18 മണിക്കൂറിൽ 300 കിലോമീറ്റർ: റെക്കോഡിലേക്ക് പത്താം ക്ലാസുകാരെൻറ സൈക്കിളോട്ടം
text_fieldsതിരുവനന്തപുരം: 18 മണിക്കൂർ 33 മിനിറ്റിൽ 300 കിലോമീറ്റര്‍ വിസ്മയദൂരം സൈക്കിളില്‍ താണ്ടി പത്താം ക്ലാസുകാരൻ അജിത് കൃഷ്ണ. ലോക റെക്കോഡും ഏഷ്യന്‍ ബുക്സ് ഓഫ് റെക്കോഡും ലക്ഷ്യമിട്ടാണ് ഇൗ 15 കാരൻ പാലക്കാടുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. 24 മണിക്കൂറാണ് സമയം നിശ്ചയിച്ചിരുന്നതെങ്കിലും പതിനെട്ടര മണിക്കൂറിൽ ലക്ഷ്യം താണ്ടി.
തിങ്കളാഴ്ച രാവിലെ പാലക്കാട് രക്തസാക്ഷി മണ്ഡപത്തില്‍നിന്നാണ് യാത്ര തുടങ്ങിയത്. 2019ല്‍ പാലക്കാടുനിന്ന് കശ്മീരിലേക്ക് 25 ദിവസം കൊണ്ട് 4205.32 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ സഞ്ചരിച്ച് ലോക റെക്കോഡ്, ഇന്ത്യന്‍ റെക്കോഡ്, ഏഷ്യന്‍ ബുക്സ് ഓഫ് റെക്കോഡ് എന്നിവ സ്വന്തമാക്കിയിരുന്നു. കശ്മീരിലേക്കുള്ള യാത്രയിൽ പ്രതിദിനം 160 കിലോമീറ്ററാണ് സൈക്കിൾ ചവിട്ടിയത്. 290 കിലോമീറ്റർ താണ്ടിയ ദിവസവുമുണ്ട്.
റെക്കോഡ് സ്വന്തമാക്കുകയെന്നതിനപ്പുറം ആരോഗ്യസംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് അജിത് കൃഷ്ണ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബംഗളൂരുവിലേക്കാണ് ആദ്യമായി സൈക്കിള്‍ യാത്ര നടത്തുന്നത്. പരിശീലനത്തിെൻറ ഭാഗമായി ദിവസവും 30-40 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിക്കാറുണ്ട്.
ചെറിയ യാത്രകള്ക്കുപോലും ആളുകള്‍ ബൈക്കും കാറും ഉപയോഗിക്കുന്ന മനോഭാവത്തില്‍ മാറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൈക്കിള്‍ യാത്ര തെരഞ്ഞെടുത്തതെന്ന് അജിത് പറയുന്നു. കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. പാലക്കാട് ചിറ്റൂര്‍ പൊല്‍പ്പുള്ളി സ്വദേശിയാണ്. പിതാവ്: പ്രണേഷ് രാജേന്ദ്രന്, മാതാവ്: അര്‍ച്ചന ഗീത. അജയ് കൃഷ്ണയാണ് സഹോദരന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.