'ഇടതിെൻറ വിദ്വേഷരാഷ്ട്രീയത്തിനെതിരെ മിന്നുന്ന ജയം നേടും'
text_fieldsവെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം നയം വ്യക്തമാക്കുന്നു
ഈ തെരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടിയുടെ അജണ്ട എന്താണ്?
സാമൂഹികനീതിയുടെ പ്രയോഗവത്കരണം സാധ്യമാക്കാന്‍ അഴിമതിമുക്ത ഭരണവും ജനപക്ഷവികസനവുമാണ് ഉണ്ടാകേണ്ടത്. ഇവ തന്നെയാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്ന പ്രധാന ആശയങ്ങള്‍. വികസനം ചൂഷണമുക്തമാകണം. മനുഷ്യരെല്ലാം സമഭാവനയോടെയും സാഹോദര്യത്തോടെയും ഫലം പങ്കിട്ടനുഭവിക്കുന്ന പ്രവര്‍ത്തനങ്ങളാകണം വികസനം. അതിെൻറ നടത്തിപ്പിലും ഓഡിറ്റിങ്ങിലും സാമൂഹികപങ്കാളിത്തം വേണം. അത് അഴിമതിമുക്തമായിരിക്കണം.
അവസരവാദരാഷ്ട്രീയമാണ് ഇരുമുന്നണികൾക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിക്കാറുണ്ട്. എന്നിട്ടും, അത്തരം മുന്നണികളുമായി നീക്കുപോക്കുണ്ടാക്കുന്നത് എന്തിനാണ്?
വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നത് ജനപക്ഷരാഷ്ട്രീയമാണ്. ഈ രാഷ്ട്രീയം എല്ലാവര്ക്കും അനുഭവിക്കാനാകുന്ന രീതിയില്‍ ആളുകളിലേക്കെത്തിക്കാന്‍ അധികാരരാഷ്ട്രീയത്തില്‍ ഇടപെടണം. നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളനുസരിച്ച് ജയിച്ചുകയറണമെങ്കിൽ മറ്റു കക്ഷികളുമായി നീക്കുപോക്ക് വേണ്ടിവരും.
വെല്‍ഫെയര്‍ പാര്‍ട്ടി മതതീവ്രവാദ സംഘടനയാണെന്ന് സി.പി.എം പരസ്യമായി പറയുന്നു. എന്താണ് ഇതിനോടുള്ള പ്രതികരണം? മുമ്പ് യു.ഡി.എഫ് നേതാക്കളും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതിനുശേഷവും നീക്കുപോക്കുണ്ടാവാറുണ്ട്.
ഇത്തരം ആരോപണങ്ങള്‍ അവരുടെ അവസരവാദ രാഷ്ട്രീയമാണ് വെളിപ്പെടുത്തുന്നത്. കാരണം, ഇപ്പോള്‍ ശക്തമായ വിമര്‍ശനങ്ങളുന്നയിക്കുന്ന ഇടതുപക്ഷവുമായും വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക് നടത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിലെ ചില തദ്ദേശസ്ഥാപനങ്ങളിലെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടിക്കൊപ്പം സി.പി.എം ഭരണം നടത്തി. ദിവസങ്ങള്‍ക്കുമുമ്പ് നടന്ന ദേശീയ പണിമുടക്കില്‍ പശ്ചിമബംഗാളിലും മറ്റും വെല്‍ഫെയര്‍ പാര്‍ട്ടിയും ഇടതുപക്ഷവും സംയുക്ത സമരസമിതിയുണ്ടാക്കി പണിമുടക്ക് വിജയത്തിന് പ്രവര്‍ത്തിച്ചു. തമിഴ്നാട്ടിലടക്കം സമരങ്ങളിലും രാഷ്ട്രീയനീക്കങ്ങളിലും പരസ്പരം പങ്കാളികളുമാണ്.
ഇടതുവിമര്ശനങ്ങളുടെ തുടക്കം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാണ്. അന്ന്, അടിസ്ഥാന രാഷ്ട്രീയസങ്കല്പങ്ങളുടെ വെളിച്ചത്തില്‍ പാർട്ടി ശക്തമായ ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി. അത് യു.ഡി.എഫിന് അനുകൂലമായി തെരഞ്ഞെടുപ്പ്ഫലത്തെ സ്വാധീനിച്ചു.
കോര്‍പറേറ്റ് ചങ്ങാത്തം, സംഘ്പരിവാര്‍ നയങ്ങളുടെ പ്രയോഗവത്കരണം, പൊലീസിെൻറ സംഘ്അനുകൂല നിലപാടുകള്‍, മുസ്ലിംവിരുദ്ധ പ്രചാരണം, ഉദ്യോഗസ്ഥ പിന്തുണയോടെയുള്ള മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണത, അഴിമതികളും മറ്റു കെടുകാര്യസ്ഥതയും തുടങ്ങി ഇടതുസർക്കാറിെൻറ ജനവിരുദ്ധനയങ്ങളെ പാർട്ടി ശക്തമായി എതിർത്തുവരുന്നു. സാമ്പത്തികസംവരണം കൊണ്ടുവന്നപ്പോള്‍ അതിനെ സവര്ണസംവരണമെന്ന് ഞങ്ങൾ ആദ്യമേ വിളിച്ചു. സംവരണത്തിലൂടെ നടക്കുന്നത് രാജ്യത്തെ സാമൂഹികഘടനയുടെ അട്ടിമറിയാണെന്ന് സൂചിപ്പിക്കുന്ന ആ പ്രയോഗം ഇടതുപക്ഷത്തെ പ്രതികൂലമായി ബാധിച്ചു.
ആവശ്യം വരുമ്പോള്‍ കൂടെ കൂട്ടുകയും അല്ലാത്തപ്പോള്‍ ശത്രുത പുലർത്തുകയും ചെയ്യുന്ന ഇരുമുന്നണികളുടെയും പതിവുരീതിയെ പറ്റി എന്താണ് പറയാനുള്ളത്?
അവസരവാദരാഷ്ട്രീയം ഉപേക്ഷിച്ച് കൃത്യമായ ജനപക്ഷ ഇടപെടൽ നടത്തി ജനാധിപത്യത്തെയും ഭരണഘടനാസ്ഥാപനങ്ങളെയും സംരക്ഷിക്കാൻ ഒന്നിച്ചുപോരാടണമെന്നാണ് അവരോട് പറയാനുള്ളത്. കേന്ദ്ര ഏജന്‍സികള്‍, സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പൊലീസ് എന്നിവയെ ഉപയോഗിച്ച് ജനാധിപത്യത്തിെൻറ ഉദ്ദേശ്യങ്ങളെ അട്ടിമറിക്കുകയാണ് ഫാഷിസ്റ്റുകള്‍.
ജനപ്രതിനിധികളെ കുതിരക്കച്ചവടത്തിലൂടെ കൂറുമാറ്റിച്ചും ചാക്കിട്ടുപിടിച്ചും ജനവിധിയെതന്നെ അവര്‍ കീഴ്മേല്‍ മറിക്കുന്നു. പൗരത്വ ബിൽപോലുള്ള നിയമങ്ങള്‍ പാസാക്കാന്‍ നിയമനിര്‍മാണസഭയെ ഉപയോഗപ്പെടുത്തിയ രീതിയും ബാബരിപോലുള്ള വിധികളില്‍ കോടതിയില്‍ സംഭവിച്ചതും ഇതിനുദാഹരണങ്ങളാണ്.
നിലവില്‍ എത്ര വാര്‍ഡുകളിലാണ് വെല്‍ഫെയര്‍ പാർട്ടി അംഗങ്ങളുള്ളത്. ഇത്തവണ എത്ര വാര്‍ഡുകളാണ് പാര്‍ട്ടി ലക്ഷ്യംവെക്കുന്നത്.
നിലവില്‍ 42 വാര്‍ഡുകളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ജനപ്രതിനിധികളുണ്ടായിരുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയ ഓഡിറ്റിങ്ങിന് വിധേയമാക്കുകയും ജനകീയ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇത്തവണ ഞങ്ങൾ മത്സരരംഗത്തിറങ്ങിയത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജനപക്ഷരാഷ്ട്രീയത്തിെൻറ പ്രായോഗിക മാതൃകകളാണ് ഞങ്ങൾ കഴിഞ്ഞ ടേമിൽ പ്രതിനിധാനം ചെയ്ത മുഴുവൻ വാർഡുകളും. നിലവില്‍ വിവിധ കക്ഷികളുമായി പ്രാദേശിക നീക്കുപോക്കുകള്‍ നടത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിലെ ധാരണകള്‍ വിലയിരുത്തുമ്പോള്‍ എല്ലാം ഭദ്രമായാണ് മുന്നോട്ടുപോകുന്നത്. എല്ലാ എതിര്‍പ്രചാരണങ്ങളെയും ഇടതിെൻറ വിദ്വേഷരാഷ്ട്രീയത്തെയും മറികടന്നുള്ള വൻ വിജയം നേടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.