തട്ടിപ്പ് നിൽക്കണോ? ആർത്തി അവസാനിക്കണം
text_fieldsഅന്ധവിശ്വാസങ്ങളുടെ പേരിലും പണം ഇരട്ടിയാക്കാൻ മോഹിച്ചും സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തിയവരുടെ വിലാപങ്ങൾ ഒടുങ്ങുന്നില്ല. കാത്തുവെക്കാനും പ്രതീക്ഷിക്കാനും ഒന്നുമില്ലാത്ത ചിലർ ആത്മഹത്യയിൽ അഭയം തേടി. എല്ലാ തട്ടിപ്പുകാരുടെയും വിജയരഹസ്യമായി ചൂണ്ടിക്കാട്ടാവുന്ന പ്രധാന ഘടകം ഒന്നാണ്: പണത്തോടുള്ള അടങ്ങാത്ത ആർത്തി. കാര്യമായി ഒന്നും നഷ്ടപ്പെടാനില്ലാതെ, കഠിനമായ അധ്വാനമില്ലാതെ, വ്യവസ്ഥാപിത സംവിധാനങ്ങളുടെ നൂലാമാലകളില്ലാതെ കൂടുതൽ പണം സമ്പാദിക്കാനുള്ള അത്യാർത്തി. എല്ലാമറിഞ്ഞിട്ടും തട്ടിപ്പുകാരുടെ വലയിൽ വീഴുന്നവരുടെ കൈയിൽ വിശ്വസനീയമായ ഒരു തെളിവുപോലുമില്ലാത്തതിനാൽ ഒടുവിൽ നിയമംപോലും കൂട്ടുണ്ടാകില്ല. തട്ടിപ്പുകാർ നിരത്തുന്ന യുക്തിക്ക് നിരക്കാത്ത അവകാശവാദങ്ങളും ആശയങ്ങളും വാഗ്ദാനങ്ങളും സാമാന്യബോധം കൊണ്ടുപോലും അളക്കാൻ ആരും മെനക്കെടുന്നില്ല. അതുകൊണ്ടാണ് ആശാരിക്ക് പറഞ്ഞ കൂലിപോലും കൊടുക്കാതെ നിർമിച്ചെടുത്ത മര ഉരുപ്പടികളുടെ കൂമ്പാരം കാണിച്ച് മോൻസൺ മാവുങ്കൽ എന്ന കപട മുഖം അമ്പരപ്പിക്കുന്ന പുരാവസ്തു ശേഖരത്തിെൻറ രാജാവായി സാക്ഷര കേരളത്തിൽ വാണത്.
നേരായ വിധം, ക്ഷമയോടെ അധ്വാനിച്ച് ധനവും കീർത്തിയും സമ്പാദിക്കുന്നതിനുപകരം കുറുക്കുവഴി തേടുന്ന പ്രത്യേകതരം ആർത്തിയുടെ മനോഭാവമാണ് തട്ടിപ്പുകൾക്ക് ഇരയാകുന്ന മലയാളിയെ ഭരിക്കുന്നതെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരുടെ നിരീക്ഷണം. മാറാരോഗങ്ങൾ അതിവേഗം ശമിക്കുമെന്നു കേട്ടാൽ ശാസ്ത്രീയ മാർഗങ്ങൾ ഉപേക്ഷിച്ച് കുറുക്കുവഴി അവലംബിക്കാനാകും ഭൂരിപക്ഷത്തിനും താൽപര്യം. തട്ടിപ്പ് നടത്തുന്നവർ ആദ്യമേതന്നെ അവർക്ക് ചുറ്റും വിശ്വാസ്യതയുടെ പരിവേഷം സൃഷ്ടിച്ചെടുത്തിരിക്കും. പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങൾ മറയാക്കി പലതരം ദൗർബല്യമുള്ളവരെ വഞ്ചിക്കുന്ന പ്രവണത സമീപകാല തട്ടിപ്പുകളിലെല്ലാമുണ്ട്.
ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ഒരു സ്ഥലവുമായും വ്യക്തിയുമായും ബന്ധപ്പെടുേമ്പാൾ അതിെൻറ വിശ്വാസ്യതയും പശ്ചാത്തലും പലപ്പോഴും അന്വേഷിക്കാറില്ല. മോശയുടെ വടിയും പ്രവാചകെൻറ വിളക്കും കൈവശമുണ്ടെന്ന് ഒരാൾ അവകാശപ്പെടുേമ്പാൾ അങ്ങനെ വരാൻ സാധ്യതയുണ്ടോ എന്ന ചോദ്യം മനസ്സിൽ ഉയരുന്നില്ല. 36 ശതമാനം പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ചിട്ടിക്കമ്പനി ഉടമകളിലൊരാൾ പിടിയിലായപ്പോൾ പൊലീസിനോട് ചോദിച്ചത് ഇത്രയും ഉയർന്ന പലിശ കിട്ടുമെന്ന് വിശ്വസിച്ചവർ കബളിപ്പിക്കപ്പെടേണ്ടവരല്ലേ എന്നാണ്. വാട്സ്ആപ് യൂനിവേഴ്സിറ്റിയിലെ പരമാബദ്ധങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്ന വർത്തമാനകാല മലയാളിയെ ആർക്കും ചൂഷണം ചെയ്യാനാകുമെന്നാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. ഒാരോ തട്ടിപ്പ് കഴിയുേമ്പാഴും പൊതുസമൂഹം പഠിക്കുമെന്ന് കരുതും. പക്ഷേ, പുതിയ തന്ത്രങ്ങളുമായി തട്ടിപ്പുകാർ അടുത്ത വല വിരിക്കും.
കേസുകൾക്ക് എന്തു സംഭവിക്കുന്നു?
അന്ധവിശ്വാസത്തെ ചൂഷണം ചെയ്യുന്ന നാഗമാണിക്യം, റൈസ് പുള്ളർ, നക്ഷത്ര ആമ, ഇരുതല മൂരി, ധനാകർഷണ യന്ത്രം, നിക്ഷേപം തട്ടിയെടുക്കുന്ന മണിചെയിൻ, ചിട്ടി എന്നിവയുമായി ബന്ധപ്പെട്ട ഭൂരിഭാഗം കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടാറില്ല എന്നതാണ് സത്യം. കൃത്യമായ തെളിവുകളുടെ അഭാവം മൂലം കേസുകൾ ദുർബലപ്പെടുന്നതാണ് കാരണമെന്ന് ക്രൈംബ്രാഞ്ചിലെ ഉന്നത അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.
നാഗമാണിക്യവും റൈസ് പുള്ളറുമൊക്കെ കിട്ടാൻ പണം നൽകുന്നവരുെട കൈവശം ഇടപാട് തെളിയിക്കുന്ന രേഖകൾ ഒന്നുമുണ്ടാകില്ല. ഇത്തരം കേസുകളിൽ വഞ്ചനക്കുറ്റം (െഎ.പി.സി 420) ആണ് പ്രതികൾക്കെതിരെ ചുമത്തുന്നത്. ഏഴു വർഷം വരെ തടവും പിഴയുമാണ് പരമാവധി ശിക്ഷ. എന്നാൽ, 80 ശതമാനം കേസിലും വിചാരണ വേളയിൽ വാദിയും പ്രതിയും ഒത്തുതീർപ്പിലെത്തുന്നതിനാൽ കേസ് നിലനിൽക്കില്ല. നിക്ഷേപ തട്ടിപ്പുകളിൽ െഎ.പി.സി 406 (വിശ്വാസ വഞ്ചന), 420 വകുപ്പുകളും 1978ലെ പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീം (ബാനിങ്) ആക്ടിലെ നാല്, അഞ്ച്, ആറ് സെക്ഷനുകളും പ്രകാരമാണ് കേസെടുക്കുന്നത്. കൃത്യമായ രേഖകളും ഉണ്ടായേക്കാം. എന്നാൽ, പ്രതികൾ ശിക്ഷിക്കപ്പെടണമെന്നതിലുപരി നഷ്ടപ്പെട്ട പണം കുറച്ചെങ്കിലും തിരിച്ചുകിട്ടിയാൽ മതി എന്ന മനോഭാവം മൂലം പരാതിക്കാർ ഒത്തുതീർപ്പിന് തയാറാകുകയും കേസ് ദുർബലമാകുകയും ചെയ്യും. ഇതോടെ, പരാതിക്കാർ അന്വേഷണവുമായി സഹകരിക്കാതാകും. പരാതി നൽകാൻ മടിക്കുന്നവരും ഏറെയാണ്. കോടികളുടെ തട്ടിപ്പുകൾ ആവർത്തിക്കാൻ ഇതെല്ലാം കാരണമാകുന്നുണ്ട്. മോൻസൺ തട്ടിപ്പിെൻറ കഥകൾ വായിച്ച് ഞെട്ടിത്തരിക്കുകയും പറ്റിപ്പിനിരയായവരെ മണ്ടന്മാരെന്ന് വിളിച്ച് പൊട്ടിച്ചിരിക്കുകയുമാണ് നമ്മൾ. അതിനിടയിൽ നമ്മളെപ്പോലും കുരുക്കാൻ പറ്റിയ പുതിയ തട്ടിപ്പിനുള്ള തന്ത്രം മെനയുന്നുണ്ടാവും എവിടെയോ ഇരുന്ന് മറ്റു ചിലർ.
മോൻസൺമാർ ഉണ്ടാകുന്നത്
സൗഖ്യം, ധനം തുടങ്ങിയവയിലേക്ക് കുറുക്കുവഴി തേടാനുള്ള പ്രവണത എന്നും മലയാളിക്കുണ്ടെന്നും ആർത്തിയുടെ അംശം വരുേമ്പാൾ ബുദ്ധിയും യുക്തിവിചാരവും മങ്ങിപ്പോകുന്നതാണ് തട്ടിപ്പുകൾക്ക് അവസരമൊരുക്കുന്നതെന്നും പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. സി.ജെ. ജോൺ പറയുന്നു.
ഏതെല്ലാം മേഖലകളിൽ മലയാളിയെ കബളിപ്പിക്കാമോ ആ അംശങ്ങളെല്ലാം തെൻറ കപട വ്യക്തിത്വത്തിൽ വിന്യസിപ്പിച്ചയാളാണ് മോൻസൺ. ആ നിലക്ക് അയാൾ ഒരു പഠന വിഷയമാണ്. വ്യാജ വൈദ്യൻ, മോട്ടിവേഷനൽ സ്പീക്കർ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ പരിവേഷങ്ങൾക്കൊപ്പം ഗ്ലാമറിെൻറ ലോകവും മോൻസൺ സൃഷ്ടിച്ചെടുത്തു. ശരാശരി മലയാളിയുടെ ദൗർബല്യങ്ങളെല്ലാം കൃത്യമായി വിശകലനം ചെയ്ത് അതെല്ലാം സ്വന്തം വ്യക്തിത്വത്തിൽ തുന്നിച്ചേർക്കുന്ന കൗശലമാണ് മോൻസൺ പ്രയോഗിച്ചത്.
എല്ലാ കാര്യങ്ങളിലും സംശയാലുവായ മലയാളി മോശയുടെ വടി, യൂദാസിെൻറ വെള്ളിക്കാശ്, പ്രവാചകെൻറ വിളക്ക്, ശ്രീകൃഷ്ണെൻറ ഉറി എന്നൊക്കെ കേൾക്കുേമ്പാൾ ഒന്നും സംശയിക്കാതിരുന്നത് തട്ടിപ്പുകാരൻ പലവിധത്തിൽ സൃഷ്ടിച്ചെടുത്ത പരിവേഷവും വിശ്വാസ്യതയും എത്ര വലുതാണെന്ന് വ്യക്തമാക്കുന്നു. ഒരാൾക്ക് ആരൊക്കെയായിട്ടാണ് ബന്ധം എന്നു നോക്കി അയാളെ വിശ്വസിക്കുന്ന പ്രവണത മലയാളിക്കുണ്ട്. ഇതു മുതലെടുക്കാനാണ് ഉന്നതർക്കൊപ്പംനിന്ന് ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
സാമാന്യവിവരവും ശാസ്ത്രീയതയും പ്രയോഗിക്കുമെന്ന് നമ്മൾ കരുതുന്നവരാണ് ഇത്തരം തട്ടിപ്പുകാരുടെ ചങ്ങാതിമാരാകുന്നതെന്ന് ഒാർക്കണം. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ താനൊരു ഭയങ്കര സംഭവമാണെന്ന പ്രതീതിയുണ്ടാക്കാൻ ആർക്കും എളുപ്പമാണ്. പൊതുബോധം നവീകരിക്കപ്പെടുന്നില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം. വകതിരിവ് കൃത്യമായി പ്രയോഗിക്കുകയും ആർത്തിയെ മെരുക്കിനിർത്തുകയും കുറുക്കുവഴികളിലെ ചതിക്കുഴികൾ തിരിച്ചറിയുകയും ചെയ്താലേ മലയാളിക്ക് തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനാകൂ എന്നും ഡോ. സി.ജെ. ജോൺ പറയുന്നു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.