കരുവാരകുണ്ടിലെ തോൽവി: ലീഗ് നേതൃത്വത്തിനെതിരെ മുൻ പ്രസിഡൻറ്
text_fieldsകരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ മുസ്ലിം ലീഗിൽ നേതൃത്വത്തിനെതിരെ പരസ്യ വിമർശനം. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും പഞ്ചായത്ത് ലീഗ് ഭാരവാഹിയുമായ പി. ഷൗക്കത്തലിയാണ് രംഗത്ത് വന്നത്. തോൽവിക്ക് കാരണം ചില പാർട്ടി നേതാക്കളുടെ പ്രവർത്തനങ്ങളും കൂടിയാലോചനയില്ലായ്മയുമാണെന്ന് അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് ചർച്ചയിലോ സ്ഥാനാർഥി നിർണയത്തിലോ മുൻ പ്രസിഡെൻറന്ന പരിഗണന പോലും തനിക്ക് തന്നില്ല. പഞ്ചായത്തിലെ വികസനനേട്ടങ്ങൾ എടുത്തു കാണിച്ചില്ല. പ്രകടന പത്രിക പോലും ഇറക്കിയില്ല. ചില കരാറുകാരാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. പാർട്ടി കേന്ദ്രങ്ങളായ കരുവാരകുണ്ട്, കണ്ണത്ത്, പുൽവെട്ട എന്നിവിടങ്ങളിലും ജനറൽ സെക്രട്ടറി മത്സരിച്ച ബ്ലോക്ക് ഡിവിഷനിലും തോൽവി ചോദിച്ചുവാങ്ങിയതാണെന്നും ഷൗക്കത്തലി പറഞ്ഞു.
ഷൗക്കത്തലിയുടെ ചില ആരോപണങ്ങളിൽ യാഥാർഥ്യമുണ്ടെന്ന് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എൻ. ഉണ്ണീൻകുട്ടിയും പ്രതികരിച്ചു. ഇക്കാര്യം ചർച്ച ചെയ്യും. അതേസമയം, ലീഗ്- കോൺഗ്രസ് ഭിന്നത ഇടതുപക്ഷം മുതലെടുത്തതാണ് പരാജയ കാരണമെന്നും തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ വൈകാതെ യോഗം വിളിക്കുമെന്നും ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.