700 കർഷകരുടെ മരണത്തിന് മോദി മാപ്പ് പറയണം
text_fieldsഐക്യ കർഷക സമരത്തിന്‍റെ ഐതിഹാസികമായ വിജയമാണ് കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ട് മോദി ഇന്ന് നടത്തിയ പ്രഖ്യാപനം. നരേന്ദ്ര മോദിക്കും സർക്കാറിനും സമരത്തിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ഡൽഹിയിൽ മാത്രമല്ല, ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും സമരത്തിന് അനുകൂലമായി വലിയ രീതിയിലാണ് കർഷകർ മുന്നോട്ടുവന്നത്. ഇതിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തൊഴിലാളി വർഗ സംഘടനകളും മുന്നോട്ടുവന്നു. അതിന്‍റെ വിജയമാണ് മൂന്ന് കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുന്ന തീരുമാനം.
ഒരു വർഷത്തിനിടയിൽ 700ഓളം കർഷകരാണ് കൊടും തണുപ്പിലും കൊടും ചൂടിലും മഴയത്തും മരിച്ചത്. അതിനുത്തരവാദി നരേന്ദ്രമോദിയും ബി.ജെ.പി സർക്കാറുമാണ്. അവർ ഇന്ത്യയോട് മാപ്പ് ചോദിക്കേണ്ടതുണ്ട്. കോർപറേറ്റ് കൊള്ളക്ക് കൂട്ടുനിൽക്കുന്ന മൂന്ന് നിയമങ്ങളാണ് മോദിസർക്കാർ കൊണ്ടുവന്നത്. കർഷക സംഘടനകളുമായി ഒരു ചർച്ചയുമില്ലാതെ, ഫെഡറൽ വ്യവസ്ഥയിലുള്ള സംസ്ഥാന സർക്കാറുകളുമായി ഒരു ചർച്ചയുമില്ലാതെ, നവ ലിബറൽ നയങ്ങൾ കൂടുതൽ വേഗത്തിൽ നടപ്പാക്കാനായി, കൃഷിയെ കോർപറേറ്റ് കൊള്ളക്ക് വിട്ടുകൊടുക്കുന്ന രീതിയിലുള്ള നിയമങ്ങളായിരുന്നു ഇവ. അതിനെതിരയുള്ള ഉജ്ജ്വലമായ സമരമാണ് നടന്നത്.
സമീപകാലത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ തോതിലുള്ള തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടുകൊണ്ടിരിക്കുന്നത്. ഈയിടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായിരുന്നു ബി.െജ.പി നേരിട്ടത്. കെട്ടിവെച്ച പൈസ പോലും നഷ്ടപ്പെട്ടുകൊണ്ട് രാജസ്ഥാനിലും മറ്റും മൂന്നാംസ്ഥാനത്തും നാലാംസ്ഥാനത്തുമൊക്കെയായി ബി.ജെ.പി സ്ഥാനാർഥികൾ. ഇതിന്‍റെ പശ്ചാത്തലത്തിലും വരുന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലുമാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്. മിഷൻ യു.പി, മിഷൻ ഉത്തരാഖണ്ഡ്, മിഷൻ പഞ്ചാബ് എന്ന പേരിൽ സർക്കാറിനെതിരെ സംയുക്ത കിസാൻ മോർച്ച വലിയ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്. അങ്ങനെയൊരു സാഹചര്യത്തിലാണ് കാർഷിക നിയമം പിൻവലിക്കുന്നത്.
കഴിഞ്ഞ 25 വർഷമായി വിദ്യാർഥി പ്രസ്ഥാനത്തിലും കർഷക പ്രസ്ഥാനത്തിലും പ്രവർത്തിച്ചുവരുന്ന ഒരാളാണ് ഞാൻ. 500ഓളം കർഷക സംഘടനകൾ ഒരുമിച്ചുകൊണ്ട് ഇത്രയും വലിയൊരു സമരം, ഇത്രയും നീണ്ടുനിൽക്കുന്ന ഒരു സമരം ഇതിനുമുൻപ് ഞാൻ കണ്ടിട്ടില്ല. ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ തന്നെ ഇത്രയും വലിയൊരു സമരം ഉണ്ടായിട്ടില്ല. വലിയ ത്യാഗം സഹിച്ചുകൊണ്ടാണ് കർഷകർ ഈ സമരത്തിൽ പങ്കെടുത്തത്. ഡൽഹിക്കു ചുറ്റും അഞ്ചോ ആറോ അതിർത്തികളിൽ ലക്ഷക്കണക്കിന് കർഷകരാണ് സമരത്തിൽ പങ്കുചേർന്നത്. കർഷക സമരം മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ എല്ലാ പിന്തുണയും ജനങ്ങളും നൽകിയിട്ടുണ്ട്. ഒരു കാലത്തും കാണാൻ കഴിയാത്ത രീതിയിലുള്ള ഐക്യദാർഢ്യമാണ് ഈ ദിനങ്ങളിൽ കർഷകർക്ക് അനുകൂലമായി കാണാൻ കഴിഞ്ഞത്.
ജൂൺ 2020 മുതൽ ലോകം തന്നെ കൊറോണ മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുമ്പോൾ ഇന്ത്യയിൽ ജനങ്ങളെ തടങ്കലിൽ വെച്ചുകൊണ്ട് കോർപറേറ്റ് കൊള്ളക്ക് കൂട്ടുനിൽക്കുന്ന നിയമങ്ങൾ കൊണ്ടുവരാനാണ് നരേന്ദ്ര മോദിയും ബി.ജെ.പി സർക്കാറും ശ്രമിച്ചത്. അതിനേറ്റ വലിയ തിരിച്ചടിയായിരുന്നു കർഷക സമരം.
പക്ഷെ സമരത്തിന്‍റെ ആവശ്യങ്ങൾ ഇതുമാത്രമായിരുന്നില്ല. കാർഷിക നിയമങ്ങൾ പിൻവലിച്ചതുകൊണ്ടുമാത്രമായില്ല. സ്വമിനാഥൻ കമ്മീഷൻ ശിപാർശ ചെയ്തതുപോലെ കർഷകരുടെ ഉത്പാദന ചെലവിനേക്കാൾ 50 ശതമാനം കൂടുതൽ താങ്ങുവില ലഭിക്കണമെന്നും ഇലക്ട്രിസിറ്റി ആക്ടിൽ കൊണ്ടുവന്ന നിയമങ്ങൾ പിൻവലിക്കണമെന്നും തൊഴിലാളി അവകാശങ്ങൾ തട്ടിയെടുക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണമെന്നുള്ള ആവശ്യങ്ങൾ നിലവിലുണ്ട്. തീർച്ചയായും ഈ സമരം കൂടുതൽ ശക്തിയോടെ തുടരുക തന്നെ ചെയ്യും.
(സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻസഭയുടെ ദേശീയ നേതാവുമായ ലേഖകൻ 2019ൽ നടന്ന കിസാൻ ലോങ് മാർച്ചിനെ നയിച്ചവരിൽ പ്രധാനിയായിരുന്നു.)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.