പ്രചാരത്തിനു വേണ്ടി പ്രലോഭനത്തിൽ വീഴരുത്
text_fieldsലോകത്തെ പിടിച്ചു കുലുക്കി കോവിഡ് അനുനിമിഷം വർധിക്കുന്ന സാഹചര്യത്തിൽ മനുഷ്യരാശി ഒന്നാകെ നിലനിൽപിനു വേണ്ടി പരിഭ്രമത്തോടെ പരക്കം പായുന്ന കാലമാണ്. അടുത്ത കാലത്തൊന്നും ഈ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമെന്ന് തോന്നുന്നില്ല. മരുന്നു കണ്ടുപിടിച്ചാൽ മാത്രമേ കോവിഡ് പ്രതിസന്ധിക്ക് പരിഹാരമാവൂ.
കോവിഡ് ലോകത്തിനാകെ കൊടുംനാശം വിതക്കുമെന്ന് ഉറപ്പ്. കോവിഡ് എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തിൽ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നു. അതിജീവനത്തിനു വേണ്ടി എല്ലാവരും പുതിയ രക്ഷാമാർഗങ്ങൾ കണ്ടുപിടിക്കുകയാണ്. കോവിഡ് പ്രതിസന്ധി മാധ്യമങ്ങളെ, പ്രത്യേകിച്ച് അച്ചടി മാധ്യമങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനും പെട്ടെന്ന് പരിഹാരമുണ്ടാവുമെന്ന് തോന്നുന്നില്ല.
കോവിഡ് പ്രതിസന്ധി ഡിജിറ്റൽ സങ്കേതങ്ങൾക്ക് അതിവേഗം അതിശയകരമായ ഡിമാന്‍റ് ഉണ്ടാക്കുന്നുണ്ട്. ഈ കാലത്ത് അച്ചടി മാധ്യമങ്ങൾ പൊതുവെ, ഓൺലൈൻ രംഗത്തേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഓൺലൈൻ മാധ്യമങ്ങൾക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് കേരളം.
സ്മാർട്ട് ഫോൺ, ഇൻറർനെറ്റ് ഉപയോഗത്തിൽ ഇന്ത്യയിൽ തന്നെ കേരളീയരാണ് വളരെ മുന്നിൽ. ഇപ്പോൾ തന്നെ കേരളത്തിൽ വിദ്യാർഥികളും ചെറുപ്പക്കാരും വാർത്തകൾക്ക് ഓൺലൈൻ മാധ്യമങ്ങളിലേക്കും സോഷ്യൽ മീഡിയയിലേക്കും മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ, കേരളത്തിലാണ് ഓൺലൈൻ മാധ്യമങ്ങൾക്ക് കൂടുതൽ പ്രസക്തി.
അച്ചടി മാധ്യമങ്ങളുടെ എണ്ണം വളരെ കുറവാണ്. നിലവിലുള്ള അച്ചടി മാധ്യമങ്ങൾ നടത്തുന്ന ഓൺലൈൻ മാധ്യമങ്ങളേക്കാൾ എത്രയോ അധികം ഓൺലൈൻ മാധ്യമങ്ങൾ കേരളത്തിലുണ്ട്. ഓരോ ദിവസവും പുതുതായി ഓൺലൈൻ മാധ്യമങ്ങൾ പിറക്കുന്നു.
കേരളത്തിലെ അച്ചടി മാധ്യമ വായനക്കാർക്കിടയിൽ വളരെയേറെ സ്വീകാര്യതയുള്ള 'മാധ്യമം' ദിനപത്രവും ഓൺലൈനിന് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് സ്വാഗതാർഹമാണ്. എനിക്ക് ഒരഭ്യർഥന മാത്രമേയുള്ളൂ. വ്യാജ വാർത്തകളും പ്ലാന്‍റ് ചെയ്യുന്ന വാർത്തകളും അച്ചടി മാധ്യമങ്ങളിൽ കാണാനുണ്ട്. അതുപക്ഷേ, വളരെ കുറവാണ്.
അച്ചടി മാധ്യമ രംഗത്തുള്ളതിന്റെ പതിന്മടങ്ങ് വ്യാജ വാർത്തകൾ ഓൺലൈൻ മാധ്യമ രംഗത്ത് പ്രചരിക്കുന്നുണ്ട്. പ്രചാരത്തിനു വേണ്ടി ആ പ്രലോഭനത്തിൽ പെടാതെ വിശ്വാസ്യത നിലനിർത്തി കേരളീയർ ശ്രദ്ധിക്കുന്ന പ്രധാനപ്പെട്ട ഓൺലൈൻ മാധ്യമമായി പടർന്നു പന്തലിക്കാൻ 'മാധ്യമ'ത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
-എ.കെ ആൻറണി (മുൻ പ്രതിരോധ മന്ത്രി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.