ഇത്രമേൽ നിന്ദിക്കണോ യേശുദാസിനെ?
text_fieldsമലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെ.ജെ യേശുദാസ്. ലോകമെങ്ങുമുള്ള മലയാളികൾ അവരുടെ ഹൃദയത്തോട് ചേർത്തു വെച്ച ഗാന ഗന്ധർവ്വൻ. യേശുദാസ് പാടിയ പാട്ടിൻെറ നാലു വരി മൂളാത്ത ഒരാളെങ്കിലും ഉണ്ടാകാനിടയില്ല. പതിറ്റാണ്ടുകളായി ആ സ്വരമാധുരി ജനഹൃദയങ്ങളെ കീഴടക്കുന്നു. മലയാളത്തിൽ മാത്രമല്ല, തമിഴ്, ബംഗാളി,കന്നഡ, ഹിന്ദി ,തെലുങ്ക് തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും അറബിയിലും റഷ്യനിലുമെല്ലാം യേശുദാസ് പാടി. അരനൂറ്റാണ്ടു പിന്നിട്ട ഗാനസപര്യയിൽ അര ലക്ഷത്തോളം പാട്ടുകൾ. അതു മറികടക്കാൻ ഇനി ഒരാൾ ജനിക്കേണ്ടിയിരിക്കുന്നു. അങ്ങനെയൊരാൾ വരുമോ? വരാനിടയില്ല.
എൺപതുകളിലേക്കു നടന്നടുക്കുകയാണ് യേശുദാസ്. ഇക്കാലത്തിനിടയിൽ എത്രയോ വിവാദങ്ങളിൽ അദ്ദേഹം അകപ്പെട്ടിട്ടുണ്ട്. യേശുദാസ് പാട്ടു നിർത്തണമെന്നു ചിലർ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതു ചെവിക്കൊള്ളാതെ ആ സംഗീത പ്രവാഹം ഇന്നും അനർഗളമായി ഒഴുകുകയാണ്. 78 ആം വയസ്സിൽ അദ്ദേഹത്തിനു എട്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു. വിശ്വാസപൂർവം മൻസൂർ എന്ന സിനിമയിൽ രമേശ് നാരായണന്റെ സംഗീത സംവിധാനത്തിൽ പാടിയ "പോയ് മറഞ്ഞ കാലം "എന്ന പാട്ടിന്. 1972 ലാണ് അദ്ദേഹത്തിനു ആദ്യ ദേശീയ അവാർഡ് ലഭിക്കുന്നത്. അച്ഛനും ബാപ്പയും എന്ന സിനിമയിലെ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന അനശ്വര ഗാനത്തിന്. അതിനു ശേഷം 1994ൽ ഏഴാമത്തെ ബഹുമതി കിട്ടിയ ശേഷം 24 വർഷം കാത്തിരിക്കേണ്ടി വന്നു എട്ടാമത്തെ അവാർഡിന്. ഡൽഹിയിൽ ചെന്നു അവാർഡ് സ്വീകരിച്ച ശേഷം മുമ്പെങ്ങും ഇല്ലാത്ത കടന്നാക്രമണങ്ങളെയാണ് യേശുദാസിനു നേരിടേണ്ടി വന്നത്. ഇപ്പോഴും അതു തുടരുന്നു. അദ്ദേഹത്തിന്റെ പ്രായം പോലും മാനിക്കാതെയാണ് സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും വ്യക്തിഹത്യ നടത്തുന്നത്.
ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളിൽ ഏതാനും പേർക്ക് മാത്രം രാഷ്‌ട്രപതി അവാർഡ് നൽകുക. മറ്റുള്ളവർക്ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നൽകുക എന്ന നിലയിൽ പരിപാടിയിൽ തലേന്നു വരുത്തിയ മാറ്റം ഇത്തവണ പുരസ്‌കാര ചടങ്ങിന്റെ നിറം കെടുത്തിയിരുന്നു. തീരുമാനത്തിൽ പ്രതിഷേധിച്ചു അവാർഡ് ജേതാക്കൾ നൽകിയ കത്തിൽ യേശുദാസ് ഒപ്പു വെച്ചിരുന്നു. എന്നാൽ അദ്ദേഹവും കത്തിൽ ഒപ്പു വെച്ച സംവിധായകൻ ജയരാജും ചടങ്ങിൽ പങ്കെടുത്തു അവാർഡ് സ്വീകരിച്ചു. മറ്റു കലാകാരൻമാർ പരിപാടി ബഹിഷ്കരിച്ചു നാട്ടിലേക്കു മടങ്ങി. ഈ സംഭവവും അവാർഡ് സ്വീകരിക്കാൻ വേണ്ടി ഹോട്ടലിൽ നിന്നു ഇറങ്ങുമ്പോൾ അനുവാദമില്ലാതെ സെൽഫി എടുത്ത യുവാവിന്റെ കൈ തട്ടി മാറ്റുകയും ഫോൺ വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തതുമാണ് യേശുദാസിനു പൊടുന്നനെ ഒരു വില്ലൻ പരിവേഷം കിട്ടാൻ കാരണം.
ഈ രണ്ടു സംഭവങ്ങളുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ യേശുദാസിനെ കൊല്ലാക്കൊല ചെയ്യുകയാണ്. അദ്ദേഹത്തെ അഹങ്കാരിയെന്നു വിശേഷിപ്പിക്കുന്നു. നിറം പിടിപ്പിച്ച നുണകളും ഇതിനിടയിൽ ചിലർ പ്രചരിപ്പിക്കുന്നു. അത്തരത്തിലൊന്നാണ് ഉണ്ണിമേനോന്റെ അവാർഡ് യേശുദാസ് അടിച്ചെടുത്തു എന്നത്. കൗമുദി ചാനൽ തുടങ്ങിയ കാലത്തു പന്തളം സുധാകരനുമായി പി.പി ജെയിംസ് നടത്തിയ ഒരു അഭിമുഖത്തിൻെറ വിഡിയോ രണ്ടാഴ്ചയായി ഫേസ്ബുക്കിലും വാട്സാപ്പിലും ട്വിറ്ററിലുമൊക്കെ കറങ്ങി നടക്കുകയാണ്. നാലു കൊല്ലം മുമ്പ് അതു സംപ്രേഷണം ചെയ്തപ്പോൾ ശ്രദ്ധിക്കപ്പെടാതെ പോയതായിരുന്നു. ദേശീയ അവാർഡ് വിവാദത്തിന്റെ മറവിൽ അതിപ്പോൾ യേശുദാസിനെതിരെ അപകീർത്തികരമായി ഉപയോഗിക്കുകയാണ്. 1984 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയിൽ ജൂറിയായിരുന്ന പന്തളം സുധാകരൻ ചാനലിൽ പോയിരുന്നു പച്ചക്കു പറയുന്നത് ഉണ്ണിമേനോൻ പാടിയ പാട്ടിനു യേശുദാസിനു അവാർഡ് കൊടുത്തു എന്നാണ്.
അക്ഷരങ്ങൾ എന്ന സിനിമയിൽ ഉണ്ണിമേനോൻ പാടിയ തൊഴുതു മടങ്ങും സന്ധ്യയിലേതോ എന്ന ഗാനം മനോഹരമാണെന്നതിൽ രണ്ടു പക്ഷമില്ല. പന്തളം സുധാകരൻ അടങ്ങിയ ജൂറി ഈ ഗാനത്തിനാണത്രെ അവാർഡ് കൊടുക്കാൻ തീരുമാനിച്ചത്. എന്നാൽ ആകാശവാണിയിൽ നിന്നു ഗ്രാമഫോൺ റിക്കാർഡ് വരുത്തിയപ്പോൾ അതിന്മേൽ ഗായകൻെറ പേര് യേശുദാസ് എന്നാണ് രേഖപ്പെടുത്തിയതെന്നും അതിനാൽ യേശുദാസിനു ഈ പാട്ടിനു അവാർഡ് കൊടുത്തെന്നുമാണ് പന്തളം പറയുന്നത്. അഭിമുഖം നടത്തുന്ന പി.പി ജെയിംസും അതു ശരി വെക്കുന്നു. എന്നാൽ വസ്തുത മറ്റൊന്നാണ്. ഉണ്ണിമേനോൻ പാടിയ ഈ പാട്ടു 1984 ൽ പന്തളം സുധാകരൻ അടങ്ങിയ ജൂറി പരിഗണിച്ചതേയില്ല. സ്വന്തം ശാരിക എന്ന സിനിമയിൽ യേശുദാസ് പാടിയ ഈ മരുഭൂവിൽ എന്ന പാട്ടിനാണ് അക്കൊല്ലം അവാർഡ് കൊടുത്തത്. പന്തളം പറഞ്ഞതു പോലെ ആകാശവാണിയിൽ നിന്നു റിക്കാർഡ് വരുത്തിയിരുന്നെങ്കിൽ ഉണ്ണിമേനോൻ പാടിയ പാട്ടിന്റെ റിക്കാർഡിൽ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയത് കാണുമായിരുന്നു. അവാസ്തവമായ വിഡിയോയിൽ താൻ കൂടി വലിച്ചിഴക്കപ്പെട്ടപ്പോൾ ഉണ്ണിമേനോൻ ഫേസ്‌ബുക്കിൽ ഇതേകുറിച്ചു എഴുതിയിരുന്നു. തനിക്കു ഗുരുതുല്യനായ യേശുദാസിനെ ഇത്തരത്തിൽ തെറ്റായി ചിത്രീകരിക്കരുതെന്നു ഉണ്ണിമേനോൻ അഭ്യർത്ഥിച്ചിട്ടും പന്തളം സുധാകരൻ പറ്റിപ്പോയ അബദ്ധം തിരുത്താൻ തയ്യാറായില്ല.
വെറുമൊരു സാധാരണ രാഷ്ട്രീയക്കാരനല്ല പന്തളം സുധാകരൻ. കവിയാണ്. കോൺഗ്രസിന്റെ പ്രമുഖ നേതാവാണ്. ചെറിയ പ്രായത്തിൽ മന്ത്രിയായ ആളാണ്. ഇപ്പോൾ പാർട്ടിയുടെ ഔദ്യോഗിക വക്താവും. അങ്ങിനെയുള്ള ഒരാൾ തനിക്കു അബദ്ധം പറ്റിയെങ്കിൽ അതു തുറന്നു പറഞ്ഞു ഖേദം പ്രകടിപ്പിക്കേണ്ടത് സാമാന്യ മര്യാദയല്ലേ ? ഈ മര്യാദ പന്തളം സുധാകരൻ കാണിക്കാതിരിക്കുമ്പോൾ മനസ്സിലാക്കേണ്ടത് യേശുദാസിനെ അകാരണമായി ജനം തെറി വിളിക്കുമ്പോൾ അദ്ദേഹം അതു ആസ്വദിക്കുന്നുണ്ടെന്നു തന്നെയാണ്. സത്യത്തെ ഇങ്ങിനെ വികൃതമാക്കരുത് മി. പന്തളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.