സാമ്പത്തികപ്രതിസന്ധിയുടെ തെരഞ്ഞെടുപ്പ് അപാരത
text_fieldsഖജനാവിൽ കാശില്ലാത്തതിനെകുറിച്ച ചർച്ച കേട്ടാൽ ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി അഞ്ചാറ് മാസമുണ്ടെന്ന് തോന്നുകയേയില്ല. സഭയിൽനിന്ന് നേരേ തെരഞ്ഞെടുപ്പ് ഗോദയിലേക്കോ എന്ന് സംശയിക്കേണ്ടിവരും. പ്രചാരണ രംഗത്തേക്ക് ചില്ലറ പൊടിക്കൈകൾ സംഭരിക്കുകയായിരുന്നു മൂന്നു മണിക്കൂർ നീണ്ട അടിയന്തര പ്രമേയ ചർച്ചയിൽ ഇരുപക്ഷവും. വാദപ്രതിവാദങ്ങളുണ്ടായിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നുറപ്പായി. വഞ്ചി വീണ്ടും തിരുനക്കരതന്നെ.
സർക്കാറിന്റെ കെടുകാര്യസ്ഥതയും ധൂർത്തുമാണ് പ്രതിപക്ഷം ഉയർത്തിയതെങ്കിൽ എല്ലാം യു.ഡി.എഫ് എം.പിമാരുടെ തലയിലിട്ട് കൈകഴുകാനായി ഭരണപക്ഷ ശ്രമം. പ്രതിപക്ഷ എം.പിമാരെ തുറന്നുകാട്ടാനായെന്ന ആത്മവിശ്വാസമായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാലിന്. ഭരണപക്ഷം അത് ഏറ്റുപിടിച്ചു. വിഷയം ഉന്നയിച്ചപ്പോൾതന്നെ ഇങ്ങനെയൊരു നീക്കം പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നിരിക്കണം. അടിയന്തര പ്രമേയത്തിന്റെ ഗുണം പ്രതിപക്ഷത്തിനാണ് ലഭിക്കുന്നതെന്ന ചിന്ത ഏറെനാളായി സർക്കാറിനെ അലട്ടുന്നുണ്ട്. പ്രധാന വിഷയങ്ങളിൽ അടിയന്തര പ്രമേയം ചർച്ചചെയ്ത് തങ്ങൾക്ക് അനുകൂലമാക്കാമെന്ന വിധം തന്ത്രം മാറ്റിപ്പിടിക്കുകയാണ് ഭരണപക്ഷം.
മുഖ്യമന്ത്രിയോ ധനമന്ത്രിയോ എം.പിമാരുടെ യോഗം വിളിക്കുന്നില്ലെന്ന പരാതി റോജി എം. ജോണിന്റേതായിരുന്നു. കേരള താൽപര്യം സംരക്ഷിക്കാൻ യു.ഡി.എഫിലെ 18 എം.പിമാരും തയാറായില്ലെന്നും ബി.ജെ.പിക്കൊപ്പം ചേർന്ന് കേരളത്തിന്റെ വികസന സ്വപ്നങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചെന്നും പറഞ്ഞ് കടകംപള്ളി സുരേന്ദ്രൻ മറുനീക്കത്തിന് തുടക്കമിട്ടു. വിളിക്കേണ്ട രീതിയിൽ വിളിച്ചാൽ എം.പിമാർ പോകുമായിരുന്നെന്ന് ചെന്നിത്തല വാദിച്ചപ്പോൾ സദ്യക്ക് ഇലയിട്ട് വെറ്റിലയും പാക്കുമായി ക്ഷണിക്കണമായിരുന്നോ എന്നായി വി. ജോയി. ഇതോടെ എം.പിമാരെ അവഹേളിക്കുന്നെന്ന പരാതിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തുവന്നു. എളമരം കരീം എം.പിയാണ് ഒപ്പിടാൻ പ്രമേയം കൊടുത്തതെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും ഒരു എം.പിയെ മാത്രമേ ഒപ്പം കൂട്ടാറുള്ളൂവെന്നും വിശദീകരിച്ചപ്പോൾ എം.പിമാരുടെ യോഗത്തിൽ എല്ലാവരും നിവേദനത്തിന് സമ്മതിച്ചതാണെന്നും ഒപ്പിടാൻ സന്നദ്ധമായില്ലെന്നും മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടി. എം.പിമാർക്കെതിരായ ആക്ഷേപ പരാമർശമെന്ന വാദം സ്പീക്കറും തള്ളി. കേന്ദ്രസഹമന്ത്രി വി. മുരളീധരൻപോലും കേന്ദ്രത്തിനുവേണ്ടി കേരള എം.പിമാരെ പോലെ വാദിച്ചിട്ടില്ലെന്ന ധനമന്ത്രിയുടെ പരിഹാസത്തിന് സംസ്ഥാനത്തിന്റെ എല്ലാ വിഷയങ്ങളിലും തങ്ങളുടെ എം.പി.മാർ ഇടപെട്ടെന്നും അതു രേഖയോടെ പ്രസിദ്ധീകരിക്കുമെന്നും പ്രതിപക്ഷ നേതാവിന്റെ മറുപടി.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് മുതൽ ലേബർ ക്ഷേമനിധി വരെ കടംവാങ്ങിയെന്ന് പരിഹസിച്ച റോജി, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് രൂക്ഷവിമർശനം തൊടുത്തത്. അതിനൊന്നും ധനമന്ത്രി കൃത്യമായ മറുപടി നൽകിയില്ല. ക്ലിഫ് ഹൗസിൽ കോട്ടകെട്ടി അതിലാണ് പിണറായിയെന്ന് രമേശ് ചെന്നിത്തല വിമർശിച്ചപ്പോൾ പിണറായി ജനങ്ങളുടെ കോട്ടയിലാണെന്ന് കെ.വി. സുമേഷ് തിരിച്ചടിച്ചു. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം അനുവദിച്ചെന്നും നീന്തൽകുളത്തിൽ പട്ടിയാണോ കുട്ടിയാണോ കുളിക്കുന്നതെന്നും നൂറു വയസ്സുള്ള വി.എസ് നടന്നുകയറിയയിടത്ത് പിണറായിക്ക് ലിഫ്റ്റ് വെച്ചെന്നും ചെന്നിത്തല വിമർശിച്ചു. ഹെലികോപ്ടർ വാടകക്കെടുത്ത വിഷയവും പലരും ഉയർത്തി. കെ. കരുണാകരന്റെ കാലത്തും ഹെലികോപ്ടർ എടുത്തിട്ടുണ്ടെന്ന് ഭരണപക്ഷം തിരിച്ചടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.