കർഷക സമരങ്ങൾക്ക് സജീവ പിന്തുണയുമായി ബോക്സർ വിജേന്ദർ സിങ്
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബോക്സർമാരിൽ ഒരാളായ വിജേന്ദർ സിങ് ഇപ്പോൾ രാഷ്ട്രീയത്തിൻെറ റിങ്ങിലാണ്. കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ താരം തുടക്കം മുതലേ രൂക്ഷ വിമർശനങ്ങളുന്നയിച്ചിരുന്നു.
വെള്ളിയാഴ്ച രാജ്യവ്യാപകമായി അരങ്ങേറിയ ഭാരത് ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ച വിജേന്ദർ, കൃഷി രക്ഷിക്കാൻ പൊലീസിനോട് ഏറ്റുമുട്ടേണ്ട സ്ഥിതിയാണെന്നും തുറന്നടിച്ചു.
കാർഷിക ബില്ലിൻെറ പ്രശ്നങ്ങൾ അക്കമിട്ടുനിരത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിക്കുന്ന അദ്ദേഹം കർഷകരില്ലാതെ എങ്ങനെയാണ് രാജ്യം മുന്നോട്ട് പോകുക എന്നും ചോദിക്കുന്നു.
നേരത്തേ ജമ്മു കശ്മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിന് സമയത്തിന് കുറ്റപത്രം നൽകാതെ ജാമ്യം കിട്ടാൻ വഴിയൊരുക്കിയ ഡൽഹി പൊലീസ്, ഗർഭിണിയായ സഫൂറ സർഗാറിന് ജാമ്യം നിഷേധിച്ചതിനെതിരെ വിജേന്ദർ പ്രതിഷേധിച്ചിരുന്നു.
2008 ബീജിങ് ഒളിമ്പിക്സിലും 2009 ലോകചാമ്പ്യൻഷിപ്പിലും വെങ്കലമെഡൽ ജേതാവായിരുന്നു വിജേന്ദർ. 75കിലോഗ്രാം വിഭാഗത്തിൽ ലോകത്തിലെ മുൻ ഒന്നാംനമ്പർ താരം കൂടിയായ വിജേന്ദർ പിന്നീട് പ്രൊഫഷനൽ ബോക്സിങിലേക്ക് തിരിയുകയായിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായ മത്സരിച്ച വിജേന്ദർ പരാജയം രുചിച്ചിരുന്നു. എങ്കിലും രാഷ്ട്രീയ ഗോദയിൽ നിന്നും വിജേന്ദർ പിന്മാറിയിട്ടില്ല. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായും മികച്ച ബന്ധം സൂക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.