പ്രിയദർശിനി യോഗം
text_fieldsമുപ്പതു വർഷം മുമ്പാണ്; കൃത്യമായിപ്പറഞ്ഞാൽ, 1991 മേയ് 26. 'ന്യൂയോർക് ടൈംസി'ൽ വന്ന ഒരു വാർത്തയുടെ തലക്കെട്ട് ഇങ്ങനെ: 'പ്രിയങ്ക, ഇന്ദിരയെപ്പോലെ എല്ലായ്പ്പോഴും എല്ലായിടത്തും'. ശ്രീപെരുമ്പത്തൂരിൽ കൊല്ലെപ്പട്ട രാജീവ് ഗാന്ധിയുടെ സംസ്കാര ചടങ്ങും അനുബന്ധ സംഭവങ്ങളുമാണ് വാർത്തയുടെ പശ്ചാത്തലം. സർവം തകർന്നുപോയ ആ നിമിഷങ്ങളിൽ വിങ്ങിപ്പൊട്ടാനേ സോണിയക്കും രാഹുലിനും കഴിഞ്ഞുള്ളൂ; പിതാവിനെ സംസ്കരിക്കാനുള്ള സ്ഥലത്തിെൻറ കാര്യത്തിൽ തീരുമാനമെടുത്തതും ചടങ്ങിന് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് നിർദേശം നൽകിയതുമെല്ലാം പ്രിയങ്കയായിരുന്നു. അന്നുതൊട്ട് രാഷ്ട്രീയ ജ്യോതിഷികളുടെ നിഘണ്ടുവിൽ 'പ്രിയങ്ക ഫാക്ടർ' എന്ന വാക്കുണ്ട്.
സങ്കടകരമായൊരു കാര്യമെന്താണെന്നുവെച്ചാൽ, ഇപ്പറഞ്ഞ 'പ്രിയങ്ക ഫാക്ടറി'ന് സ്വന്തമായി നിലനിൽപ്പില്ല എന്നതാണ്. 'പ്രിയങ്ക' എവിടെയുണ്ടോ, അവിടേക്ക് അറിയാതെ, സ്വാഭാവികമെന്നോണം ഇന്ദിരയുടെ ഒാർമകളും കടന്നുവരും. 'നോക്കൂ, ഇന്ദിരയുടെ മുഖം അതുപോലെ കൊത്തിവെച്ചിരിക്കുന്നു'വെന്ന് വീട്ടമ്മമാർ മുതൽ വിശാരദപ്രഭുക്കൾവരെ അടക്കംപറയും. ഇതാണ് 'ഡി.എൻ.എ പൊളിറ്റിക്സി'െൻറ കുഴപ്പം. പറയുേമ്പാൾ, എ.െഎ.സി.സിയുടെ ജനറൽ സെക്രട്ടറിയൊക്കെയാണ്. പേക്ഷ, എവിടെപ്പോയാലും 'പ്രിയദർശിനി' വരുന്നേ എന്നാണ് അണികളുടെ മുറവിളി. യു.പിയിലെങ്ങും ഇതാണിപ്പോൾ ട്രെൻഡ്. ഇൗ ട്രെൻഡിനെ പ്രിയങ്ക രാഷ്ട്രീയ മൂലധനമാക്കുേമാ എന്നതാണ് ചോദ്യം.
രാജീവിെൻറ ഭൗതികശരീരത്തിനുമുന്നിൽ നിസ്സഹായരായിപ്പോയ സോണിയക്കും രാഹുലിനും ഇപ്പോഴും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയെ നയിക്കാൻ കൊള്ളാത്തവരെന്ന പേരുദോഷം അണികളും നേതാക്കളുമിപ്പോൾ ഉച്ചത്തിൽ പറയാൻ തുടങ്ങിയിരിക്കുന്നു. ജൻപഥ് 10ലേക്ക് ഇക്കാര്യം അറിയിച്ച് കത്തെഴുതി കലാപം സൃഷ്ടിക്കാനും ചില നേതാക്കൾക്ക് മടിയില്ല. ചിദംബരവും കപിൽ സിബലും ശശി തരൂരുമൊക്കെ അടങ്ങുന്ന ആ കത്തെഴുത്ത് സംഘത്തിന് മാധ്യമങ്ങൾ നൽകിയിരിക്കുന്ന പേര് 'ജി 23' എന്നാണ്. താേഴത്തട്ടുമുതൽ സംഘടന തെരഞ്ഞെടുപ്പ് നടത്തി പുതിയ നേതൃത്വം വരണമെന്നാണ് ഇൗ സംഘത്തിെൻറ ആവശ്യം.ലളിതമായിപ്പറഞ്ഞാൽ, രാഹുലടക്കമുള്ളവർക്ക് പകരക്കാർ വരണമെന്ന്. അങ്ങനെ ചില നേതാക്കളെങ്കിലും ചിന്തിച്ചതിൽ തെറ്റുപറയാനാകില്ല.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ രാഹുൽ നടത്തിയ തെരഞ്ഞെടുപ്പ് ഇടപെടലുകളെല്ലാം ദയനീയ പരാജയമായിരുന്നുവേല്ലാ. ഒാർമയിേല്ല, വിഖ്യാതമായ 'കടൽകുളി' എപ്പിസോഡൊക്കെ. പക്ഷേ പാർട്ടി, കോൺഗ്രസാണെന്നോർക്കണം. ഡി.എൻ.എ പൊളിറ്റിക്സ് ആണ് അതിെൻറ ജനിതക സ്വഭാവം. രാഹുലിനെ മാറ്റുേമ്പാൾ അതേ ഡി.എൻ.എയിൽ പെട്ട മറ്റൊരാൾതന്നെ വേണം. അപ്പോൾപിന്നെ പ്രിയങ്ക തന്നെ. തെരഞ്ഞെടുപ്പ് ഗോദകളിൽ ഇനിയങ്ങോട്ട് പ്രിയങ്കയുടെ പ്രകടനങ്ങളാകെട്ട എന്ന് തീരുമാനിക്കപ്പെട്ടതിെൻറ യുക്തിയും അതാണ്. പേക്ഷ, ഗോദയുണരും മുേമ്പ പ്രിയങ്ക ഉണർന്നുകഴിഞ്ഞിരിക്കുന്നുവെന്നതാണ് കാര്യങ്ങളെ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്.
രണ്ടു വർഷം മുമ്പാണ് എ.െഎ.സി.സി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 'തെരഞ്ഞെടുക്കപ്പെട്ടത്' എന്നത് ഒരു ഒാളത്തിന് എഴുതിയതാണ്. 'വന്നുകയറിയത്' എന്നു പറഞ്ഞാലും തെറ്റൊന്നുമില്ല. അന്ന് ലോക്സഭ തെരഞ്ഞെടുപ്പുകാലം കൂടിയാണ്. 2014ൽ, മോദി ഭരണം പിടിച്ചതിനുശേഷം 'പ്രിയങ്കയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ' എന്നൊരു മുറവിളിയുള്ളതാണ്. 2016ലെ യു.പി തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞതോടെ അണികളുടെ വിലാപം കൂടുതൽ ഉച്ചത്തിലായി. അപ്പോഴും രാഷ്ട്രീയത്തിലേക്കില്ല എന്നായിരുന്നു തീരുമാനം. പേക്ഷ എന്തുകൊണ്ടോ, ലോക്സഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയപ്പോൾ നേതൃപദവി ഏറ്റെടുക്കാൻ സമ്മതം മൂളി. യോഗിയുടെ യു.പിയാണ് തട്ടകമായി തെരഞ്ഞെടുത്തത്. പാരമ്പര്യമായി കൈവശമുള്ള മണ്ഡലങ്ങളൊക്കെ അവിടെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണികളിൽകണ്ട ആവേശവും ആർപ്പുവിളികളുമൊന്നും പേക്ഷ, ബാലറ്റിൽ പ്രതിഫലിച്ചില്ല. 'പ്രിയങ്ക ഫാക്ടർ' ആഞ്ഞുപിടിച്ചിട്ടും രാഹുൽ അടക്കമുള്ളവർ പൊട്ടി. അതോടെ രാഹുൽ തളർന്നുവെന്നത് നേര്. പേക്ഷ, പ്രിയങ്ക പിന്നെയും പോരാട്ടം തുടരുകയായിരുന്നു. ഇൗ സമീപനമാണ് ഇരുവരെയും വ്യത്യസ്തമാക്കുന്നതെന്നാണ് പണ്ഡിറ്റുകളുടെ നിരീക്ഷണം.
പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതിനപ്പുറം, യോഗിയുടെ ജംഗിൾ രാജിനെ തുറന്നുകാണിക്കുക എന്നതായിരുന്നു തുടങ്ങിവെച്ച പോരാട്ടങ്ങളുടെയെല്ലാം അന്തഃസത്ത. പലപ്പോഴും ആ പോരാട്ടം മോദി ഫാഷിസത്തിനെതിരായ ചെറുത്തുനിൽപുമായി മാറി. 2019 ജൂലൈയിൽ, സോൻഭദ്രയിൽ ഏതാനും ആദിവാസി കർഷകരെ യോഗി സർക്കാറിെൻറ ഒത്താശയോടെ ഗുണ്ടകൾ കൊലചെയ്തപ്പോൾ ദുരന്തഭൂമിയിലേക്ക് അവർ ഒാടിയെത്തി. പൊലീസ് അവരെ വഴിയിൽ തടഞ്ഞപ്പോൾ കുത്തിയിരിപ്പ് സമരമായി; ഒടുവിൽ പ്രിയങ്കയെ കരുതൽതടങ്കലിൽ െവക്കേണ്ടിവന്നു യോഗിപ്പൊലീസിന്. 1977ൽ, കേന്ദ്രത്തിൽ ആദ്യമായി കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ട സമയത്ത് ഇന്ദിര ഗാന്ധി, ബിഹാറിലെ ബെൽച്ച് ഗ്രാമത്തിലേക്ക് നടത്തിയ യാത്രയോട് ഇൗ സംഭവത്തെ ചിലരെങ്കിലും ഉപമിച്ചു. പാർട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള യാത്രയായിരുന്നു രണ്ടും. പ്രിയങ്കയുടെ ആ യാത്ര ഇപ്പോഴും തുടരുകയാണ്.
പൗരത്വ സമര കാലത്ത് എത്രയോ തവണ അതിന് രാജ്യം സാക്ഷിയായി. പിന്നീട് ഹാഥറസ് അടക്കമുള്ള ദുരന്തഭൂമികളിലും അവരെത്തി; കർഷകസമര വേദികളിലേക്കും അവർ യാത്ര നയിച്ചുകൊണ്ടിരിക്കുന്നു. ഒടുവിൽ, ലഖിംപുരിലുമെത്തി. എല്ലായിടത്തും പതിവുപോലെ കസ്റ്റഡിയും അറസ്റ്റുമെല്ലാം അരങ്ങേറി. കഴിഞ്ഞയാഴ്ച, ആഗ്രയിൽ കസ്റ്റഡിയിൽ മരിച്ചയാളുടെ വീട്ടിലേക്ക് നടത്തിയ യാത്രയും വഴിയിൽ തടഞ്ഞു. ഇതിനിടയിൽ, തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുക എന്ന വലിയ ചുമതലയും കൃത്യമായി നടത്തുന്നുണ്ട്. ഒരുഭാഗത്ത് അഖിലേഷ് അടക്കമുള്ള നേതാക്കളുമായി സഖ്യ ചർച്ച പുരോഗമിക്കുന്നു; മറുവശത്ത്, 40 ശതമാനം സീറ്റുകൾ വനിതകൾക്ക് നീക്കിവെക്കുന്നതടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങളും വരുന്നു. ഏതായാലും, പ്രിയങ്കയുടെ കാര്യത്തിൽ രണ്ട് പോയിൻറുകളിൽ എല്ലാ രാഷ്ട്രീയ നിരീക്ഷകരും െഎക്യപ്പെടുന്നുണ്ട്. ഒന്ന്, നേരേത്ത പറഞ്ഞതുപോലെ, അവർക്ക് ഇന്ദിരയുടെ ഛായയുണ്ടെന്നതുതന്നെ. രണ്ടാമത്തേത്, വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പായിരിക്കും രാജ്യത്തിെൻറ ഗതി നിർണയിക്കുക എന്നതും.
നിർണായകമായ ആ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുേമ്പാഴേക്കും പ്രിയങ്കക്ക് പ്രായം 50 കടക്കും. ഇക്കാലത്തിനിടെ പാർലമെൻററി രാഷ്ട്രീയത്തിെൻറ ചരിത്രത്തിലെവിടെയുമില്ല. അല്ലെങ്കിലും, രാഷ്ട്രീയത്തിലേക്കേ ഇല്ല എന്നു തീരുമാനിച്ചയാളാണേല്ലാ. 99ൽ, റായ്ബറേലി തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കുമെന്നൊക്കെ റിപ്പോർട്ടുണ്ടായിരുന്നു. അങ്ങനെയൊരാവശ്യം പാർട്ടിയിൽനിന്നുയരുകയും ചെയ്തു. ആശയക്കുഴപ്പത്തിലായ പ്രിയങ്ക കൃത്യമായൊരു തീരുമാനത്തിലെത്താൻ വിപാസന ധ്യാനമുറകളിലേർപ്പെടുകയും ഒടുവിൽ മത്സരിക്കേെണ്ടന്ന് തീരുമാനിക്കുകയുമായിരുന്നു. പേക്ഷ, അന്ന് മണ്ഡലത്തിൽ പാർട്ടിക്കുവേണ്ടി അവർ പ്രചാരണത്തിനൊക്കെ വന്നു. അന്നുതൊേട്ട, ബുദ്ധമതത്തോട് വലിയ കമ്പമാണ്; നാലു വർഷം മുമ്പ് ബുദ്ധ മതത്തിലേക്ക് മാറുകയും ചെയ്തു. ബുദ്ധജ്ഞാനമാർഗത്തിെൻറ ആ പാതയിൽ ചലിക്കവെയാണ്, 'നെഹ്റു പാരമ്പര്യത്തി'ൽ അണിചേർന്ന് രാജ്യത്തെയും അതുവഴി കുടുംബത്തെയും രക്ഷപ്പെടുത്താനുള്ള രാഷ്ട്രീയ ജ്ഞാനോദയം ഉണ്ടായതും പാർട്ടിയുടെ നേതൃത്വത്തിലെത്തിയതും. അതിപ്പോൾ വലിയൊരു പോരാട്ടമായി പരിണമിച്ചിരിക്കുന്നു. 97ലായിരുന്നു റോബർട്ട് വാദ്രയുമായുള്ള വിവാഹം. രണ്ട് മക്കൾ: റൈഹാനും മിറായയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.