ശുഭപ്രതീക്ഷക്ക് കനംവെക്കുന്നു
text_fieldsദേശസുരക്ഷയുടെ പേരിൽ കേന്ദ്ര സർക്കാർ സംപ്രേഷണം തടഞ്ഞ മീഡിയവൺ ചാനലിന് പ്രവർത്തനാനുമതി നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് സ്വതന്ത്ര പത്രപ്രവർത്തനം നിലനിന്നുകാണാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ശുഭപ്രതീക്ഷക്ക് വക നൽകുന്നു. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വാസമില്ലാത്ത ഭരണകൂടങ്ങൾ ദേശസുരക്ഷാഭീഷണി ഉയർത്തിയാണ് അതിനെ മറച്ചുപിടിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ദേശസുരക്ഷയുടെ പേരിൽ മാധ്യമ സ്വാതന്ത്ര്യത്തിനു തടയിടാനാവില്ലെന്ന സർവോന്നത കോടതിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്.
മീഡിയവൺ ചാനലിനെതിരെ താത്കാലിക വിലക്ക് കല്പിച്ചുകൊണ്ടുള്ള ഒരുത്തരവ് കേന്ദ്രം മുമ്പും ഇറക്കിയിരുന്നു. അന്ന് ഏഷ്യാനെറ്റ് ന്യൂസിനെതിരെയും സമാനമായ ഉത്തരവുണ്ടായി. എന്നാൽ, ആ ചാനലിന്റെ ഉടമ കേന്ദ്രമന്ത്രിസഭയിലെ അംഗമാണെന്നു തിരിച്ചറിഞ്ഞപ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ചവർ രണ്ട് ഉത്തരവുകളും ഉടനടി പിൻവലിച്ച് തലയൂരി. ചാനൽ പ്രവർത്തനത്തെ കുറിച്ച് ഒരു ചുക്കുമറിയാതെ, അല്പബുദ്ധികളായ രാഷ്ട്രീയ ഉപദേശകരുടെ വാക്കുകൾ കേട്ട് നടപടി എടുക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള മണ്ടത്തങ്ങൾ സംഭവിക്കുന്നത്.
നമ്മുടെ നാട്ടിൽ തുറന്ന കോടതികളിലാണ് വിചാരണ നടക്കുന്നത്. കോടതിമുറിയിൽ നടക്കുന്നത് അറിയുവാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന അടിസ്ഥാനത്തിലാണ് കോടതികൾ പ്രവർത്തിക്കുന്നത്. നരേന്ദ്ര മോദി സർക്കാറിന്റെ തുടക്കകാലം മുതൽ തന്നെ പല വിഷയങ്ങളിലും ദേശസുരക്ഷയുടെ പേരിൽ സീലുവെച്ച് പൂട്ടിയ കവറിൽ ജഡ്ജിമാർക്ക് മാത്രമായി വിവരം നൽകുന്ന രീതി പിന്തുടരാൻ തുടങ്ങി. സുതാര്യമല്ലാത്ത ഈ രീതി ചീഫ് ജസ്റ്റിസ് വൈ .വി. ചന്ദ്രചൂഡ് ഈ കേസിലെ വിധിയിൽ തള്ളിപ്പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.