കൊറോണ, ആധുനിക കാലം ഒരു ഇബ്നു സീനയെ തേടുന്നു
text_fieldsഡോക്ടർമാരും, നഴ്‌സുമാരും ആരോഗ്യ പ്രവർത്തകരുമടക്കമുള്ളവർ കോവിഡ് രോഗികളെ പരിചരിക്കുവാൻ ജീവൻതന്നെ പണയപ്പെടുത്തുകയാണ് . ഇവർക്കുള്ള നന്ദി സൂചകമായി ന്യൂയോർക്കിൽ എല്ലാ ദിവസവും വൈകിട്ട് 7 മണിക്ക് ഞങ്ങൾ വീട്ടിലെ പാത്രങ്ങളുമായി ബാല്‍കണിയിയിലേക്കോ മുൻ വാതിലുകളിലേക്കോ ഇറങ്ങും. തല തിരിഞ്ഞ സൈനിക സംസ്കാരത്തിനും, മാരക ആയുധങ്ങളുടെ നിർമാണത്തിനും കോടിക്കണക്കിന് ഡോളറുകൾ ചെലവഴിക്കപ്പെട്ടപ്പോൾ താറുമാറായത് ആരോഗ്യ പരിരക്ഷാ മേഖലയാണ്. ആവശ്യത്തിന് വിദഗ്ധരോ ഉപകരണങ്ങളോ ഇല്ലാതെ, എല്ലാം മറന്നു ജീവൻ രക്ഷിക്കുവാൻ തുനിഞ്ഞിറങ്ങിയ ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല.
അതുപോലെ , ലോകെത്തെമ്പാടും രോഗത്തെ ചെറുക്കുവാനുള്ള വഴികൾ തേടി പരീക്ഷണങ്ങളിൽ മുഴുകിയ ആയിരക്കണക്കിനു വരുന്ന ശാസ്ത്രജ്ഞന്മാരോടും, അധികാരികൾക്ക് രോഗപ്രതിരോധത്തിനായി ശരിയായ ആരോഗ്യ നയം ഉപദേശിക്കുന്ന വിദഗ്ധരോടും കടപ്പാടും കൃതജ്ഞതയും ഈ അവസരത്തിൽ അറിയിക്കുന്നു .
അമേരിക്ക, ബ്രസീൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ തികഞ്ഞ അരാജകത്വത്തിന്‍റെ വക്കിലാണ്. അവയുടെ കഴിവുകെട്ട നേതാക്കളായ ഡോണൾഡ് ട്രംപ്, ജെയർ ബോൾസോനാരോ, നരേന്ദ്ര മോദി എന്നിവരാണ് ഇതിന് ഉത്തരവാദികൾ. തങ്ങളുടെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തേക്കാൾ, സാമ്പത്തിക, പ്രത്യയശാസ്ത്ര ഗ്രൂപ്പുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലാണ് അവർ മുഴുകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം, അമേരിക്കയിലെ സാംക്രമിക രോഗങ്ങളുടെ ഗവേഷണ കേന്ദ്രത്തിന്‍റെ ഡയറക്ടർ ആന്‍റണി ഫോക്കി പോലുള്ളവർ, തല കീഴായി മറിഞ്ഞ ഈ കാലഘട്ടത്തിൽ വിവേകത്തിന്‍റെയും, യുക്തി ഭദ്രതയുടെയും പ്രതീകങ്ങളായി മാറി.
തീർച്ചയായും, ഈ മഹാമാരിക്കിടയിൽ ആരോഗ്യമേഖലയിലെ ആതുരസേവകരും ശാസ്ത്രജ്ഞന്മാരും ആരാലും തിരിച്ചറിയപെടാത്ത വീരനായകരായി ഉയർത്തെഴുന്നേൽക്കപ്പെട്ടിരിക്കുന്നു.ശാസ്ത്ര ലോകത്തിന്‍റെ വെല്ലുവിളികൾ ഒരു വശത്ത് ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞന്മാരും ഏറെ പ്രശംസകൾ അര്‍ഹിക്കുമ്പോള്‍ തന്നെ ശാസ്ത്രലോകം അഭ്യന്തരമായ ചില പുതിയ വെല്ലുവിളികൾ നേരിടുകയാണ്. മഹാമാരിക്കിടയിൽ, ശാസ്ത്രത്തിലെ നല്ലതും മോശവും തമ്മിൽ വേർതിരിച്ചറിയുന്നതിനായി ശാസ്ത്ര സമൂഹം ഏറെ പ്രയാസപ്പെടുന്നതായി കാണാം. മദർ ജോൺസ് മാസികയിലെ ഒരു ലേഖനത്തിൽ ജാക്കി ഫ്ലിൻ മൊഗൻസെൻ എഴുതിയത്, കൊറോണ വൈറസ് ശാസ്ത്രത്തിന്‍റെ ഏറെ വൃത്തിഹീനവും സങ്കീർണവുമായ ഇരുണ്ട മുഖത്തെ പുറത്തു കൊണ്ട് വന്നു എന്നാണ്.
സാധാരണ നിലക്ക് ഏറെ സമയം എടുക്കുന്ന പരീക്ഷണങ്ങൾ , ഗവേഷകർ ധൃതിയിൽ പൂർത്തീകരിക്കുവാൻ ശ്രമിക്കുന്നു, അക്കാദമിക് ജേണലുകൾ ഫലങ്ങൾ പ്രസിദ്ധീകരിക്കുവാനായി നെട്ടോട്ടം ഓടുന്നു. മാധ്യമങ്ങൾ ആശങ്കാകുലരായ പൊതുസമൂഹത്തിന് ഏറ്റവും പുതിയ വിവരങ്ങൾ കൈമാറുവാനുള്ള വ്യഗ്രതയിലാണ്. ഒരു മാരത്തോൺ ഓട്ടം പോലെ ദൈർഘ്യം എടുത്തിരുന്ന പലതിനേയും 400 മീറ്റർ ഓട്ടം പോലെ തിടുക്കത്തിലാക്കുവാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.വൈദ്യരംഗത്തിനും ശാസ്ത്രലോകത്തിനും അഭിസംബോധന ചെയ്യാനാകാത്തതും പ്രശ്ന പരിഹാരങ്ങൾ സങ്കല്‍പ്പിക്കാൻ പോലും കഴിയാത്തതുമായ അനേകം ചോദ്യങ്ങൾ ഈ കോവിഡ് കാലഘട്ടത്തിൽ ഉയർന്നിരിക്കുന്നു.
ഐറിഷ് ടൈംസിൽ അടുത്തിടെ ജോ ഹംഫ്രീസ് എഴുതിയത് കൊറോണ വൈറസ് ആരോഗ്യ മേഖലയെ മാത്രമല്ല, നമ്മുടെ മനഃസാക്ഷിയെയും ഞെട്ടിച്ചു എന്നാണ്. ഇത്രയും നാൾ നമ്മൾ കാര്യമാക്കാതിരുന്ന ആരോഗ്യ പ്രവർത്തകരുടെ കുറഞ്ഞ വേതനവും അതിൽ നിലനിന്നിരുന്ന സാമ്പത്തിക ചൂഷണവും വളരെ പെട്ടെന്ന് നമുക്ക് അസ്വീകാര്യമാകുകയും വിമർശനവിധേയമാക്കുകയും ചെയ്തു.എന്നാൽ ഇത്തരം സുപ്രധാനമായ നൈതികവും ധാർമികവുമായ കാര്യങ്ങൾ ആരാണ് അഭിസംബോധന ചെയ്യുക? വൈദ്യശാസ്ത്ര വിദഗ്ധൻമാരോ അതോ ശാസ്ത്രജ്ഞരോ. ഇനി ഇവരാരും അല്ലെങ്കിൽ ബുദ്ധിജീവികൾക്കോ തത്വചിന്തകന്മാർക്കോ പ്രശ്നപരിഹാരം കണ്ടെത്താനാകുമോ?
യഥാർഥത്തിൽ ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളും തലമുറകളായി, ശാസ്ത്ര, സാമൂഹ്യ മേഖലയിലെ പണ്ഡിതന്മാർ നടത്തിവരികയാണ്. ഇതിൽ സുപ്രധാനമായ ഒരു നിരീക്ഷണം ശാസ്ത്രീയ അന്വേഷണങ്ങളും അവയുടെ രീതിശാസ്ത്രവും സാമൂഹിക, രാഷ്ട്രീയ, മത സ്വാധീനങ്ങളിൽ നിന്നും പൂർണമായി സ്വതന്ത്രമല്ല എന്നതാണ്. ഇവിടെ ഉയർത്തപ്പെടുന്ന ചോദ്യങ്ങൾക്കും അവക്കുള്ള മറുപടികളിലും മേൽപ്പറഞ്ഞ ഘടകങ്ങളുടെ ശക്തമായ സ്വാധീനം ഗൗരവത്തിൽ കാണേണ്ടതാണ്.നിലവിൽ ശാസ്ത്ര അന്വേഷണങ്ങൾ, നാം നേരത്തെ ഉയർത്തിയ സുപ്രധാന നീരീക്ഷണങ്ങളെ അവഗണിച്ചു കൊണ്ടാണ് മുന്നേറിക്കൊണ്ടിരുന്നത് . എന്നാൽ കോവിഡിന്‍റെ ആഗമനം ഈ പതിവുകളെ ലംഘിച്ചു. ഗൗരവമുള്ള ചർച്ചകളുടെ പുതിയ വാതായനങ്ങൾ ഇതോടെ തുറക്കപ്പെട്ടു .
സമീപ കാലത്ത് ജനൻ ഗണേഷ് ഫിനാൻഷ്യൽ ടൈംസിനായി രണ്ടു സംസ്കാരങ്ങളുടെ അന്ത്യം എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിൽ മാനവിക വിഷയങ്ങളും, ശാസ്ത്ര സാങ്കേതിക മേഖലയിലെയും ഉള്ള വേർ തിരിവിനെ സംബന്ധിച്ചു ചർച്ച ചെയ്യുന്നുണ്ട് . ഹ്യുമാനിറ്റീസ് കൈകാര്യം ചെയ്യുന്ന ഗവേഷകർ ശാസ്ത്ര സാങ്കേതിക മേഖലയിലെ അക്കാദമിക ചർച്ചകളെയും പഠനങ്ങളെയും സംബന്ധിച്ച് പൊതുവെ അജ്ഞരാണ്. ഇത് തന്‍റെ പഠന വിഷയത്തിൽ പെട്ടതല്ല എന്ന നിലയിൽ അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇനി ഇത്തരം വേർതിരിവിന് ഒരു ന്യായീകരണവും ഇല്ല. ഈ രണ്ടു പഠന ശാഖകളും ഒന്നായി തീരേണ്ട സമയം അതിക്രമിച്ചു എന്നും അദ്ദേഹം ലേഖനത്തിൽ കുറിച്ചു. ഏറെ ചരിത്ര പ്രാധാന്യം ഉള്ള ചില വാദമുഖങ്ങളാണ് നാം ഇവിടെ അവതരിപ്പിച്ചത്. യഥാർഥത്തിൽ, ശാസ്ത്രവും മാനവികതയും തമ്മിലുള്ള ഭിന്നതയ്ക്ക് യുഎസ്, യൂറോപ്യൻ സമൂഹങ്ങളിൽ ആഴത്തിലുള്ള വേരുകൾ ഉണ്ട് .
ആധുനിക കാലം തേടുന്നു, ഒരു ഇബ്നു സീനയെ?
പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറാനിൽ നിന്നുള്ള മുസ്ലീം ശാസ്ത്രജ്ഞനായ ഇബ്നു സീനയുടെ ചിന്തകളിലും പഠനങ്ങളിലും ലോകത്തിന് പ്രത്യേക താല്‍പര്യമുണ്ടായിട്ടുണ്ട്. വൈദ്യശാസ്ത്ര രംഗത്ത് ശാശ്വതമായ സ്വാധീനം ചെലുത്തിയ അസാധാരണ പ്രതിഭ ആയിരുന്നു ഇബ്നു സീന.
അദ്ദേഹത്തിന്‍റെ ഏറെ സ്വാധീനം ചെലുത്തിയ കൃതികയാണ് അൽ ഖാനൂൻ . മധ്യകാലയുഗത്തിൽ വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണപഠനങ്ങൾക്കും, പാഠ്യപദ്ധതികൾ നിർണ്ണയിക്കുന്നതിലും മൂല സ്രോതസായി വർത്തിച്ച രചന ആയിരുന്നു ഖാനൂൻ. ചരിത്രകാരനായ ജമാൽ മൂസവിയുടെ അഭിപ്രായത്തിൽ, മരണത്തിനു 600 വർഷങ്ങൾക്കു ശേഷവും യൂറോപ്പിലും മുസ്ലിം നാടുകളിലും ചികിത്സാരംഗത്ത് അവലംബമായി പരിഗണിച്ചിരുന്നത് ഇബ്നു സീനയുടെ രചനകളും പഠനങ്ങളും ആയിരുന്നു.
കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ, ഇബ്നു സീന വൈദ്യരംഗത്തിനു നൽകിയ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണെന്ന് മുസ്ലിംകൾ അഭിമാനപൂർവ്വം ലോകത്തെ ഓർമ്മപ്പെടുത്തുകയാണ്. ഒരു സഹസ്രാബ്ദം മുമ്പ് അദ്ദേഹം മുന്നോട്ടുവെച്ച പല ആശയങ്ങളേയും, ആധുനിക കാലഘട്ടത്തിൽ, സൂക്ഷ്മ ജീവിയായ ഒരു വൈറസിനെ നിയന്ത്രിക്കുവാനായി നാം പരിഗണിച്ചിരിക്കുന്നു എന്നാണ് ഒരു മുസ്ലിം എഴുത്തുകാരൻ എഴുതിയത്. ക്വാറന്‍റീന്‍ ചെയ്യുക എന്ന ആശയത്തിന്‍റെ ഉത്ഭവം ഇബ്നു സീന 5 വാള്യങ്ങളിൽ ആയി 1025 ൽ രചിച്ച വൈദ്യ സർവ്വവിജ്ഞാനകോശമായ അൽ ഖാനുനിൽ രോഗത്തിന്‍റെ വ്യാപനം നിയന്ത്രിക്കുവാനായി മുന്നോട്ടു വെച്ച മാർഗ്ഗനിര്‍ദേശങ്ങളിൽ നിന്നാണ് എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു.
എന്നാൽ ഈ അഭിമാനാർഹമായ ഓർമ്മപ്പെടുത്തലുകൾക്കിടയിൽ ഇബ്നു സീനയെ കുറിച്ച് നാം സുപ്രധാനമായ ഒരു വസ്തുത വിട്ടുപോകുന്നു. ചികിത്സാ രംഗങ്ങളിൽ പ്രഗൽഭൻ ആയിരിക്കെത്തന്നെ മഹാനായ താത്വികാചാര്യൻ കൂടിയായിരുന്നു ഇബ്നു സീന. വൈദ്യശാസ്ത്ര ചരിത്രത്തിലെ മഹാനായ ഒരു വ്യക്തിത്വം തികഞ്ഞ ദാർശനികനും താത്വികനും കൂടിയായിരുന്നു എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.ഒരു പക്ഷെ ഇബ്നു സീനയെ കുറിച്ച് ഈ കാലഘട്ടത്തിൽ നാം ഏറ്റവും കൂടുതൽ ഓർത്തിരിക്കേണ്ടതും ഈ യാഥാർഥ്യം ആണ്. അമേരിക്കയിൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുൻ നിര പോരാളിയായ ഡോ. ആന്‍റണി ഫോക്കിയും ജർമനിയിൽ ജനിച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭനായ ചിന്തകനും ദാർശനികനും ആയിരുന്ന മാർട്ടിൻ ഹെയ്‌ഡഗേറും സമന്വയപെട്ടാൽ എന്താകുമോ അതായിരുന്നു ഇബ്നു സീന.
ദാർശനികനായ ശാസ്ത്രജ്ഞൻ
ശാസ്ത്ര ദാർശനിക വിഷയങ്ങളിൽ ഒരുപോലെ ഗ്രാഹ്യമുള്ള വ്യക്തി മാത്രമായിരുന്നില്ല ഇബ്നു സീന. മറ്റനേകം വിഷയങ്ങളിൽ തന്‍റെതായ വ്യക്തിമുദ്രപതിപ്പിച്ച ഇബ്നു സീനയെ ഏതെങ്കിലും ഒരു തലക്കെട്ടിൽ ഒതുക്കാൻ സാധ്യമല്ല.യൂറോപ്യൻ ആധുനികതയുടെ കടന്നു വരവോടെ പല ശാസ്ത്രശാഖകളും ഛിന്നഭിന്നമായി. മതവും ശാസ്ത്രവും വേർതിരിക്കപ്പെട്ടു. സാമൂഹിക വിജ്ഞാനം മാനവിക വിജ്ഞാനീയങ്ങളിൽ നിന്നും വേർപ്പെടുത്തപ്പെട്ടു. യുക്തിജ്ഞാനവും (reason), അന്തർജ്ഞാനവും (Intution) പരസ്പര വിരുദ്ധമായി. ഇത്തരം ശിഥിലീകരണത്തിനും, ശാസ്ത്രശാഖകൾ വൈരുധ്യമായി തീരുന്നതിനും മുൻപുള്ള വിജ്ഞാനീയ അന്തരീക്ഷത്തിലായിരുന്നു ഇബ്നു സീന തൻറെ വൈജ്ഞാനിക സംഭാവനകൾ ലോകത്തിനു നൽകിയത്.
ന്യായശാസ്ത്രം, അതിഭൗതിക ശാസ്ത്രം (Metaphysics), ആധ്യാത്മിക ദർശനങ്ങൾ, മനശാസ്ത്രം, സംഗീതം, ഗണിതം , വൈദ്യശാസ്ത്രം തുടങ്ങിയ അനേകം മേഖലകളിൽ ഇബ്നുസീന രചനകൾ സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭൗതിക സംഭാവനകൾ ആഴത്തിലുള്ള പഠനങ്ങൾക്ക് ഒടുവിൽ എത്തിച്ചേർന്ന, ദാർശനിക അടിത്തറകളിൽ നിന്നുമുള്ള ഉറച്ച കാഴ്ചപ്പാടുകൾ ആയിരുന്നു.ഇറാഖിലെ പ്രമുഖനായ ഇസ്ലാമിക തത്വ ശാസ്ത്രങ്ങളുടെ ചരിത്രകാരൻ ആയിരുന്ന മുഹ്സിൻ മഹതിയുടെ വാക്കുകളിൽ ഇബ്നു സീന ഗ്രീക്ക് ദാർശനിക പാരമ്പര്യത്തിന്‍റെ വ്യക്തമായ പിന്തുടർച്ച അവകാശപ്പെടാവുന്ന മുസ്ലിം ചികിത്സകനും താത്വികാചാര്യനും ആയിരുന്നു .
മധ്യകാല യുഗത്തിൽ ഗാലനും അരിസ്റ്റോട്ടിലും തമ്മിലുള്ള ദാർശനിക സംഘട്ടനം ഇബ്നുസീനയുടെ പഠനങ്ങളിൽ നാടകീയമായി സംഗമിച്ചത് പോലെ മറ്റൊരിടത്തും കാണപെട്ടിട്ടില്ല.ഗാലൻ സിദ്ധാന്തങ്ങൾക്ക് അനുസൃതമായി രചിച്ച ഖാനൂനും, അരിസ്റ്റോട്ടിലിന്‍റെ ജീവശാസ്ത്ര കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ രചിച്ച ഹയവാനുംഇബ്നുസീനയുടെ അനേകം കൃതികളിൽ സുപ്രധാനമായ രണ്ടെണ്ണം ആയിരുന്നു. ഈ രണ്ട് കൃതികളിലൂടെ ഇബ്നു സീന ലക്ഷ്യമിട്ടത്, മേൽ സൂചിപ്പിച്ച പുരാതന ദാര്‍ശനികരുടെ കാഴ്ചപ്പാടുകൾ മൂലം ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും രൂപപ്പെട്ട സൈദ്ധാന്തിക അഭിപ്രായ ഭിന്നതകളെ അനുരഞ്ജനത്തിൽ എത്തിക്കുക എന്നതായിരുന്നു.
ഇബ്നു സീനയുടെ മാനസിക വ്യവഹാരങ്ങളുടെ വ്യകത്മായ ചിത്രം ലഭിക്കണമെങ്കിൽ അദ്ദേഹത്തിന്‍റെ ശാസ്ത്ര താത്വിക കൃതികളോടൊപ്പം തന്‍റെ ഏറ്റവും ഉൽകൃഷ്ട രചനയായ അൽ ഇഷാറാത്ത് വൽ തൻബീഹാത് - ( അനുശാസനകളും താക്കീതുകളും ) കൂടി ചേർത്തു വെക്കേണ്ടതാണ്.ഇശാറാത്തിൽ ഇബ്നുസീന തന്‍റെ ചിന്തകളെ മിസ്റ്റിക്കൽ ശൈലിയിൽ വളരെ പ്രതീകാത്മകമായി ആണ് വിവരിക്കുന്നത്. ഇതിലെ ഗാഢമായ താത്വിക അവലോകനങ്ങൾ ഉണ്മയുടെ ആഴങ്ങൾ തേടിയുള്ള അജ്ഞാതമായ യാത്രയും അതിലെ ആനന്ദവുമാണ് വിവരിക്കുന്നത്. ഇഷാറാത്ത് എന്ന മാന്ത്രിക കൃതിയെ ശാസ്ത്രീയം എന്നോ ദാർശനികം എന്നോ ഉള്ള ഗണത്തിൽപ്പെടുത്തി ചുരുക്കാൻ ആവില്ല.
ഇസ്‍ലാമിന്‍റെ വൈജ്ഞാനിക ചരിത്രം പരിശോധിക്കുമ്പോൾ ശാസ്ത്രത്തെയും തത്വമീമാംസയേയും സംയോജിപ്പിച്ച ആദ്യത്തെ വ്യക്തിയല്ല ഇബ്നു സീന എന്ന് വ്യക്തമാകും. ശാസ്ത്ര വിഷയങ്ങളെ, പ്രത്യേകിച്ച് വനശാസ്ത്രത്തെയും തത്വശാസ്ത്രത്തെയും സമന്വയിപ്പിച്ച ബഹുമുഖ പണ്ഡിതനായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യക്കാരനായ നാസറുദ്ദീൻ തൂസി. ഇബ്നുസീനയുടെ ആത്മജ്ഞാന സംബന്ധമായ രചനകളുടെ മേൽ തൂസി എഴുതിയ നിരൂപണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇബ്നുസീന ഇസ്ലാമിക സംസ്കാരത്തിലെ അതികായനായ ശാസ്ത്ര പ്രതിഭയായിരുന്നു എന്ന സ്ഥിരം പല്ലവി ആവർത്തിക്കുന്നില്ല.ആധുനികലോകം പ്രൊഫഷണലിസത്തിന്‍റെയും സ്പെഷ്യലൈസേഷന്‍റെയും പേരിൽ ശാസ്ത്രത്തെയും തത്വശാസ്ത്രത്തെയും വർഗീകരിക്കുകയും വിഘടിപ്പിക്കുകയും ചെയ്തു. എന്നാൽ പൂർവ്വകാലത്ത് ഈ വിജ്ഞാനമേഖലകളെ ഒന്നായി കണ്ടിരുന്ന, വിഘടിക്കപെടാത്ത ഒരു ജ്ഞാനാന്തരീക്ഷം നിലനിന്നിരുന്നു എന്നതിനാണ് ഊന്നൽ കൊടുക്കുന്നത്.ഇബ്നുസീന ഒരിക്കലും ഒരു ഔദ്യോഗിക വൈദ്യൻ എന്ന നിലക്കോ, താത്വിക അധ്യാപകൻ എന്ന സ്ഥാനമോ അലങ്കരിച്ച വ്യക്തി ആയിരുന്നില്ല. ഗ്രീക്ക് പൈതൃകം നൂറ്റാണ്ടുകൾക്ക് ശേഷം യൂറോപ്അവകാശപ്പെടുന്നതിനേക്കാൾ തികച്ചും വ്യത്യസ്തമായ ധാർമ്മിക ഭാവനയിൽ ഇബ്നു സീന ആവിഷ്കരിച്ചിരുന്നു.
മാത്രമല്ല, അദ്ദേഹത്തിന്‍റെ രചനകൾ വളരെ അഗാധമായ പാണ്ഡിത്യത്തിന്‍റെ അടിത്തറയിൽ നിന്നുള്ള അനേകം വിജ്ഞാനങ്ങളുടെ സമന്വയമായിരുന്നു.സമകാലീന ലോകത്തു ഫ്രഞ്ച് ദാർശനികനായ ബ്രൂണോ ലടൂർനെ പോലുള്ളവർ കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള മുന്നേറ്റങ്ങൾക്ക് 'ന്യൂ " കാലഘട്ടത്തിൽ പരമപ്രാധാന്യം നൽകണം എന്ന് ആവശ്യപെടുമ്പോൾ, അധികാരികളും ശാത്രജ്ഞരും ഇതു നിസ്സാരമായി തള്ളിക്കളയുന്നത് കാണാം. ചരിത്രത്തിന്‍റെ ഒരു സുവർണ്ണ കാലഘട്ടത്തിൽ ശാസ്ത്രജ്ഞരും ദാര്‍ശനികരും മനുഷ്യനന്മയ്ക്കും ജ്ഞാനത്തിനും വേണ്ടി ഒന്നായി മുന്നേറിയിരുന്ന ഒരു യുഗം കടന്നു പോയിട്ടുണ്ടെന്ന വസ്തുത നാമോർക്കം.
മനുഷ്യരാശിയുടെ വിസ്‌മയാവഹമായ ശാസ്ത്രനേട്ടങ്ങളെ നിരാകരിക്കുവാനോ, ആധുനിക തത്വശാസ്ത്ര ചിന്താധാരകളെ ഗൗരവം കുറച്ചു കാണുവാനോ എനിക്ക് ഉദ്ദേശമില്ല. കഴിഞ്ഞുപോയ ഒരു കാലത്തെക്കുറിച്ചുള്ള ഗൃഹാതുരതയിൽ മുങ്ങി നിവരുവാനും താൽപര്യമില്ല. മഹാമാരി സൃഷ്‌ടിച്ച ഭീകരാന്തരീക്ഷം നമ്മുക്ക് നേരെ ഫണം വിടർത്തി നിൽക്കുമ്പോൾ ഈ അപരിചിത സാഹചര്യവുമായി എങ്ങനെ പൊരുത്തപ്പെടാം എന്നതാണ് ചിന്താവിഷയം. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള ആത്മബോധത്തിൽ ഒരു വൈജ്ഞാനിക വിപ്ലവത്തിന്‍റെ വക്കിലാണോ നമ്മൾ?, എവിടെയാണ് നാം നിൽക്കുന്നത്?, എന്താണ് നാം ചെയ്യേണ്ടത്?, മനുഷ്യനെ താൻ സ്വയം സൃഷ്ടിച്ച അഗാധ ഗർത്തത്തിൽ നിന്നും കരകയറ്റുവാനായി ഏതു തരത്തിലുള്ള അറിവും അവബോധവുമാണ് ആവശ്യം? . അഭിസംബോധന ചെയ്യേണ്ടതായ ശാസ്ത്രീയവും ദാര്‍ശനികവുമായ ചോദ്യങ്ങൾ ഒരുപാടുണ്ട്. അതെ, കാലം ഒരു നവ ഇബ്നു സീനയെ തേടുകയാണ്.
മൊഴിമാറ്റം: ടി.എസ്. സാജിദ്
കടപ്പാട്: www.aljazeera.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.