ലിസ്ബത്ത് കരോളിന് 1.65 കോടിയുടെ അമേരിക്കൻ സ്കോളർഷിപ്
text_fieldsകോഴിക്കോട്: ദേശീയ സ്കൂൾ കായിക മേളകളിൽ തിളങ്ങിയ ജംപിങ് താരം ലിസ്ബത്ത് കരോളിൻ ജോസഫിന് അമേരിക്കൻ സർവകലാശാലയുടെ സ്കോളർഷിപ്. തിരുവമ്പാടി സ്വദേശിനിയായ ലിസ്ബത്തിെൻറ കായികമികവ് കണ്ട് വിർജീനിയ ലിഞ്ച്ബർഗിലെ ലിബർട്ടി സർവകലാശാലയാണ് ലിസ്ബത്തിനെ ക്ഷണിച്ചത്.
കായിക പരിശീലനത്തിനും ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠനത്തിനുമായി 1.65 കോടി രൂപയാണ് സർവകലാശാല ചെലവഴിക്കുക. പാലാ അൽഫോൻസ കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ലിസ്ബത്ത്.
2018ൽ നൈറോബിയിൽ നടന്ന ലോക സ്കൂൾ മീറ്റിൽ ട്രിപ്ൾ ജംപിൽ ലിസ്ബത്തിെൻറ പ്രകടനം കണ്ടാണ് ലിബർട്ടി സർവകലാശാലയിലെ പരിശീലകർ ഈ താരത്തെ ആദ്യമായി സമീപിച്ചത്. 2015-16ൽ കോഴിക്കോട്ട് നടന്ന ദേശീയ സ്കൂൾ കായികമേളയിൽ നേടിയ മൂന്നു സ്വർണമടക്കം നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ദേശീയ ജൂനിയർ മീറ്റുകളിലും മെഡൽ വേട്ടക്കാരിയാണ്.
വിസ ഇൻറർവ്യൂ കടമ്പയും കടന്ന ലിസ്ബത്ത് ഈ ആഴ്ച തന്നെ അമേരിക്കയിലേക്ക് പറക്കും. പുല്ലൂരാംപാറ സെൻറ് ജോസഫ്സ് സ്കൂളിൽനിന്ന് കായിക രംഗത്തെത്തിയ ലിസ്ബത്ത് മലബാർ സ്പോർട്സ് അക്കാദമിയിൽ ടോമി ചെറിയാന് കീഴിലായിരുന്നു പരിശീലിച്ചത്. പുല്ലൂരാംപാറ െകാല്ലിത്താനം സജിയുടെയും ലെൻസിയുടെയും മകളാണ്. ഇളയ സഹോദരിമാരായ ആൻ ടെൻസ് ജോസഫും പിലോ എയ്ഞ്ചൽ ജോസഫും കായിക താരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.