ഗെറ്റ്, സെറ്റ്, ഗോ... കൊറോണ ഗോ
text_fieldsതേഞ്ഞിപ്പലം: 64ാമത് ഡോ. ടോണി ഡാനിയൽ സംസ്ഥാന സീനിയർ, ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പുകൾക്ക് തിങ്കളാഴ്ച മുതൽ നാലുനാൾ കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്മാരക സിന്തറ്റിക് ട്രാക്കിൽ വെടിയൊച്ച മുഴങ്ങും.
കോവിഡ് ഭീഷണിയെത്തുടർന്ന് മാസങ്ങൾ വൈകിയാണ് മത്സരങ്ങൾ നടക്കുന്നത്. അണ്ടർ 14, 16, 18, 20 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി 1609 അത്ലറ്റുകൾ ജൂനിയർ മീറ്റിലും സീനിയറിൽ 393 പേരും ട്രാക്കിലും ഫീൽഡിലും പുതിയ ദൂരവും ഉയരവും സമയവും തേടിയിറങ്ങും. ആദ്യദിനം 24 ഫൈനലുകൾ നടക്കും.
കോവിഡ് വന്നതോടെ വിപുലമായ രീതിയിൽ മത്സരങ്ങളൊന്നും സംസ്ഥാനത്ത് സംഘടിപ്പിച്ചിട്ടില്ല. ഇതാദ്യമായാണ് സംസ്ഥാനതലത്തിൽ ജൂനിയർ, സീനിയർ ചാമ്പ്യൻഷിപ്പുകൾ ഒരുമിച്ച് നടത്തുന്നത്. ജൂനിയർ മീറ്റിൽ 211 (89 പെൺ, 122 ആൺ) അത്ലറ്റുകളെ അണിനിരത്തുന്ന പാലക്കാടാണ് കിരീട ഫേവറിറ്റുകൾ.
ഗുവാഹത്തിയിൽ സമാപിച്ച ദേശീയ ജൂനിയർ മീറ്റിൽ കേരളത്തിന് വേണ്ടി മെഡലുകൾ വാരിക്കൂട്ടിയ താരങ്ങൾ വിവിധ ജില്ലകളെ പ്രതിനിധാനം ചെയ്ത് ഇറങ്ങുന്നുണ്ട്. തൃശൂരിന് വേണ്ടി നാട്ടിക സ്പോർട്സ് അക്കാദമിയുടെ സൂപ്പർ അത്ലറ്റ് ആൻസി സോജൻ അണ്ടർ 20 ലോങ് ജംപ്, 200 മീറ്റർ ഓട്ടം, 400 x 100 മീ. റിലേ എന്നിവയിൽ മത്സരിക്കും. ദേശീയ മീറ്റിലെ സ്വർണ പ്രകടനവുമായാണ് ആൻസിയുടെ വരവ്.
കോഴിക്കോട്ടുനിന്ന് അപർണ റോയ് 100 മീറ്റർ ഹർഡിലിൽ ഒന്നാം സ്ഥാനം നിലനിർത്താനാണ് എത്തുന്നത്. ഗുവാഹത്തിയിലെ മറ്റു സ്വർണനേട്ടക്കാരായ അബ്ദുൽ റസാഖ് (അണ്ടർ 20 100, 200 മീ.), അഭിനന്ദ് സുരേന്ദ്രൻ (അണ്ടർ 18 ലോങ് ജംപ്), സായ് നന്ദന (അണ്ടർ 14 ലോങ് ജംപ്), ജെ. വിഷ്ണുപ്രിയ (അണ്ടർ 20 400 മീ. ഹർഡിൽസ്) എന്നിവർ പാലക്കാടിനും മീര ഷിബു (അണ്ടർ 20 ഹൈജംപ്), വി. മുഹമ്മദ് ഹനാൻ (അണ്ടർ 16 100 മീ., 80 മീ. ഹർഡിൽസ്) കോഴിക്കോടിനും മെഡൽ ഉറപ്പാക്കുന്നു.
2019ൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കെ അഫീൽ ജോൺസൺ എന്ന വിദ്യാർഥിക്ക് തലയിൽ ഹാമർ വീണ് ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു.
ബാക്കി മത്സരങ്ങൾ 2020 ഫെബ്രുവരിയിൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടത്തിത്തീർത്തു. 2019 ജൂണിൽ തേഞ്ഞിപ്പലത്ത് തന്നെയാണ് 63ാമത് സീനിയർ ചാമ്പ്യൻഷിപ്പും സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഇത്തവണ മത്സരങ്ങളെന്നും നെഗറ്റിവ് റിസൽട്ട് ഹാജരാക്കുന്ന താരങ്ങൾക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതിയെന്നും കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.