ലോങ്ജംപിൽ ദേശീയ റെക്കോഡുമായി മലയാളി താരം എം. ശ്രീശങ്കർ ടോക്യോ ഒളിമ്പിക്സിലേക്ക്
text_fieldsപട്യാല: മലയാളി ലോങ്ജംപ് താരം എം. ശ്രീശങ്കറിന് ടോക്യോ ഒളിമ്പിക്സ് യോഗ്യത. പട്യാലയിൽ ആരംഭിച്ച ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ ദേശീയ റെക്കോഡ് പ്രകടനത്തോടെയാണ് ശ്രീശങ്കർ ഒളിമ്പിക്സ് ബർത്തുറപ്പിച്ചത്.
മത്സരത്തിലെ അവസാന ശ്രമത്തിൽ 8.26 മീറ്റർ ദൂരത്തേക്ക് പറന്നിറങ്ങിയ ശ്രീ ഒറ്റ ചാട്ടത്തിൽ ദേശീയ റെക്കോഡും, ടോക്യോവിലേക്കുള്ള ടിക്കറ്റും പോക്കറ്റിലാക്കി. 2018 സെപ്റ്റംബറിൽ കുറിച്ച 8.20 മീറ്റർ എന്ന സ്വന്തം പേരിലെ ദേശീയ റെക്കോഡാണ് ശ്രീശങ്കർ തിരുത്തിക്കുറിച്ചത്. 8.22 മീറ്ററായിരുന്നു ഒളിമ്പിക്സിനുള്ള യോഗ്യതാ മാർക്ക്.
നീണ്ട കോവിഡ് ഇടവേളക്കു ശേഷം മത്സരട്രാക്കിൽ തിരിച്ചെത്തിയ ശ്രീ, എട്ട് മീറ്ററിന് മുകളിൽ ചാടിയാണ് തുടക്കം കുറിച്ചത്. 8.02മീ., 8.04, 8.07, 8.09 എന്നിങ്ങനെ പതുക്കെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത ശേഷം, അഞ്ചാം ശ്രമത്തിൽ 8.26 മീറ്ററിലേക്ക് ലാൻഡ് ചെയ്ത് ഏവരെയും വിസ്മയിപ്പിച്ചു.
ശങ്കുവിെൻറ അധ്വാനം വെറുതെയായില്ല
കോവിഡ് കാലത്തിെൻറ പ്രതിസന്ധിയെ സമർഥമായി ഉപയോഗപ്പെടുത്തിയാണ് ശ്രീശങ്കർ ദേശീയ റെക്കോഡ് പ്രകടനവുമായി ഒളിമ്പിക്സിലേക്ക് ടിക്കറ്റ് ഉറപ്പിക്കുന്നത്. കോവിഡിനെ തുടർന്ന് ക്യാമ്പുകളും മത്സരങ്ങളുമെല്ലാം മുടങ്ങിയപ്പോൾ ശ്രീശങ്കർ പാലക്കാട്ടെ വീടും മെഡിക്കൽ കോളജ് മൈതാനവുമെല്ലാം തെൻറ പരിശീലനക്കളരിയാക്കി. പരിശീലനങ്ങൾക്കും മറ്റും കടുത്ത നിയന്ത്രണമുണ്ടായപ്പോൾ രാത്രി 10 മണിക്കും മറ്റുമെല്ലാം അച്ഛനും പരിശീലകനുമായ എസ്. മുരളിക്കൊപ്പം കോളജ് ഗ്രൗണ്ടിലെത്തി കഠിന പരിശീലനം തുടർന്നു. പേഴ്സനൽ ബെസ്റ്റ് പ്രകടനം ഓരോ തവണയും മെച്ചപ്പെടുത്തിയായിരുന്നു വീട്ടുകാരുടെ ശങ്കു ഒളിമ്പിക്സ് ബർത്തിനായി ഒരുങ്ങിയത്. 2019 നവംബറിനുശേഷം മത്സരങ്ങളൊന്നുമില്ലാത്ത കാലം ഒരു വർഷത്തിലേറെ നീണ്ടുപോയിട്ടും പ്രതീക്ഷ കൈവിടാതെ ഒരുക്കം തകൃതിയാക്കി. ഒടുവിൽ ഫെബ്രുവരിയിലെ ഇന്ത്യൻ ഗ്രാൻഡ്പ്രീയിലൂടെയായിരുന്നു തിരിച്ചുവരവ്. രണ്ടും മൂന്നും ഗ്രാൻഡ്പ്രീ ചെയ്ത ശേഷം, ഇപ്പോൾ ഫെഡറേഷൻ കപ്പിലൂടെ ദേശീയ റെക്കോഡും ഒളിമ്പിക്സ് ടിക്കറ്റും കൈക്കലാക്കി. ആദ്യ നാലു ചാട്ടവും എട്ടു മീറ്ററിനു മുകളിൽ നിലനിർത്തിയാണ് അഞ്ചാം ചാട്ടം 8.26 മീറ്ററിൽ എത്തിച്ചത്.
മുൻ ട്രിപ്ൾ ജംപറും സാഫ് ഗെയിംസ് വെള്ളിമെഡൽ ജേതാവുമായ എസ്. മുരളിയുടെയും ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ െവള്ളി നേടിയ കെ.എസ്. ബിജിമോളുടെയും മകനാണ് 21കാരനായ ശ്രീശങ്കർ. കേന്ദ്ര സർക്കാറിെൻറ ടാർഗറ്റ് ഒളിമ്പിക് പോഡിയം (ടി.ഒ.പി) സ്കീം അംഗമായ ശ്രീശങ്കർ പിതാവിനു കീഴിൽ തന്നെയാണ് പരിശീലിച്ചത്.
ദേശീയ സ്കൂൾ- ജൂനിയർ മീറ്റുകളിലൂടെ അത്ലറ്റിക് ട്രാക്കിലെ ഭാവിതാരമായി ഉയർന്നുവന്ന ശേഷം, 2018 കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടംലഭിച്ചെങ്കിലും ശ്രീക്ക് മത്സരിക്കാൻ കഴിഞ്ഞില്ല. ഗെയിംസിന് 10 ദിവസം മുമ്പ് അപ്പെൻഡിക്സ് കണ്ടെത്തിയതോടെ ആശുപത്രിക്കിടക്കയിലായി. തുടർന്ന്, രണ്ടു മാസത്തിലേറെ നീണ്ട വിശ്രമത്തിനു ശേഷമാണ് ജംപിങ് പിറ്റിൽ തിരികെയെത്തിയത്. ശേഷം, ഏഷ്യൻ ജൂനിയർ മീറ്റിൽ വെങ്കലം നേടി. പിന്നാലെ, ഏഷ്യൻ ഗെയിംസിൽ ആറാമനായി. വ്യക്തിഗത ഇനത്തിൽ കെ.ടി ഇർഫാനു ശേഷം ടോക്യോവിലേക്ക് ടിക്കറ്റുറപ്പിക്കുന്ന ആദ്യ മലയാളിയാണ് ശ്രീശങ്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.