പോരാട്ടത്തിന്റെ പുതു ഗോദ
text_fieldsകഴിഞ്ഞ കുറച്ചുവർഷമായി ഡൽഹിയിൽ നടക്കുന്ന ജനാധിപത്യ സമരങ്ങളെ ശ്രദ്ധിച്ചവർക്കറിയാം അവിടെ മുഴങ്ങാറുള്ള മുദ്രാവാക്യങ്ങളെക്കുറിച്ച്. 2016ലാണ് ജെ.എൻ.യുവിനെതിരായ കടന്നുകയറ്റങ്ങൾ തുടങ്ങുന്നത്. ദഫ്ലിയുടെ താളത്തിനൊപ്പം അവർ വിളിച്ചത് ഇൻഖിലാബ ഇൻഖിലാബ ഇൻഖിലാബ സിന്ദാബാദ്, താനാഷാഹി നഹീ ചലേഗി നഹീ ചലേഗി (വിപ്ലവം വിജയിക്കട്ടെ, ഏകാധിപത്യം സമ്മതിക്കില്ല) എന്നായിരുന്നു.
2019-2020 കാലത്തെ സി.എ.എ-എൻ.ആർ.സി സമരകാലത്ത് ഏറ്റവുമധികം കേട്ടത് ഹിന്ദു മുസ്‍ലിം സിഖ് ഇസായി ആപസ് മേ സബ് ഭായി ഭായി (ഹിന്ദു, മുസ്‍ലിം, സിഖ്, ക്രൈസ്തവർ എല്ലാവരും പരസ്പരം സഹോദരങ്ങൾ) എന്ന മുദ്രാവാക്യമാണ്.
2020-2021ൽ ഡൽഹി അതിർത്തികളിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ കിസാൻ-മസ്ദൂർ ഏകതാ സിന്ദാബാദ് (കർഷക-തൊഴിലാളി ഐക്യം സിന്ദാബാദ്) മുഴങ്ങി, ഒപ്പം ബോലേ സോ നിഹാൽ സത്ശ്രീ അകാൽ എന്ന സിഖ് അഭിവാദനവും.
ഓരോ സമരത്തിന്റെയും സത്ത ഉൾക്കൊള്ളുന്നവയാണ് ഈ മുദ്രാവാക്യങ്ങളോരോന്നും. മേയ് 28ന് ക്രൂരമായി അടിച്ചമർത്തപ്പെട്ട ജന്തർമന്തറിലെ വനിതാ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിൽ ഏറ്റവും ശക്തമായി ഓർമിക്കപ്പെടുന്നത് ‘ജബ് ജബ് മോദി ദർതാ ഹേ, പുലീസ് കോ ആഗെ കർത്താ ഹേ’ (മോദിക്ക് ഭയപ്പാടിളകുമ്പോൾ പൊലീസിനുപിന്നിൽ ഒളിക്കുന്നു) എന്ന ഉശിരൻ വിളിയാണ്.
പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തുമെന്ന് വനിതാ താരങ്ങൾ പ്രഖ്യാപിച്ച ദിവസം അവിടെ നിയോഗിച്ച പൊലീസിന്റെയും അർധ സൈനിക വിഭാഗത്തിന്റെയും കണക്കറിയുമ്പോൾ ആ വിളിയുടെ സത്യാവസ്ഥ ബോധ്യമാവും. കുറഞ്ഞത് 2,000 സുരക്ഷാ ഉദ്യോഗസ്ഥരെ അവിടെ വിന്യസിച്ചിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ പൊതു വിലയിരുത്തൽ.
ഭരണകൂട ബലപ്രയോഗം മൂലം വനിതാ താരങ്ങളുടെ സമരം താൽക്കാലികമായി തടഞ്ഞുനിർത്താൻ സാധിച്ചിട്ടുണ്ടാവാം. എന്നാൽ, വർഷങ്ങളായി കോടികൾ ചെലവിട്ട് മോദി സർക്കാർ ഉദ്ഘോഷിക്കുന്ന പെൺകുട്ടികളെ രക്ഷിക്കൂ, പെൺകുട്ടികളെ പഠിപ്പിക്കൂ മുദ്രാവാക്യത്തിന്റെ പൊള്ളത്തരം ആ ബലപ്രയോഗത്തിലൂടെ വെളിവാക്കപ്പെട്ടു. പെൺകുട്ടികൾ രക്ഷിക്കപ്പെട്ടില്ല.
അവരെ കൈകാലുകളിൽ പിടിച്ചുവലിച്ച് പൊലീസ് വാഹനങ്ങളിലേക്ക് കൊണ്ടുപോയി. (ഒളിമ്പിക് ഗുസ്തിക്കാരിയായിരുന്ന സാക്ഷി മാലിക്കിനെ പിടിച്ചുകൊണ്ടുപോകാൻ ഏകദേശം 20 പൊലീസുകാർ വേണ്ടിവന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന ഒരു ഫോട്ടോ ജേണലിസ്റ്റ് പറഞ്ഞു). അവരുടെ അമ്മയെയും സമാനമായ രീതിയിൽ ഭയാനകമാംവിധത്തിലാണ് പൊലീസ് ബസിൽ കയറ്റിയത്.
സുരക്ഷാസേന പിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സാക്ഷിയെ ഭർത്താവും പ്രഗത്ഭ ഗുസ്തി താരവുമായ സത്യവ്രത് ചേർത്തുപിടിച്ചതാണ് ആ ദിവസത്തെ അത്യധികം ഹൃദയസ്പർശിയായ കാഴ്ച.
പക്ഷേ ആ ദിവസത്തെ അടയാളപ്പെടുത്തുന്ന നിർണായക ദൃശ്യം മറ്റൊന്നായിരുന്നു. നിലത്തുവീണുകിടക്കുമ്പോഴും മൂവർണക്കൊടി മുറുകെപ്പിടിച്ചുള്ള വിനേഷ് ഫോഗട്ടിന്റെയും സഹോദരിയുടെയും ചിത്രമാണത്. ഒരു പൊലീസുകാരന്റെ ബൂട്ടും ആ ചിത്രത്തിൽ കാണാം.
അത് കാണുന്നവരുടെ മനസ്സിലേക്ക് ‘നിങ്ങൾക്ക് ഭാവിയുടെ ചിത്രം വേണമെങ്കിൽ, ഒരു മനുഷ്യന്റെ മുഖത്ത് ഒരു ബൂട്ട് പതിയുന്നതായി സങ്കൽപിക്കുക’ എന്ന 1984ൽ ജോർജ് ഓർവെൽ എഴുതിയ വരികൾ എത്താതിരിക്കില്ല. അന്നത്തെ സാഹചര്യത്തിൽ അത് അക്ഷരാർഥത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ അതുണ്ടായില്ല.
ഇതെല്ലാം നടക്കുമ്പോൾ കേവലം രണ്ടു കിലോമീറ്റർ അപ്പുറത്ത് ഈ പുതിയ പാർലമെന്റിൽ പാസാക്കപ്പെടുന്ന നിയമങ്ങൾ നമ്മുടെ രാജ്യത്തെ സ്ത്രീകൾക്കും യുവജനങ്ങൾക്കും പുത്തൻ അവസരങ്ങൾ സൃഷ്ടിക്കുമെന്നൊക്കെ പ്രസംഗിച്ച് തന്റെ പാർട്ടി എം.പിമാരുടെ കൈയടി വാങ്ങിച്ചുകൂട്ടുകയായിരുന്നു പ്രധാനമന്ത്രി മോദി.
‘രാജ്യം ഇപ്പോൾ ശരിക്കും അമൃത് കാലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു’ എന്ന് ആത്മവിശ്വാസപൂർവം പ്രഖ്യാപിച്ച അദ്ദേഹം, തന്റെ പാർട്ടി അംഗങ്ങൾ ‘നല്ല പെരുമാറ്റത്തിന്റെ ഉദാഹരണങ്ങളും ഉത്തമ മാതൃകകളു’മാവണമെന്നും ഉദ്ബോധിപ്പിച്ചു.
ഗുസ്തി താരങ്ങൾ ഉന്നയിച്ച ഗുരുതരമായ ലൈംഗികാരോപണങ്ങൾക്ക് വിധേയനായ ഗുസ്തി ഫെഡറേഷൻ പ്രസിഡൻറും ആറുവട്ടം എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങും അന്നേരം ആ സദസ്സിലുണ്ടായിരുന്നു.
ഒരു മനുഷ്യൻ അറിയപ്പെടുന്നത് അയാൾ സൂക്ഷിക്കുന്ന സുഹൃത്ത് വലയത്തിന്റെ പേരിലാണ്. പുറത്താക്കാൻ വിസമ്മതിച്ച എം.പിമാരുടെ പേരിലാവും താനും സ്മരിക്കപ്പെടുകയെന്ന് പ്രധാനമന്ത്രി മനസ്സിലാക്കുന്നത് നന്നായിരിക്കും.
35 ദിവസമായി ഗുസ്തിതാരങ്ങൾ താമസിച്ചുപോരുന്ന ജന്തർമന്തറിലെ താൽക്കാലിക കൂടാരം പൊളിച്ചുനീക്കപ്പെട്ടു. അവരുടെ സാധനസാമഗ്രികളും കിടക്കയും വാട്ടർകൂളറും ബാനറുമെല്ലാം എടുത്തുകൊണ്ടുപോയിരിക്കുന്നു.
അതിന്റെ പേരിലൊന്നും അവരുടെ പോരാട്ടം അവസാനിക്കുന്നില്ല. ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള മോദിയുടെ ശ്രമം അദ്ദേഹത്തിന്റെ ഏറ്റവും വലിയ തന്ത്രപരമായ പാളിച്ചകളിലൊന്നായി മാറിയേക്കാം. പൊലീസ് നടപടിയുടെ പിറ്റേന്ന് വിനേഷ് ഫോഗട്ട് പോസ്റ്റ് ചെയ്ത
ട്വീറ്റിലൂടെ കടന്നുപോയാൽ, പുതിയ പാർലമെന്റ് ചക്രവർത്തി അടിച്ചമർത്തിയതിനേക്കാൾ വിശാലമായ ചെറുത്തുനിൽപിന് ജന്മം നൽകിയിരിക്കുന്നു എന്ന് ബോധ്യമാകും. അദ്ദേഹത്തെ ഇനിയും പിന്തുണക്കണമോ എന്ന് ആരാധകവൃന്ദത്തിലെ സ്ത്രീകൾ പോലും രണ്ടുവട്ടം ചിന്തിച്ചെന്നിരിക്കും.
വിനേഷ് ഫോഗട്ടിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു:
നദിയേ, കരുതിയിരിക്കുക!
നിന്നുള്ളിലെ വെള്ളത്തുള്ളികൾ പോലും
കലാപമായി ഉയർന്നിരിക്കുന്നു.
ഹേ ഭീരൂ, ലോകമെന്തെന്നറിയാത്തവരല്ല ഞങ്ങൾ,
ഇനി നിങ്ങൾക്കെതിരെ തിരമാലകൾ തന്നെ ഉയരും.
ഇവിടെ അശ്ശേഷം മരണഭയമില്ല
വാളിനുപോലും ഇനി തലകുനിക്കേണ്ടി വരും’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.