വിലാപത്തുരുത്ത്
text_fieldsഉമ്മറങ്ങളില്‍ കാഴ്ച നിഷേധിക്കപ്പെട്ട കുരുന്നുകളുടെ ദൈന്യത, കൈയും കാലും നഷ്ടപ്പെട്ട് ജീവിക്കുന്ന കുറെ മനുഷ്യര്‍, ബുദ്ധിമാന്ദ്യവും ശരീരവും വളര്‍ന്ന കുട്ടികളുടെ വിലാപങ്ങള്‍, ഇരുട്ടുമുറികളില്‍ ഒരായുസ്സിന്‍െറ ശാപവുംപേറി ജീവിതം തള്ളിനീക്കുന്ന മാതാപിതാക്കള്‍. കുഞ്ഞുങ്ങളെയും തോളിലേറ്റി ആശുപത്രികളില്‍ ക്യൂ നില്‍ക്കാനും സഹായത്തിനായി സര്‍ക്കാറിന് മുന്നില്‍ കൈനീട്ടാനും വിധിക്കപ്പെട്ടവര്‍. ഇത് ആകസ്മികമായി സംഭവിക്കുന്ന വൈകല്യങ്ങളല്ല, ഭരണകൂടത്തിന്‍െറ ഒത്താശയോടെ വമ്പന്‍ കമ്പനികള്‍ ഒരു ജനതക്ക് നല്‍കുന്ന സമ്മാനമാണ്. ഇവിടെ ജനിച്ചുപോയതിന്‍െറ പേരില്‍, സ്വന്തം മണ്ണില്‍ ജീവിക്കുന്നതിന്‍െറ പേരില്‍ അവര്‍ ഒടുക്കേണ്ടിവരുന്ന പിഴ. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കോടംതുരുത്തെന്ന ഗ്രാമത്തില്‍ ദുരന്തവും പേറിയാണ് കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നത്. ആലപ്പുഴ ജില്ലയില്‍ കാണുന്ന പ്രതിഭാസമല്ലിത്. കാസര്‍കോട്, കര്‍ണാടകയിലെ ബല്‍ത്തങ്ങാടി, കൊക്കട, പട്രാമെ, നിട്ലെ, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളും വിഷഭീമന്‍െറ പിടിയിലാണ്.
ഭിന്നശേഷിക്കാരുടെ ക്രമാതീത വര്‍ധനമൂലം മറ്റൊരു എന്‍മകജെയായി മാറുകയാണ് ആലപ്പുഴയിലെ കോടംതുരുത്ത്. 66 കുട്ടികള്‍ ഉള്‍പ്പെടെ 250ഓളം പേരാണ് ഭിന്നശേഷിക്കാരായി പഞ്ചായത്തിന്‍െറ കണക്കിലുള്ളത്. ഇതിനുപുറമെ പ്രദേശത്ത് അര്‍ബുദരോഗികളും താരതമ്യേന കൂടുതലാണ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ തറവാടായി തുടരുന്ന അതിഭീകരമായ ഇവിടത്തെ അവസ്ഥയെക്കുറിച്ച് പഞ്ചായത്ത് അധികൃതര്‍ക്കും മറ്റും അറിവുണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആരോഗ്യവകുപ്പും മാറിവന്ന സര്‍ക്കാറുകളും കോടംതുരുത്തിലെ ഈ കുരുന്നുകളെ കാണാതെ പോയി. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് ഇതുവരെ മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും തിരിച്ചറിയാനായിട്ടില്ല. ആരോഗ്യ പ്രശ്നങ്ങളുടെ തിരിച്ചറിയപ്പെടാതെ പോകുന്ന കാരണങ്ങളാല്‍ തലമുറകളായി പിഴുതെറിയപ്പെടുകയാണിവിടെ.
മത്സ്യസംസ്കരണ മേഖലയില്‍ ജോലിചെയ്യുന്ന സാധാരണ തൊഴിലാളി കുടുംബങ്ങളാണ് കൂടുതലും. നാലു വീട്ടില്‍ ഒരു ഭിന്നശേഷിയുള്ള കുട്ടിയെന്ന കണക്കു മാത്രമാണ് പഞ്ചായത്തിന്‍െറ അടുത്തുള്ളത്. തലച്ചോറിന് വളര്‍ച്ചയില്ലാത്ത ഈ കുഞ്ഞുങ്ങളുടെ അടുക്കല്‍നിന്ന് ഒരുനിമിഷംപോലും മാറിനില്‍ക്കാന്‍ മാതാപിതാക്കള്‍ക്കാകില്ല. എട്ടാം വാര്‍ഡിലെ മണക്കാട് പുരയിടത്തിലെ അരുണ്‍കുമാറിന് അരക്കുതാഴെ ചലനശേഷിയില്ല. വീടിന്‍െറ ഉമ്മറത്ത് തീരുന്നു ഈ 23കാരന്‍െറ ലോകം. 16കാരിയായ കാര്‍ത്തികക്ക് അടുത്തകാലത്താണ് ഓട്ടോമാറ്റിക് വീല്‍ചെയര്‍ കിട്ടിയത്. അതുവരെ വീടിനകമായിരുന്നു കാര്‍ത്തികയുടെയും ലോകം. അമ്മയുടെ തോളിലേറി നാലാംക്ളാസുവരെ സ്കൂളില്‍ പോയി. പല ആശുപത്രികളിലായി പലതരം ചികിത്സ നടത്തിയിട്ടും ഗുണംചെയ്തില്ല.
ചേര്‍ത്തല താലൂക്കിലെ തൈക്കാട്ടുശേരിയിലും അമ്പതോളം കുട്ടികളാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു തുല്യമായ അവസ്ഥയില്‍ ഭിന്നശേഷിക്കാരായി ജീവിതം കഴിച്ചുകൂട്ടുന്നത്. ഇതിന്‍െറ ഇരട്ടിയോളം വരും ശാരീരികവൈകല്യമുള്ള മുതിര്‍ന്നവരുടെ എണ്ണവും. വീടിനകത്ത് സംസാരശേഷി നഷ്ടപ്പെട്ടു പുഞ്ചിരിക്കുന്ന മുഖവുമായി നില്‍ക്കുന്ന അശ്വിന്‍ റാമിന് 11 വയസ്സാണ്. വീട്ടുമുറ്റത്തിരുന്നത് കളിചിരിയുമായി നടന്ന് മണ്ണുവാരിക്കളിക്കുന്ന ബുദ്ധി വളര്‍ച്ചയില്ലാത്ത അഖിലിന് വയസ്സ് 14. ഇടവിട്ട് അപസ്മാരം വരുന്നത് കാരണം മകനെ കണ്‍വെട്ടത്തുതന്നെ കാക്കും അമ്മ സദാസമയവും. സംസാരിക്കുന്നത് മനസ്സിലാകാത്ത അഞ്ചു വയസ്സുകാരി അഞ്ജുവും നാട്ടുകാരുടെ സങ്കടമായി മാറുന്നു.
ബുദ്ധിവളര്‍ച്ചയില്ലാത്തതും മറ്റു ശാരീരിക വൈകല്യങ്ങളുമായി ഒട്ടേറെ പേരുണ്ട് തുറവൂരിന് കിഴക്ക് തൈക്കാട്ടുശേരിയെന്ന കൊച്ചു ഗ്രാമത്തില്‍ മാത്രം. 11 വയസ്സുള്ള ബ്ലെസിയുടെ ചികിത്സക്കായി ഓട്ടോഡ്രൈവറായ പിതാവ് ജോര്‍ജ് കടംവാങ്ങിയും മറ്റും ലക്ഷങ്ങളാണ് ചെലവാക്കിയത്. ബ്ലെസിയുടെ അയല്‍ക്കാരനാണ് നാലുവയസ്സുള്ള മുത്ത്. ബുദ്ധിയുറക്കാത്ത കുഞ്ഞുമായി ആശുപത്രികള്‍ കയറിയിറങ്ങുകയാണ് പിതാവ് മഹേഷ്. ആറാംക്ലാസുകാരിയായ ബെറ്റിക്ക് പാടാനും പഠിക്കാനും ഏറെ ഇഷ്ടമാണ്. പക്ഷേ, ഏതു നിമിഷവും ഓര്‍മ പാതിവഴിയില്‍ മുറിയും. 70 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള അമ്പതോളം കുട്ടികളുണ്ട് 15 വാര്‍ഡുകളുള്ള തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തില്‍ മാത്രം. ഇങ്ങനെ ജില്ലയുടെ പല പ്രദേശങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികള്‍ വര്‍ധിക്കുകയാണ്.
ദുരന്തത്തിനു പിന്നില്‍
ഭിന്നശേഷിയുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനു പിന്നില്‍ ഇവിടത്തെ മത്സ്യസംസ്കരണ ഫാക്ടറികളില്‍നിന്നുള്ള രാസവസ്തുക്കളടങ്ങിയ വിഷജലത്തിന് വലിയ പങ്കുണ്ട്. പ്രദേശത്തെ കുറുമ്പി കായലിലേക്കാണ് ഇവ ഒഴുക്കുന്നത്. ഇടത്തോടുകളാല്‍ ചുറ്റപ്പെട്ട, 15 വാര്‍ഡുകളുള്ള കോടംതുരുത്ത് പഞ്ചായത്തിലെ ജലസ്രോതസ്സുകളിലെല്ലാം ഒഴുകിയത്തെുന്നത് ഈ മലിനജലമാണ്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി പ്രദേശവാസികള്‍ നേരത്തേമുതല്‍ ചൂണ്ടിക്കാട്ടുന്നതാണ്. വര്‍ഷങ്ങളായി ഇവിടത്തെ വെള്ളവും വായുവും മലിനമാക്കുന്ന മത്സ്യ സംസ്കരണശാലകളാണ് ഇതിന് ഉത്തരവാദികളെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ഭൂഗര്‍ഭജലത്തെ ആശ്രയിച്ചാണ് കോടംതുരുത്തുകാര്‍ ജീവിക്കുന്നത്.
പ്രദേശത്ത് ഭൂരിഭാഗം മത്സ്യസംസ്കരണ കമ്പനികളും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. മത്സ്യസംസ്കരണ മേഖലയില്‍ ജോലിചെയ്യുന്ന സാധാരണ തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ കൂടുതലുമുള്ളത്. തങ്ങളുടെ തൊഴില്‍ദാതാക്കള്‍ തന്നെയാണോ ദുരന്തം സമ്മാനിക്കുന്നതെന്ന സംശയം തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഒരു പരിധിക്കപ്പുറം ചെറുത്തുനില്‍ക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നതിന് കാരണവും അതുതന്നെ. എന്നാല്‍, മലിനീകരണം സൃഷ്ടിക്കുന്ന കമ്പനികള്‍ക്കെതിരെ ചെറുവിരലനക്കാന്‍പോലും അധികാരികള്‍ തയാറാകാത്തത് ദുരൂഹമാണ്.
ആനുകൂല്യങ്ങള്‍ കടലാസില്‍ മാത്രം
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കുന്ന ആനുകൂല്യങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സ്പെഷല്‍ സ്കൂളിലും മറ്റും പോയി അക്ഷരങ്ങള്‍ പഠിക്കുന്ന ഈ കുരുന്നുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്ന സ്കോളര്‍ഷിപ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. കുട്ടികള്‍ ഭിന്നശേഷിക്കാരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ച പാവപ്പെട്ട കുടുംബത്തിലെ ആളുകള്‍ അതുമായി പഞ്ചായത്ത് ഓഫിസ് മുതല്‍ കയറി നടക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ആളുകളും ധാരാളമാണ്. ഒരുനേരത്തെ മരുന്ന് വാങ്ങാന്‍പോലും വകയില്ലാതെ പലരും നട്ടംതിരിയുകയാണ്. ആനുകൂല്യങ്ങളുടെ പ്രഖ്യാപനങ്ങള്‍ ധാരാളം നടക്കുന്നുണ്ടെങ്കിലും ഇരകള്‍ക്ക് ഇതൊന്നും ലഭിക്കുന്നില്ളെന്നതാണ് സത്യം.
വേണ്ടത് അടിയന്തര പഠനങ്ങള്‍
ഭിന്നശേഷിയുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന ആലപ്പുഴ ജില്ലയില്‍ പഠനങ്ങള്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്. പുതിയ പഠനങ്ങള്‍ നടത്തി ഉടന്‍ നടപടി സ്വീകരിക്കുമെന്നും കേരള സര്‍വകലാശാലയുടെ മെഡിക്കല്‍ സംഘത്തെ കോടംതുരുത്ത് കൊണ്ടുവരുമെന്നും അരൂര്‍ എം.എല്‍.എ എ.എം. ആരിഫ് പറയുന്നുണ്ടെകിലും ഇത് എത്രമാത്രം നല്ല നീതിയില്‍ നടക്കുമെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. പെന്‍ഷന്‍ ഉള്‍പ്പെടെ സാമൂഹികസുരക്ഷാ നടപടി കൃത്യമായി നടപ്പാക്കണമെന്നും ഗുരുതര ജലമലിനീകരണം സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.