വെള്ളമിറങ്ങുന്നു; കരകാണാ സങ്കടക്കടലിൽ ജീവിതം...
text_fieldsഅപ്പർകുട്ടനാടൻ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീട്ടിലേക്ക് മടങ്ങിയവർക്ക് എല്ലാം ഇനി ഒന്നിൽനിന്ന് തുടങ്ങണം. കോട്ടയം, വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി നഗരസഭകളുടെ ചില ഭാഗങ്ങളിലും കുമരകം, അയ്മനം, തിരുവാർപ്പ്, പായിപ്പാട്, വാഴപ്പള്ളി, തലയാഴം പഞ്ചായത്തുകളിലും വെള്ളം കയറാത്ത വീടുകളില്ല. പ്രളയജലത്തിൽ സർവതും നശിച്ചു. നനക്കാനും കുളിക്കാനും മാത്രമല്ല, കുടിക്കാനും ഉപയോഗിക്കേണ്ടിവരുന്നത് മലിനജലമായതിനാൽ എലിപ്പനി ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ പടരുമെന്ന ആശങ്കയുമുണ്ട്. ഇനി നേരിടേണ്ട പ്രധാനപ്രശ്നം ശുചിത്വവും രോഗഭീഷണിയുമാണ്.
മലിനജലം എല്ലായിടത്തും കെട്ടിക്കിടക്കുകയാണ്. വെള്ളത്താൽ ചുറ്റപ്പെട്ട കുമരകം പഞ്ചായത്തിലെ രണ്ടാം വാർഡിൽപെടുന്ന മൂലേപ്പാടത്ത് നാൽപതിലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് കഴിയുന്നത്. കവണാർ നിറഞ്ഞുകവിഞ്ഞതോടെ കടത്തുവള്ളവും നിർത്തി. ഒരാഴ്ച പിന്നിട്ടിട്ടും ഭക്ഷ്യധാന്യങ്ങളുമായി ആരും എത്തിയിട്ടില്ലെന്ന് മൂലേപ്പാടം ചിറയിലെ പൊന്നപ്പൻ പറഞ്ഞു. വീടിനകത്തെ വെള്ളം മാത്രമാണിറങ്ങിയത്. ചുറ്റും വെള്ളമാണ്. 87കാരിയായ മാതാവ് സരോജിനിക്ക് അസുഖം ബാധിച്ചതോടെ അയൽവാസിയുടെ വള്ളത്തിൽ ആശുപത്രിയിലേക്കും പിന്നീട് ബന്ധുവീട്ടിലേക്കും മാറ്റി. ശുചിമുറിയുടെ ടാങ്ക് ഉൾപ്പെടെ വെള്ളത്തിലായതോടെ പ്രാഥമികകാര്യങ്ങൾക്കുപോലും വിഷമിക്കുകയാണ് ഇവർ. വീട്ടിലേക്ക് തിരികെ ചെല്ലുമ്പോൾ അവിടമാകെ വിഷപ്പാമ്പുകളായിരിക്കുമോ എന്ന ഭയത്തിലാണ് കുമരകം പള്ളിച്ചിറ സെൻറ് ജോൺസ് യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 28 കുടുംബങ്ങൾ.
വീട്ടിലേക്ക് മടങ്ങിയ പലരും ഞെട്ടി. ടി.വിയും ഫ്രിഡ്ജും മുതൽ കട്ടിലും മേശയും വരെ നശിച്ചു. മിക്ക വീടുകളുടെയും തറയും ഭിത്തിയും വീണ്ടുകീറി. ചാഞ്ഞ് നിൽക്കുന്ന വീടുകൾ ഏതുനിമിഷവും നിലംപൊത്താം. ഇനി വീട് നിർമിക്കാനും പണം കണ്ടെത്തണമല്ലോ എന്ന ആധിയിലാണ് കുേമ്പലിത്തറ ബിനോയും തരകച്ചനുമൊക്കെ. മലിനജലം കെട്ടിക്കിടക്കുന്ന വീട്ടിലേക്ക് മടങ്ങിയാൽ പ്രാഥമിക കാര്യങ്ങൾക്ക് എന്തുചെയ്യുമെന്ന ആധിയാണ് സ്ത്രീകളെ അലട്ടുന്നത്. ആണുങ്ങൾക്ക് എവിടെയെങ്കിലും പോയി കാര്യംസാധിക്കാം. ഞങ്ങൾ എന്തു ചെയ്യുമെന്നാണ് അവർ ചോദിക്കുന്നത്. കക്കൂസ് മാലിന്യമടക്കം ഒഴുകിയെത്തി കിണറുകളും മലിനമായി. പലരും ജോലിക്ക് പോയിട്ട് ഒരാഴ്ചകഴിഞ്ഞു. അതുകൊണ്ട് പല കുടുംബങ്ങളും പട്ടിണിയിലാണ്.
ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണസാധനങ്ങൾ എത്തുന്നുണ്ടെങ്കിലും വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട ഉൾപ്രദേശങ്ങളിൽ അവയുമെത്തുന്നില്ല. പലയിടത്തും വൈദ്യസഹായവും കുടിവെള്ളവും കിട്ടുന്നില്ല. ആരോഗ്യ വകുപ്പ് പരിശോധന കാര്യക്ഷമല്ലെന്ന് പരാതിയുണ്ട്. വൈക്കം താലൂക്കിലെ കല്ലറ പഞ്ചായത്തിലെ മുണ്ടാർ കോളനിയിൽ 23 കുടുംബങ്ങൾ കുടിവെള്ളം കിട്ടാതെ വലയുകയാണ്. വള്ളത്തിൽ മൂന്നുകിലോമീറ്റർ സഞ്ചരിച്ച് മറുകരയിലെത്തിയാലേ വെള്ളം കിട്ടൂ. ജീവിതോപാധിയായ കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും ഉപേക്ഷിക്കാൻ മനസ്സില്ലാതെ വീടുവിടാത്തവരും ഉണ്ട്. ഇങ്ങനെ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ടവരെ കണ്ടെത്താനും സഹായം എത്തിക്കാനും ഇനിയും ശ്രമങ്ങൾ നടത്തേണ്ട സാഹചര്യമാണ്.
ജലനാഡികളടഞ്ഞപ്പോൾ കോട്ടയം മുങ്ങി
ജില്ലയുടെ ജീവനാഡിയായ മീനച്ചിലാറും കൈവഴികളും മണിമലയാറും മൂവാറ്റുപുഴയാറിെൻറ ഒരുഭാഗവുമാണ് കോട്ടയം ജില്ലയിൽ എത്തുന്ന കിഴക്കൻവെള്ളത്തെ പുറത്തെത്തിക്കുന്നത്. മുമ്പ് മീനച്ചിലാറിെൻറ വൃഷ്ടിപ്രദേശങ്ങളിലും മലയോരങ്ങളിലും ഉരുള്‍പൊട്ടിയാല്‍ കോട്ടയത്ത് വെള്ളമെത്താന്‍ നാലുദിവസമെടുത്തിരുന്നു. മീനച്ചിലാറും സമീപതോടുകളും പാടങ്ങളും നിറഞ്ഞൊഴുകാന്‍ സമയമെടുത്തിരുന്നു. എന്നാല്‍, വ്യാപക കൈയേറ്റത്തിൽ ആറുകൾ ചുരുങ്ങുകയും കൈത്തോടുകൾ ഇല്ലാതാവുകയും ചെയ്തതോടെ, മഴപെയ്താൽ മണിക്കൂറുകള്‍ക്കകം വെള്ളം ആർത്തിരമ്പിയെത്താൻ തുടങ്ങി. ഇതാണ് കോട്ടയത്തെ വെള്ളത്തിൽ മുക്കിയത്. പെയ്ത്തുവെള്ളത്തിൽ ഒരുഭാഗം ഭൂമിയിലേക്കിറക്കിയും മറ്റൊരുഭാഗം നദികളിലൂടെ കായലിലേക്ക് ഒഴുക്കിയുമാണ് പ്രകൃതി വെള്ളപ്പൊക്കത്തിൽനിന്ന് കോട്ടയത്തെ രക്ഷിച്ചിരുന്നത്. ഇത് താളംതെറ്റിയതോടെ കോട്ടയത്തിെൻറ ജലശാസ്ത്രം തന്നെ മാറി.
അടുത്തകാലത്തായി മീനച്ചിലാറിലെ ജലനിരപ്പ് ഉയരുന്നത് പതിന്മടങ്ങായാണ്. വീതികുറഞ്ഞതും കൈവഴികൾ ഇല്ലാതായതും ജലം താഴുന്നതിന് ഏറെസമയം എടുക്കുന്നതും ദുരിതത്തിന് ആക്കംകൂട്ടി. വെള്ളംകുറഞ്ഞ് വർഷത്തിൽ 40ദിവസം ഒഴുക്ക് നിലച്ചിരുന്ന മീനച്ചിലാറിലിപ്പോൾ 90 മുതൽ 120 ദിവസംവരെ ഒഴുക്കില്ലാദിനങ്ങളാണ്. വെള്ളം ഭൂമിയിലേക്ക് ഇറങ്ങാത്തതും പ്രശ്നമാണ്. അശാസ്ത്രീയ കെട്ടിടനിർമാണങ്ങൾ വെള്ളത്തിെൻറ ഒഴുക്കുവഴികളെ പൂർണമായും അടച്ചു. കാര്‍ഷികമേഖലയെ രക്ഷിക്കാൻ ആവിഷ്കരിച്ച കുട്ടനാട് പാക്കേജ് പൂർണമായും നടപ്പാക്കാത്തതാണ് പടിഞ്ഞാറൻമേഖലയിൽ വെള്ളപ്പൊക്കത്തിന് കാരണമായത്. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, തിരുവല്ല, കാർത്തികപ്പള്ളി താലൂക്കുകളിലായി 231 ബണ്ട് നിർമിക്കണമെന്ന പ്രധാനനിർദേശം അവഗണിച്ചു. പുറംബണ്ടിനൊപ്പം പാടങ്ങളെ വേർതിരിച്ചും ബണ്ടു നിർമിക്കണമെന്നായിരുന്നു നിർദേശം. പലയിടത്തെയും കൃഷിനാശത്തിെൻറ ഏറിയ പങ്കും മടവീഴ്ച മൂലമായിരുന്നു.
വെള്ളപ്പൊക്കം തടയാൻ കെ.വി. കനാൽ ഉൾെപ്പടെയുള്ള തോടുകൾക്ക് ആഴം കൂട്ടി വെള്ളമൊഴുക്ക് സുഗമമാക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി. മാനദണ്ഡങ്ങൾ പാലിക്കാതെ കൃഷിയില്ലാത്ത സ്ഥലങ്ങളിൽപോലും പുറംബണ്ട് കെട്ടിയും പോളനീക്കിയും കോടികൾ അനാവശ്യമായി ചെലവഴിച്ചെങ്കിലും കർഷകർക്ക് പ്രയോജനം കിട്ടിയില്ല. വേമ്പനാട്ടുകായലിൽ ഒഴുക്കില്ല. തണ്ണീർമുക്കം ബണ്ടിലൂടെ കടലിലേക്ക് ഒഴുകുന്നത് നാമമാത്ര വെള്ളം മാത്രമാണ്. ബണ്ടിലെ മൺചിറയുടെ ഒരുഭാഗം പുലിമുട്ടുപോലെ ജലത്തിെൻറ പുറത്തേക്കുള്ള ഒഴുക്ക് തടയുന്നതാണ് പടിഞ്ഞാറൻപ്രദേശങ്ങളിൽ ജലനിരപ്പ് ഉയർത്തുന്നത്. ഓരുവെള്ളക്കയറ്റം, വെള്ളപ്പൊക്കം, മലിനീകരണം എന്നിവ നിയന്ത്രിക്കാത്തതും കുടിവെള്ള വിതരണം, രോഗപ്രതിരോധ നടപടികള്‍, കര്‍ഷകര്‍ക്കുള്ള സഹായം എന്നിവ ശാസ്ത്രീയമായി നടപ്പാക്കുന്നതിലെ പോരായ്മയുമാണ് ജനത്തിന് ദുരിതമായി മാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.