Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightViewschevron_rightയു.എ.പി.എയും...

യു.എ.പി.എയും സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവും

text_fields
bookmark_border
യു.എ.പി.എയും സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവും
cancel

യു.എ.പി.എ, പി.എം.എൽ.എ തുടങ്ങിയ കഠോര നിയമങ്ങൾ റദ്ദാക്കുമെന്ന വാഗ്ദാനവുമായാണ് സി.പി.എമ്മിന്റെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ, ഇതേ പാർട്ടി അധികാരമുള്ളയിടങ്ങളിൽ ഈ നിയമം നടപ്പിലാക്കുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ലോകമെമ്പാടും ഭരണകൂടങ്ങൾ ജനകീയ സമരങ്ങളെയും വിമത ശബ്ദങ്ങളെയും നിശ്ശബ്ദമാക്കാനും തടവറയിൽ തള്ളാനും ഉപയോഗിക്കുന്ന തരത്തിലുള്ള കൊളോണിയൽ തുടർച്ച പേറുന്ന ഈ ഇന്ത്യൻ നിയമം രാഷ്ട്രീയ- സാമൂഹിക - മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമ-പരിസ്ഥിതി- -കലാ- സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർക്കെതിരെയും അവർക്കുവണ്ടി നിയമപോരാട്ടം നടത്തുന്ന അഭിഭാഷകർക്കെതിരെയും വ്യാപകമായി പ്രയോഗിക്കപ്പെടുന്നുണ്ട്.

2004ൽ കോൺഗ്രസ് നേതാവ് മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയാക്കി ഇടതുപക്ഷ പിന്തുണയോടെ അധികാരത്തിലേറിയ ഒന്നാം യു.പി.എ സർക്കാറാണ് 1967ലെ നിയമത്തിൽ കാതലായ ഭേദഗതി വരുത്തി നാമിന്ന് അനുഭവിക്കുന്ന കഠോരമായ യു.എ.പി.എ പാസാക്കുന്നത്. അതേ സർക്കാറാണ് എൻ.ഐ.എയും രൂപവത്കരിക്കുന്നത്. ജനാധിപത്യവിരുദ്ധമായ ഈ നിയമം സഭയിൽ പാസാക്കാൻ അനുകൂലമായി വോട്ടു ചെയ്ത പാർട്ടിയാണ് സി.പി.എം. തലമുതിർന്ന സി.പി.ഐ നേതാവ് ഗുരുദാസ് ഗുപ്തയും സി.പി.എം പിന്തുണയിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ. സെബാസ്റ്റ്യൻ പോളും അന്ന് പാർട്ടി വിപ്പ് മറികടന്ന് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.


യു.എ.പി.എയെ അനുകൂലിച്ച് പ്രതിപക്ഷം ഒന്നടങ്കം ഭരണപക്ഷത്തെ പിന്തുണക്കുന്ന അസുലഭ മുഹൂർത്തത്തിന് സാക്ഷിയോ പങ്കാളിയോ ആവേണ്ടതില്ലെന്ന് താൻ തീരുമാനിച്ചതായി അതേക്കുറിച്ച് സെബാസ്റ്റ്യൻ പോൾ ‘എന്റെ കാലം എന്റെ ലോകം’ എന്ന ആത്മകഥയിൽ പറയുന്നുണ്ട്. മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിനുള്ള വിട്ടുനിൽക്കൽ അദ്ദേഹം വാർത്തയാക്കിയില്ല, മാധ്യമങ്ങൾ അത് ശ്രദ്ധിച്ചിരുന്നുമില്ല. യു.എ.പി.എക്ക് അനുകൂലമായ് വോട്ട് ചെയ്യാഞ്ഞതിന് പാർട്ടി സെബാസ്റ്റ്യൻ പോളിനോട് വിശദീകരണം തേടിയിരുന്നു. ബില്ലിനെ ചർച്ചയിൽ എതിർക്കുകയും എന്നാൽ വോട്ടിങ്ങിൽ പിന്തുണക്കുകയും ചെയ്ത സി.പി.എമ്മിന് യു.എ.പി.എ നിയമത്തിനെതിരെയും അതിനനുസരിച്ച് രൂപവത്കരിച്ച എൻ.ഐ.എക്കെതിരെയും നിരവധി പ്രതിഷേധ യോഗങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ടെന്നും പുസ്തകത്തിൽ പറയുന്നു. നീതിരഹിതമായ യു.എ.പി.എ ഭേദഗതി കൊണ്ടുവന്ന ഘട്ടത്തിൽ പാർലമെന്റിൽ അതിന്റെ പ്രശ്നങ്ങൾ സി.പി.എം ചൂണ്ടിക്കാണിച്ചിരുന്നു. യു.എ.പി.എ ഭേദഗതിയുടെ ചർച്ചയിൽ സീതാറാം യെച്ചൂരി ഈ നിയമം ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റമാകുമെന്ന് പറഞ്ഞിരുന്നു. അതേസമയംതന്നെ അനുകൂലമായി വോട്ടും ചെയ്തു. വിട്ടുനിന്ന സെബാസ്റ്റ്യൻ പോളിനോട് വിശദീകരണവും തേടി.

കേരളത്തിൽ ആദ്യമായി യു.എ.പി.എ ചുമത്തിയത് 2006ൽ പാനായിക്കുളം സിമി കേസിലായിരുന്നു. ആ കേസിൽ പ്രതി ചേർക്കപ്പെട്ട മുഴുവൻ പേരെയും സുപ്രീംകോടതി ഈ അടുത്തകാലത്ത് കുറ്റമുക്തരാക്കിയിരുന്നു. ‘സ്വാതന്ത്ര്യസമരത്തിൽ മുസ്‌ലിംകളുടെ പങ്ക്’ എന്ന വിഷയത്തിൽ പൊതുപരിപാടി സംഘടിപ്പിച്ചതിനാണ് മുസ്‌ലിം യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയത്. സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദനായിരുന്നു അന്ന് കേരള മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയും.


ഭേദഗതിക്കുശേഷം ആദ്യമായി ഒരു മാധ്യമ പ്രവർത്തകനെതിരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചതും വി.എസ് ഭരണകാലത്താണ്. പീപ്ൾസ് മാർച്ച് എഡിറ്റർ ഗോവിന്ദൻകുട്ടിയെ. മാറി മാറി വന്ന മുന്നണി സർക്കാറുകൾ ഒന്നും തന്നെ പ്രസ്തുത കേസിൽ നിലപാടെടുക്കുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തില്ല. വാർധക്യം ബാധിച്ച ആ മനുഷ്യൻ ഇന്നും യു.എ.പി.എയുടെ നിഴലിലിലാണ്.

2015ൽ കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അഡ്വ. തുഷാർ നിർമൽ സാരഥി, ജെയ്‌സൺ സി.കൂപ്പർ എന്നിവരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. തുടർന്ന് അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലെ സർക്കാറും ഈ കേസിൽ കുറ്റപത്രം നൽകാൻ തയാറായില്ല. മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടുന്നവർക്കും ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കും എതിരെ യു.എ.പി.എ ചുമത്തി ചാർജ് ഷീറ്റ് നൽകാതെ കോടതി നടപടിക്രമങ്ങളിൽ തളച്ചിട്ട് പൊലീസ് നിരീക്ഷണത്തിലാക്കൽ ഭരണകൂടം പതിവാക്കിയിരിക്കുന്നു.

ഇതേ സി.പി.എം അധികാരത്തിലിരിക്കുമ്പോൾ തന്നെയാണ് ശ്യാം ബാലകൃഷ്ണനെ മാവോവാദി എന്നാരോപിച്ച് കസ്റ്റഡിയിലെടുത്തത്. ഇതിനെതിരെയുള്ള അദ്ദേഹത്തിന്റെ നിയമപോരാട്ടത്തിൽ നഷ്ടപരിഹാരമായി ലക്ഷം രൂപ നൽകാൻ ഹൈകോടതി വിധിച്ചിരുന്നു. എന്നാൽ, ആ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകാനാണ് സർക്കാർ ശ്രമിച്ചത്. തനിക്കുമേൽ ചുമത്തിയ യു.എ.പി.എ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാവോവാദി നേതാവ് രൂപേഷ് നടത്തിയ നിയമപോരാട്ടത്തിൽ ഹൈകോടതി മൂന്ന് കേസുകൾ റദ്ദാക്കി. ആ വിധിക്കെതിരെയും പിണറായി സർക്കാർ അപ്പീൽ നൽകിയെങ്കിലും പൊതുജനാഭിപ്രായം എതിരായതോടെ ഉപേക്ഷിക്കേണ്ടിവന്നു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് (25.05.2016 മുതൽ 19.05.2021 വരെ) 145 യു.എ.പി.എ കേസുകളാണ് ചുമത്തിയിരിക്കുന്നത്!


നരേന്ദ്ര മോദി നേതൃത്വം നൽകുന്ന വലതുപക്ഷ സർക്കാറാണ് ഫാ. സ്റ്റാൻ സ്വാമിയെ യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. ഗുരുതരാവസ്ഥയിൽ പോലും മതിയായ ചികിത്സ ലഭിക്കാതെ അദ്ദേഹം ജയിലിൽ വെച്ചു രക്തസാക്ഷിയായി. ഈ സംഭവത്തെ സി.പി.എം അപലപിച്ചിരുന്നു. എന്നാൽ, യു.എ.പി.എ ചുമത്തപ്പെട്ട രാഷ്ട്രീയ തടവുകാരൻ ഇബ്രാഹിമിന് ചികിത്സ നിഷേധിക്കുകയും ചെയ്തു.

ഇതേ ഭരണകാലത്താണ് ജയിലിനുള്ളിൽ സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് യു.എ.പി.എ തടവുകാരായ ഡാനിഷ്, ഇബ്രാഹിം, അബ്ദുൽ റസാഖ് തുടങ്ങിയ 11 പേർക്കെതിരെ കള്ളക്കേസ് ചുമത്തിയത്. കേരളത്തിലെ ഗ്വണ്ടാനമോ എന്ന വിളിപ്പേരുള്ള അതീവ സുരക്ഷാ ജയിലിൽവെച്ചാണ് അവരെ പുതിയ കേസിൽ പെടുത്തുന്നത്. ഈ കേസിനെതിരെ ഇബ്രാഹിമും അബ്ദുൽ റസാഖും നിയമപോരാട്ടം നടത്തുകയും ജയിൽ വകുപ്പിന്റെ ആരോപണം തെറ്റാണെന്ന് കോടതിയിൽ തെളിയിക്കുകയും ചെയ്തു. ഇവർക്കെതിരെ യു.എ.പി.എ ചുമത്തുക മാത്രമല്ല, കോടതിയുടെയും സമൂഹത്തിന്റെയും മുമ്പാകെ ഇവരെല്ലാം വലിയ പ്രശ്നക്കാരാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു സർക്കാർ.

കേരളത്തിൽ മാത്രമല്ല, സി.പി.എമ്മിന്‌ ഭരണമുണ്ടായിരുന്ന കാലത്ത് ബംഗാളിലും ​ഇതേ ഇരട്ടത്താപ്പ് കാണിച്ചിരുന്നു. ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരിക്കെ 2009 ഒക്ടോബർ ആറിനാണ് പീപ്ൾസ് മാർച്ച് ബംഗാൾ എഡിഷൻ പത്രാധിപർ സ്വപൻ ദാസ് ഗുപ്തയെ പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ 28 ദിവസം നീണ്ട ക്രൂരമായ ചോദ്യം ചെയ്യലിനും മാനസിക പീഡനത്തിനും ശേഷം ഗുപ്തയെ ജയിലിൽ തള്ളി. പീഡനങ്ങളെതുടർന്ന് അസുഖങ്ങൾ മൂർച്ഛിക്കുകയും ഗുരുതരാവസ്ഥയിൽ മതിയായ ചികിത്സ ലഭ്യമാകാതെ 2010 ഫെബ്രുവരി രണ്ടിന് ജയിലിൽവെച്ച് രക്തസാക്ഷിയാവുകയും ചെയ്തു.

കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതോടെ യു.എ.പി.എ കേസുകളിൽ വൻ വർധനയാണ് ഉണ്ടായത്. സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വവും പ്രഫ. സായിബാബയെ കുറ്റമുക്തനാക്കിയ മുംബൈ ഹൈകോടതി വിധിയും ഭരണകൂട ഭീകരത സംബന്ധിച്ച ജനങ്ങളുടെ വികാരവും ഏതൊരു മനുഷ്യനെയും ഭരണകൂടം വിചാരണയില്ലാതെ അനന്തകാലം തടവറയിൽ തള്ളുമെന്ന അവബോധവും ശക്തമാക്കിയിട്ടുണ്ട്. യു.എ.പി.എക്ക് എതിരെ ജനവികാരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ആ നിയമത്തിനെതിരെ സി.പി.എം പ്രകടനപത്രിക പുറത്തിറക്കുന്നത്. മുൻ ചെയ്തികളിലെ തെറ്റുകൾ തിരുത്താനാണ് അതുവഴി പാർട്ടി ശ്രമിക്കുന്നതെങ്കിൽ സ്വാഗതാർഹം തന്നെ. പ്രകടനപത്രികയിലെ വാഗ്ദാനം ജനങ്ങളെ കബളിപ്പിക്കാനുള്ളതല്ലെങ്കിൽ കേരളത്തിലെ മുഴുവൻ യു.എ.പി.എ കേസുകളും പിൻവലിച്ചുകൊണ്ട് പിണറായി വിജയൻ സർക്കാർ അതു നടപ്പാക്കുന്നതിന് തുടക്കം കുറിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMUAPAthaha fasal
News Summary - UAPA and CPIM's election promise
Next Story