ചെണ്ട കൊട്ടിക്കയറും ഞങ്ങൾ
text_fieldsപാർട്ടിയിൽ ഒന്നാമനായി തെരഞ്ഞെടുപ്പ് നയിക്കുകയാണ് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്. പാർട്ടിയുടെ പ്രിയചിഹ്നം കൈവിട്ടുപോയി. എന്നാൽ, പുതിയ ചിഹ്നമായ ചെണ്ടയിൽ കൊട്ടിക്കയറുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
ഇത്തവണ വിജയസാധ്യത എത്രത്തോളം?
തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി വലിയ മുന്നേറ്റമുണ്ടാക്കും. എൽ.ഡി.എഫിൽ കേരള കോൺഗ്രസിലെ ഒരുവിഭാഗം കൂടെയുണ്ടെങ്കിലും അവർക്ക് ജനപിന്തുണയില്ല. ജില്ല പഞ്ചായത്തിൽ സംസ്ഥാനത്താകെ ജോസ് കെ. മാണിക്ക് ഒന്നോ രണ്ടോ സീറ്റിൽ കൂടുതൽ ജയിക്കാനാകില്ല. ഞങ്ങൾ 20 സീറ്റിൽ വിജയിക്കും. പാലാ മുനിസിപ്പാലിറ്റി ഇത്തവണ പിടിച്ചെടുക്കും. തൊടുപുഴ, കട്ടപ്പന നഗരസഭകളിൽ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടും.
ജോസിെൻറ വരവ് ഇടതുപക്ഷം ആഘോഷിക്കുന്നുണ്ട്?
ജോസ് കെ. മാണിയെ കൂട്ടിയതുകൊണ്ട് ഇടതുപക്ഷത്തിന് ഒരു രാഷ്ട്രീയ ലാഭവും ഉണ്ടാകാൻ പോകുന്നില്ല. ആ കൂട്ടിനെ ജനം വിശ്വാസത്തിലെടുത്തിട്ടില്ല. യഥാർഥ കേരള കോൺഗ്രസ് ഏതെന്ന് തിരിച്ചറിഞ്ഞ് അണികൾ ഇങ്ങോെട്ടാഴുകുകയാണ്. ഫ്രാൻസിസ് ജോർജും ജോണി നെല്ലൂരും മുേമ്പ വന്നു. കേരള കോൺഗ്രസ് ഒന്നേയുള്ളൂ എന്ന് തെളിയുംവിധമായിരിക്കും തെരഞ്ഞെടുപ്പ് ഫലം.
ജോസ് എൽ.ഡി.എഫിന് ഒരുഗുണവും ചെയ്യില്ലെന്നാണോ?
മാണി സാറിനെ നിരന്തരം തകർക്കാനും അപമാനിക്കാനും ശ്രമിച്ചവർ ലാഭംകിട്ടിയേക്കുമെന്ന മിഥ്യാധാരണയിലാണ് ജോസിനെ കൂടെക്കൂട്ടിയത്. മാണിയെ എല്ലാകാലത്തും അധിക്ഷേപിച്ചവർക്കൊപ്പം നിന്ന് കേരള കോൺഗ്രസ് രക്തമുള്ളവരുടെ വോട്ട് പിടിച്ചുമാറ്റാമെന്ന പ്രതീക്ഷ ബാലിശമാണ്. കേരള കോൺഗ്രസ് അണികളും അനുഭാവികളും സി.പി.എമ്മിെൻറ കാപട്യം തിരിച്ചറിയാവുന്നവരാണ്. അവരുടെ കണക്കുകൂട്ടൽ തെറ്റും. കോട്ടയം ജില്ല പഞ്ചായത്തിലെ വാക്കുമാറ്റത്തിനടക്കം ചുട്ട മറുപടി കിട്ടും.
സഭ വിശ്വാസികൾ ആർക്കൊപ്പമാണ്?
മുഴുവൻ സഭപിതാക്കന്മാരുടെയും വാക്ക് തള്ളിയാണ് പാർട്ടിയിൽ ചെറിയൊരു വിഭാഗവുമായി ജോസ് കെ. മാണി പുറത്തുപോയത്. ഇത് കേരള കോൺഗ്രസ് മക്കളോ സഭ നേതൃത്വമോ ആഗ്രഹിച്ചതല്ല. വിശ്വാസികൾക്കിടയിൽ ജോസിന് കടന്നുകയറാൻ ഇതായിരിക്കും വലിയ തടസ്സം.
തീവ്രവാദ സംഘടനകളുമായി യു.ഡി.എഫ് സഖ്യത്തിലാണെന്ന് മറുപക്ഷം ആരോപിക്കുന്നു. ചില മതമേലധ്യക്ഷന്മാരും ഇത്തരം അഭിപ്രായപ്രകടനം നടത്തി?
അത്തരം സഖ്യത്തിലൊന്നും ഐക്യമുന്നണി ഏർപ്പെട്ടിട്ടില്ല. മഅ്ദനിയെ വരെ കൂടെ കൂട്ടിയവരുടെ വാക്കുകൾക്ക് ആരാണ് വിലകൽപിക്കുന്നത്! കത്തോലിക്ക സഭ ഇടതുപക്ഷത്തിന് തീർത്തും എതിരാണ്. കമ്യൂണിസ്റ്റ് ചെയ്തികൾ അംഗീകരിക്കാൻ സഭക്ക് ആകില്ല. ഐക്യമുന്നണിക്കൊപ്പമാണ് ക്രൈസ്തവർ. അഥവാ ആർക്കെങ്കിലും മറിച്ച് അഭിപ്രായമുണ്ടായാലും അത് ഒറ്റപ്പെട്ടതാണ്.
മതേതരപാർട്ടിയായ ലീഗിന് തീവ്ര നിലപാടില്ലെന്ന് തീർത്തും വ്യക്തമാണ്. പല അവസരങ്ങളിലും അത് തെളിഞ്ഞതുമാണ്. തീവ്രവാദ നിലപാടുള്ള സംഘടനകളുമായി അവർക്ക് ബന്ധമില്ല.
ൈഹറേഞ്ച് സംരക്ഷണ സമിതിയുടെ പിന്മാറ്റത്തിെൻറ ഗുണം ആർക്കാകും?
സമിതി ഇത്തവണ രാഷ്ട്രീയ നിലപാടിലല്ലാത്തതിനാൽ ബന്ധപ്പെട്ട വോട്ടുകൾ യു.ഡി.എഫിനു കിട്ടും. സംരക്ഷണ സമിതി അപ്പുറത്തായിട്ടും കഴിഞ്ഞതവണ യു.ഡി.എഫ് മുന്നിലായിരുന്നുവെന്നും ഓർക്കണം.
തെരഞ്ഞെടുപ്പിലെ മുഖ്യ പരിഗണന വിഷയം?
ഭൂപ്രശ്നങ്ങളിൽ ഇടതുപക്ഷം കള്ളക്കളി കാണിച്ചതുതന്നെ പ്രധാനം. പട്ടയഭൂമി കൃഷിക്കും വീടുവെക്കാനും മാത്രമെന്ന സ്ഥിതിയാണ് ഇതുമൂലമുണ്ടായത്. ഇതിന് ചട്ട ഭേദഗതിയിലൂടെ പരിഹാരം കാണാത്തതിൽ ജനരോഷം തിളക്കുന്നു. ഇത് യു.ഡി.എഫിന് നേട്ടമാകും.
രണ്ടില ജോസ് കെ. മാണിക്ക് പോയത് ക്ഷീണമാവില്ലേ?
ജീവനുള്ള ചിഹ്നമായി ചെണ്ട അനുവദിച്ചുകിട്ടിയത് ആവേശമാണ്. വോട്ടർമാരിൽ ചലനമുണ്ടാക്കുന്ന ചെണ്ട കൊട്ടിക്കയറി വിജയിക്കും. ചിഹ്നം സംബന്ധിച്ച കേസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.