അമേരിക്ക പറഞ്ഞാൽ ഇസ്രായേൽ അനുസരിക്കുമോ?
text_fieldsശക്തരായ ഇസ്രായേൽ ലോബികളിലേക്ക് നോക്കിക്കൊണ്ടു മാത്രമേ പലപ്പോഴും ഇസ്രായേലിനെ സംബന്ധിച്ച ഗൗരവമേറിയ നയങ്ങൾ അമേരിക്കക്ക് വിശദീകരിക്കാൻ സാധിക്കുകയുള്ളൂ. അമേരിക്കൻ വിദേശനയത്തെയും ഇസ്രായേലിനെയുംകുറിച്ച് ജോൺ മീർഷൈമറും സ്റ്റീഫൻ വാൾട്ടും ചേർന്നെഴുതിയ വിഖ്യാതമായ ‘The Israel Lobby and U.S Foreign Policy’ എന്ന പുസ്തകം ഇസ്രായേൽ ലോബിയുടെ അസാധാരണ സ്വാധീനങ്ങളെ സമൃദ്ധമായി വിശദമാക്കുന്നുണ്ട്. 2000ത്തിൽ ക്യാമ്പ് ഡേവിഡിൽ പങ്കെടുത്ത ഒരു അമേരിക്കൻ അംഗം ഈ എഴുത്തുകാരോട് പറഞ്ഞത്, ‘‘പലപ്പോഴും ഞങ്ങൾ ഇസ്രായേലിന്റെ അഭിഭാഷകരായി പ്രവർത്തിച്ചിട്ടുണ്ട്’’ എന്നാണ്
ഇസ്രായേലിനും ഗസ്സക്കും ഇടയിൽ ഇതിഹാസപരമായ തോതിൽ ക്രൂരമായ ഒരു ദുരന്തം അരങ്ങേറുകയാണ്. ഈ തോത് യഥാർഥത്തിൽ ഐതിഹാസികമാണെങ്കിലും, അത് ഇപ്പോഴും ഒരു മേധാവിത്വം പതനത്തിലാഴുന്ന കോസ്മിക് നാടകത്തിലെ ഉപകഥയാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് അതീവ വേദനജനകമായ നിമിഷമാണ്, കാരണം അവരുടെ രണ്ട് ആശ്രിതനക്ഷത്ര സംരക്ഷണങ്ങളെങ്കിലും അപകടാവസ്ഥയിലാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സവാരി കടുവപ്പുറത്താണ്. അതിന്മേൽ നിന്നെങ്ങാനുമൊന്നിറങ്ങിപ്പോയാൽ, അയാൾ വിഴുങ്ങപ്പെടും- ആകയാൽ ഹതഭാഗ്യമുള്ള ഒരു ജനതക്കുമേൽ ആക്രമണം തുടർന്നുകൊണ്ടേയിരിപ്പാണ്. രണ്ടാമൻ വൊളോദിമിർ സെലൻസ്കി ‘‘സർ, ദയവായി എനിക്ക് കുറച്ചുകൂടി തരാമോ’’ എന്നു ചോദിച്ച് കൈയിൽ തൊപ്പിയൂരിപ്പിടിച്ച് ഓടിനടക്കുന്നു. വംശഹത്യായുദ്ധം തുടരുകയാണ്, ഹമാസിനെ തീർത്തുകളയാതെ വെടിനിർത്തലിന് സമ്മർദമുണ്ടാകാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല.
തോക്കുകൾ നിശ്ശബ്ദമായാൽ തെൽഅവീവിലും വാഷിങ്ടണിലും ഈ യുദ്ധത്തിന്റെ മണ്ടത്തം ഉയർന്നുവരും, കാരണം ഹമാസ് അപ്പോഴും അവിടെയുണ്ടാവും, കൂടുതൽ ഊർജത്തോടെ.
അഴിമതിക്കാരനായ മെക്സിക്കൻ ഭൂവുടമക്കെതിരെ കർഷകകലാപം നയിച്ച എമിലിയാനോ സപാറ്റയുടെ ജീവിതം ആസ്പദമാക്കി എലിയ കസാൻ സംവിധാനം ചെയ്ത ‘വിവ സപാറ്റ’യിൽ, നായകനെ (മർലോൺ ബ്രാൻഡോയാണ് ആ വേഷം അവതരിപ്പിച്ചത്) വളഞ്ഞ സൈന്യം അദ്ദേഹത്തിന്റെ മരണം ഉറപ്പിക്കാൻ വെടിയുണ്ടകളാൽ തീമഴ തന്നെ പെയ്യിക്കുന്നു. ചിത്രത്തിന്റെ പ്രതീകാത്മകമായ അവസാന ഷോട്ട് ഫോക്കസ് ചെയ്യുന്നത് ഒരു വെള്ളക്കുതിരയിലേക്കാണ്. കസാൻ കുന്നുകളിൽ നൃത്തംചെയ്യുന്ന എമിലിയാനോ സപാറ്റയുടെ പ്രിയപ്പെട്ട കുതിര അദ്ദേഹത്തിന്റെ ആശയം മുന്നോട്ടുപോകും എന്ന സന്ദേശമാണ് നൽകുന്നത്.
നെതന്യാഹുവും അദ്ദേഹത്തിന്റെ അതിതീവ്രവലതുപക്ഷവും യുക്തിസഹമായ സംവാദങ്ങളെ അസാധ്യമാക്കുന്നു. അമേരിക്കയുടെ അതൃപ്തി അവർക്ക് പ്രശ്നമല്ല, കാരണം ഇസ്രായേലിനെ അവരുടെ വിശ്വാസപ്രകാരം അമേരിക്കയല്ല സംരക്ഷിക്കുന്നത്, തോറയിൽ അടങ്ങിയിരിക്കുന്ന പഴയനിയമത്തിലെ പുസ്തകങ്ങളാണ്.
എന്നെ എപ്പോഴും ആശയക്കുഴപ്പത്തിലാക്കിയ ഇസ്രായേൽ എന്ന ആശയത്തിലെ ഒരു വലിയ വികലത ഇത് ഓർമപ്പെടുത്തുന്നു. ഇസ്രായേലിലെ സംഘർഷം മുസ്ലിം-യഹൂദ വ്യവസ്ഥകൾപ്രകാരം പ്രവചിക്കുന്നത് തീർത്തും തെറ്റാണ്. സ്പെയിനിലെ അന്തലൂസിയയിൽ മുസ്ലിം ഭരണകാലത്ത്, മിഷ്നെ തോറ (യഹൂദ മതനിയമ വ്യവസ്ഥ/ഹലാഖ) ക്കനുസൃതമായി മുന്നോട്ടുപോയിരുന്ന മൈമോനിഡിസിനെപ്പോലുള്ള യഹൂദ തത്ത്വചിന്തകർ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.
തിരിച്ചുപിടിക്കൽ (Reconquista) കാലത്ത് മുസ്ലിംകളും യഹൂദരും വേട്ടയാടപ്പെട്ടപ്പോൾ, യഹൂദർ മൊറോക്കോയിൽ അഭയം കണ്ടെത്തി, അവിടത്തെ രാജഭരണകൂടം ഇന്നും യഹൂദലോകത്തെ വാർഷിക ജംബൂരിക്കായി ക്ഷണിക്കുന്നുണ്ട്. രാജാവിന്റെ പ്രധാന ഉപദേഷ്ടാവും യഹൂദനുമായ ആന്ദ്രെ അസൗലേ എന്ന രാജ്യത്തെ ഏറ്റവും ശക്തനായ രണ്ടാമത്തെ മനുഷ്യനുമായി ഞാൻ അഭിമുഖം നടത്തിയിരുന്നു.
ജറൂസലമിലുള്ള നിരവധി സെഫാർദിക് യഹൂദരുടെ ചുവരുകളിൽ തൂങ്ങുന്ന മൊറോക്കോയിലെ ഹസൻ അഞ്ചാമൻ രാജാവിന്റെ ഫോട്ടോകൾ ഇത് വിശദമാക്കിത്തരും. യൂറോപ്പിൽനിന്നും റഷ്യയിൽനിന്നും കുടിയേറിയ അഷ്കെനാസി യഹൂദരിൽനിന്ന് സെഫാർദിക്കുകളെ വേർതിരിക്കുന്ന സാമൂഹികശീലങ്ങളിൽ ഒന്നു മാത്രമാണിത്. ഭരണകൂട അധികാരത്തിന്റെ സുപ്രധാന ചുക്കാനുകൾ പലതും അവരാണ് നിയന്ത്രിക്കുന്നത്. 1946ൽ ജറൂസലമിലുള്ള കിങ് ഡേവിഡ് ഹോട്ടലിലെ ബ്രിട്ടീഷ് ആസ്ഥാനം തകർത്ത് 96 ബ്രിട്ടീഷുകാരെ കൊലപ്പെടുത്തിയതിന് ഉത്തരവാദിയായ ഇസ്രായേൽ ഭീകരവാദ സംഘടനയായ ഇർഗൂണിന്റെ നേതാവായിരുന്നു പ്രധാനമന്ത്രി മെനാചെം ബെഗിൻ.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണം ‘വിവേചനരഹിതമാണ്’ എന്ന് ഇപ്പോൾ പ്രസിഡന്റ് ബൈഡൻ അസന്ദിഗ്ധമായി പറയുന്നതുതന്നെ അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധിയാണെന്ന് ഞാൻ സംശയിക്കുന്നു. എന്നുവെച്ച് പ്രതിരോധമന്ത്രി യോർ ഗാലന്റും ആഭ്യന്തര സുരക്ഷാ മന്ത്രി ബെൻ ഗ്വിറും ഇത് വല്ലതും ശ്രദ്ധിക്കുമോ? കടുംപിടിത്തക്കാരനായ നെതന്യാഹുവിന്റെ നിലപാടിനെ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ഒട്ടുമിക്ക ഉപദേശങ്ങളെയും നിർവീര്യമാക്കാനുള്ള വിശ്വാസപരമായ ഉറപ്പുകളിലാണ് അവരുടെ പിന്തുണ.
ശക്തരായ ഇസ്രായേൽ ലോബികളിലേക്ക് നോക്കിക്കൊണ്ടുമാത്രമേ പലപ്പോഴും ഇസ്രായേലിനെ സംബന്ധിച്ച ഗൗരവമേറിയ നയങ്ങൾ അമേരിക്കക്ക് വിശദീകരിക്കാൻ സാധിക്കുകയുള്ളൂ. അമേരിക്കൻ വിദേശനയത്തെയും ഇസ്രായേലിനെയും കുറിച്ച് ജോൺ മീർഷൈമറും സ്റ്റീഫൻ വാൾട്ടും ചേർന്നെഴുതിയ വിഖ്യാതമായ ‘The Israel Lobby and U.S Foreign Policy’ എന്ന പുസ്തകം ഇസ്രായേൽ ലോബിയുടെ അസാധാരണ സ്വാധീനങ്ങളെ സമൃദ്ധമായി വിശദമാക്കുന്നുണ്ട്. 2000ത്തിൽ ക്യാമ്പ് ഡേവിഡിൽ പങ്കെടുത്ത ഒരു അമേരിക്കൻ അംഗം ഈ എഴുത്തുകാരോട് പറഞ്ഞത്, ‘‘പലപ്പോഴും ഞങ്ങൾ ഇസ്രായേലിന്റെ അഭിഭാഷകരായി പ്രവർത്തിച്ചിട്ടുണ്ട്’’ എന്നാണ്.
ഇസ്രായേലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏതൊരു നയവും അട്ടിമറിക്കാൻ അവർക്കു കഴിയുമെന്ന് നിസ്സംശയം പറയാം. നെതന്യാഹുവിന്റെ സന്ദർശനത്തോടുള്ള ബറാക് ഒബാമയുടെ എതിർപ്പ് വിഫലമാക്കപ്പെട്ടതെങ്ങനെയെന്ന് ഓർക്കുക: ഇസ്രായേൽ പ്രധാനമന്ത്രി യു.എസ് പ്രസിഡന്റിനെ മറികടന്ന് കപ്പൽ കയറുകയും കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.
സാധാരണക്കാരുടെ മരണങ്ങൾ കുറക്കാൻ നടപടി വേണമെന്ന ബൈഡന്റെ ജാഗ്രതാനിർദേശങ്ങൾ നിലവിലെ ഇസ്രായേലി ക്രൂരതകളിൽ അവഗണിക്കപ്പെട്ടു. മുൻകാലങ്ങളിലെന്നപോലെ അമേരിക്കൻ അധികൃതർക്കുമേൽ ഇസ്രായേലി ലോബി അതിന്റെ ശേഷി ഉപയോഗിച്ചു.
സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ രണ്ടാഴ്ച മുമ്പ് നെതന്യാഹുവിന് നൽകിയ സൂചന വ്യക്തമായിരുന്നു: പരിമിതമായ സമയത്തിനുള്ളിൽ ഹമാസിനെ ‘നശിപ്പിക്കുന്ന’ പണി നിങ്ങൾ പൂർത്തിയാക്കണം. ഈ തോതിലുള്ള സിവിലിയൻ മരണങ്ങൾ ലോകമെമ്പാടുമുള്ള പിന്തുണ ഇല്ലാതാക്കുന്നതിൽ കൊണ്ടെത്തിക്കും.
സർവനാശം പ്രകടമാണ്, പക്ഷേ ഹമാസ് നശിച്ചതിന്റെ സൂചനകളൊന്നും കാണുന്നതുമില്ല. അതേസമയം, ഇറാൻ ഇസ്ലാമിക് റവലൂഷനറി ഗാർഡ്സ് കോർപ്സിന്റെ ചീഫ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി പറയുന്നത്, ‘‘ഫലസ്തീനി യുവജനങ്ങൾ’ പുതുരീതികൾ പ്രയോഗിക്കുന്നതുമൂലം ഇസ്രായേൽ വല്ലാത്തൊരു പ്രതിസന്ധിയിലാണ് കുരുങ്ങിയിരിക്കുന്നതെന്നാണ്. ‘‘അവരുടെ 1600 ടാങ്കുകളിൽ 180 എണ്ണം ഇതിനകം നശിപ്പിക്കപ്പെട്ടു.’’ മരിച്ച ഇസ്രായേലി സൈനികരുടെ എണ്ണവും മൂന്നക്കമാണ്.
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന അവസ്ഥയിലാണ് ഇസ്രായേലും അതിന്റെ രക്ഷാധികാരിയായ അമേരിക്കയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.