സുപ്രീംകോടതി പറഞ്ഞു, ഞങ്ങൾ ജനങ്ങൾക്കൊപ്പം
text_fieldsപെഗസസ് ആരോപണങ്ങൾ അന്വേഷിക്കുന്നതിന് മുൻ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര സമിതിയെ നിയോഗിച്ച പശ്ചാത്തലത്തിൽ രാജ്യത്തെ മുൻനിര അഭിഭാഷകനും സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡൻറുമായ ദുഷ്യന്ത് ദവെ വിശ്രുത മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായി സംസാരിക്കുന്നു
കരൺ ഥാപ്പർ: സ്വതന്ത്ര അന്വേഷണം നടത്താനുള്ള സുപ്രീംകോടതിയുടെ ഈ നീക്കത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണ്?
ദുഷ്യന്ത് ദവെ: ഇന്നത്തെ വിധിന്യായം ഒരു ചരിത്രമുഹൂർത്തമായാണ് ഞാൻ കാണുന്നത്. ഇത് രാജ്യത്തെത്തന്നെ അത്ഭുതപ്പെടുത്തി. പ്രേത്യകിച്ച് ഏഴു വർഷമായി കേന്ദ്രസർക്കാറിെൻറ താൽപര്യങ്ങൾക്ക് പൂർണമായി വഴങ്ങുന്നത് നിരീക്ഷിച്ചുവരുന്ന നമുക്ക്. ഇരുണ്ട നാളുകളിലെ സൂര്യവെളിച്ചമാണിതെന്ന് പറയാനാവും. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ അതി പ്രാധാന്യമാർന്ന ഒരു തീരുമാനമായി ഇത് നിലനിൽക്കും.
ദേശസുരക്ഷയെക്കുറിച്ചും സ്വകാര്യതയെ സംബന്ധിച്ചും അതിശക്തമായ ഭാഷയാണ് സുപ്രീംകോടതി പ്രയോഗിച്ചത്. ദേശസുരക്ഷയുടെ പേരിൽ സർക്കാറിന് എല്ലായിടത്തേക്കും വെറുതെ കടന്നുപോകാനാവില്ലെന്നും സ്വകാര്യത പൗരജനങ്ങളുടെ അവകാശമാണെന്നും കോടതി അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു-ഇത്തരമൊരു കടുത്ത ഭാഷ സുപ്രീംകോടതിയുടെ കരുതലിനെ വ്യക്തമാക്കുന്നില്ലേ?
തീർച്ചയായും, പൗരജനങ്ങളുടെ ഭരണഘടനാദത്ത അവകാശങ്ങളിലേക്കുള്ള സർക്കാറിന്റെ കടന്നുകയറ്റത്തിൽ കോടതിക്ക് കടുത്ത ആകുലതയുണ്ട്. പ്രത്യേകിച്ച് സ്വകാര്യതക്കായുള്ള അവകാശത്തിെൻറ വിഷയത്തിൽ. ജഡ്ജി കൃത്യമായി പറഞ്ഞു, ഓരോ മനുഷ്യനും അവരുടെ സ്വന്തം കോട്ടകൾക്കുള്ളിലാണ് പാർക്കുന്നത്. സർക്കാറിന് അതിലേക്ക് കടന്നുകയറാൻ ഒരു അധികാരവുമില്ല. സർക്കാറോ സ്വകാര്യ ഏജൻസിയോ സൂക്ഷ്മനിരീക്ഷണമോ ചാരപ്പണിയോ നടത്തുേമ്പാൾ സ്വകാര്യതക്കുള്ള അവകാശത്തിൽ നേരിട്ടുള്ള ക്ഷതം സംഭവിക്കുന്നു. സുപ്രീംകോടതി അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമായി ജനങ്ങൾക്കൊപ്പം നിൽക്കുകയാണ്. ഒപ്പം ഇതൊക്കെ നിർത്താൻ സമയമായി, നിങ്ങൾ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ഞങ്ങൾ ഇവിടെ അതിനു കാവലാളുകളായുണ്ട്, സ്വകാര്യത ലംഘിക്കപ്പെട്ടതായി പ്രഥമദൃഷ്ട്യാ ബോധ്യമായ സാഹചര്യത്തിൽ അതേക്കുറിച്ച് സ്വകാര്യ സമിതിയെവെച്ച് അന്വേഷിക്കാൻ ഉറച്ചിരിക്കുന്നുവെന്ന് കോടതി സർക്കാറിനെ ബോധ്യപ്പെടുത്തുകയാണ്.
സ്വതന്ത്ര സമിതിയെ റിട്ടേയഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രവീന്ദ്രനാണ് നയിക്കുക, ആ നിയോഗം ഒരു നല്ല തെരഞ്ഞെടുപ്പാണെന്ന് താങ്കൾ കരുതുന്നുണ്ടോ?
ചിന്തിക്കാൻ കഴിയുന്നതിൽവെച്ച് ഏറ്റവും മികച്ച തെരഞ്ഞെടുപ്പുകളിലൊന്നാണ് ജസ്റ്റിസ് രവീന്ദ്രെൻറ നിയോഗം എന്ന് ഞാൻ കരുതുന്നു. സുപ്രീംകോടതിയിലുള്ളപ്പോഴും കർണാടക ഹൈകോടതി ജഡ്ജി എന്ന നിലയിലും സേവനമനുഷ്ഠിച്ച മറ്റു കോടതികളിലുമെല്ലാം വലിയ മതിപ്പും വിശ്വാസ്യതയും സ്വന്തമാക്കിയ ആളാണ് അദ്ദേഹം. അനിതരസാധാരണമാംവിധം നീതിമാനായ ന്യായാധിപനാണ് ജസ്റ്റിസ് രവീന്ദ്രൻ. നിയമപരിജ്ഞാനത്തിലും നിഷ്പക്ഷതയിലും സമർഥനാണ്. പരമപ്രധാനമായ കാര്യം വിഷയങ്ങൾ ആഴത്തിൽ അന്വേഷിക്കുന്നതിൽ അദ്ദേഹം പുലർത്തുന്ന താൽപര്യമാണ്. അദ്ദേഹത്തിെൻറ വിധിന്യായങ്ങൾ അതിനു സാക്ഷ്യമാണ്.
കമ്മിറ്റിയിലെ അംഗങ്ങളിലൊരാൾ റോയുടെ മുൻ മേധാവിയായ അലോക് ജോഷിയാണ്. 2015 മുതൽ 2018 വരെ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ മേധാവിയായി അേദ്ദഹത്തെ നിയമിച്ചത് മോദിയാണ്- സമിതിയിലെ ജോഷിയുടെ സാന്നിധ്യം ആകുലപ്പെടേണ്ട വിഷയമാണോ?
കമ്മിറ്റി അംഗങ്ങളുടെ കാര്യമോർത്ത് ആരും ആകുലപ്പെടേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. സ്വതന്ത്ര അംഗങ്ങളെ കണ്ടെത്താൻ സുപ്രീംകോടതി ഏറെ പണിപ്പെട്ട കാര്യം ജഡ്ജിമാർ വ്യക്തമാക്കിയിരുന്നു. നല്ല അംഗങ്ങളെ നിയോഗിക്കുക എന്ന ലക്ഷ്യവുമായി അവർ ഒരുപാട് പേരെ സമീപിച്ചു. ചിലർ സാധ്യമല്ലെന്നു പറഞ്ഞു, മറ്റു ചിലർ താൽപര്യലംഘനമുണ്ടാകുമെന്ന് പറഞ്ഞു. എന്തുതന്നെയായാലും ജഡ്ജിമാർ സ്വതന്ത്ര സമിതിയെയും ഒരു സാങ്കേതിക സമിതിയെയും നിയോഗിച്ചിരിക്കുന്നു. അതേക്കുറിച്ച് നാം ചർച്ചചെയ്യേണ്ടതില്ല എന്നു തോന്നന്നു.
താങ്കൾ പറഞ്ഞത് ശരിവെക്കുന്നു. പക്ഷേ, അലോക് ജോഷി സർക്കാറിെൻറ രഹസ്യാന്വേഷണ സ്ഥാപനങ്ങളിലൊന്നായ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ മേധാവിയായിരുന്നു. ഇതേ സ്ഥാപനമല്ല പെഗസസ് സ്വായത്തമാക്കിയത് എന്ന കാര്യത്തിൽ സുപ്രീംകോടതിക്ക് ഉറപ്പുണ്ടോ? അതെയെങ്കിൽ വലിയ സ്ഥാപിതതാൽപര്യം അവിടെയുണ്ടാവില്ലേ?
ഉണ്ടാകുമെന്ന് സമ്മതിക്കുന്നു. പക്ഷേ, ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിരുന്നുവെങ്കിൽ സുപ്രീംകോടതി അന്വേഷിച്ച ഘട്ടത്തിൽ ഇക്കാര്യം വ്യക്തമാകുമായിരുന്നു. ഈ കമ്മിറ്റി നല്ല ഒരു തീരുമാനംതന്നെയാണ് എന്നാണ് എെൻറ വിശ്വാസം.
(കടപ്പാട്: thewire.in)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.