2016ലേക്കാൾ ഏഴായിരത്തോളം വോട്ട് കുറവ്; കുന്നത്തുനാട്ടിൽ ബി.ജെ.പി വോട്ടിൽ ചോർച്ച
text_fieldsകോലഞ്ചേരി: കുന്നത്തുനാട്ടിൽ ബി.ജെ.പി വോട്ടിലും വൻ ചോർച്ച. പല പഞ്ചായത്തിലും പാർട്ടി ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 16,459 വോട്ടുകൾ നേടിയ സ്ഥാനത്താണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകളിൽ വൻ ചോർച്ച സംഭവിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മണ്ഡലാടിസ്ഥാനത്തിൽ ഏഴായിരത്തോളം വോട്ടാണ് കുറഞ്ഞത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വാഴക്കുളം പഞ്ചായത്തിൽ രണ്ടംഗങ്ങളെ ലഭിച്ച പാർട്ടിക്ക് ഇക്കുറി പൂതൃക്ക പഞ്ചായത്തിൽ ലഭിച്ച ഏക അംഗത്തിൽ തൃപ്തിയടയേണ്ടിവന്നു. ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ അടക്കം പഞ്ചായത്തുകളിൽ ചില വാർഡുകളിൽ 2015ൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നെങ്കിൽ ഇക്കുറി അവിടങ്ങളിലെല്ലാം പ്രകടനം ദയനീയമാണ്. ട്വൻറി20 മുന്നേറ്റത്തിൽ ബി.ജെ.പി വോട്ടുകളും അങ്ങോട്ടേക്ക് മാറിയതായാണ് സൂചന.
ട്വൻറി20 ആസ്ഥാനമായ കിഴക്കമ്പലം പഞ്ചായത്തിൽ ആകെ നേടിയത് അഞ്ഞൂറിൽ താഴെ വോട്ടാണ്. ഇവിടെ ഒരുവാർഡിലും വോട്ട് നൂറ് കടന്നില്ല. രണ്ട് വാർഡുകളിൽ ലഭിച്ചത് ഓരോ വോട്ടാണ്. ഇവിടെ പല വാർഡിലും സ്ഥാനാർഥിയുമുണ്ടായില്ല. പൂതൃക്കയിൽ ഒരംഗത്തെ ലഭിച്ചെങ്കിലും 14 വാർഡുകളിലായി ലഭിച്ചത് 1300 വോട്ടിൽ താഴെയാണ്. വലിയ പഞ്ചായത്തുകളിലൊന്നായ പുത്തൻകുരിശിൽ പല വാർഡുകളിലും സ്ഥാനാർഥിയുണ്ടായില്ല. 18 വാർഡുള്ള ഇവിടെ ആകെ ലഭിച്ചത് 450 വോട്ട്. കുന്നത്തുനാട് പഞ്ചായത്തിൽ രണ്ട് വാർഡിൽ മാത്രമാണ് നൂറ് കടന്നത്. മഴുവന്നൂർ, തിരുവാണിയൂർ പഞ്ചായത്തുകളിലാണ് മേഖലയിൽ ആയിരത്തിന് മുകളിൽ വോട്ട് പിടിച്ചത്. ഗ്രൂപ് പോരും ശൈഥില്യവുംമൂലം കുന്നത്തുനാട്ടിൽ പാർട്ടി പ്രവർത്തനം നിർജീവമാണെന്നതിനുപുറമെ ഇക്കുറി പലയിടങ്ങളിലും വോട്ട് മറിക്കൽ ആരോപണവും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.