ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഉണ്ടാകുമോ?
text_fieldsസാധാരണക്കാരായ മനുഷ്യരുടെ ഓരോ ദിവസവും ഭയങ്ങളുടെ നടുവിലാണ്. അവർ പിന്നാക്ക സമുദായങ്ങളിൽനിന്നോ വിഭാഗങ്ങളിൽനിന്നോ ഉള്ളവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. അവർ എവിടെ, ആരുടെയടുക്കലാണ് സഹായം തേടിപ്പോവുക?
രാജ്യം പൊതുതെരഞ്ഞെടുപ്പിൽ പ്രവേശിക്കുമ്പോഴേക്ക് ഏതെങ്കിലും പ്രതിപക്ഷം ഇവിടെ അവശേഷിക്കുമോ? രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലെ ഭാരത് ജോഡോ ന്യായ്യാത്രക്ക് അടിക്കടി സൃഷ്ടിക്കുന്ന തടസ്സങ്ങൾ അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നതിന്റെ കൃത്യമായ സൂചനകളാണ്.
അത്തരം സാധ്യതകളെയും ഭീഷണികളെയും വകവെക്കാതെ മുന്നോട്ടുപോകാൻ തന്നെ രാഹുൽ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് കരുതാം. അപ്പോൾ ഒരു ചോദ്യം ഉയരുന്നുണ്ട്: എന്തുകൊണ്ടാണ് ജനം സ്വമേധയാ കൂട്ടംകൂട്ടമായി ഈ യാത്രയിൽ അണിചേരുന്നതിൽ വലതുപക്ഷ ഗവൺമെന്റ് ഇത്രയധികം പരിഭ്രമിക്കുന്നത്!
ജനങ്ങളുടെ ആവേശം രാഹുൽ ഗാന്ധിയുടെ ജനപ്രീതി ഉയർത്തുമെന്നും വലതുപക്ഷത്തിന്റെ രാഷ്ട്രീയതന്ത്രങ്ങളെ മറികടക്കാൻ ഇത് വഴിവെക്കുമെന്നുമുള്ള ആശങ്കയാണ് ഇത് പ്രകടമാക്കുന്നത്. പക്ഷേ, സകലമാന സംവിധാനങ്ങളും സർക്കാറിന്റെ അധീനതയിലാണെന്ന വസ്തുത ഒട്ടുമേ വിസ്മരിക്കാനാവില്ല.
ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഝാർഖണ്ഡ് മുക്തി മോർച്ച മേധാവി ഹേമന്ത് സോറനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രീതികൂടി നോക്കുമ്പോൾ ആശങ്ക അതിശക്തമാവുന്നു. പ്രതിപക്ഷ നേതൃനിരയെ ഇവ്വിധത്തിൽ ഉന്നംവെക്കുന്നതു കാണുമ്പോൾ ആരുടെ മനസ്സിലും ഉയരാവുന്ന ഒരു സംശയമുണ്ട്- സ്വതന്ത്രവും നീതിയുക്തവും നിർഭയവുമായ ഒരു തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കാനാകുമോ?
ഇല്ലെന്നുണ്ടെങ്കിൽ ഏകാധിപത്യത്തിലേക്കാവും നാടിന്റെ പോക്ക്. അടുത്തിടെ ചണ്ഡിഗഢ് മേയർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കൃത്രിമ മാർഗങ്ങളിലൂടെ വിജയിപ്പിക്കുന്നതിനായി അട്ടിമറികൾ നടന്നുവെന്ന് ആം ആദ്മി പാർട്ടിയും കോൺഗ്രസും ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആ അട്ടിമറി പരമോന്നത നീതിപീഠത്തിനുതന്നെ ബോധ്യപ്പെട്ടു. എത്രമാത്രം നിർലജ്ജമായ രീതിയിലാണ് ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടതെന്ന് അതിന്റെ ദൃശ്യങ്ങൾ ലോകത്തിന് കാണിച്ചുതന്നു.
അത്തരം രീതികൾ വരാനിരിക്കുന്ന ദുഷ്കരമായ കാലത്തിന്റെ അടയാളങ്ങൾ തന്നെയാണ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ഭരണകൂട പാർട്ടിയുടെ സേനകൾ അക്രമം ഉപയോഗിക്കുമെന്ന് മുതിർന്ന പ്രതിപക്ഷ നേതാക്കൾ മുന്നറിയിപ്പും നൽകുന്നുണ്ട്. ഭയം നിറഞ്ഞ അന്തരീക്ഷം ഇതിനകംതന്നെ രാജ്യത്ത് നിലവിലുണ്ട് എന്നാണ് സങ്കടകരമായ കാര്യം.
സാധാരണക്കാരായ മനുഷ്യരുടെ ഓരോ ദിവസവും ഭയങ്ങളുടെ നടുവിലാണ്. അവർ പിന്നാക്ക സമുദായങ്ങളിൽനിന്നോ വിഭാഗങ്ങളിൽനിന്നോ ഉള്ളവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. അവർ എവിടെ, ആരുടെയടുക്കലാണ് സഹായം തേടിപ്പോവുക?
വീടില്ലാത്ത-തൊഴിലില്ലാത്ത-പൈസയില്ലാത്ത ഈ കാലത്ത് പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ മനുഷ്യരുടെ വീടുകളും കടകളും പുരാതന കെട്ടിടങ്ങളും ബുൾഡോസർ കയറ്റി ഇടിച്ചുനിരത്തുമ്പോൾ നമ്മുടെ സഹപൗരരുടെ നിലവിളി കേൾക്കാൻ ആരുണ്ട്?
നൂറുകണക്കിന് ആക്ടിവിസ്റ്റുകളും മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥരും അഭിഭാഷകരുമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട ഗുരുതരവും പ്രസക്തവുമായ സംശയങ്ങൾ ഉന്നയിക്കുന്നത്. അവർ ചോദിക്കുന്നത് ഇതാണ്.
കൃത്രിമം നടത്താൻ സർവവിധ സാധ്യതകളുമുള്ള സംവിധാനങ്ങളുപയോഗിച്ച് നടത്തുന്ന തെരഞ്ഞെടുപ്പിന് സുതാര്യതയും ഉത്തരവാദിത്തവും ഉണ്ടാകുമോ?
വൈജയന്തി മാല ആദരിക്കപ്പെടുമ്പോൾ
തൊണ്ണൂറാം വയസ്സ് ആകുന്നതിനും മുമ്പുതന്നെ വൈജയന്തിമാല ബാലിക്ക് പത്മവിഭൂഷൺ ലഭിക്കേണ്ടിയിരുന്നുവെന്ന് ആരും ആശിച്ചുപോകും. അതീവ പ്രതിഭാശാലിയായ നർത്തകി, നടി എന്നതിനൊപ്പം അവരുടെ അനുപമമായ വ്യക്തിത്വം അടുത്തറിയാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. 1990ൽ ഡൽഹിയിൽവെച്ചാണ് ഞാൻ ആദ്യമായി അവരെ അഭിമുഖം ചെയ്യാൻ പോയത്.
‘ഓം ശാന്തി, ഓം ശാന്തി, ഓം ശാന്തി’ എന്ന പേരിൽ കമാനി ഓഡിറ്റോറിയത്തിൽ നടക്കാനിരുന്ന അവരുടെ നൃത്തപരിപാടിയുടെ തലേദിവസമായിരുന്നു അത്. പാട്ടും വേദിയുമെല്ലാം സജ്ജീകരിക്കുന്ന തിരക്കിനിടയിലും യാതൊരു തിരക്കുകൂട്ടലുകളുമില്ലാതെ തികച്ചും ശാന്തയായിരുന്ന് അവർ സംസാരിച്ചു. ഈ കലാരൂപത്തിലൂടെ സമാധാനത്തിന്റെ സന്ദേശമാണ് പകർന്നുനൽകാൻ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞുതന്നു.
നാണംകുണുങ്ങിയായ അഞ്ചു വയസ്സുകാരിയായിരിക്കെ റോമിൽ മാർപാപ്പക്ക് മുന്നിൽ ഭരതനാട്യം അവതരിപ്പിച്ചതിന്റെയും പത്താം ക്ലാസിൽ പഠിക്കുമ്പോൾ മദ്രാസിൽ നടത്തിയ നൃത്തപ്രകടനം എ.വി.എം പ്രൊഡക്ഷൻസ് അധികൃതരുടെ ശ്രദ്ധയിൽപെട്ടതും ബഹാർ എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ട നടിയായി മാറിയതും രാഷ്ട്രീയ പ്രവേശവുമെല്ലാം.
പലതരം താൽപര്യങ്ങളുടെ പേരിൽ വീതംവെച്ച് നിറം മങ്ങിപ്പോകുന്ന സിവിലിയൻ ബഹുമതികൾ അൽപമെങ്കിലും തിളക്കം വീണ്ടെടുക്കുന്നത് ഇതുപോലെ ഉചിതമായ വ്യക്തിത്വങ്ങളെ ആദരിക്കുമ്പോൾ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.