സീനിയർ വോളി: ഹാട്രിക് കിരീടം തേടി കേരള വനിതകൾ
text_fieldsഭുവനേശ്വർ: 69ാമത് ദേശീയ സീനിയർ വോളിയിൽ കേരള വനിതകൾക്ക് ഇന്ന് കിരീടപ്പോരാട്ടം. ബുധനാഴ്ച നടന്ന ക്വാർട്ടറിൽ കർണാടകയെയും ഉച്ചകഴിഞ്ഞ് നടന്ന സെമിയിൽ ഹിമാചൽപ്രദേശിനെയും തോൽപിച്ചാണ് കേരള വനിതകളുടെ ഫൈനൽ ബർത്ത്. ഇന്നത്തെ ഫൈനലിൽ കരുത്തരായ റെയിൽവേയാണ് എതിരാളി. സെമിയിൽ പശ്ചിമ ബംഗാളിനെ വീഴ്ത്തിയാണ് റെയിൽവേയുടെ ഫൈനൽ പ്രവേശം.
അതേസമയം, പുരുഷ ടീം സെമിയിൽ അസമിനോട് തോറ്റു പുറത്തായി. ആദ്യ രണ്ടു സെറ്റുകൾ ആധികാരികമായി ജയിച്ചശേഷമായിരുന്നു തുടർച്ചയായി മൂന്നു സെറ്റിൽ പുരുഷ ടീം കീഴടങ്ങിയത്. ഹരിയാനയും അസമും തമ്മിലാണ് ഫൈനൽ.
രാവിലെ നടന്ന ക്വാർട്ടറിൽ കർണാടകയെ 25-8, 25-14, 25-13 സ്കോറിനാണ് കേരള വനിതകൾ വീഴ്ത്തിയത്. സെമിയിൽ ഹിമാചലിനെതിരെയും നേരിട്ടുള്ള സെറ്റിനായിരുന്നു ജയം (25-17, 25-15, 25-9). ഹാട്രിക് കിരീടം തേടിയാണ് കേരളത്തിെൻറ പടപ്പുറപ്പാണ്. 2019ൽ ചെന്നൈയിലും 2020ൽ ഭുവനേശ്വറിലും കേരളം റെയിൽവേയെ അട്ടിമറിച്ച് കിരീടമണിഞ്ഞിരുന്നു.
തുടർച്ചയായി പത്തു വർഷം റെയിൽവേക്കു മുന്നിൽ ഫൈനലിൽ തോറ്റ പതിവ് തിരുത്തിയായിരുന്നു കോച്ച് സദാനന്ദനു കീഴിൽ കേരള വനിതകളുടെ കിരീടനേട്ടം. ഇക്കുറി സെറ്റർമാരായ ജിനി കെ.എസ്, ആതിര എന്നിവരുടെ നേതൃത്വത്തിലാണ് കേരളത്തിെൻറ പോരാട്ടം. പരിചയ സമ്പന്നരായ അഞ്ജു ബാലകൃഷ്ണൻ, അഞ്ജുമോൾ തുടങ്ങിയവരും ടീമിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.