പരാജിതരും വിജയികളുമില്ലാത്ത ലോകം?
text_fieldsബി.സി.ഇ 326. ഇന്നത്തെ പാകിസ്താനിലെ ഝലം നദിക്കര. പ്രബലരായ രണ്ട് രാജാക്കൻമാർ അവരുടെ ഏറ്റവും കരുത്തുറ്റ സൈന്യങ്ങളുമായി യുദ്ധത്തിനിറങ്ങിയിരിക്കുകയാണ്. പഞ്ചാബ്, സിന്ധ് മേഖല അടക്കിവാണ പുരുഷോത്തമനെന്നും പോറസ് എന്നും അറിയപ്പെട്ട നാട്ടുരാജാവാണ് ഒരു വശത്ത്. മറുഭാഗത്താവട്ടെ ബ്യൂസിഫാലസ് എന്ന കുതിരപ്പുറത്തേറി ലോകമാകെ ജയിച്ചടക്കിയ മഹാനായ അലക്സാണ്ടർ ചക്രവർത്തിയും. ഇന്ത്യാ ഉപഭൂഖണ്ഡം കൂടി കാൽക്കീഴിലാക്കാനുള്ള തേരോട്ടത്തിലായിരുന്നു അലക്സാണ്ടർ. യുദ്ധത്തിൽ അലക്സാണ്ടറിനായിരുന്നു അന്തിമ വിജയം. പക്ഷേ, പുരുഷോത്തമനും സൈന്യവും യുദ്ധത്തിൽ കാഴ്ചവെച്ച അസാമാന്യ പോരാട്ടവീര്യത്തെ വിലമതിച്ച അലക്സാണ്ടർ താൻ കീഴടക്കിയ രാജ്യം അവരെതന്നെ തിരിച്ചേൽപിച്ചു.
അലക്സാണ്ടറുടെ ഗുരുനാഥനായിരുന്നു ലോകം കണ്ട ഏറ്റവും വലിയ തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ. ഗുരുമുഖത്തുനിന്ന് പഠിച്ച പാഠങ്ങൾ അതിന്റെ പൂർണതയിൽ ഉൾക്കൊള്ളാൻ അലക്സാണ്ടർ ചക്രവർത്തിക്ക് സാധിച്ചു. ഉയരങ്ങൾ താണ്ടുമ്പോഴും കാൽപാദം മണ്ണിൽനിന്ന് അടരാതെ നോക്കണമെന്ന, വിജയത്തിന്റെ കൊടുമുടിയിൽ എത്തുമ്പോഴും കടന്നുവന്ന വഴികൾ വിസ്മരിക്കരുതെന്ന ദർശനമാണ് അതിലൂടെ അലക്സാണ്ടർ മാനവ സമൂഹത്തിന് സമ്മാനിച്ചത്. വിശാലമായ മനസ്സുള്ളവർക്ക് മാത്രമെ പരാജിതന്റെ പോരാട്ടവീര്യം തിരിച്ചറിയാൻ സാധിക്കൂ.
ഇനി ചോദ്യം നമ്മളോടാണ്. പരസ്പരം മത്സരിക്കുന്നവരാണല്ലോ നമ്മൾ എല്ലാവരും. ഒരാൾ മറ്റൊരാളെ പരാജയപ്പെടുത്തുന്നു. അല്ലെങ്കിൽ എല്ലാവരെയും തോൽപിച്ച് ഒരാൾ മാത്രം വിജയിയാകുന്നു. വിജയത്തിന്റെ വേളയിൽ നമ്മിൽ എത്ര പേർക്ക് സഹമത്സരാർഥിയുടെ കഴിവും പ്രതിഭയും മനസ്സിലാക്കാനും അത് അംഗീകരിച്ച് അവനെ-അവളെ ആദരിക്കാനും സാധിക്കാറുണ്ട്? അത് സാധിക്കണമെങ്കിൽ ഈ ലോകത്തിന്റെ വിശാലതയെ കുറിച്ച് നാം അറിയണം. ഈ ലോകം സകലർക്കും അന്നം നൽകുന്ന ഇടമാണെന്നും അവിടെ ആർത്തിക്ക് സ്ഥാനമില്ലെന്നും മനസ്സിലാവും. ഈ കാഴ്ചപ്പാട് ഉണ്ടെങ്കിൽ തന്നെ നമുക്കിടയിലെ അനാരോഗ്യകരമായ മത്സരങ്ങളും സ്പർധകളും ഇല്ലാതാക്കാൻ സാധിക്കും.
12 വർഷം മുമ്പ് പങ്കെടുത്ത ഒരു സിവിൽ സർവിസ് പരിശീലന പരിപാടി ഓർമയിൽ വരുന്നു. രാജ്യത്തെ അറിയപ്പെടുന്ന അക്കാദമിക സ്ഥാപനത്തിലായിരുന്നു പരിശീലനം. ഞങ്ങൾ എല്ലാവരും കലക്ടർമാരോ സമാന പദവികൾ വഹിച്ചവരോ ആണ്. ആ പരിപാടിയിൽ ആ ദേശക്കാരനായ ഒരു സഹപ്രവർത്തകനുമുണ്ട്. ഈ വിവരമറിഞ്ഞ് പഴയ സഹപ്രവർത്തകരും മറ്റും ബഹുമാന സൂചകമായി ധാരാളം ഉപഹാരങ്ങളുമായി അദ്ദേഹത്തെ കാണാൻവന്നു. പരിശീലനത്തിന്റെ സമാപന ചടങ്ങിൽ ഈ ഓഫിസർ അപ്രതീക്ഷിതമായി വേദിയിൽ വന്ന് മൈക്കെടുത്ത് ഇപ്രകാരം പറഞ്ഞു ‘‘എന്നോടുള്ള ബഹുമാനാർഥം പഴയ സഹപ്രവർത്തകർ ചില ഉപഹാരങ്ങൾ എന്നെ ഏൽപിച്ചിട്ടുണ്ട്.
അവയൊന്നും എന്റെ വീട്ടിലേക്കോ ഓഫിസിലേക്കോ കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന നിങ്ങൾക്കെല്ലാവർക്കുമായി അത് സമ്മാനിക്കാൻ ആഗ്രഹിക്കുന്നു.’’ അവിടെവെച്ച് അദ്ദേഹം അവ വിതരണം ചെയ്യുകയും ചെയ്തു. ആ വിശാലമനസ്കതക്ക് പകരമായി അദ്ദേഹത്തിന് ലഭിച്ചത് ആ ഉപഹാരങ്ങളുടെ എത്രയോ മടങ്ങ് വിലമതിപ്പുള്ള സ്നേഹവും സൗഹൃദങ്ങളുമാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ ഒരു ഫോൺ വിളി വന്നാൽ എനിക്ക് സന്തോഷമാണ്. എനിക്കെന്നല്ല, അതിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥർക്കും.
ഒരു വിദ്യാർഥിക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഗുണമാണ് വിശാലമനസ്കത. അറിവ് പങ്കുവെക്കുന്ന കാര്യത്തിലാണ് അത് കൂടുതൽ പ്രകടമാകേണ്ടത്. സഹപാഠിയുമായി പങ്കുവെക്കുന്ന ഒരു അറിവും നമ്മെ താഴ്ത്തുന്നില്ല. നമുക്ക് ആഴത്തിൽ ഗ്രാഹ്യമുള്ള അറിവുകൾ സുഹൃത്തുക്കൾക്ക് കൈമാറുമ്പോൾ ഗുണങ്ങൾ മൂന്നാണ്. ഒന്ന്, ആ അറിവ് നമ്മളിൽ ഒന്നുകൂടെ വേരുറക്കുന്നു. രണ്ട്, കൂട്ടുകാർക്ക് നമ്മെക്കുറിച്ച് മതിപ്പും സ്നേഹവും വർധിക്കുന്നു. മൂന്ന്, നമുക്ക് അറിയാത്ത കാര്യങ്ങൾ കൈമാറാൻ അവർക്കും പ്രേരണയാകുന്നു. ഇങ്ങനെ കൊണ്ടും കൊടുത്തും സ്നേഹിച്ചും സഹകരിച്ചുമല്ലേ നാം ഈ ഭൂമിയിൽ ജീവിക്കേണ്ടത്? വിദ്യാർഥികാലം മുതൽ ഈ മനോഭാവം വളർത്തിയെടുത്താൽ, കലഹങ്ങളും സ്പർധകളും യുദ്ധങ്ങളുമില്ലാത്ത സമാധാനത്തിന്റെ പറുദീസ തീർക്കാൻ നമുക്കാകും. അവിടെ ആരും ജയിക്കുന്നില്ല, ആരും തോൽക്കുന്നുമില്ല!
കലാ, സാഹിത്യ, വൈജ്ഞാനിക മത്സരങ്ങളിൽ ഒരിക്കലെങ്കിലും പങ്കെടുക്കാത്തവരുണ്ടാവില്ല. വിദ്യാർഥി കാലത്ത് നടന്ന ഒരു പ്രസംഗമത്സരത്തിന്റെ കഥ പറയാം. കാർഷിക സർവകലാശാലയാണ് വേദി. പിൽക്കാലത്ത് ടെലിവിഷൻ ഷോകളിലൂടെയും മറ്റും ഏറെ ശ്രദ്ധേയനായ ഒരു സുഹൃത്ത് സഹമത്സരാർഥിയായുണ്ട്. എനിക്ക് ഒന്നാം സ്ഥാനവും അദ്ദേഹത്തിന് രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്.
ഫലപ്രഖ്യാപനം കേട്ടയുടൻ അദ്ദേഹം വിഷണ്ണനായി സദസ്സിൽനിന്ന് എഴുന്നേറ്റു പോയി. അദ്ദേഹത്തിന്റെ തൊട്ടടുത്തിരുന്ന എനിക്കത് വല്ലാത്ത പ്രയാസമായി. ഞാൻ പിന്നാലെ പോയി സമാശ്വസിപ്പിച്ച് പറഞ്ഞു: ‘‘അടുത്തമാസം മറ്റൊരു മത്സരമുണ്ടല്ലോ. അതിൽ എനിക്ക് രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ പോലും ലഭിക്കില്ല; താങ്കൾക്കായിരിക്കും ഒന്നാം സ്ഥാനം’’. ആ മത്സരം വന്നു. ഞങ്ങൾ ഇരുവരും പങ്കെടുത്തു, പ്രവചിച്ച പോലെ ആ സുഹൃത്തിന് ഒന്നാം സ്ഥാനവും എനിക്ക് രണ്ടാം സ്ഥാനവും. അദ്ദേഹത്തെ അനുമോദിക്കവെ ആ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു; മത്സര വിജയത്തിെൻറ സന്തോഷത്തിലുപരി സ്നേഹത്തിെൻറയും പരസ്പര ബഹുമാനത്തിെൻറയും ഉറവപൊട്ടലായിരുന്നു അത്. വർഷങ്ങളേറെ പിന്നിട്ടു. ഞാൻ ഭരണരംഗത്തും അദ്ദേഹം സാംസ്കാരിക രംഗത്തും വഴികൾ കണ്ടെത്തി, അന്നാരംഭിച്ച സ്നേഹബന്ധം വഴിപിരിയാതെ അന്നത്തേക്കാൾ ആഴത്തോടെ, പരസ്പര ആദരത്തോടെ തുടരുന്നു.
മനസ്സിന്റെ ഫിറ്റ്നസിനെ കുറിച്ചാണ് ഈ പംക്തിയിൽ കഴിഞ്ഞ തവണ പറഞ്ഞത്. അതിൽ പ്രധാനപ്പെട്ടതാണ് വിശാല മനസ്കത. അതിലൂടെ മാത്രമെ സ്നേഹബന്ധങ്ങളും സൗഹൃദങ്ങളും സാമൂഹികമായ ഇഴചേരലുകളും സാധ്യമാകൂ.
ലോകം കണ്ട മികച്ച രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളും ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന സർ വിൻസ്റ്റന്റ് ചർച്ചിലിന്റെ വാക്കുകൾ ഓർമിക്കുക .
‘‘നിങ്ങളുടെ പക്കൽ അറിവുണ്ടെങ്കിൽ,
മറ്റുള്ളവർ അതുകൊണ്ട് തിരിനാളങ്ങളേറെ കൊളുത്തട്ടെ.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.