അമേരിക്കൻ ചരിത്രത്തിെൻറ അന്ത്യം അമേരിക്കയിൽ നിന്നു തന്നെ
text_fieldsഅമേരിക്ക എന്ന വലിയ പരീക്ഷണം പരാജയപ്പെട്ടോ? നാം ഒരു പുതിയ ലോകക്രമത്തിെൻറ വക്കിലാണോ?
അമേരിക്കൻ നയതന്ത്രജ്ഞനായിരുന്ന ഫ്രാൻസിസ് ഫുകുയാമ ചരിത്രം അവസാനിച്ചു എന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്നല്ലോ. ലോകരാജ്യങ്ങളുടെ നേതാവായി അമേരിക്കയെ അവരോധിക്കുകയും ചെയ്തു. എന്നാൽ ഈ ബഡായി പ്രഖ്യാപനത്തിലൂടെ അമേരിക്കയുടെ അന്ത്യം കൂടി ഇദ്ദേഹം അറിയാതെ പ്രഖ്യാപിക്കുകയായിരുന്നോ?
ഡോണൾഡ് ട്രംപിെൻറ നേതൃത്വത്തിൽ അമേരിക്ക ദുരന്തങ്ങളിൽ നിന്ന് ദുരന്തങ്ങളിലേക്ക് നീങ്ങുന്നത് കണ്ടതോടെ, അമേരിക്കൻ സമഗ്രാധിപത്യത്തിെൻറ അന്ത്യം ഏകദേശം ഉറപ്പിച്ച മട്ടിലാണ് പലരും. അമേരിക്കൻ സാമ്രാജ്യത്വത്തിെൻറ പതനത്തിൽ പല യൂറോപ്യൻ രാജ്യങ്ങളും ആശങ്കാകുലരാണ്. എന്നാൽ, ലോകത്തിലെ മറ്റു പലയിടങ്ങളിലും ഉയരുന്ന പ്രതികരണങ്ങൾ, പുതിയ സംഭവവികാസങ്ങളിൽ അവർക്കുള്ള ജിജ്ഞാസ വെളിവാക്കുന്നതാണ്.
അമേരിക്കൻ അഹങ്കാരത്തിെൻറ പ്രതീകങ്ങളായി സ്ഥാപിച്ച സൈനിക കേന്ദ്രങ്ങളും, മൂന്നാം ലോക രാജ്യങ്ങൾക്കുനേരെ അഴിച്ചുവിട്ട അതിക്രമങ്ങളും മാറ്റി നിർത്തിയാൽ , ലോക രാജ്യങ്ങളുടെ നേതാവ് എന്ന പട്ടം കെട്ടുവാൻ ഇവർ എന്താണ് ചെയ്തത് എന്ന ന്യായമായ ചോദ്യം ഉയരുന്നുണ്ട്. തുടങ്ങിയിട്ടു വേണ്ടേ അന്ത്യം കുറിക്കാൻ എന്നു നീരിക്ഷിക്കുന്നവരും കുറവല്ല.
പ്രശസ്ത അമേരിക്കൻ ചരിത്രകാരനായ ആൻഡ്രൂ ബാസെവിച്ച് 'സാമ്രാജ്യത്വത്തിെൻറ അന്ത്യം എന്ന പേരിൽ എഴുതിയ ലേഖനത്തിൽ അമേരിക്കയുടെ പതന കാരണങ്ങൾ വ്യക്തമായി വരച്ചു കാണിക്കുന്നുണ്ട്. സാമ്രാജ്യത്വവിരുദ്ധനായ ആൻഡ്രൂ ബാസെവിചിെൻറ നിരീക്ഷണങ്ങൾ ശരിയാെണന്ന് തെളിയിക്കുന്നതാണ് ദാരിദ്യ്രത്തിനും വംശീയ വെറിക്കുമെതിരെ അമേരിക്കൻ തെരുവുകളിൽ ഉയരുന്ന പ്രതിഷേധങ്ങൾ.
'യു.എസ് ആധിപത്യത്തിെൻറ യുഗം അവസാനിച്ചിരിക്കുന്നു. ഇനി അമേരിക്കക്കാർക്ക് തങ്ങളുടെ ലോക വാഴ്ചയുടെ മിഥ്യാ കഥകളിൽ വിരാജിക്കുവാൻ ആവില്ല. ഇക്കാലമത്രയും ഒരു വൻശക്തി എന്ന അഹങ്കാരത്തിൽ ലോകത്തെ നന്നാക്കുവാൻ തുനിഞ്ഞിറങ്ങിയപ്പോൾ, സ്വന്തം നാട്ടിൽ വംശീയ അതിക്രമങ്ങൾ, അസമത്വങ്ങൾ, സാധാരണക്കാരുടെ കഷ്ടപ്പാടുകൾ എന്നിവയെല്ലാം അസഹനീയമാം വിധം വളർന്നു പന്തലിച്ചു' - ബാസെവിച്ച് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്.
ഈ വസ്തുതകൾ മുന്നിൽ വെക്കുമ്പോൾ ഉയരുന്ന ചോദ്യം, യഥാർഥത്തിൽ അമേരിക്ക എപ്പോഴെങ്കിലും ലോകരാജ്യങ്ങളുടെ നേതൃത്വത്തിലേക്ക് ഉയർന്നിരുന്നോ എന്നാണ്. വെറുമൊരു തെമ്മാടി രാഷ്ട്രം മാത്രയിരുന്നോ ഇവർ? അനേകം മുറിവുകൾ ഏറ്റ ഭൂമിയുടെ പാലകർ ആകുവാൻ എന്ത് ധാർമിക അവകാശമാണ് ഇവർക്കുള്ളത്? -ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്.
ഫുകുയാമയുടെ അസംബന്ധ പ്രവചനവും, ബാസെവിച്ചിെൻറ ശക്തമായ ഉൾക്കാഴ്ചകളും മുന്നിലിരിക്കെ, എങ്ങനെയായിരുന്നു ഇന്ന് നമ്മൾ കാണുന്ന അമേരിക്കയുടെ തുടക്കം എന്നും ഇനി ഏതു ദിശയിലേക്കാണ് ആ രാജ്യം ഗമിക്കുക എന്നും നമുക്ക് പരിക്കാം
അമേരിക്കയുടെ നൂറ്റാണ്ട്, എന്ത് സംഭവിച്ചു?
തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ , അമേരിക്ക എന്ന പരീക്ഷണം പരാജയത്തിലേക്കു തന്നെയാണ് നീങ്ങുന്നത്. ആ രാജ്യത്തിെൻറ ഇരുണ്ട ചരിത്രം പരിശോധിച്ചാൽ പരാജയം അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല എന്നതാണ് വസ്തുത. തദ്ദേശീയർക്കെതിരായ വംശഹത്യയിലൂടെയാണല്ലോ അമേരിക്കയുടെ തുടക്കം. തുടർന്ന്, ലക്ഷക്കണക്കിന് ആഫ്രിക്കക്കാരെ ക്രൂരമായ അടിമത്തത്തിലേക്ക് തള്ളിവിട്ടു കൊണ്ട് ഈ ചൂഷണ വ്യവസ്ഥയെ നിലനിർത്തി. ലോകത്ത് വിവിധ ഭാഗങ്ങളിൽ നിന്നും അമേരിക്കയുടെ തീരങ്ങളിൽ എത്തി പണിയെടുത്തു കഷ്ടപ്പെട്ട കുടിയേറ്റക്കാർക്കു നേരെയും വംശീയമായ അതിക്രമങ്ങൾ അഴിച്ചു വിട്ടു. ഒരു കൂട്ടം വർണവെറിയൻമാരുടെ മേധാവിത്വം ഉറപ്പിക്കുവാനും, അതിസമ്പന്നരാകുവാനും അവരുടെ വംശപരമ്പരകളുടെ സുഖലോലുപത ഉറപ്പിക്കുവാനുമായിരുന്നു ഈ അന്യായങ്ങൾ അഴിച്ചു വിട്ടത്. ചരിത്രത്തിെൻറ കാവ്യനീതി ഈ കൊടും പാതകങ്ങളെ ചോദ്യം ചെയ്യാതെ വിടില്ല.
അമേരിക്ക പരാജയപ്പെടുന്നു എന്നത് പുതിയ ആശയമോ കണ്ടുപിടുത്തമോ അല്ല. ട്രംപ് നേതൃസ്ഥാനത്ത് എത്തിയതോടെ യു.എസിെൻറ പതനം ലോകരാജ്യങ്ങളുടെ മുന്നിൽ കൂടുതൽ വെളിവായി എന്ന് മാത്രം. അദ്ദേഹം ഭരണത്തിൽ എത്തുന്നതിനു വളരെ മുൻപ് തന്നെ ഈ രാജ്യത്തെ രൂപപ്പെടുത്തുകയും നിർവചിക്കുകയും ചെയ്യുന്ന അനേകം ഇരുണ്ട ശക്തികൾ ലോകത്തിനു മുന്നിൽ വെളിവായതാണ്. വർഗീയവും വംശീയവുമായ വിഷം ചീറ്റുന്ന ട്രംപിെൻറ വാക്കുകളോട് അനുകൂലമായി പ്രതികരിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളുണ്ട് അമേരിക്കയിൽ. മഹാ നാശകാരിയായ ഈ വംശീയ വിദ്വേഷം അമേരിക്കയിൽ നൂറ്റാണ്ടുകൾ മുൻപ് എത്തിച്ചേർന്നതാണ്. വർണവെറിയൻമാരായ കൊളോണിയൽ യൂറോപ്യന്മാർ ഈ നാട്ടിലെത്തിച്ച നാനാവിധ മാരക അസുഖങ്ങളിൽ ഒന്നുമാത്രമായിരുന്നു വംശീയത.
ഓരോ രാജ്യങ്ങളിലും അവരുടെ സാഹചര്യങ്ങൾക്കനുസൃതമായ രാഷ്ട്രീയ രോഗങ്ങൾ രൂപപ്പെടാറുണ്ട് . ഈജിപ്തിൽ ഈ രോഗത്തെ 'സിസി' എന്ന് പറയാം. റഷ്യയിൽ ആണെങ്കിൽ 'പുടിൻ', ചൈനയിൽ 'സി ജിൻപിൻ', ഇന്ത്യയിൽ 'മോഡി'യും ബ്രസീലിൽ 'ബോൾസോണാറോ'യും ആണ് രോഗങ്ങൾ. മ്യാന്മാർ എത്തുമ്പോൾ 'ആങ് സാങ് സൂചി', ഇറാനിൽ 'ഖാംനാഈ'യും സിറിയയിൽ ആകട്ടെ 'അസദും'. എന്നാൽ മഹാ ശക്തിയായ അമേരിക്കയിൽ എത്തുമ്പോൾ, അവിടെ നിലനിൽക്കുന്ന സാമ്രാജ്യത്വ ചൂഷണ വ്യവസ്ഥിതിയും, നിലം തൊടാത്ത അഹങ്കാരവും ഈ രാജ്യത്തെ ഒരു വലിയ ശൂന്യതയിലേക്കും, വിഘടനത്തിലേക്കും എത്തിച്ചിരിക്കുന്നു എന്ന് കാണാം.
അമേരിക്കയുടെ കാലം കഴിഞ്ഞിരിക്കുന്നു എന്ന തുറന്ന ചർച്ചകൾ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരിക്കുന്നു. 2009 ൽ ഡേവിഡ് മെയ്സൺ എഴുതിയ 'the end of American Century' എന്ന പുസ്തകം ഇതിന് ഉദാഹരണമാണ്. രണ്ടാം ലോക യുദ്ധത്തിനുശേഷം അമേരിക്കയിൽ രൂപപ്പെട്ട വിവിധ ഘടകങ്ങൾ എങ്ങനെ ആ രാജ്യത്തിെൻറ അധപതനത്തിന് കാരണമാകുന്നു എന്ന് വിലയിരുത്തുന്നുണ്ട് ഈ കൃതി. മാധ്യമപ്രവർത്തകനായ ജോർജ് പാക്കർ ഇതേ തലക്കെട്ടിൽ 2019 ൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. പാക്കർ അഭിപ്രായപ്പെടുന്നത്, അമേരിക്കൻ നയതന്ത്രജ്ഞൻ ആയിരുന്ന റിച്ചാർഡ് ഹോൾബ്രോക്കിെൻറ കാലശേഷം (2010 ന് ശേഷം) ആ രാജ്യം തകർന്നടിയുകയായിരുന്നുവെന്നാണ് മാധ്യമപ്രവർത്തകനായ ജോർജ് പാക്കർ അഭിപ്രായപ്പെടുന്നത്. 2019 ൽ ഒരു ലേഖനത്തിലുടെയാണ് പാക്കർ ഈ നിരീക്ഷണം നടത്തുന്നത്.
പരിഹാസ്യമായ അവകാശവാദങ്ങൾ
യു.എസ് രാഷ്ട്രീയത്തിലും ഭരണസിരാ കേന്ദ്രങ്ങളിലും വലിയ സ്വാധീനമുള്ള സാമ്രാജ്യത്വ വാദികൾ, തങ്ങളുടെ മിഥ്യ ഭ്രമങ്ങളിലും പലവിധ വ്യാമോഹങ്ങളിലും ഇപ്പോഴും വിഹരിക്കുകയാണ്. 1990-കളുടെ അവസാനത്തിൽ വാഷിങ്ടൺ ഡി.സി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച നവയാഥാസ്ഥിതിക സംഘടന ആണ്, പി.എൻ.എ.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 'പ്രൊജക്റ്റ് ഫോർ ന്യൂ അമേരിക്കൻ സെഞ്ചുറി'. പി.എൻ.എ.സി അമേരിക്കയുടെ ആഗോള നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു. നവ യാഥാസ്ഥിതിക, നവ ലിബറൽ പദ്ധതികൾ ആഗോള സമൂഹം സ്വീകരിച്ചതായും അവ വിജയം കൈവരിച്ചതായും പി.എൻ.എ.സി പ്രഖ്യാപിച്ചു. പി.എൻ.എ.സ യെ നയിച്ച വില്യം ക്രിസ്റ്റോൾ, റോബർട്ട് കെഗൻ പോലുള്ളവരുടെ പ്രഖ്യാപനങ്ങൾ വർഷങ്ങൾക്കിപ്പുറം പരിശോധിക്കുേമ്പാൾ അങ്ങേയറ്റം പരിഹാസ്യമായാണ് ഇപ്പോൾ തോന്നുന്നത്.
നവ യാഥാസ്ഥിതികരായ ഇവരിൽ ഭൂരിഭാഗവും കടുത്ത സയണിസ്റ്റ് അനുകൂലികൾ ആണ്. ഇസ്രായേലിെൻറ വിഷലിപ്തമായ കൊളോണിയൽ താൽപര്യങ്ങളെ അമേരിക്കയുടെ വിദേശ നയമായി പ്രഖ്യാപിക്കുകയും അതിനെ "ഒരു പുതിയ അമേരിക്കൻ നൂറ്റാണ്ടിെൻറ കാഴ്ചപ്പാട്" എന്ന് വിളിക്കുകയും ചെയ്തു. അമേരിക്കയെ ലോക രാജ്യങ്ങളുടെ നേതാവായി അവരോധിക്കേണ്ടത് തങ്ങളുടെ പരിശുദ്ധമായ ദൗത്യമാണെന്ന് ജോർജ് ബുഷിനേയും ഡിക്ക് ചെനിയെയും ഇവർ വിശ്വസിപ്പിച്ചു . ഈ ഭ്രാന്തൻ വിശ്വാസം ഇറാക്ക് എന്ന രാജ്യത്തിെൻറ സമ്പൂർണ നാശത്തിൽ കലാശിച്ചതിന് ലോകം സാക്ഷിയാവുകയും ചെയ്തു.
തിരിച്ചറിയുന്നുണ്ട്, ചിലരൊക്കെ
രാജ്യം എത്തിച്ചേർന്നിരിക്കുന്ന പരിതാപകരമായ അവസ്ഥയെക്കുറിച്ചോർത്ത് വിലപിക്കുന്ന ധാരാളം ബുദ്ധിജീവികളും ചിന്തകന്മാരും അമേരിക്കയിലുണ്ട്. മാർട്ടിൻ കാപ്പിലാൻ 2017ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അദ്ദേഹം എഴുതിയത്, മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുക എന്ന ചരിത്രപരമായ ദൗത്യത്തിൽ നിന്നും അമേരിക്ക പിൻമാറിയിരിക്കുന്നുവെന്നാണ്. വളരെ അപ്രതീക്ഷിതവും നിരാശാജനകവുമായ ഈ സാഹചര്യം ലോകത്തിനുമുന്നിൽ ഒരുപാടു വെല്ലുവിളികൾ ഉയർത്തിയിരിക്കുന്നു. ഇവയെ നേരിടുവാൻ നമുക്കാവണം. എന്നാൽ കാപ്പിലാൻ പറയുന്ന അമേരിക്കയുടെ ചരിത്ര ദൗത്യവും ഉൾക്കൊള്ളുവാൻ ലോകത്തിന് ആവുന്നില്ല.
അമേരിക്കയെ സ്ഥാപിച്ച തലതൊട്ടപ്പന്മാർ ലക്ഷക്കണക്കിന് ആഫ്രിക്കക്കാരെ കിരാതമായ അടിമത്ത വ്യവസ്ഥയിൽ ചവുട്ടി ഞെരിച്ചു പീഡിപ്പിച്ചവരാണ്. അവരിൽ നിന്ന് തുടങ്ങി ഇന്ന് ഈ രാജ്യത്തെ ഭരിച്ചു കൊണ്ടിരിക്കുന്ന ട്രംപിനെ പോലുള്ള മുഴുവൻ ഭരണവർഗ്ഗവും , അന്നാട്ടുകാർക്കും പുറത്തുള്ളവർക്കും ഒരു പോലെ മഹാ ശാപം ആയിരുന്നു എന്നതാണ് പച്ച പരമാർത്ഥം. അതുകൊണ്ടുതന്നെ വിനാശകരമായ അമേരിക്കയുടെ ചരിത്രം അവസാനിക്കുമ്പോൾ അതിനെക്കുറിച്ചോർത്ത് വിലപിക്കുവാൻ ഒരു ന്യായവും ഇല്ല.
അമേരിക്കൻ സാമ്രാജ്യത്തിന് ശേഷം
ഇരുപത് വർഷം മുമ്പ് അമേരിക്കൻ ഭരണവർഗവും അവിടത്തെ നവയാഥാസ്ഥിതികരും തങ്ങൾ ലോകത്തെ ഭരിക്കുമെന്ന് വീമ്പിളക്കി. എന്നാൽ ട്രംപ് ഭരണത്തിൽ കയറി മൂന്ന് വർഷം തികയുമ്പോഴേക്കും, പൊതുജനാരോഗ്യ മേഖല ദയനീയമായി പരാജയപ്പെടുകയും ദശലക്ഷക്കണക്കിന് അമേരിക്കക്കാർ മഹാമാരിക്ക് അടിപ്പെടുകയും ചെയ്തു. കൂടാതെ ഈ രാജ്യത്തിെൻറ മാനുഷികവും സാമ്പത്തികവുമുൾപ്പെടെ എല്ലാ അടിത്തറകൾക്കും ഇളക്കം തട്ടിയിരിക്കുന്നു.
കാട്ടുതീപോലെ അമേരിക്കയിൽ പടർന്നുപന്തലിച്ച പ്രതിഷേധത്തിെൻറ ശബ്ദങ്ങൾ, ഇനിയൊരിക്കലും വംശീയതയെ വച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പു നൽകിയിരിക്കുന്നു. പ്രതിഷേധങ്ങൾക്കു സാക്ഷ്യം വഹിച്ച ഒറിഗോൺ, സിയാറ്റിൽ, ഓക്ക്‌ലാൻഡ്, ചിക്കാഗോ, ന്യൂയോർക്ക് എന്നീ തെരുവുകൾ ഗ്വാട്ടിമാലയിലോ ചിലിയിലോ നടന്ന സൈനിക അട്ടിമറിയിലെ രംഗങ്ങളെയാണ് ഓർമ്മപെടുത്തിയത് . അതേസമയം ഏതു നിലക്കും ഭരണത്തിൽ കടിച്ചുതൂങ്ങണം എന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ട് അമേരിക്കയുടെ പ്രസിഡൻറ് ഒരു ഭ്രാന്തൻ രാജാവിനെ പോലെ പലതരം കൃത്രിമങ്ങളിലും ചതി പ്രയോഗങ്ങളിലും ഏർപ്പെട്ടിരിക്കുകയാണ്. ഇക്കാലമത്രയും ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക പോലെയുള്ള പിന്നോക്ക സ്ഥലങ്ങളിൽ മാത്രം കാണപ്പെട്ടിരുന്ന, ചതിപ്രയോഗങ്ങൾ എന്ന് ഓരോ അമേരിക്കകാെരയും പറഞ്ഞു വിശ്വസിപ്പിച്ച അതെ നികൃഷ്ട ചെയ്തികളാണ് തങ്ങളുടെ സ്വന്തം നാട്ടിൽ ഇവർ കാണുന്നത്.
ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ അവഗണിച്ചുകൊണ്ട് അമേരിക്ക ചെയ്തുകൂട്ടിയ ക്രൂരതകൾ, അതിക്രമങ്ങൾ, സൈനിക നടപടികൾ തുടങ്ങിയവയെല്ലാം ഇപ്പോൾ അമേരിക്കയെ തന്നെ ബൂമറാങ്ങ് പോലെ തിരിച്ചടിച്ചിരിക്കുകയണ്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജയിക്കാനായി ട്രംപും അയാളുടെ അനുയായികളും ചെയ്യുന്നത്, മുമ്പ് സിറിയയിലും ഈജിപ്തിലും ഇറാനിലും എല്ലാം നടന്ന തെരഞ്ഞെടുപ്പ് നാടകത്തെ പുനരാവിഷ്കരിക്കലാണ്.
അമേരിക്കക്ക് പാപമോചനം ലഭിക്കണമെങ്കിൽ, വംശീയ അതിക്രമങ്ങൾ നിറഞ്ഞ ഈ രാജ്യത്തിെൻറ ഇരുണ്ട ചരിത്രം തിരിച്ചറിയേണ്ടതുണ്ട്. കൂടാതെ വംശവെറിയെ പ്രോത്സാഹിപ്പിക്കുന്ന ഭരണസംവിധാനത്തെ പരിപൂർണമായും ഉടച്ചുവാർക്കേണ്ടതുമാണ്. ഇന്ന് അമേരിക്കയുടെ തീരങ്ങൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ലക്ഷ്യവും ഇതു തന്നെയാണ്. നഷ്ടപ്പെട്ടുപോയ മൂല്യങ്ങളെ തിരിച്ചു പിടിച്ച് ഒരു പുതിയ റിപ്പബ്ലിക്കിനെ പുനരവരോധിക്കുക എന്ന ലക്ഷ്യം.
മൊഴിമാറ്റം: ടി.എസ്. സാജിദ്
കടപ്പാട്: www.aljazeera.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.