വരുന്നു, മത്സരിക്കുന്നു, പോകുന്നു ... ഇന്ത്യൻ അത്ലറ്റിക്സിൽ കോവിഡ് കാല മാർഗനിർദേശത്തിൻെറ കരടായി
text_fieldsകോഴിക്കോട്: ദൂരവും വേഗവും ഉയരവും താണ്ടുന്ന അത്ലറ്റിക്സ് ട്രാക്കുകളിൽ കോവിഡ് കാലത്ത് ആരവങ്ങളുയർന്നിട്ടില്ല. എങ്കിലും താരങ്ങൾ പരിശീലനം മുടക്കുന്നില്ല. ഒളിമ്പിക്സ് കഴിഞ്ഞ് പുതിയ സീസൺ തുടങ്ങേണ്ട സമയമായിരുന്നു ഇത്. നാഷണൽ ഓപൺ , ഇൻറർസ്റ്റേറ്റ് മത്സരങ്ങൾ പൊടിപൊടിക്കേണ്ടിയിരുന്ന അവസരം.
എല്ലാം കോവിഡിൽ തട്ടി ഇല്ലാതായി. എന്നാൽ കോവിഡിനൊപ്പം കരുതലോടെ അത്ലറ്റിക്സിനെയും ഒപ്പം നടത്തിക്കാനാണ് അത് ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ)യുടെ തീരുമാനം. ആരോഗ്യ വിദഗ്ധരുമായി ആലോചിച്ച് ഇതിനായി കരട് മാർഗനിർദ്ദേശം എ.എഫ്.ഐ പുറത്തിറക്കി.'വരുന്നു, മത്സരിക്കുന്നു, പോകുന്നു ' എന്നതാണ് മാർഗനിർദ്ദേശത്തിൻെറ പ്രധാന മുദ്രാവാക്യം.
വിജയികൾക്ക് മെഡൽദാന ചടങ് പോലും നടത്തില്ലെന്ന് കരട് മാർഗനിർദേശത്തിൽ പറയുന്നു.മെഡലുകൾ കാൾ റൂമിൽ എത്തിക്കും. നാല് താരങ്ങൾ ബാറ്റൺ കൈമാറുന്ന റിലേ മത്സരങ്ങൾ നടത്തില്ല. ടീം ചാമ്പ്യൻഷിപ്പും വേണ്ടെന്നാണ് കരട് നിർദേശം. ജില്ല, സംസ്ഥാന, ദേശീയ തല മത്സരങ്ങൾക്കായാണ് ഇവ കൊണ്ടുവരുന്നത്. പ്രധാന കരട് നിർദേശങ്ങൾ താഴെ:
- സ്റ്റേഡിയത്തിൽ അത് ലറ്റുകൾ, സംഘാടക സമിതി അംഗങ്ങൾ, ഒഫീഷ്യലുകൾ, വളണ്ടിയർമാർ, എ.എഫ്.ഐ അംഗീകരിച്ച കച്ചവടക്കാർ എന്നിവർക്ക് മാത്രം പ്രവേശനം.
- മത്സരം തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് സ്റ്റേഡിയത്തിലെത്തണം.
- അത്ലറ്റുകൾ 72 മണിക്കൂർ മുമ്പ് കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
- സ്റ്റേഡിയത്തിൽ ആരുമായും അനാവശ്യ സമ്പർക്കം പാടില്ല.
- സാമൂഹിക അകലം പാലിക്കണം. സ്വന്തമായി സാനിറ്റൈസറും കോട്ടൺ മാസ്കും ഫേസ് ഷീൽഡും കരുതണം.
- ശരീരതാപനില പരിശോധിച്ച ശേഷമാണ് അകത്തേക്ക് കടത്തിവിടക.
- സാനിറ്റൈസിങ്ങ് ടണൽ വഴിയാണ് സ്റ്റേഡിയത്തിനുള്ളിൽ കടക്കുക.
- ലൈനപ്പിന് മുമ്പ് മാസ്ക് ഊരി സ്വന്തമായി സൂക്ഷിക്കണം
- ത്രോ ഇനങ്ങൾക്കുള്ള ജാവലിൻ, ഡിസ്ക് പോലെയുള്ള ഉപകരണങ്ങൾ സാനിറ്റൈസ് ചെയ്യും
- മത്സരശേഷം മറ്റ് താരങ്ങളെ കെട്ടിപ്പിടിക്കാനോ അവർക്ക് കൈ കൊടുക്കാനോ പാടില്ല
- മത്സരദിനങ്ങളുടെ എണ്ണം കൂട്ടും. ഓൺലൈൻ വഴിയാകും എൻട്രികൾ
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.