കറുപ്പല്ല, ജാതിവെറിയാണ് പ്രശ്നം
text_fieldsചാതുർവർണ്യം ജാതിയുടെയും വർണത്തിന്റെയും അടിസ്ഥാനത്തിൽ മനുഷ്യനെ പല തട്ടായി തിരിച്ച നമ്മുടെ രാജ്യത്ത് അസമത്വം ഏറെ കൂടുതലാണ്. നൂറ്റാണ്ടുകളോളം ജനതയിലെ വലിയൊരു സമൂഹത്തിന് വിദ്യാഭ്യാസം നേടാനും മാന്യമായ തൊഴിൽ ചെയ്യാനും വഴിനടക്കാനും വസ്ത്രം ധരിക്കാനുമുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ട നാടാണിത്. സ്വാതന്ത്ര്യ ലബ്ധിയുടെ എട്ടാം പതിറ്റാണ്ടിലേക്കടുക്കുമ്പോളും മാറ്റങ്ങളുണ്ടായി എന്ന് ആശ്വസിക്കാൻ വകയില്ല. സ്കൂളിലെ വെള്ളപ്പാത്രത്തിൽ നിന്ന് ദാഹജലം കുടിച്ച ദലിത് വിദ്യാർഥിയെ അധ്യാപകൻ അടിച്ചുകൊന്നത് രണ്ടുവർഷം മുമ്പ് മാത്രമാണ്. സമൂഹത്തിൽ എല്ലാവർക്കും തുല്യപദവി ലഭിക്കുന്ന അവസ്ഥയെയാണ് സാമൂഹിക സമത്വം എന്നു പറയുന്നത്. പ്രത്യേക അവകാശത്തിന് ആർക്കും അർഹതയില്ലെന്നും സാമൂഹിക സമത്വം സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ ജാതി, മതം,വംശം,സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിൽ ആർക്കും പ്രത്യേകമായൊരു അവകാശവും സമൂഹത്തിൽ ലഭിക്കുന്നതല്ല.
കറുപ്പിന്റെ പേരിൽ അധിക്ഷേപം ഏറ്റുവാങ്ങേണ്ടിവന്ന ചീഫ് സെക്രട്ടറി ആ ദുര്യോഗം പരസ്യമായി പറഞ്ഞത് സംസ്ഥാനത്ത് വലിയ ചർച്ചയായി മാറി. നവമാധ്യമത്തിലൂടെ നടത്തിയ തുറന്നെഴുത്തിന് വലിയ പിന്തുണയും ലഭിച്ചു.
കറുപ്പിനെതിരായ സമൂഹത്തിന്റെ പൊതുവികാരം ഒരിക്കലും നിറത്തിന്റെ പേരിൽ മാത്രമുള്ളതല്ല. അതിന്റെ അടിത്തറ വർണാശ്രമധർമവും ജാതിവിവേചനവും വംശീയതയുമാണ്. കറുത്തനിറമുള്ള മുന്നാക്ക-സവർണ വിഭാഗത്തിലെ ആളുകൾ, ദലിത് സമൂഹത്തിലെ മനുഷ്യർ സമൂഹത്തിൽ നിന്ന് അനുഭവിക്കുന്ന അവഗണനയും ആക്ഷേപവും നേരിടേണ്ടിവരാറില്ല. പിന്നാക്ക വിഭാഗത്തിൽപ്പെട്ട രാജ്യത്തെ പ്രഥമ പൗരയെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും ശ്രീരാമക്ഷേത്രം തുറക്കൽ ചടങ്ങിൽ നിന്നുമെല്ലാം മാറ്റിനിർത്തിയത് വിസ്മരിക്കാൻ സമയമായിട്ടില്ല.
100 ശതമാനം സാക്ഷരതയും, പുരോഗമന പ്രസ്ഥാനങ്ങൾക്ക് വലിയ അടിത്തറയുണ്ടെന്നും അഭിമാനിക്കുന്ന സംസ്ഥാനമാണ് കേരളം. ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമിയും വൈകുണ്ഠസ്വാമിയും സഹോദരൻ അയ്യപ്പനുമടക്കമുള്ള നവോത്ഥാന നായകർ ഉഴുതുമറിച്ച നാടാണിത്. പക്ഷേ, കടുത്ത ജാതിവിവേചനങ്ങളും അനാചാരങ്ങളും അന്ധവിശ്വാസവും കൊണ്ട് നിറഞ്ഞ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമായി മലയാളക്കര ഇന്നും തുടരുകയാണെന്നുള്ള വസ്തുത വിസ്മരിച്ചിട്ടുകാര്യമില്ല. അന്ധവിശ്വാസങ്ങൾക്കും ജാതീയമായ ദുരാചാരങ്ങൾക്കുമെതിരെ പൊരുതാൻ സംസ്ഥാനത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളും, എന്തിന് ഇടതുപക്ഷ പാർട്ടികൾ പോലും ഫലത്തിൽ ഭയക്കുകയാണ്.
ചീഫ് സെക്രട്ടറിക്കെതിരായ ആക്ഷേപം ഒറ്റപ്പെട്ട സംഭവമേയല്ല. ഇതിനെ ഫലപ്രദമായി തടയണമെങ്കിൽ നമ്മുടെ രാജ്യത്ത് ശക്തിപ്പെട്ടിരിക്കുന്ന കടുത്ത ജാതിവെറിയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമെല്ലാം അവസാനിപ്പിച്ചേ മതിയാവൂ. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായി ഇടതുസർക്കാർ കൊണ്ടുവന്ന ബിൽ പോലും ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറും ആടിക്കളിക്കുന്ന ചിത്രമാണ് പുറത്തുവരുന്നത്. സമൂഹത്തിൽ കറുപ്പല്ല പ്രശ്നം; രൂക്ഷമായ ജാതിവെറിയും വർണവ്യത്യാസവുമൊക്കെയാണ്. ഇതിനെതിരായ അതിശക്തമായ കാമ്പയിനാണ് നമ്മുടെ സംസ്ഥാനത്തെ പുരോഗമന യുവതയിൽനിന്ന് ഇനിയെങ്കിലും ഉണ്ടാവേണ്ടത്.
(ലേഖകൻ ശ്രീനാരായണഗുരു
ഓപൺ യൂനിവേഴ്സിറ്റി
സിൻഡിക്കേറ്റ് അംഗമാണ്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.