കൾ ഈ കാര്യത്തിൽ വിശദ പഠനം നടത്തി, നികുതി അടക്കുന്നതിൽ വീഴ്ചവന്നതായി കാണുന്നുവെങ്കിൽ സ്വയമേവ അത് വെളിപ്പെടുത്തി നികുതി അടക്കാൻ തയാറാകുന്നതാണ് ഏറ്റവും അഭികാമ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.