അകാലത്തിൽ ഈ കനത്ത നഷ്ടം
text_fieldsലോകംകണ്ട പ്രമുഖരായ ഭൗതികശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു കേരളത്തിെൻറ സ്വന്തം പ്രഫ.താണു പത്മനാഭൻ. ജ്യോതിർ ഭൗതികം, ക്വാണ്ടം ഭൗതികം തുടങ്ങി ഭൗതിക ശാസ്ത്രത്തിെൻറ വിവിധ മേഖലകളിൽ അതുല്യമായ സംഭാവനകൾ നൽകിയ അദ്ദേഹത്തിെൻറ ആദ്യതട്ടകം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജായിരുന്നു. ക്ലാസിലെ പാഠങ്ങളിൽനിന്ന് കൂടുതലൊന്നും പഠിക്കാനില്ലാത്തതിനാൽ, ക്ലാസിൽ വരാതെ ലൈബ്രറിയിൽ സമയം ചെലവിടാൻ അധ്യാപകർ അനുവദിച്ച ഒരു ബി.എസ്സി വിദ്യാർഥി. അക്കാലത്തുതന്നെ ആപേക്ഷികതാ സിദ്ധാന്തം സംബന്ധിച്ച തെൻറ ആദ്യ ഗവേഷണ പ്രബന്ധം തയാറാക്കിയാണ് ഭൗതിക ശാസ്ത്രത്തിലേക്ക് കാലെടുത്തുെവച്ചത്. ഗണിതശാസ്ത്രത്തിലൂടെ ഭൗതികശാസ്ത്രത്തിലേക്ക് കടന്നുകയറുകയും ആൽബർട്ട് ഐൻസ്റ്റൈെൻറ സാമാന്യ ആക്ഷേപികത സിദ്ധാന്തത്തിെൻറ അടിസ്ഥാനത്തിൽ ഒരു പ്രബന്ധം അവതരിപ്പിക്കുകയുമായിരുന്നു. യൂനിവേഴ്സിറ്റി കോളജിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ 1977ൽ ബിരുദം നേടി, 1979ൽ ഒന്നാം റാങ്കോടെ എം.എസ്സി ബിരുദവും കരസ്ഥമാക്കി. ശേഷം ഭൗതികശാസ്ത്രം ആഴത്തിൽ പഠിക്കുകയും പുണെയിലെ ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ ആസ്ട്രണോമി ആൻഡ് ആൻട്രോഫിസിക്സിെൻറ ഡയറക്ടർ സ്ഥാനത്ത് എത്തുകയുംചെയ്തു.
ഗുരുത്വാകർഷണം, പ്രപഞ്ചത്തിലെ സ്തൂലഘടനയുടെ ഉത്ഭവം, ക്വാണ്ടം ഗുരുത്വം എന്നീ മൂന്ന് മേഖലകളിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നത്. അത് മാത്രമല്ല, നമ്മൾ ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത ഇരുണ്ട ഊർജത്തെ സംബന്ധിച്ച പരികൽപനങ്ങളും ശ്രദ്ധേയമാണ്. വിശിഷ്ട ആപേക്ഷികത സിദ്ധാന്തത്തിെൻറ അടിസ്ഥാനത്തിലാണ് പത്മനാഭൻ തെൻറ സിദ്ധാന്തം രൂപപ്പെടുത്തിയത്. പ്രപഞ്ച വികാസത്തിെൻറ വേഗം കൂടിക്കൊണ്ടിരിക്കുന്നതിെൻറ കാരണം ഇരുണ്ട ഊർജമാണെന്നാണ് കരുതപ്പെടുന്നത്. അടുത്തകാലത്താണ് ഭൗതികശാസ്ത്രജ്ഞർ ഇരുണ്ട ഊർജം നിലനിൽക്കുന്നു എന്നംഗീകരിച്ചത്. പ്രപഞ്ചത്തിെൻറ നാലിൽ മൂന്നുഭാഗവും ഇരുണ്ട ഊർജം കൊണ്ടു നിറഞ്ഞിരിക്കുന്നുവെന്നതായിരുന്നു താണു പത്മനാഭെൻറ നിരീക്ഷണം.
പുതുതലമുറക്ക് പ്രചോദനമാകാൻ സാധിച്ച ഈ ശാസ്ത്രജ്ഞൻ ഒരിക്കലും അംഗീകാരങ്ങളെ അങ്ങോട്ടേക്ക് തേടിപ്പോയില്ല. ഗവേഷണം നടത്തുന്നത് പുരസ്കാരങ്ങൾക്കുവേണ്ടിയായിരുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. ഒരു കലാകാരൻ ചിത്രം വരക്കുംപോലെ, ഒരു നർത്തകൻ നൃത്തം ചെയ്യുന്നതുപോലെ ഒരു ഗായകൻ പാട്ട് പാടുന്നതു പോലെയാണ് ഗവേഷകെൻറ ഗവേഷണങ്ങളും. ശാസ്ത്രത്തെ ജനകീയവത്കരിക്കാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. നൂറിലേറെ മികവുറ്റ പോപ്പുലർ സയൻസ് ലേഖനങ്ങളും മുന്നൂറിലേറെ വരുന്ന പ്രഭാഷണങ്ങളും അതിന് തെളിവാണ്. 2009നെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായി ഇൻറർനാഷനൽ ആസ്ട്രണോമിക്കൽ യൂനിയൻ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമിയുടെ നാഷനൽ കമ്മിറ്റി ചെയർമാൻ എന്നനിലക്ക് പത്മനാഭനാണ് ഇന്ത്യയിൽ ജ്യോതിശാസ്ത്ര വർഷാചരണത്തിെൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സ്കൂൾ വിദ്യാർഥികളിൽ ഫിസിക്സിൻറ ആവേശമെത്തിക്കാൻ ദി സ്റ്റോറി ഓഫ് ഫിസിക്സ് എന്നപേരിൽ പത്മനാഭൻ തയാറാക്കിയ കോമിക് സ്ട്രിപ് പരമ്പര വിവിധ ഭാഷകളിലേക്കാണ് വിവർത്തനം ചെയ്യപ്പെട്ടത്.
'ആഫ്റ്റർ ദ ഫസ്റ്റ് ത്രീ മിനിറ്റ്സ്', 'ദ ഡോൺ ഓഫ് സയൻസ്' എന്നീ പുസ്തകങ്ങൾ തെൻറ ഗവേഷണമേഖലകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി തയാറാക്കിയവയാണ്. പ്രപഞ്ച ഉത്ഭവശേഷമുള്ള ആദ്യത്തെ മൂന്നു മിനിറ്റിനെയും പ്രപഞ്ചത്തിെൻറ ഘടനയെയും കുറിച്ചാണ് ആഫ്റ്റർ ദ ഫസ്റ്റ് ത്രീ മിനിറ്റ്സിൽ വിവരിക്കുന്നത്. പ്രപഞ്ചത്തിെൻറ തുടക്കം അവസ്ഥമാറ്റം വഴി (ഫേസ് ട്രാൻസിഷൻ)യാണെന്നും പ്രപഞ്ചം ഒരു തുടർച്ചയാണെന്നും അതൊരു ഉത്ഭവമല്ല മറിച്ച് മാറ്റത്തിെൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു പഠനങ്ങൾക്ക് അവധികൊടുത്ത് 2000 മുതൽ ക്വാണ്ടം ഭൗതികത്തിലായിരുന്നു ഗവേഷണങ്ങൾ. ക്വാണ്ടം ഗ്രാവിറ്റി എന്നത് പുതിയൊരു ഗവേഷണമേഖലയാണ്. ഈ മേഖലയിൽ പുതിയ സംഭാവനങ്ങൾ പ്രതീക്ഷിച്ചിരിക്കവെയാണ് വിധി അദ്ദേഹത്തെ നമ്മിൽ നിന്നും ശാസ്ത്രലോകത്തുനിന്നും പിടിച്ചുവാങ്ങിയിരിക്കുന്നത്. 64ാം വയസ്സിൽ പ്രമുഖനായ ഭൗതിക ശാസ്ത്രജ്ഞനെ നഷ്ടപ്പെടുകയെന്നത് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. കാരണം, ഇനിയും ഏറെ പ്രതീക്ഷിക്കാനുണ്ടായിരുന്നു നമുക്ക്. നല്ലൊരു ഭൗതികശാസ്ത്ര അധ്യാപകനെ നഷ്ടപ്പെട്ടു. ഗൈഡിനെ നഷ്ടപ്പെട്ടു. ഇ.സി.ജി സുദർശന് പിന്നാലെയുള്ള ഈ വിയോഗം തീർച്ചയായും നികത്താൻ കഴിയാത്ത നഷ്ടംതന്നെയാണ്.
(ശാസ്ത്ര ഗവേഷകനും എഴുത്തുകാരനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.