ബബിത ഫോഗട്ട് കായിക വകുപ്പിലെ സ്ഥാനം രാജിവെച്ചു; ഹരിയാനയിൽ ബി.ജെ.പിക്കായി വീണ്ടും മത്സരിച്ചേക്കും
text_fieldsചണ്ഡിഗഡ്: ഗുസ്തിതാരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ട് ഹരിയാന കായിക വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. 2019ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ച് തോറ്റ ബബിത അടുത്ത മാസം നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്നതായാണ് റിപോർട്ട്.
ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ കാരണം സ്ഥാനം ഒഴിയുകയാണെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിൽ ബബിത പറയുന്നത്. സോനിപത് ജില്ലയിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെുപ്പ് പ്രചാരണത്തിനായി ബബിത എത്തുമെന്ന് നേരത്തെ ഉറപ്പായിരുന്നു. സീറ്റ് ലക്ഷ്യം വെച്ച് അവർ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ കാണുന്നുണ്ട്.
നവംബർ മൂന്നിനാണ് ബറോഡ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്. 90 അംഗ നിയമസഭയിൽ 40 സീറ്റാണ് പാർട്ടിക്കുള്ളത്. ജാട്ട് സമുദായ ശക്തികേന്ദ്രമായ മണ്ഡലത്തിൽ കാർഷിക സമരങ്ങൾ കൂടി നടക്കുന്ന സാഹചര്യത്തിൽ പാർട്ടി അത്ര പ്രതീക്ഷവെക്കുന്നില്ല.
2009 മുതൽ കോൺഗ്രസിലെ ശ്രീ കൃഷ്ണൻ ഹൂഡ വിജയിച്ചു വരുന്ന മണ്ഡലമാണിത്. 30കാരിയായ ബബിത പിതാവായ മഹാവീർ ഫോഗട്ടിനൊപ്പം ഹരിയാന തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബി.ജെ.പിയിൽ ചേർന്നത്. മൂന്ന് തവണ കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവായ ബബിതയുടെയും സഹോദരിയുടെയും ജീവിത കഥ ആസ്പദമാക്കിയെടുത്ത ആമിർ ഖാൻ ചിത്രമായ ദംഗൽ (2016) ഇന്ത്യയിൽ കൂടാതെ ചൈനയിലും വൻ വിജയമായിരുന്നു.
ബി.ജെ.പി പ്രവേശനത്തിന് മുമ്പായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന എല്ലാ നയങ്ങളെയും അവർ നിരുപാധികം പിന്തുണച്ചിരുന്നു. തബ്ലീഗ് ജമാഅത്ത് സമ്മേളനം നടത്തിയത് വഴിയാണ് ഇന്ത്യയിൽ കോവിഡ് പടർന്ന് പിടിച്ചതെന്ന വിവാദ പ്രസ്താവന വഴി ബബിത സമീപകാലത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇന്ത്യയില്‍ വിദ്യാഭ്യാസമില്ലാത്ത പന്നികളാണ് കോവിഡ് പരത്തിയതെന്നായിരുന്നു ബബിതയുടെ വിദ്വേഷ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.