കലാമണ്ഡലം വികസനത്തിന് യതീംഖാനയുടെ ഭൂമി പിടിച്ചുപറിക്കുമ്പോൾ
text_fieldsവസ്തുക്കളോ ഭൂമിയോ കെട്ടിടങ്ങളോ സമുദായത്തിന്റെ ആവശ്യങ്ങൾക്കോ അനാഥകൾ, അഗതികൾ, വിധവകൾ തുടങ്ങിയ പ്രത്യേക പരിഗണന ആവശ്യമുള്ള സമൂഹത്തിന്റെ ഉന്നമനത്തിനോ പ്രയോജനം ലഭിക്കുംവിധത്തിൽ ദൈവപ്രീതി കാംക്ഷിച്ച് വിട്ടുനൽകുന്നതിനാണ് വഖഫ് എന്നു പറയുന്നത്.
കിണർ, ജലാശയങ്ങൾ, ഫലവൃക്ഷങ്ങൾ, വാഹനങ്ങൾ എന്നിവയെല്ലാം ഇപ്രകാരം വഖഫ് ചെയ്യാറുണ്ട്. ദാതാവിന്റെ കാലശേഷവും നിലനിൽക്കുന്ന ദാനമായി അവ പ്രതിഫലമേകും എന്നാണ് ഇസ്ലാമിക വിശ്വാസം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരത്തിൽ സ്വത്തുവകകൾ വഖഫ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ ഒട്ടനവധി സാധുസഹായ പ്രവർത്തനങ്ങളുടെയും മത-ജീവകാരുണ്യ-സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പ് വഖഫ് സ്വത്തുക്കളെ ആശ്രയിച്ചാണ്. വഖഫ് സ്വത്തുക്കൾ വിൽപന നടത്താനോ ദാനംചെയ്യാനോ കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ പാടില്ല എന്നാണ് രാജ്യത്തെ വഖഫ് നിയമത്തിലെ 104 എ വകുപ്പ് അനുശാസിക്കുന്നത്.
നിയമം ഇപ്രകാരം കർശനമാണെങ്കിലും വഖഫ് സ്വത്തുക്കളിലെ കൈയേറ്റം നാടെങ്ങും വ്യാപകമാണ്. സാധുജന പരിപാലനത്തിന് ഉതകേണ്ട കോടികൾ മൂല്യമുള്ള വഖഫ് സ്വത്തുക്കളാണ് സ്വകാര്യ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും കൈകളിലെത്തുന്നത്.
സർക്കാർ സംവിധാനംതന്നെ ഇതിന് സൗകര്യംചെയ്യുമ്പോൾ കൈയേറ്റക്കാർക്ക് കാര്യങ്ങൾ എളുപ്പമാകുന്നു. കേരളത്തിനു പുറത്ത് വഖഫ് സ്വത്തുക്കൾ കൈയേറാൻ മാഫിയതന്നെ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുടെ ഐ.ടി തലസ്ഥാനം എന്ന് പെരുമ നേടിയെടുത്ത സൈബരാബാദിൽ ലോകോത്തര ഐ.ടി കമ്പനികളെ ക്ഷണിച്ചുകൊണ്ടുവന്ന സർക്കാർ അവർക്ക് കെട്ടിടങ്ങൾ പണിയാൻ ഇടം നൽകിയത് വഖഫ് ഭൂമികളിലാണ്.
വഖഫ് ഭൂമി കൈയേറ്റം ചെയ്യപ്പെടുന്നുവെന്ന കാര്യം മുസ്ലിം സംഘടനകൾ മാത്രം ഉയർത്തിക്കൊണ്ടുവരുന്ന ആകുലതയല്ല. രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ വീട് നിലകൊള്ളുന്നത് വഖഫ് ഭൂമിയിലാണെന്നും തങ്ങൾക്ക് അധികാരം ലഭിച്ചാൽ അത് പിടിച്ചെടുത്ത് വഖഫ് ബോർഡിനെ ഏൽപിക്കുമെന്നും പ്രഖ്യാപിച്ചത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്.
ഈ ഭൂമി അന്യാധീനപ്പെട്ടതു സംബന്ധിച്ച് കേസ് ഇപ്പോഴും കോടതിയിലുണ്ട്. ഡൽഹിയിൽ പള്ളികളും മദ്റസകളും ഖബർസ്ഥാനുകളും ദർഗകളും ഉൾപ്പെടെ 123 വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്.
സി.പി.എം ഭരണകാലത്ത് പശ്ചിമ ബംഗാളിൽ കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കളാണ് കൈയേറപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ വഖഫ് കൈയേറ്റം നടത്തുന്നത് സർക്കാറാണെന്ന് രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥകളെക്കുറിച്ച് പഠനം നടത്തിയ ജസ്റ്റിസ് രജീന്ദർ സച്ചാർ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
വഖഫ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചും ആ സ്വത്തുകൾ തിരിച്ചെടുത്തും അവയുടെ യഥാർഥ ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭ്യമാക്കണമെന്നും സമിതി ശിപാർശ ചെയ്തതാണ്. വഖഫ് സ്വത്തുക്കൾ യഥാവിധി ഉപയോഗിച്ച് യഥാർഥ അവകാശികളിലേക്ക് അതിന്റെ പ്രയോജനം നൽകിവരുന്ന സംസ്ഥാനമായി അറിയപ്പെട്ടിരുന്ന കേരളത്തിലും വഖഫ് സ്വത്തുക്കൾ കൈയേറ്റം ചെയ്യപ്പെടുന്ന വിവരം അതിന്റെ ചുമതലയുള്ള മന്ത്രിതന്നെ നിയമസഭയിൽ വ്യക്തമാക്കിയിരിക്കുന്നു.
എന്നാൽ, വഖഫ് ഭൂമിയിൽ കണ്ണുംനട്ടിരിക്കുന്ന കൈയേറ്റ മാഫിയക്ക് ഒത്താശകൾ ചെയ്തുകൊടുക്കുന്നതും സർക്കാർതലത്തിൽതന്നെയാണ്. ഫാറൂഖ് കോളജിനായി വഖഫ് ചെയ്ത എറണാകുളത്തെ 404 ഏക്കർ ഭൂമി സ്വകാര്യ കുത്തക കമ്പനിക്കും വ്യക്തികൾക്കും പതിച്ചുനൽകാൻ നടന്ന ശ്രമം ഇതിൽ ഒടുവിലത്തേതു മാത്രം. തൃശൂരിലും കണ്ണൂരിലും സമാനമായ സംഭവങ്ങൾ അരങ്ങേറുന്നു.
അനാഥകളുടെ സ്വത്തിൽ അറിവ് വിളയുമോ?
തൃശൂർ ചെറുതുരുത്തി നൂറുൽ ഹുദ യതീംഖാനക്കായി സ്ഥാപകരിലൊരാളായ പുതുശ്ശേരി കോയാമു ഹാജി വഖഫ് ചെയ്ത ഭൂമിയിൽ കണ്ണുംനട്ടിരിക്കയാണ് കേരള കലാമണ്ഡലം കൽപിത സർവകലാശാല. ഇവിടെയുള്ള 7.94 ഏക്കർ വഖഫ് ഭൂമിയിൽ 2.94 ഏക്കർ സ്ഥലം കാമ്പസ് വികസനത്തിന് ഏറ്റെടുക്കാൻ മന്ത്രിതലത്തിൽ നടന്ന യോഗമാണ് തീരുമാനമെടുത്തത്.
സ്ഥലം എം.എൽ.എയും ദേവസ്വം മന്ത്രിയുമായ കെ. രാധാകൃഷ്ണൻ, സാംസ്കാരികമന്ത്രി സജി ചെറിയാൻ, വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവരാണ് ഈ യോഗത്തിൽ പങ്കെടുത്തത്. നൂറുൽ ഹുദ യതീംഖാന കമ്മിറ്റിയുമായി സംസാരിച്ചിരുന്നുവെന്നും ഭൂമി വിട്ടുനൽകുന്നതിൽ അവർക്ക് വിയോജിപ്പില്ലെന്നുമാണ് മന്ത്രി രാധാകൃഷ്ണൻ യോഗത്തിൽ പറഞ്ഞത്.
എന്നാൽ, യതീംഖാന കമ്മിറ്റിയുമായോ വഖഫ് ബോർഡുമായോ ചർച്ചനടത്താതെ ഏകപക്ഷീയമായായിരുന്നു നടപടി. കലാമണ്ഡലത്തോട് ചേർന്ന് അവരുടെതന്നെ 50 ഏക്കറോളം സ്ഥലം കാടുമൂടിക്കിടക്കുമ്പോഴാണ് അനാഥമക്കളുടെ ഭൂമിയിലേക്ക് അധികാരികൾ അധിനിവേശം നടത്താനൊരുങ്ങുന്നത്.
മന്ത്രിമാർ യോഗം ചേർന്ന് ഏകപക്ഷീയമായി ഇങ്ങനെയൊരു തീരുമാനമെടുത്തത് പത്രവാർത്തകളിലൂടെയാണ് യതീംഖാന അധികൃതർ അറിയുന്നത്. തുടർന്ന് കഴിഞ്ഞ ജനുവരി 27ന് കലാമണ്ഡലം സർവകലാശാലയുടേതായി യതീംഖാന സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്ത് ലഭിച്ചു.
ജനുവരി 25ന് സർവകലാശാല രജിസ്ട്രാർ അയച്ച കത്തിൽ കാമ്പസ് വിപുലീകരണത്തിന് പ്രാദേശിക സ്ഥലങ്ങൾ പരിശോധിച്ചതിൽ യതീംഖാനയുടെ ഉടമസ്ഥതയിലുള്ള റബർ എസ്റ്റേറ്റ് ഏറ്റവും അനുയോജ്യമാണെന്ന് കലാമണ്ഡലം ഭരണസമിതിയും വൈസ് ചാൻസലറും വിലയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
അതിനാൽ സ്ഥലം കലാമണ്ഡലത്തിന് കൈമാറുന്നതിന് നടപടി ഉണ്ടാകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. വഖഫ് ബോർഡുമായി യതീംഖാന അധികൃതർ ബന്ധപ്പെട്ടപ്പോൾ അവർപോലും ഈ വിവരം അറിഞ്ഞിരുന്നില്ല.
ഇതിനിടയിൽ റവന്യൂ ഉദ്യോഗസ്ഥർ ചില രേഖകൾ കൊണ്ടുപോയതായി കമ്മിറ്റിക്ക് വിവരം ലഭിച്ചു. യതീംഖാനയുടെ പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുമായി വിഷയം ചർച്ചചെയ്ത കമ്മിറ്റി ഭൂമി ഏറ്റെടുക്കലിൽ തുടർനടപടിയുണ്ടാവുകയാണെങ്കിൽ നിയമപരമായി നേരിടുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ ബോർഡുമായിപോലും ആലോചിക്കാതെ സർക്കാർതലത്തിൽ തീരുമാനങ്ങളുണ്ടാകുമ്പോൾ മറ്റുചില വിഷയങ്ങളിൽ ബോർഡ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
ബോർഡിലെ ഭൂരിഭാഗം അംഗങ്ങളും സർക്കാർ അനുകൂലികളാണെന്നതിനാൽ മറ്റ് അംഗങ്ങളുടെ വിയോജിപ്പുകളും തടസ്സവാദങ്ങളും പരിഗണിക്കാറുമില്ല. എറണാകുളത്ത് ചെറായി ബീച്ചിൽ ഫാറൂഖ് കോളജിനായി വഖഫ് ചെയ്ത 404.76 ഏക്കർ ഭൂമിയിലെ കൈയേറ്റങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകാനുള്ള നീക്കം ഇങ്ങനെ രൂപപ്പെട്ടതാണ്. അതേക്കുറിച്ച് നാളെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.