വയനാട് ഇന്ത്യക്ക് വഴികാട്ടുമോ?
text_fieldsലോക്സഭാംഗമായിരുന്നതിനേക്കാൾ ശക്തനായിരിക്കുന്നു അംഗത്വത്തിന് അയോഗ്യത കൽപിക്കപ്പെട്ട രാഹുൽ ഗാന്ധി. നാണംകുണുങ്ങിയെന്നും കെൽപില്ലാത്തയാളെന്നും അപഹസിക്കപ്പെട്ടിരുന്ന അദ്ദേഹത്തിനിപ്പോൾ സത്യം പറഞ്ഞതിന്റെ പേരിൽ ക്രൂശിക്കപ്പെട്ട നേതാവ് എന്ന പരിവേഷം കൈവന്നിരിക്കുന്നു. കള്ളനെ കള്ളനെന്ന് വിളിക്കുന്നത് നമ്മുടെ രാജ്യത്ത് ഇന്നൊരു കുറ്റകൃത്യമായി മാറിയിരിക്കുന്നു എന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവനയിൽ അത് നിഴലിക്കുന്നു
ആദിവാസി, ന്യൂനപക്ഷ ജനസമൂഹങ്ങളുടെ വോട്ടുകൾ നിർണായകമായ, കേരളത്തിലെ പിന്നാക്ക പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന, പരമ്പരാഗതമായി കോൺഗ്രസ് ജയിച്ചു കയറുന്ന മണ്ഡലം മാത്രമായിരുന്ന വയനാട് ലോക്സഭ മണ്ഡലം കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു വേളയിൽ രാജ്യശ്രദ്ധ കൈവരിച്ചത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെയാണ്. പ്രധാനമന്ത്രി (സ്ഥാനാർഥി)ക്ക് ഒരു വോട്ട് എന്നായിരുന്നു ഐക്യജനാധിപത്യമുന്നണിയുടെ പ്രചാരണവാക്യം തന്നെ.
വൻ ഭൂരിപക്ഷത്തോടെ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യം നരേന്ദ്ര മോദിയുടെ സംഘത്തിന് മുന്നിൽ വീണ്ടും തോറ്റു. വി.ഐ.പി മണ്ഡലമെന്ന പരിവേഷം നിലനിർത്താനായെങ്കിലും പ്രാദേശിക വിഷയങ്ങൾക്കപ്പുറത്ത് കഴിഞ്ഞ നാലുവർഷവും വയനാടിന് കാര്യമായ വാർത്ത പ്രാധാന്യമേതുമില്ലായിരുന്നു. എന്നാൽ വീണ്ടുമിതാ വയനാട് രാജ്യമൊട്ടുക്ക് ചർച്ചയായിരിക്കുന്നു.
നിസ്സാരമായ ഒരു ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതിനെത്തുടർന്ന് മിന്നൽ വേഗത്തിലാണ് വയനാട്ടിൽനിന്നുള്ള പാർലമെന്റംഗത്തെ ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യനാക്കി പ്രഖ്യാപിച്ചത്. തീരുമാനം വന്ന വെള്ളിയാഴ്ച മുതൽ തന്നെ വയനാട് മണ്ഡലത്തിന്റെ മുക്കുമൂലകളിൽ പ്രതിഷേധ പരിപാടികൾ തുടങ്ങി.
പക്ഷേ വയനാട്ടിൽ മാത്രമല്ല, രാജ്യത്തിന്റെ ഏതാണ്ടെല്ലാ കോണുകളിലും പൊടുന്നനെ ഒരു രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനത്തിന് തുടക്കമിട്ടിരിക്കുകയാണ് രാഹുലിനെതിരായ നടപടി. 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് രാഹുൽ ഇപ്പോൾ നടപടിക്ക് കാരണമായ ചോദ്യമുന്നയിച്ചത്.
ഇവ്വിധം എന്തെങ്കിലുമൊരു നടപടി രാഹുലിനെതിരെ ഏതുസമയവും ഉണ്ടായേക്കുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും ഒരു മാസം മുമ്പുതന്നെ സംശയിച്ചതാണ്. വ്യവസായ പ്രമുഖൻ ഗൗതം അദാനിയുമായി വഴിവിട്ട ബാന്ധവം ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫെബ്രുവരി ഏഴുമുതൽ കടന്നാക്രമണം തന്നെയാണ് രാഹുൽ നടത്തിവരുന്നത്.
ലോക്സഭ രേഖകളിൽ നിന്ന് പ്രസംഗങ്ങൾ നീക്കം ചെയ്തെങ്കിലും അത് നരേന്ദ്ര മോദിക്കും ഭരണപക്ഷത്തിനും ഏൽപിച്ച ആഘാതം ഒട്ടും ചെറുതായിരുന്നില്ല തന്നെ. രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാരുൾപ്പെടെ ഭരണകക്ഷി നേതാക്കൾ തന്നെ മുന്നിട്ടിറങ്ങി.
വിദേശമണ്ണിൽ ഇന്ത്യയെ ‘മാനംകെടുത്തി’യ രാഹുൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം പാർലമെന്റ് സ്തംഭിപ്പിക്കുന്ന തികച്ചും അസാധാരണ കാഴ്ചകൾക്കും രാജ്യം സാക്ഷ്യംവഹിച്ചു. അതൊരു കടുത്ത സമ്മർദ തന്ത്രമായിരുന്നു, ഇതിനുപിറകെ മാർച്ച് 19ന് ഡൽഹി പൊലീസിന്റെ വൻസംഘം രാഹുലിനെ വീട്ടിൽ തിരഞ്ഞുവന്നു.
ലൈംഗികാതിക്രമത്തിന് ഇരയായതായി ഭാരത് ജോഡോ യാത്രക്കിടയിൽ പരാതിപ്പെട്ട ചില സ്ത്രീകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് വന്നതെന്നാണ് പൊലീസ് വിശദീകരിച്ചത്. 2023 ജനുവരി 30ന് ശ്രീനഗറിൽ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ഈ സ്ത്രീകളെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുക വഴി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ സംയുക്ത മുന്നണി രൂപവത്കരിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി നൽകാനായേക്കും എന്നാണ് ഒരു വിഭാഗം കണക്കുകൂട്ടിയത്. രാഹുലിനെ അയോഗ്യനാക്കിയത് കോൺഗ്രസിന് ക്ഷീണമാണെങ്കിലും ഇതുവരെ ആ പാർട്ടിയുമായി അകലം പാലിച്ച കക്ഷികളെപ്പോലും കേന്ദ്രസർക്കാറിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ഒരുമിപ്പിക്കാൻ ഈ നടപടി ഇടയാക്കിയതായാണ് പ്രതിപക്ഷ നേതാക്കളുടെ ഇതുവരെയുള്ള പ്രസ്താവനകൾ നൽകുന്ന സൂചന.
കോൺഗ്രസുമായി ഒരുനിലക്കും പാർലമെന്റിൽ സഹകരണം പുലർത്താത്ത ആംആദ്മി പാർട്ടി രാഹുൽ ഗാന്ധിക്ക് തുറന്ന പിന്തുണയുമായി മുന്നോട്ടുവന്നതു തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ഏതു പാർട്ടി അധികാരത്തിലേറുമെന്നത് നോക്കാതെ ജനാധിപത്യത്തെ സംരക്ഷിക്കാൻ രാജ്യത്തെ 130 കോടി ജനങ്ങളും മുന്നോട്ടുവന്ന് പൊരുതേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് ആപ് പ്രസിഡന്റും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടത്.
കോൺഗ്രസുമായി കൃത്യമായ അകലം പാലിച്ചു പോരുന്ന തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ പ്രതികരണവും സമാനമായിരുന്നു. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ച കെ.സി.ആർ മോദിയുടെ സ്വേച്ഛാധിപത്യത്തിന്റെയും അഹങ്കാരത്തിന്റെയും പാരമ്യതയാണ് രാഹുലിനെതിരെയുള്ള നടപടി സൂചിപ്പിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.
പാർട്ടികൾ അഭിപ്രായഭിന്നതകൾ മറന്ന് ബി.ജെ.പി സർക്കാറിന്റെ ദുഷ്ചെയ്തികൾക്കെതിരെ ഒന്നിക്കണമെന്നും രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിനെ അകറ്റിനിർത്തി ഒരു മൂന്നാം മുന്നണി കെട്ടിപ്പടുക്കുന്നതിനായി കഴിഞ്ഞ ദിവസം വരെ രംഗത്തുണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ വാക്കുകൾ കടുത്ത മൂർച്ചയുള്ളതായിരുന്നു.
ക്രിമിനല് പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കളെ മന്ത്രിസഭയില് ഉർപ്പെടുത്തുന്ന മോദിയുടെ പുതിയ ഇന്ത്യയില് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം പ്രതിപക്ഷ നേതാക്കളാണെന്ന് മമത പറഞ്ഞു.
അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യത്തിൽ നേരത്തേ തന്നെ കോൺഗ്രസുമായി ചേർന്ന് സമ്മർദം ചെലുത്തുന്ന ആർ.ജെ.ഡി, എൻ.സി.പി, ശിവസേന (ഉദ്ധവ് വിഭാഗം), ഡി.എം.കെ, ജെ.എം.എം, ജെ.ഡി (യു) തുടങ്ങിയ പാർട്ടികൾ ഉറച്ച പിന്തുണയുമായി രാഹുലിനൊപ്പം നിന്നു.
വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി അറസ്റ്റുവരിച്ചു . ഈ സംഭവവികാസങ്ങളെല്ലാം കോൺഗ്രസ് പാർട്ടിക്ക് ഒരനുഗ്രഹമായാണ് രാഷ്ട്രീയനിരീക്ഷകർ കാണുന്നത്. ഇത് ഉടനടി എന്തെങ്കിലും നേട്ടം സമ്മാനിക്കില്ലായിരിക്കാം, എന്നാൽ ബി.ജെ.പിക്കെതിരെ ഒരു പൊതുവേദി രൂപപ്പെടാനുള്ള സാധ്യത സംശയലേശമന്യേ തെളിഞ്ഞുവന്നിട്ടുണ്ട്.
ലോക്സഭാംഗമായിരുന്നതിനേക്കാൾ ശക്തനായിരിക്കുന്നു അംഗത്വത്തിന് അയോഗ്യത കൽപിക്കപ്പെട്ട രാഹുൽ ഗാന്ധി. നാണംകുണുങ്ങിയെന്നും കെൽപില്ലാത്തയാളെന്നും അപഹസിക്കപ്പെട്ടിരുന്ന അദ്ദേഹത്തിനിപ്പോൾ സത്യം പറഞ്ഞതിന്റെ പേരിൽ ക്രൂശിക്കപ്പെട്ട നേതാവ് എന്ന പരിവേഷം കൈവന്നിരിക്കുന്നു. കള്ളനെ കള്ളനെന്ന് വിളിക്കുന്നത് നമ്മുടെ രാജ്യത്ത് ഇന്നൊരു കുറ്റകൃത്യമായി മാറിയിരിക്കുന്നു എന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവനയിൽ അത് നിഴലിക്കുന്നുണ്ട്.
കോൺഗ്രസിനു മുന്നിൽ രാഷ്ട്രീയപരവും നിയമപരവുമായ രണ്ട് വഴികളാണുള്ളത്. നിയമവഴിയെന്നാൽ മേൽകോടതിയെ സമീപിച്ച് ഈ ശിക്ഷാവിധിക്ക് ഒരു ആശ്വാസം നേടിയെടുക്കുക എന്നതാണ്. അസാധാരണ സംഭവങ്ങളൊന്നുമുണ്ടായില്ലെങ്കിൽ അവ്വിധമൊരു ആശ്വാസം ലഭിക്കുകതന്നെ ചെയ്യുമെന്ന് അവരുടെ നേതാക്കൾക്ക് ഉറപ്പുണ്ട്. രാഷ്ട്രീയവഴിയാണ് അതിലേറെ ആകർഷകം.
ജനങ്ങളെ സമീപിച്ച് അവരിൽ നിന്ന് നീതി തേടുക. മാപ്പു പറയാൻ താൻ സവർക്കറല്ലെന്നും ഇന്ത്യക്ക് വേണ്ടി ശബ്ദമുയർത്തുന്നതിന്റെ പേരിൽ എന്തും സഹിക്കാനും ഒരുക്കമാണെന്നും പ്രഖ്യാപിച്ച രാഹുലിന്റെയും ജനാധിപത്യം സംരക്ഷിക്കുന്നതിന് ജയിലിൽ പോകാൻ മടിയില്ലെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും ശബ്ദത്തിൽ ആത്മവിശ്വാസം നിറഞ്ഞു നിൽക്കുന്നു.
ആക്രമണത്തിന്റെ മൂർച്ച ഇതേപടി നിലനിർത്തി മുന്നോട്ടുപോകാൻ തന്നെയാണ് കോൺഗ്രസ് തീരുമാനിച്ചുറപ്പിച്ചിരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റുകളിൽ നിന്ന് വ്യക്തം. നെഹ്റു കുടുംബപ്പേരിനെച്ചൊല്ലി ലോക്സഭയിൽ തന്നെ കുടുംബത്തെ അപമാനിച്ച നരേന്ദ്ര മോദിക്ക് ഒരു ജഡ്ജിയും രണ്ട് വർഷം ശിക്ഷ വിധിച്ചില്ലെന്നു പറഞ്ഞ അവർ ജീവരക്തം നൽകി ജനാധിപത്യത്തെ പരിപോഷിപ്പിച്ച കുടുംബത്തിൽ നിന്നു വരുന്ന ഗാന്ധിമാർ അധികാരമോഹിയും സ്വേച്ഛാധിപതിയുമായ ഒരു മനുഷ്യനു മുന്നിൽ പേടിച്ചുപിന്മാറില്ലെന്ന് പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു.
മോദി തന്നെ പാർലമെന്റിൽ വെച്ച് ശൂർപ്പണഖ എന്ന് പരിഹസിച്ചതായി ആരോപണമുയർത്തിയ കോൺഗ്രസ് നേതാവ് രേണുക ചൗധരി അതിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വീണ്ടും നമുക്ക് വയനാട്ടിലേക്ക് വരാം. രാഷ്ട്രീയ കേന്ദ്രങ്ങളുടെ അനുമാനമനുസരിച്ച് വയനാട് ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടന്നേക്കാനാണ് സാധ്യത. അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ പോരാട്ടത്തിന്റെ സൂചകമായിരിക്കാം ഇവിടെ സംഭവിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.