ഇന്ത്യൻ ടെന്നിസിെൻറ പിതാമഹൻ അക്തർ അലി അന്തരിച്ചു
text_fieldsകൊൽക്കത്ത: ഇന്ത്യൻ ടെന്നിസിെൻറ പിതാമഹൻ അക്തർ അലി (81) അന്തരിച്ചു. പാർക്കിൻസൺ ഉൾപ്പെടെയുള്ള അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മകനും മുൻ ടെന്നിസ്താരവും നിലവിലെ ഇന്ത്യൻ ഡേവിസ് കപ്പ് കോച്ചുമായ സീഷാൻ അലിയുടെ വസതിയിൽ വെച്ചായിരുന്നു മരണം. കളിക്കാരനും കോച്ചുമായി കോർട്ടുവാണ കരിയറിലൂടെ ഒരു പിടി താരങ്ങളെ കൈപിടിച്ചുയർത്തിയ അക്തർ അലിയെ ഇന്ത്യൻ ടെന്നിസിെൻറ പിതാവെന്നാണ് കാലം വിശേഷിപ്പിക്കുന്നത്.
1958 മുതൽ 1964 വരെ ഡേവിസ് കപ്പിൽ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. ശേഷം, കോച്ചിങ്ങിലേക്ക് മാറിയപ്പോൾ രമേശ് കൃഷ്ണ, വിജയ് അമൃത്രാജ്, ആനന്ദ് അമൃത്രാജ്, ലിയാണ്ടർ പേസ്, സോംദേവ് ദേവ്വർമൻ എന്നീ ഇന്ത്യൻ സൂപ്പർസ്റ്റാറുകളുടെ പരിശീലകനായി. ഉപദേശങ്ങൾക്കായി സാനിയ മിർസയും അദ്ദേഹത്തെ തേടിയെത്തി. 1939 ജൂലൈ അഞ്ചിന് ജനിച്ച അക്തർ, 1955ലെ ദേശീയ ജൂനിയർ ചാമ്പ്യനായാണ് രംഗപ്രവേശം ചെയ്യുന്നത്. അതേവർഷം, ജൂനിയർ വിംബ്ൾഡൺ സെമിയിലും കളിച്ചു.
പിന്നാലെ, ഇന്ത്യൻ ഡേവിസ് കപ്പ് ടെന്നിസിലും നിത്യസാന്നിധ്യമായി. ആസ്ട്രേലിയൻ കോച്ചായിരുന്ന ഹാരി ഹോപ്മാെൻറ ശിക്ഷണത്തിൽ കളി പഠിച്ച അക്തർ വിംബ്ൾഡൻ, ഫ്രഞ്ച് ഓപൺ ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പുകളിലും കളിച്ചിരുന്നു. ഏഷ്യൻ മിക്സഡ് ഡബ്ൾസ് ചാമ്പ്യനുമായി. 1966 മുതൽ 1993 വരെ ഇന്ത്യൻ കോച്ചായിരുന്നു. രണ്ടു തവണ അദ്ദേഹത്തിനു കീഴിൽ ടീം ഫൈനൽ റൗണ്ടിൽ കളിച്ചു. രാജ്യം 2000ൽ അർജുന അവാർഡ് നൽകിയാണ് ടെന്നിസ് പ്രതിഭയെ ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.