എയർലൈനുകളിൽ പരിഭ്രാന്തി; പേജർ സ്ഫോടനങ്ങൾ ഉയർത്തുന്നത് നിരവധി ചോദ്യങ്ങൾ
text_fieldsന്യൂഡൽഹി: പേജറുകൾക്കും വാക്കി-ടോക്കികൾക്കും നേരെ ഇസ്രായേൽ നടത്തിയ സൈബർ ആക്രമണത്തെ തുടർന്ന് ലോകമെമ്പാടുമുള്ള സുരക്ഷാ സംവിധാനങ്ങളും എയർലൈനുകൾ പോലുള്ള സേവന ദാതാക്കളും പരിഭ്രാന്തിയിൽ. മൊബൈലുകളും ലാപ്‌ടോപ്പുകളും പോലുള്ള ഉപകരണങ്ങൾക്ക് ഇനി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് സുരക്ഷാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇവ എങ്ങനെ ട്രാപ്പ് ചെയ്യാമെന്ന് ഇസ്രായേൽ തെളിയിച്ചതായും ഇത് വിദൂര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അവർ കരുതുന്നു. ‘ഇന്നത്തെ ലക്ഷ്യം ഹിസ്ബുല്ല ആയിരിക്കാം. എന്നാൽ, ഈ ആക്രമണങ്ങൾ സെപ്റ്റംബർ 11ന് ശേഷമുള്ള വ്യോമയാന വ്യവസായത്തെ ഏറ്റവും ആഴത്തിൽ ബാധിച്ചേക്കുമെന്നും’ അമേരിക്കൻ എന്‍റർപ്രൈസസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവചിക്കുന്നു.
ആയിരക്കണക്കിന് പേജറുകളും തുടർന്ന് വാക്കി-ടോക്കികളും ഒരേസമയം പൊട്ടിത്തെറിപ്പിച്ചുകൊണ്ട് ഇസ്രായേൽ നടത്തിയ ആക്രമണം അസാധാരണമായിരുന്നു. എന്നാൽ, സമാനമായ ആക്രമണങ്ങൾ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളോ വ്യക്തികളോപോലും ചെറിയ തോതിൽ നടത്തിയേക്കാമെന്ന് സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ‘തീവ്രവാദികൾക്ക് അത് ചെയ്യാൻ കഴിയുമെന്നും എന്നാൽ, അതേ തീവ്രതയിൽ ആയിരിക്കില്ലെന്നും’ ഒരു സുരക്ഷാ വിദഗ്ധൻ പറഞ്ഞു. ഇസ്രായേൽ എങ്ങനെയാണ് ഇത്തരം സ്‌ഫോടനം നടത്തിയതെന്ന് സുരക്ഷാ സംവിധാനങ്ങൾക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ഗൗരവതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. വിമാനത്തിൽ ആയിരിക്കുമ്പോൾ എല്ലാ ഉപകരണങ്ങളും ഓഫാക്കേണ്ടി വരുമോ എന്നതും ഓഫാക്കിയിരിക്കുമ്പോഴും സ്‌ഫോടകവസ്തുക്കൾ പ്രവർത്തനക്ഷമമാക്കാനാകുമോ എന്നതുമൊക്കെ അവയിൽ ചിലതാണ്. ഇത്തരം സാഹചര്യങ്ങളിൽ ഫോണുകളും ലാപ്‌ടോപ്പുകളും വിമാനത്തിന്റെ കാർഗോ ഹോൾഡിൽ സുരക്ഷിതമായി കൊണ്ടുപോകാൻ കഴിയുമോ എന്നും വിമാനക്കമ്പനികൾ അത്തരം ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കാർഗോയിൽ സ്വീകരിക്കുമോ എന്നതും നിശ്ചയമില്ലെന്ന് അമേരിക്കൻ എന്‍റർപ്രൈസസ് ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിക്കുന്നു.
സ്ഫോടനത്തിന് കാരണമാകുന്ന സിഗ്നൽ ലഭിക്കുന്നതിന് കമ്പ്യൂട്ടറുകളോ ഫോണുകളോ ഓണാക്കേണ്ടതുണ്ടോ? സിഗ്നൽ കൈമാറാൻ വൈ-ഫൈ ആവശ്യമാണെങ്കിൽ വിമാനങ്ങളിൽ വൈ-ഫൈ സേവനം അവസാനിപ്പിക്കുമോ തുടങ്ങിയ ആശങ്കകളും ഉയരുന്നുണ്ട്. ചില എയർലൈനുകൾ സ്‌ഫോടനങ്ങളോട് പ്രതികരിച്ചത് പേജറുകൾക്ക് തൽക്ഷണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ്. ചിലവ ഇസ്രായേലിലേക്കുള്ള വിമാനങ്ങൾ തന്നെ റദ്ദാക്കി.
വ്യോമയാന വ്യവസായത്തിൽ അത്തരം സ്ഫോടനാത്മക ഉപകരണങ്ങൾ ഉണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ച് സുരക്ഷാ വിശകലന വിദഗ്ധർ പരിഭ്രാന്തിയിലാണ്. ചൈന പോലുള്ള രാജ്യങ്ങളിൽനിന്ന് ഉപകരണങ്ങളും ഘടകങ്ങളും വാങ്ങുന്നതിനെക്കുറിച്ച് ചില വിദഗ്ധർ ഇതിനകം നിലവിലുള്ള ഭയം തുറന്നു പറഞ്ഞു. ഇത് എല്ലാവരെയും ബാധിക്കുന്ന യഥാർഥ പ്രശ്‌നമായിത്തീരുമെന്നാണ് ഒരു വ്യോമയാന വ്യവസായ വിദഗ്‌ധൻ പറയുന്നത്.
ആക്രമണങ്ങൾ വെളിപ്പെടുത്തുന്ന പ്രധാന വസ്തുത, ഏറ്റവും ഉയർന്ന സാങ്കേതിക സംവിധാനങ്ങളും കുറഞ്ഞ സാങ്കേതിക വിദ്യകളും ഇത്തരത്തിൽ തകർക്കപ്പെടുമെന്നാണ്. സുരക്ഷാപ്രശ്നം മുൻനിർത്തിയാണ് ആശയവിനിമയത്തിനായി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ഹിസ്ബുല്ല നിർത്തുകയും വളരെ താഴ്ന്ന ടെക് പേജറുകളിലേക്കും വാക്കി-ടോക്കികളിലേക്കും മാറുകയും ചെയ്തത്. എന്നാൽ, ഇവയും സുരക്ഷിതമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
ലെബനാനിലെ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 37 പേർ മരിക്കുകയും 2,300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലെബനാന് ചുറ്റുമുള്ള എട്ട് നഗരങ്ങളിലും പട്ടണങ്ങളിലും സിറിയയുടെ തലസ്ഥാനമായ ദമസ്കസിലും സ്ഫോടനങ്ങൾ നടന്നു. ചൊവ്വാഴ്ചത്തെ ആദ്യ സ്ഫോടനങ്ങൾ പേജറുകളെയാണ് ബാധിച്ചതെങ്കിൽ ബുധനാഴ്ച നടന്ന രണ്ടാമത്തേത് വാക്കി-ടോക്കികളെയാണ് മാരകമായി ബാധിച്ചത്.
ഹിസ്ബുല്ല മേധാവി സ്ഫോടനങ്ങളെ ‘യുദ്ധം’ എന്നാണ് വിശേഷിപ്പിച്ചത്. വിശാലമായ ഒരു യുദ്ധം ലെബനാനിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ആക്രമണത്തിന് ഉത്തരവാദി തങ്ങളാണെന്ന് ഇസ്രായേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.