Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightViewschevron_rightകേരളത്തെ...

കേരളത്തെ പിറകോട്ടടിപ്പിച്ച ആറുവർഷങ്ങൾ

text_fields
bookmark_border
കേരളത്തെ പിറകോട്ടടിപ്പിച്ച ആറുവർഷങ്ങൾ
cancel
camera_alt

സിൽവർ ലൈനിനെതിരെ യു.ഡി.എഫ് തൃശൂരിൽ സംഘടിപ്പിച്ച ധർണ

ട്രഷറി പോലും അടച്ചിടേണ്ട അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിച്ചെന്നതാണ് ആറുവര്‍ഷത്തെ പിണറായി സര്‍ക്കാറിന്റെ ആകത്തുക. ചരിത്രത്തില്‍ ആദ്യമായി, ശമ്പളം നല്‍കില്ലെന്ന് ഭീഷണി സ്വരത്തില്‍ ഒരു മന്ത്രി കെ.എസ്.ആര്‍.ടി.സി ജീവനക്കാരോട് പറഞ്ഞിരിക്കുന്നു. ജനവിരുദ്ധതയും ധാര്‍ഷ്ട്യവുമാണ് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിന്റെ മുഖമുദ്ര. പൊലീസിനെയും ഗുണ്ടകളെയും ഇറക്കി സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന് വാശി പിടിക്കുന്നവരുടെ ലക്ഷ്യം വികസനമല്ല.

ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവര്‍ തീവ്ര വലതുപക്ഷമാകുമ്പോള്‍ അങ്ങേയറ്റം ജനപക്ഷമാക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. പകല്‍ മതനിരപേക്ഷതയും രാത്രി വര്‍ഗീയ പ്രീണനവുമെന്ന എല്‍.ഡി.എഫ് അടവുനയം യു.ഡി.എഫിനില്ല. ബി.ജെ.പിയുടെ ഏകശിലാ വര്‍ഗീയ ഭീകരതയോടും ഞങ്ങള്‍ക്ക് സന്ധിയില്ല.

കടമെടുത്ത് ശ്രീലങ്കയുടെ വഴിയേ

കേരളത്തിന്റെ മൊത്തം കടം നാലുലക്ഷം കോടിയിലേക്ക് അടുക്കുകയാണ്. ശമ്പളം കൊടുക്കാന്‍പോലും പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് ധവളപത്രം പ്രസിദ്ധീകരിക്കണം. സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് വരേണ്യവര്‍ഗത്തിനുവേണ്ടി രണ്ടുലക്ഷം കോടി രൂപ മുടക്കി കമീഷന്‍ റെയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. നികുതി പിരിവില്‍ വീഴ്ചവരുത്തി വീണ്ടും വീണ്ടും കടമെടുത്ത് ധൂര്‍ത്തടിച്ച്, വന്‍കിട പദ്ധതികളിലെ കമീഷന്‍ മാത്രം ലക്ഷ്യംവെച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സില്‍വര്‍ലൈന്‍ നിലവില്‍വന്നാല്‍ കേരളം ശ്രീലങ്കയുടെ അവസ്ഥയിലെത്തും.

ജപ്പാനിലെ ജൈക്കയില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് കമീഷന്‍ തട്ടാനുള്ള ഗൂഢശ്രമമാണ് സിൽവർലൈൻ പദ്ധതിക്ക് പിന്നില്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനരോഷം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കല്ലിടേണ്ടെന്ന ഉത്തരവിറക്കിയത്. ഈ തീരുമാനം കെ-റെയില്‍ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ട വിജയമാണ്. പദ്ധതിയില്‍നിന്ന് പിന്മാറുകയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതുവരെ യു.ഡി.എഫ് സമരം തുടരും. പാറയും മണ്ണും ലഭിക്കാത്തതിനാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തില്‍ സില്‍വര്‍ ലൈനിനുവേണ്ട പ്രകൃതിവിഭവങ്ങള്‍ എവിടെനിന്ന് ലഭിക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല.

ഭൂമി നഷ്ടപ്പെടുന്നവര്‍ മാത്രമല്ല, കേരളം ഒന്നാകെ സില്‍വര്‍ലൈന്‍ ഇരകളായി മാറുമെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. സ്വന്തം നാടിനെ തകര്‍ക്കാന്‍ ഒരു മലയാളിയും കൂട്ടുനില്‍ക്കില്ലെന്നതിന് തെളിവാണ് അമ്മമാരും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ കല്ലിടലിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയത്.

കുതിക്കുന്ന വിലക്കയറ്റം

പൊതുവിപണിയില്‍ അവശ്യ സാധനങ്ങള്‍ക്കെല്ലാം തീവിലയാണ്. ഇന്ധനവില വര്‍ധിക്കുന്നതിനനുസരിച്ച് നികുതി പിഴിഞ്ഞെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണ്. അധിക ഇന്ധന നികുതി വേണ്ടെന്ന് വെക്കാന്‍ കേരളം തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഞ്ചുവര്‍ഷത്തിനിടെ ഇന്ധന വില്‍പനയിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനമാണ് കേരളത്തിന് ലഭിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നാലുതവണ ഇന്ധനനികുതി കുറച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇന്ധന സബ്‌സിഡി നല്‍കണമെന്ന നിർദേശം മുഖവിലക്കെടുത്തിട്ടില്ല. ഇതിനൊക്കെ പുറമെയാണ് വൈദ്യുതി, വെള്ളം, ഓട്ടോ-ടാക്‌സി നിരക്കുകളും വര്‍ധിപ്പിച്ചത്.

കെട്ടകാലത്തും തീവെട്ടിക്കൊള്ള

കോവിഡിന്റെ മറവില്‍ മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷനെ മറയാക്കി സി.പി.എം ഉന്നത നേതാക്കളുടെ നേതൃത്വത്തില്‍ തീവെട്ടിക്കൊള്ളയാണ് നടത്തിയത്. 2020 മാര്‍ച്ച് 30ന് സാന്‍ ഫര്‍മ എന്ന കമ്പനിയില്‍നിന്ന് വിപണി നിരക്കിനേക്കാള്‍ ഉയര്‍ന്ന വിലയില്‍ (1550) പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെയും കെ.കെ. ശൈലജയുടെയും തോമസ് ഐസക്കിന്റെയും അറിവോടെയായിരുന്നു. തലേദിവസം 446 രൂപക്ക് വാങ്ങിയ പി.പി.ഇ കിറ്റിനാണ് തൊട്ടടുത്ത ദിവസം മൂന്നിരട്ടി വില നല്‍കിയിരിക്കുന്നത്. ഈ പകല്‍ കൊള്ളക്കെതിരെ യു.ഡി.എഫ് നിയമവഴി തേടിയിട്ടുണ്ട്.

മാഫിയകളുടെ പാർട്ടി

സംസ്ഥാനത്തെ ക്രമസമാധാനനില ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. മയക്കുമരുന്ന്-ഗുണ്ട മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന സി.പി.എം പ്രദേശിക നേതാക്കള്‍ തന്നെയാണ് പൊലീസിനെയും നിയന്ത്രിക്കുന്നത്. ആറുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തെ ഗുണ്ട കൊറിഡോറാക്കി മാറ്റിയിരിക്കുകയാണ്.

സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരില്‍ പിണറായി വിജയന്‍ നടത്തുന്ന വര്‍ഗീയ പ്രീണനനയങ്ങളാണ് കേരളത്തെ വര്‍ഗീയ ശക്തികളുടെ കൊലക്കളമാക്കിയത്. സംഘ്പരിവാറുമായി വോട്ടുകച്ചവടം നടത്തിയാണ് പിണറായി തുടര്‍ഭരണം നേടിയത്. തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മുഖ്യമന്ത്രിയുടെ വീടിന് തൊട്ടടുത്ത് സി.പി.എമ്മുകാരന്റെ വീട്ടില്‍ അഭയം നല്‍കിയത് സംഘ്പരിവാര്‍-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരമാണ്. ആലപ്പുഴയിലും പാലക്കാടും എസ്.ഡി.പി.ഐയും ആര്‍.എസ്.എസും പരസ്പരം വെട്ടിമരിക്കുകയാണ്. തെരഞ്ഞെടുപ്പുകാലത്ത് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയതുകൊണ്ട് ഇവര്‍ക്കെതിരെ കാര്‍ക്കശ്യമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജിനെതിരെ പ്രോസിക്യൂട്ടറെ വെക്കാതെ കേരളീയര്‍ക്ക് മുന്നില്‍ അറസ്റ്റ് നാടകം കളിച്ചു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ മോദിയുടെ വര്‍ഗീയതക്കെതിരെ ഒരക്ഷരം മിണ്ടാത്ത മുഖ്യമന്ത്രിയുടെ വാക്കുകളില്‍ കോണ്‍ഗ്രസ് വിരോധം മാത്രമായിരുന്നു.

ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി

രണ്ടാം പിണറായി സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വൈദ്യുതി, ജലം, കെ.എസ്.ആര്‍.ടി.സി എന്നിവയുടെ പ്രവര്‍ത്തനം ദയനീയമാണ്. സ്വിഫ്റ്റ് കമ്പനി വന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ തകര്‍ച്ച സര്‍ക്കാര്‍ ഉറപ്പാക്കി. ലാഭത്തില്‍ ഓടിക്കൊണ്ടിരുന്ന 20 ശതമാനം സര്‍വിസുകളെയും സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റി. ബാക്കി 80 ശതമാനവും നഷ്ടത്തിലുള്ള സര്‍വിസുകളാണ്. അതാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിരം ജീവനക്കാരുള്ള പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്ത് കരാര്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി പുതിയ കമ്പനി ഉണ്ടാക്കലാണോ ഇടതുപക്ഷ സമീപനം?

സ്ത്രീസുരക്ഷ പ്രസംഗത്തിലൊതുക്കി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ സാധാരണ കുറ്റകൃത്യമായി മാറിയിരിക്കുകയാണ്. പെണ്‍കുട്ടി പരാതിയുമായെത്തിയാല്‍ മുന്‍വിധിയോടെയാണ് പൊലീസ് അതിനെ സമീപിക്കുന്നത്. പൊലീസിന്റെ ഇത്തരമൊരു സമീപനത്തിന്റെ രക്തസാക്ഷിയാണ് ആലുവയില്‍ ആത്മഹത്യ ചെയ്ത വിദ്യാർഥിനി മോഫിയ. സിനിമ മേഖലയിലെ അതിജീവിതക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

ലക്ഷ്യം അഴിമതി മാത്രം

അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പിണറായി സര്‍ക്കാര്‍ ലോകായുക്ത ഉള്‍പ്പെടെയുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ലോകായുക്ത ഓര്‍ഡിനന്‍സ് പാസാക്കിയത്. എന്ത് അഴിമതി കാണിച്ചാലും നിങ്ങള്‍ ഭയപ്പെടേണ്ടെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. 22 വര്‍ഷം മുമ്പ് നായനാര്‍ മുഖ്യമന്ത്രിയും ഇ. ചന്ദ്രശേഖരന്‍ നായര്‍ നിയമ മന്ത്രിയുമായി ഇരിക്കുന്ന കാലത്ത് ഗൗരവകരമായി ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്ത നിയമത്തെയാണ് ഈ സര്‍ക്കാര്‍ കഴുത്തുഞെരിച്ച് കൊന്നത്.

കൃഷിനാശത്തെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട്ടില്‍ കര്‍ഷകന് ആത്മഹത്യ ചെയ്യേണ്ടി വന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചയാണ്.

വികസനവാദത്തിലെ കാപട്യം

വികസനത്തിനുവേണ്ടി വാദിക്കുന്നത് ഞങ്ങളാണെന്ന സി.പി.എം വാദം നുണപ്രചാരണം മാത്രമാണെന്നതാണ് ചരിത്ര വസ്തുത.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യു.ഡി.എഫ്കാലത്ത് കെ. കരുണാകരന്‍ കൊണ്ടുവന്നതാണ്. ഈ വിമാനം ഞങ്ങളുടെ നെഞ്ചത്തുകൂടി മാത്രമേ ഇറക്കാന്‍ പറ്റൂവെന്നാണ് അന്നത്തെ സി.പി.എം നേതാക്കള്‍ പ്രസംഗിച്ചത്. കലൂര്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയവും കെ. കരുണാകരന്‍ കൊണ്ടുവന്നതാണ്. എന്തിനാണ് കണ്ണായ സ്ഥലത്ത് കളിക്കളമെന്നാണ് അന്ന് സി.പി.എം ചോദിച്ചത്. കരുണാകരന്റെ കാലത്ത് ആരംഭിച്ച ഗോശ്രീ വികസന പദ്ധതിക്കെതിരെ ഹൈകോടതിയില്‍ കേസ് കൊടുത്തത് സി.പി.എമ്മുകാരാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഗെയില്‍ പൈപ്പ് ലൈന്‍ ഭൂമിക്കടിയില്‍ ഒളിപ്പിച്ചുവെച്ച ബോംബാണെന്ന് പ്രസംഗിച്ചയാള്‍ ഇന്ന് പിണറായി മന്ത്രിസഭയിലെ മന്ത്രിയാണ്. മെട്രോ റെയില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് കൊണ്ടുവന്നത്. അതിനെതിരെ ഇപ്പോഴത്തെ മന്ത്രി സമരം ചെയ്തിട്ടുണ്ട്.

വികസനം വേണം, വിനാശം വേണ്ടെന്നതാണ് യു.ഡി.എഫ് നിലപാട്. വികസന അജണ്ട കേരളം ചര്‍ച്ച ചെയ്യട്ടെ. ഇപ്പോള്‍ വികസനത്തിന്റെ മുഖംമൂടിയിട്ട് ഇറങ്ങിയിരിക്കുന്നത് യഥാർഥ വികസനവിരുദ്ധരാണ്.

ഭാവിയിലെ കേരളം സുസ്ഥിര വികസനത്തിലൂന്നിയാകണം രൂപപ്പെടേണ്ടതെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. പ്രകൃതിക്കിണങ്ങി ഈ കൊച്ചു സംസ്ഥാനം മികച്ച വികസന, ജനകീയ ബദലുകള്‍ പ്രാവര്‍ത്തികമാക്കണം. സാമൂഹിക നീതി, വ്യക്തിസ്വാതന്ത്യം, അഭിപ്രായം പറയാനുള്ള നിര്‍ഭയാന്തരീക്ഷം എന്നിവക്കായി പ്രതിപക്ഷം നിരന്തരം പോരാടും. സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി യു.ഡി.എഫും പോഷക സംഘടനകളും അക്ഷീണം പ്രവര്‍ത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala government
News Summary - Six years that left Kerala behind
Next Story