Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightയൂസുഫ്, നിന്‍റെ വരകൾ...

യൂസുഫ്, നിന്‍റെ വരകൾ ഇനി സ്വര്‍ഗത്തിലാവട്ടെ...

text_fields
bookmark_border
യൂസുഫ്, നിന്‍റെ വരകൾ ഇനി സ്വര്‍ഗത്തിലാവട്ടെ...
cancel

തിങ്കളാഴ്ച രാത്രിയാണ് വളരെക്കാലത്തിന് ശേഷം ഞാനെന്‍റെ പ്രിയ സുഹൃത്തും ചിത്രകാരനുമായ യൂസുഫ് അറക്കലിനെ വിളിക്കാന്‍ ഫോണെടുത്തത്. രാത്രി പത്തുമണി കഴിഞ്ഞുകാണും. പെട്ടെന്ന് സമയത്തെക്കുറിച്ച് ബോധവാനായതിനാല്‍ ഡയല്‍ചെയ്യാതെ ഫോണ്‍ താഴെവെച്ചു. ബാംഗ്ലൂരിന്‍റെ തണുപ്പില്‍ ഒരു പക്ഷെ, ഉറക്കം പിടിച്ചുവരുന്ന അവനെ ഉണര്‍ത്തേണ്ടെന്ന് കരുതി. മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന 'ചിത്രകലാ നിഘണ്ടു'വിന്‍റെ പണിപ്പുരയിലായിരുന്നു ഞാന്‍. ഭാഷയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായതിനാല്‍ പ്രശസ്ത ചിത്രകാരന്‍ കാനായി കുഞ്ഞിരാമന്‍, സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ ചെറുകുറിപ്പുകള്‍ നിഘണ്ടുവിന്‍റെ അനുബന്ധമായി ചേര്‍ക്കുന്നുണ്ടായിരുന്നു. കൂടെ യൂസുഫിന്‍റെ കുറിപ്പും എന്‍റെ ആഗ്രഹമായിരുന്നു. അതിനു വേണ്ടിയായിരുന്നു രാത്രിയില്‍ അവനെ വിളിക്കണമെന്ന് കരുതിയത്. എന്നാല്‍, ചൊവ്വാഴ്ച രാവിലെ ഒരു പത്തുമണിയോടെ ആ ദുഃഖവാര്‍ത്ത എന്നെ തേടിയെത്തി. എനിക്കിനി ഒരിക്കലും വിളിച്ചുണര്‍ത്താന്‍ കഴിയാത്ത വിധം അവസാന നിദ്രയിലായിക്കഴിഞ്ഞിരുന്നു അവന്‍.


1970കളുടെ തുടക്കത്തില്‍ ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നെയ്യാര്‍ ഡാമിന്‍റെ പശ്ചാത്തലത്തില്‍ ഒരു ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആ ക്യാമ്പില്‍ വെച്ചായിരുന്നു ഞാന്‍ യൂസുഫിനെ ആദ്യം കണ്ടത്. സി.കെ. രാ ആയിരുന്നു ക്യാമ്പ് ഡയറക്ടറെങ്കിലും അക്കാലത്തെ തലയെടുപ്പുള്ള ചിത്രകാരനായ എം.വി. ദേവനായിരുന്നു ക്യാമ്പിലെ പ്രധാന ആകര്‍ഷണം. കേരളത്തില്‍ നിന്ന് കലാധരന്‍, കാട്ടൂര്‍ നാരായണ പിള്ള, ശേഖര്‍ അയ്യന്തോള്‍, എസ്. രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്ക് പുറമെ കെ.സി.എസ് പണിക്കരുടെ ശിഷ്യനും തമിഴ്‌നാട്ടിലെ പ്രശസ്ത ചിത്രകാരനുമായ സന്താന രാജ്, പഞ്ചാബില്‍ നിന്നുള്ള പ്രശസ്ത ശില്‍പി ബല്‍ബീര്‍ സിങ് ഖാട്ട്, ആസാമില്‍ നിന്ന് ഗൗരി ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഗൗരവമേറിയ ക്യാമ്പായിരുന്നു അന്ന് നടന്നത്.

ക്യമ്പിന്‍റെ രണ്ടാം ദിവസമോ മറ്റോ ആയിരുന്നു യൂസുഫിന്‍റെ രംഗപ്രവേശം. ഇളം നീല ജീന്‍സും കറുത്ത ടീ ഷര്‍ട്ടുമണിഞ്ഞ് സിനിമാതാരത്തെപ്പോലെ സുമുഖനായ ചെറുപ്പക്കാരന്‍. ഷേവ് ചെയ്ത വെളുത്ത് തുടുത്ത മുഖം. കട്ടി മീശ. കേന്ദ്ര ലളിതകലാ അക്കാദമിയുടെ മുന്‍ വര്‍ഷത്തെ സ്വര്‍ണ മെഡല്‍ ജേതാവ് എന്ന പ്രശസ്തിയുടെ അകമ്പടിയോടെയായിരുന്നു ആ വരവ്. ചിത്രകലാ ലോകം അവനെ അറിഞ്ഞുവരുന്നേയുള്ളു. വന്നയുടന്‍ തന്നെ തന്‍റെ ഫ്ളൈറ്റ് ലേറ്റായ കാര്യവും മറ്റും സംസാരിച്ചു തുടങ്ങി. ക്യാമ്പിലെ എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി. പിന്നെ  ഗോള്‍ഡ് മെഡല്‍ ലഭിച്ച ചിത്രത്തെക്കുറിച്ചായി പറച്ചില്‍. വഴിയോരത്ത് ദേശീയ പതാക പുതച്ച് ഉറങ്ങുന്ന ഒരു കുടുംബമായിരുന്നു തീം. പക്ഷെ, പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സംഘാടകര്‍ ആ ചിത്രം മാത്രം മാറ്റിവെച്ചുവത്രെ. ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയെ പേടിച്ചായിരുന്നുവത്രെ സംഘാടകരുടെ തീരുമാനം. ഇക്കാര്യങ്ങളെല്ലാം ക്യാമ്പിലുള്ളവര്‍ കൗതുകത്തോടെയും ആരാധനയോടെയുമാണ് കേട്ടത്. ചുരുക്കത്തില്‍ എം.വി. ദേവനില്‍ നിന്ന് എല്ലാവരുടെയും ശ്രദ്ധ യൂസഫിലേക്കായി. സംസാര പ്രിയനായ ദേവന്‍ പതുക്കെ ശ്രോതാവയി മാറുകയായിരുന്നു.  

 

അക്കാലത്ത് യൂസുഫ് തെരുവോര ദൃശ്യങ്ങളുടെ ഒരു പരമ്പരതന്നെ വരച്ചിരുന്നു. കൂടാതെ, വീല്‍സ് സീരിസ് എന്നപേരില്‍ 'ചക്ര'ങ്ങളെ രൂപകങ്ങളാക്കിയും ഒരു പരമ്പര വരച്ചു. സ്ത്രീ ജീവിതം വിഷയമാക്കി മറ്റൊരു പരമ്പരയും ഇതോടൊപ്പമുണ്ട്. ഈ ചിത്രങ്ങളുടെയെല്ലാം ആല്‍ബവുമുണ്ടായിരുന്നു യൂസഫിന്‍റെ പക്കല്‍. ക്യമ്പിനെ കുറിച്ച് അന്ന് കലാകൗമുദി വാരികയില്‍ ഞാനെഴുതിയ ഫീച്ചറിലേക്ക് നല്‍കിയത് യൂസഫിന്‍റെ രണ്ട് പെയിന്‍റിങ്ങുകളുടെ ഫോട്ടോകളായിരുന്നു. അവിടെത്തുടങ്ങിയ ഞങ്ങളുടെ ആത്മബന്ധം മരണം വരെ തുടര്‍ന്നു.

തന്‍റെ പെയിന്‍റിങ്ങുകള്‍, ഡ്രോയിങ്ങുകള്‍, ശില്‍പങ്ങള്‍, കൊളാഷുകള്‍ തുടങ്ങിയ എല്ലാ സൃഷ്ടികളുടെയും ആല്‍ബം അവന്‍റെ കൈവശമുണ്ടായിരുന്നു. ഡിജിറ്റില്‍ വിഡിയോ യുഗത്തിന് മുമ്പുതന്നെ ചിത്രങ്ങളുടെ സ്ലൈഡുകള്‍, കളര്‍ ഫോട്ടോകള്‍, പ്രൊജക്ടറില്‍ കാണിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം ഉപയോഗപ്പെടുത്തയായിരുന്നു യൂസുഫ് കലാലോകത്തേക്ക് അതിവേഗം ചുവടുകള്‍ വെച്ചത്.

ബാംഗ്ലൂരില്‍ സ്ഥിര താമസക്കാരനായ യൂസുഫ് താമസിച്ചിരുന്ന വാടകവീട്ടിലും സ്വന്തം വീട്ടിലുമെല്ലാം ഞാന്‍ പോയിട്ടുണ്ട്. ഒരിക്കല്‍ ബാംഗ്ലൂര്‍ മലയാളികളികള്‍ക്കിടയിലെ പ്രശസ്തനും 'മിനി മാഗസി'ന്‍റെ പത്രാധിപരുമായ അരവിയേട്ടന്‍റെ ക്ഷണമനുസരിച്ച് അവിടെയെത്തിയ ഞാന്‍ മടങ്ങാന്‍ നേരം യാത്ര പറയാനായി യൂസഫിനെ ഫോണ്‍ ചെയ്‌തെങ്കിലും  വൈറ്റ്ഫീല്‍ഡിലുള്ള പുതിയ വീട് സന്ദര്‍ശിക്കണമെന്ന വാശിയില്‍ വീണുപോകുകയായിരുന്നു. അങ്ങിനെ അരവിയേട്ടനും ഞാനും കൂടി യുസഫിന്‍റെ വീടിന് മുന്നിലെത്തിയെങ്കിലും കാവല്‍ക്കാരനായ ഗൂര്‍ഖ ഞങ്ങളെ തടഞ്ഞു. 'സാബ് ബിസി' എന്നായിരുന്നു ഗൂര്‍ഖയുടെ തുടര്‍ച്ചയായ പല്ലവി. ഒടുവില്‍ ഫോണ്‍ചെയ്ത ശേഷം യുസുഫിന്‍റെ അനുവാദം കിട്ടിയാണ് ഗൂര്‍ഖ ഞങ്ങളെ കയറ്റിവിട്ടത്. അവിടെ യൂസുഫിന്‍റെ പി.ആര്‍.ഒ എന്ന് തോന്നിക്കുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. ഏതോ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഒരു ജോസഫ്. യൂസുഫ് എന്താണോ ആഗ്രഹിക്കുന്നത് അത് ഇരട്ടിയായി പറയാനുള്ള വാക്ചാതുര്യം ജോസഫിനുണ്ടായിരുന്നു. പിന്നീട് പല തവണ ഞാന്‍ യൂസുഫിന്‍റെയും അവന്‍റെ ഭാര്യ സാറയുടെയും സല്‍ക്കാരം ഞാന്‍ സ്വീകരിച്ചിട്ടുണ്ട്.

ഒരിക്കല്‍ പുട്ടപര്‍ത്തിയില്‍ സായിബാബയുടെ ആശ്രമത്തില്‍ ഒരു റിലീഫ് വര്‍ക്ക് ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. അങ്ങോട്ടുള്ള യാത്രാമധ്യേ ഞാന്‍ യൂസുഫിനെ സന്ദര്‍ശിച്ചപ്പോള്‍ വത്തിക്കാനിലെ ഒരു ഹാളില്‍ പ്രദര്‍ശിപ്പക്കാനായി യേശു രൂപങ്ങളുടെ ഒരു പരമ്പര വരച്ചു കൊണ്ടിരിക്കുകയായിരുന്നു അവന്‍. മലയാളിയായ ആ ചിത്രകാരന് മലയാളികളേക്കാള്‍ പുറംനാടുകളില്‍ പ്രശസ്തി ഉണ്ടായിരുന്നു എന്നതായിരുന്നു വാസ്തവം.

ചിലപ്പോഴൊട്ടെ നീണ്ട ഇടവേളകള്‍ ഞങ്ങളുടെ സൗഹൃദത്തിനിടയില്‍ കടന്നുവരാറുണ്ടായിരുന്നു. എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിഞ്ഞ് നേരില്‍കാണുമ്പോഴോ, ഒന്നു ഫോണ്‍ ചെയ്യുമ്പോഴോ ആ ഇടവേളകള്‍ നിമിഷംകൊണ്ട് ഇല്ലാതാക്കാനുള്ള ഒരു മാസ്മരികത അവനുണ്ടായിരുന്നു. മറ്റ് കലാകാരന്മരുടെ സൃഷ്ടികളെക്കുറിച്ച് എപ്പോഴും അന്വേഷിച്ചു കൊണ്ട് അവരെ പ്രചോദിപ്പിക്കുന്ന ഒരു പ്രത്യേക കഴിവും യൂസുഫിനുണ്ടായിരുന്നു.

ഒരിക്കല്‍ കോഴിക്കോട്ടെ ഒരു ചെറിയ ആശുപത്രിയില്‍ പനിപിടിച്ച് കിടക്കുകയായിരുന്ന എന്നെ കാണാന്‍ അന്വേഷിച്ചു പിടിച്ച അവന്‍ വന്നത് ഇപ്പോഴും ഓര്‍ക്കുന്നു. സ്‌നേഹ സമ്പന്നനായിരുന്നു യൂസുഫ്. എന്നാല്‍  വേഷവിധാനങ്ങള്‍ അവന്‍റെ ജാഡയായി ചിലര്‍ തെറ്റിധരിച്ചു.

ചിത്രകലയിലെ വര്‍ക്ക് ഹോളിസവും മറ്റ് കലാകാരന്മരെ ബഹുമാനിക്കാനുമുള്ള സ്വഭാവ വിശേഷങ്ങളും സ്വന്തം സര്‍ഗാത്മകത പുതുക്കുപണിയാനുള്ള വ്യഗ്രതയും സ്ഥിരോത്സാഹവുമെല്ലാം അവനെ ഉയരങ്ങളിലെത്തിച്ചു. തന്‍റെ തുളുമ്പുന്ന പ്രസന്നത അവനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാക്കി. കഴിവുകളോടൊപ്പം പരിഷ്‌കൃത സമൂഹത്തിന്‍റെ സ്വഭാവങ്ങളോട് അലിഞ്ഞു ചേരാനുള്ള കഴിവാണ് ഒരു പക്ഷെ യൂസുഫ് എന്ന ചിത്രകാരന്‍റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. ചിത്രകലയുടെ ലോകത്ത് യൂസുഫിന്‍റെ ചിത്രങ്ങള്‍ അതിന്‍റെ യുവത്വത്തോടെ എക്കാലത്തും തിളങ്ങിനില്‍ക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yusuf Arakkal
News Summary - Yusuf Arakkal paul kallanod
Next Story