അർജുന അവാർഡിനായി ഇനിയും ഏത് മെഡലാണ് നേടേണ്ടത് -മോദിയോട് സാക്ഷി മാലിക്
text_fieldsന്യൂഡൽഹി: അർജുന അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കായികമന്ത്രി കിരൺ റിജിജുവിനും തുറന്നകത്തുമായി ഗുസ്തിതാരം സാക്ഷിമാലിക്.
റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കലമെഡൽ ലഭിച്ച സാക്ഷിമാലിക് നേരത്തെ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയിരുന്നു. ഈ വർഷം സാക്ഷിയുടെ പേര് അർജ്ജുന അവാർഡിനായി നാമനിർദേശം ചെയ്തിരുന്നു. പക്ഷേ രാജ്യത്തെ കായികരംഗത്തെ പരമോന്നത പുരസ്കാരമായ ഖേൽരത്ന നേടിയ താരമെന്ന നിലയിലാണ് സാക്ഷിയെ അർജുന അവാർഡിൽ നിന്നും ഒഴിവാക്കിയത്.
ഈ വിശദീകരണത്തിൽ സാക്ഷി ഒട്ടും തൃപ്തയല്ലായിരുന്നു. ഇതിനെത്തുടർന്നാണ് മോദിക്കും കായികമന്ത്രിക്കും സാക്ഷി കത്തയച്ചത്. ഖേൽരത്ന അവാർഡ് നേടിയ താരമെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. പക്ഷേ എൻെറ പേരിനൊപ്പം അർജുന അവാർഡും വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഈ പുരസ്കാരത്തിനായി ഏതുമെഡലാണ് ഞാൻ ഇന്ത്യക്കായി നേടേണ്ടത്. അതോ, ഈ ജീവിതത്തിൽ അർജുന അവാർഡ് ലഭിക്കാൻ എനിക്ക് ഭാഗ്യമുണ്ടാകില്ലേ? -സാക്ഷി കത്തിൽ ചൂണ്ടിക്കാട്ടി.
റിയോ ഒളിമ്പിക്സിന് ശേഷം ജൊഹന്നാസ്ബർഗിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡലും ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലും സാക്ഷി നേടിയിരുന്നു. പത്മശ്രീ അവാർഡ് ജേതാവ്കൂടിയാണ് സാക്ഷി.
ക്രിക്കറ്റ് താരം ഇശാന്ത് ശർമ, അത്ലറ്റ് ദ്യുതി ചന്ദ്, ഫുട്ബാൾ താരം സന്ദേശ് ജിങ്കാൻ, ഷൂട്ടിങ് താരം സൗരഭ് ചൗധരി എന്നിവരടക്കമുള്ള 27പേർക്കാണ് ഈ വർഷം അർജുന പുരസ്കാരം ലഭിച്ചത്. സമിതി നിർദേശിച്ച 29 പേരിൽ നിന്നും നേരത്തേ ഖേൽരത്ന പുരസ്കാരം നേടിയ മീരാഭായ് ചാനു, സാക്ഷി മാലിക് എന്നിവരെ ഒഴിവാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.