ഇന്ത്യ മാറാൻ ഗാന്ധിമാർ മാറിനിൽക്കെട്ട
text_fieldsഗാന്ധി കുടുംബത്തിൽ ഉടക്കിനിൽക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സ്വത്വപ്രതിസന്ധിയെക്കുറിച്ച് ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ രാമചന്ദ്ര ഗുഹ പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറോട് നടത്തുന്ന തുറന്നുപറച്ചിൽ. 'ദ വയർ' പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ.
താങ്കൾ കഴിഞ്ഞയാഴ്ച എഴുതിയ ലേഖനത്തിൽ പറയുന്നു, പാർട്ടിയുടെയും രാജ്യത്തിെൻറയും താൽപര്യം മുൻനിർത്തി ഗാന്ധിമാർ മാറിനിൽക്കണമെന്ന്. കോൺഗ്രസ് നേതൃത്വത്തിൽനിന്നു മാത്രമല്ല, പാർട്ടിയിൽ നിന്നുതന്നെ പൂർണമായി മാറണമെന്നാണ് പറഞ്ഞത്. അത് ഇത്തിരി കടന്നുപോയില്ലേ.
അത് എെൻറ ആവശ്യമല്ല, അങ്ങനെ ആവശ്യപ്പെടാൻ ഞാൻ കോൺഗ്രസ് അംഗമല്ലല്ലോ. പക്ഷേ, പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാകണമെങ്കിൽ അവർ മാറിയേ തീരൂ. ഇപ്പോഴിതാ കേരളത്തിൽ യു.ഡി.എഫിന് അടിപതറുന്ന വാർത്തകൾ വരുന്നു, ബി.ജെ.പിയോട് പോലും തോൽക്കുന്നു. തെലങ്കാനയിൽ സംഭവിച്ചതറിയില്ലേ, ഏതാനും കൊല്ലം മുമ്പ് സമ്പൂർണ നിയന്ത്രണത്തിലായിരുന്ന ആ സംസ്ഥാനത്തുനിന്ന് അവരിപ്പോൾ പൂർണമായി തുടച്ചുനീക്കപ്പെട്ടിരിക്കുന്നു.
എനിക്ക് രാജ്യത്തിെൻറ കാര്യത്തിൽ ആശങ്കയുണ്ട്. നരേന്ദ്ര മോദിയുടെയും സർക്കാറിെൻറയും നേതൃത്വത്തിൽ രാജ്യം നീങ്ങുന്ന ദിശയെക്കുറിച്ച് അത്യന്തം ഉത്കണ്ഠയുണ്ട്. സമഗ്രാധിപത്യത്തോടെ, വിഭാഗീയമായി നീങ്ങുന്ന കഴിവുകെട്ട സർക്കാറാണിത്. തിരുത്താൻ കഴിവുള്ള, വിശ്വാസ്യതയുള്ളൊരു പ്രതിപക്ഷമിെല്ലങ്കിൽ കൂടുതൽ കരുതലും ഏവരെയും ഉൾക്കൊള്ളുന്നതുമായ നല്ല രീതിയിലുള്ള ഒരു സർക്കാർ സാധ്യമാവില്ല. ഈ ഗാന്ധിമാരുടെ കീഴിലുള്ള കോൺഗ്രസിന് അത്തരമൊരു കാമ്പുള്ള പ്രതിപക്ഷമാവാൻ ശേഷിയില്ലെന്നു വ്യക്തം.
ആ ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാട്ടിയതുപോലെ മോദി, ഷാ, നഡ്ഡ എന്നിവരാണ് ഒരുഭാഗത്ത്. മറുവശത്ത് ഗാന്ധിയും ഗാന്ധിയും ഗാന്ധിയും മാത്രം. ഗാന്ധിമാർ ചെയ്യുന്നതെല്ലാം ശരിയെന്നു പറയുന്ന ഒരു വലയമുണ്ട് ഡൽഹിയിൽ, കുറച്ച് പത്രക്കാരുമുണ്ട് അക്കൂട്ടത്തിൽ. അഞ്ചാം തലമുറയിലെ പിന്മുറക്കാരനെക്കുറിച്ച് സാധാരണക്കാരായ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നുപോലും അറിയാത്തവർ. അത്തരമൊരു മത്സരത്തിൽ മോദിക്ക് എളുപ്പത്തിൽ വിജയം കൈപ്പിടിയിലൊതുക്കാനാവും. നമ്മുടെ രാജ്യമാവട്ടെ, സാമ്പത്തികമായും സാമൂഹികമായും കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ലോകത്തിനു മുന്നിലെ നമ്മുടെ എല്ലാ നല്ലപേരും നഷ്ടമായിക്കൊണ്ടിരിക്കുന്നു.
? താങ്കൾ പറയുന്നു ഈ ഗാന്ധിമാർക്ക് സ്ഥിരമായ ഒരു ചിന്താഗതി പോലുമില്ലെന്ന്. 'സോണിയയും രാഹുലും ഒരു ദിവസം മതേതരത്വത്തിെൻറ പരമാചാര്യന്മാരായി ചമയും, പിറ്റേന്നാൾ മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കും. തങ്ങളുടെ പഴയ സർക്കാറുകൾ കൊണ്ടുവന്ന സ്വതന്ത്ര കേമ്പാള പരിഷ്കാരങ്ങളെക്കുറിച്ച് ഒരുനാൾ ഊറ്റംകൊള്ളും, പിന്നെക്കാണാം സംരംഭകരെ പുച്ഛിച്ച് പോസ്റ്റുകളിടുന്നു.' അവർ എവിടെയാണ് നിലകൊള്ളുന്നതെന്ന് അവർക്ക് ഒരു ധാരണയുമില്ലെന്നാണോ കരുതുന്നത്.
അവർ ആകെ ആലോചിക്കുന്നത് പാർട്ടിയിലെ ആധിപത്യം നിലനിർത്തുന്നതിനെക്കുറിച്ച് മാത്രമാണെന്നു തോന്നുന്നു. രാഹുലിനും പ്രിയങ്കക്കും അതല്ലാത്തതൊന്നും അറിയാനും വഴിയില്ല. മുതിർന്ന ശേഷം അവർ കാണുന്നതു മുഴുവൻ അച്ഛനോ അമ്മയോ കോൺഗ്രസ് പാർട്ടിയെ നിയന്ത്രിച്ചു നിർത്തുന്നതാണ്. സോണിയയിലാവട്ടെ, കുടുംബാരാധന രൂഢമൂലമാണ്. കോൺഗ്രസ് ഭരണത്തിലിരിക്കെ എന്തിനുമേതിനും രാജീവിെൻറയോ ഇന്ദിരയുടെയോ നെഹ്റുവിെൻറയോ പേരു നൽകിയിരുന്നത് അതുകൊണ്ടാണ്. തീർച്ചയായും അവർക്ക് യുക്തിസഹമായ ഒരു ചിന്താഗതി ഇല്ല തന്നെ.
നാം മതേതരത്വത്തെയും ഹിന്ദുത്വത്തിനെതിരായ പോരാട്ടത്തെയും സംബന്ധിച്ചാണല്ലോ സംസാരിക്കുന്നത്. നോക്കൂ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപൂർണമായി പ്രതിഷേധിച്ച ജാമിഅ വിദ്യാർഥികൾക്കെതിരെ നിഷ്ഠുര വേട്ട നടന്നതിെൻറ ഒന്നാം വാർഷികമാണിപ്പോൾ. ജാമിഅയിലെ വിദ്യാർഥികൾക്കെതിരായ അതിക്രമം രാജ്യത്താകമാനം പ്രതിഷേധത്തിന് തിരിതെളിച്ചു. ആ പ്രതിഷേധങ്ങളിൽ അഭിമാനപൂർവം പങ്കുചേർന്ന എന്നെയും പൊലീസ് പിടിച്ചുകൊണ്ടുപോയിരുന്നു. ഞങ്ങളെ പിടിച്ചിട്ട തടവുപാളയത്തിൽ സമൂഹത്തിെൻറ എല്ലാ തുറയിലും പെട്ടവരുണ്ടായിരുന്നു-യുവജനങ്ങൾ, വയോധികർ, സ്ത്രീകൾ, പുരുഷന്മാർ, തൊഴിലാളി പ്രവർത്തകർ, അഭിഭാഷകർ അങ്ങനെ... പക്ഷേ, പേരിനുപോലും ഒരു കോൺഗ്രസുകാരനെ അവിടെ കാണാനായില്ല. അത്ര ജനകീയമായ ഒരു പോരാട്ടത്തിൽപോലും കോൺഗ്രസ് ഉണ്ടായിരുന്നില്ല.
കോൺഗ്രസിെൻറ വിശ്വാസ്യത പൊയ്പ്പോയിരിക്കുന്നു, എത്രമാത്രമെന്നുവെച്ചാൽ പ്രക്ഷോഭം നടത്തുന്ന കർഷകർ 'ഞങ്ങളുടെ വിഷയത്തിൽ ഇടപെട്ട് നശിപ്പിക്കരുത്' എന്ന് കോൺഗ്രസ് നേതാക്കളോട് തുറന്നുപറയുന്ന സ്ഥിതി വരെയെത്തി. 'മോദി സർക്കാർ ഏകപക്ഷീയമായി നടപ്പാക്കുന്ന കാർഷിക നിയമങ്ങൾക്കെതിരെ പൊരുതാൻ സാമ്പത്തികവും നൈതികവുമായ കാരണങ്ങളുണ്ട് ഞങ്ങൾക്ക്. പക്ഷേ, നിങ്ങൾ ഒപ്പം ചേർന്നാൽ പേരുകെട്ടൊരു പാർട്ടിയുടെ പിണിയാളുകളായാവും ഞങ്ങൾ വിലയിരുത്തപ്പെടുക' എന്നാണ് അവർ പറഞ്ഞത്.
ജനകീയ മുന്നേറ്റങ്ങൾക്ക് കോൺഗ്രസിനെ ഒപ്പം വേണ്ട. ഒന്നുകിൽ സി.എ.എ വിരുദ്ധ പോരാട്ടത്തിൽ ചെയ്തതുപോലെ കോൺഗ്രസ് മാറിനിൽക്കുന്നു, അല്ലെങ്കിൽ കർഷക പ്രക്ഷോഭത്തിൽ സംഭവിക്കുന്നതുപോലെ സമരക്കാർ അവരെ മാറ്റിനിർത്തുന്നു. കോൺഗ്രസ് എത്തിപ്പെട്ട ദുരവസ്ഥ വ്യക്തമാവാൻ ഇതിലേറെ എന്തുവേണം? അവസാനമായി ഒരു കാര്യംകൂടി, കോൺഗ്രസിെൻറ സഖ്യകക്ഷികൾ അവരെ വിലയിരുത്തുന്നതെങ്ങനെയാണ്? ആർ.ജെ.ഡിയുടെ ശിവാനന്ദ് തിവാരി പറഞ്ഞത് ഗാന്ധി കുടുംബം മോദിയെയും ഷായെയും സഹായിക്കുകയാണെന്നല്ലേ? ശരദ് പവാർ പറയുന്നു, രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന്. കഴിവില്ലാത്തവനും ചെയ്യുന്നതെന്തെന്ന് അറിയാത്തവനുമാണെന്ന് ഏറ്റവും മയപ്പെടുത്തിപ്പറഞ്ഞതാണ് അദ്ദേഹം. ഇതെല്ലാം ഗാന്ധി കുടുംബത്തോട് എന്തെങ്കിലും പ്രശ്നമുള്ളതു കൊണ്ട് പറയുന്നതല്ല, മറിച്ച് രാജ്യത്തെക്കുറിച്ചുള്ള ആകുലതകൊണ്ടാണ്.
ഞാൻ കോൺഗ്രസ് പാർട്ടി അംഗമല്ല. കോൺഗ്രസിെൻറ ചരിത്രവും മഹാത്മ ഗാന്ധിയുടെ ജീവചരിത്രവും എഴുതിയ ആളാണ്. പണ്ട് കോൺഗ്രസും മഹാത്മ ഗാന്ധിയും എന്തെല്ലാം നന്മകൾ ഉയർത്തിപ്പിടിച്ചുവോ മോദിയും ഷായും അവരുടെ ദുഷ്ഭരണകൂടവും ചേർന്ന് അവയെയെല്ലാം മുച്ചൂടും മുടിക്കും. അൽപംകൂടി ൈവകിയാൽ ഒരു പക്ഷേ, ഈ അപകടകാരികളുടെ പിടിയിൽനിന്ന് നമ്മുടെ ഭരണഘടന റിപ്പബ്ലിക്കിെൻറ അവശിഷ്ടങ്ങൾപോലും രക്ഷിച്ചെടുക്കാൻ കഴിയാത്ത സ്ഥിതി വന്നുപെട്ടേക്കും.
? ലേഖനത്തിൽ താങ്കൾ ചൂണ്ടിക്കാട്ടുന്നത് ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ രാഹുൽ ഗാന്ധി ഹിമാചലിലേക്ക് അവധി ആഘോഷിക്കാൻ പോയെന്നാണ്. താങ്കളുടെ കണ്ണിൽ രാഹുലിന് ഒട്ടും സമർപ്പണബുദ്ധിയില്ല. അദ്ദേഹത്തിന് സ്ഥിരോത്സാഹവുമില്ലേ?
തീർച്ചയായും. സോണിയ ഗാന്ധിക്ക് കരുത്തോടെ നയിക്കാൻ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അവർക്ക് പ്രായമായി. ഇനി സോണിയ മുന്നിൽനിന്ന് നയിക്കുന്ന കാര്യം പ്രതീക്ഷിക്കുകകൂടി വേണ്ട. ബിഹാറിെല കഥ ഞാൻ പറഞ്ഞു. അതു പോകട്ടെ, നമുക്ക് ഈ വർഷാദ്യം ഒരു സാവകാശവും നൽകാതെ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ അതിഭീകരമായ ലോക്ഡൗൺ കാലത്തേക്ക് വരാം. താങ്കളുടെ പരിപാടിയിൽ തന്നെ പ്രശാന്ത് കിഷോർ പറഞ്ഞത് ഓർക്കുന്നുണ്ടാവും. ആ ലോക്ഡൗൺ സമയം ഒരു പ്രതിപക്ഷ നേതാവിന് ആട്ടിപ്പായിക്കപ്പെട്ട കുടിയേറ്റത്തൊഴിലാളികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒപ്പം നടക്കാനുള്ള ഏറ്റവും യുക്തവും നിർണായകവുമായ സമയമായിരുന്നു. രാഹുൽ എന്തു ചെയ്തു? ഇടക്ക് വന്ന് ഒപ്പം നിന്നൊരു ഫോട്ടോ എടുത്തു, അൽപനിമിഷംകൊണ്ട് എവിടേക്കോ അപ്രത്യക്ഷമാവുകയും ചെയ്തു. അദ്ദേഹമാകെ ട്വിറ്ററിൽ സജീവമാണ്. അതാണെന്നു തോന്നുന്നു അദ്ദേഹത്തിന് പ്രിയങ്കരമായ രാഷ്ട്രീയ മേഖല. രാഷ്ട്രീയക്കാർ അങ്ങനെയായാൽ പോര, അവർ കഠിനാധ്വാനം ചെയ്തേ മതിയാവൂ.
ബിഹാറിൽ കഷ്ടിച്ച് ജയിച്ചുകയറിയ ശേഷം എൻ.ഡി.എയുടെ അധ്യക്ഷൻ പറഞ്ഞതെന്താണെന്നോ? 'ബി.ജെ.പി ദുർബലമായ ഇടങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഞാൻ നൂറുദിവസം ചെലവിടാൻ പോകുന്നു' എന്ന്. അതായത് തെരഞ്ഞെടുപ്പ് കഴിഞ്ഞു, ജയിെച്ചന്നു പറഞ്ഞ് അദ്ദേഹം ഭരണത്തണലിലിരുന്ന് വിശ്രമിക്കുകയല്ല. ഗാന്ധിമാരുടെ കാര്യം വിടാം. മോദിയും ഷായും മൂന്നാം തവണയും വിജയിെച്ചന്നു വരുകിൽ എന്തു സംഭവിക്കും? മുസ്ലിംകളെ അപമാനിതരാക്കി ചാപ്പയടിക്കുന്നതും അതികെടുകാര്യസ്ഥതയോടെ സമ്പദ്വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതും ഓർത്തുനോക്കൂ. ലോകത്തിനു മുന്നിൽ തകർന്നടിഞ്ഞ രാജ്യത്തിെൻറ സൽപേരിനെക്കുറിച്ചാലോചിക്കൂ.
പത്തു വർഷം മുമ്പ് ഇന്ത്യയെന്നാൽ തികച്ചും തുറന്ന മനസ്സുള്ള, ബഹുസ്വരമായ സമൂഹമായിരുന്നു. ഇപ്പോഴത്തെ അവസ്ഥനമ്മൾ കാണുന്നില്ലേ? അധീശത്വവിചാരധാരക്കാരായ ഭരണകൂടം മാധ്യമങ്ങളെ ഭയപ്പെടുത്താനും ജുഡീഷ്യറിയെ മറികടക്കാനും നോക്കുന്നു. അയൽക്കാരോട് കൈയൂക്ക് കാണിക്കാനും സ്വന്തം ജനങ്ങളെ ദ്രോഹിക്കാനും മുതിരുന്നു. അതേക്കുറിച്ചാണ് എെൻറ വേവലാതി. അതുകൊണ്ടുകൂടിയാണ് നമ്മുടെ സംഭാഷണം ഗാന്ധിമാരെ ചുറ്റിപ്പറ്റിയാവുന്നത്. അവർ ഒരുപാട് തെരഞ്ഞെടുപ്പുകളിൽ നിരനിരയായി തോറ്റമ്പിയിരിക്കുന്നു. ഇനി അവർ മാറിയാൽ മാത്രമേ ഈ മർക്കടമുഷ്ടിക്കാരിൽനിന്ന് നമ്മുടെ രാജ്യത്തിെൻറ അവശേഷിപ്പിനെയെങ്കിലും രക്ഷിച്ചെടുക്കാനാവൂ.
? ഗാന്ധിമാർക്കു കീഴിലെ കോൺഗ്രസിന് മോദിയുടെയും ഷായുടെയും ബി.ജെ.പിക്ക് പകരമാകാൻ കഴിയില്ല എന്നാണോ.
അങ്ങനെയല്ല, ഗാന്ധിമാർ ഉള്ളിടത്തോളം അവർ പാർട്ടിയിലെ മറ്റുനേതാക്കൾക്കും രാജ്യവ്യാപകമായി ഉയരേണ്ട പ്രതിപക്ഷത്തിനും വിഘാതമായി തുടരും. വ്യക്തിപരമായ ദുരന്തങ്ങൾക്കിടയിലും മാറിനിൽക്കാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും കഠിനാധ്വാനം നടത്തുകയും ചെയ്ത സോണിയയോട് യു.പി.എയിലെ സഖ്യകക്ഷികൾക്ക് വലിയ ബഹുമാനമുണ്ട്. എന്നാൽ, അവരുടെ മക്കളോട് അവജ്ഞയും പുച്ഛവുമാണുള്ളത്.
പ്രാപ്തരല്ലെന്ന് നന്നായി അറിഞ്ഞിട്ടും അവർ ഇപ്പോഴും രാഷ്ട്രീയത്തിൽ തുടരുന്നതെന്തിനാണ് എന്നത് ദുരൂഹമാണ്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അവരായതു കൊണ്ടാണോ? പാർട്ടിക്കു പുറത്ത് തങ്ങൾക്കൊരു ഭാവിയുമില്ലെന്ന് അവർ കരുതുന്നുണ്ടോ? അതോ, രാഷ്ട്രീയ സ്ഥാനമാനങ്ങൾ ഇല്ലാതായാൽ കേസുകളിൽ കുരുക്കപ്പെടുമെന്ന പേടിയുണ്ടോ അവർക്ക്?
ഞാൻ കുറച്ചുമുമ്പ് മറ്റൊരു കുറിപ്പുകൂടി എഴുതിയിരുന്നു, മോദിയെയും യു.എസ് പ്രസിഡൻറ് ട്രംപിനെയും യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസനെയും പരാമർശിച്ച്. അതിൽ ഞാൻ പറഞ്ഞു, 'ട്രംപ് മോദിയെപ്പോലെത്തന്നെ അപകടകാരിയാണ്. പക്ഷേ, അവിടെ ജോ ബൈഡൻ എന്ന കരുത്തുറ്റ എതിരാളിയുണ്ട്. സുപ്രീംകോടതി എങ്ങനെയാണ് വർത്തിക്കുന്നതെന്നും അമേരിക്കൻ മാധ്യമങ്ങൾ പുലർത്തുന്ന ഉശിരും നമ്മൾ കാണുന്നതാണ്. ഡോണൾഡ് ട്രംപ് ദുഷ്ടബുദ്ധിയും നുണകളും പ്രസരിപ്പിക്കുേമ്പാഴും അതിനെതിരെ ജനങ്ങൾക്ക് വിശ്വസിച്ചേൽപിക്കാൻ ഒരാളുണ്ട്.
മൊഴിമാറ്റം: സവാദ് റഹ്മാൻ
(രണ്ടാം ഭാഗം നാളെ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.