ഇടമലക്കുടിയും വോട്ട് ചെയ്തു; കാനനപാത കടന്ന് വോട്ട് ചെയ്യിച്ച് പോളിങ് ഉദ്യോഗസ്ഥർ മലയിറങ്ങി
text_fieldsമൂന്നാര്‍: വോട്ടെടുപ്പ് കഴിഞ്ഞും 24 മണിക്കൂെറടുത്താണ് ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കി സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍നിന്ന് പോളിങ് ഉദ്യോഗസ്ഥർക്ക് മടങ്ങാനായത്. സംസ്ഥാനത്തെ തന്നെ ഏറ്റവും ദുര്ഘടപ്രദേശമായ ഇടമലക്കുടിയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കി മടങ്ങിയത് നൂറുപേരടങ്ങുന്ന സംഘമാണ്.
തമിഴ്നാട് പ്രദേശം ചുറ്റിമാത്രം എത്താൻ കഴിയുന്ന നൂറടിക്കുടിയിലെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങാനാണ് ഏറെ ബുദ്ധിമുട്ടിയത്. 190 കിലോമീറ്ററിലധികം യാത്രചെയ്താണ് നൂറടിക്കുടിയില് എത്തിയത്. തമിഴ്നാട്ടിലെ വാല്പ്പാറയിലൂടെ ചെങ്കുത്തായ കാനനപാത നടന്നുവേണം പോയിവരാൻ. തെരഞ്ഞെടുപ്പ് സാമഗ്രികളുമായി വേണം വഴിതാണ്ടാനെന്നത് ക്ലേശമായി. യാത്ര ചെയ്യുന്നതിന് തിരുപ്പൂര്‍ കലക്ടറുടെ പ്രത്യേക അനുമതി വാങ്ങി. 65 പോളിങ് ഉദ്യോഗസ്ഥരും 30ൽ ഏറെ പൊലീസ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം 26 വാഹനങ്ങളിലും നടന്നുമാണ് സ്ഥലത്തെത്തിയത്.
മഴ പെയ്തതിനാൽ ജീപ്പ് ചെളിയില്‍ കുടുങ്ങി. ഉദ്യോഗസ്ഥര്‍ തള്ളിക്കയറ്റി. കുത്തനെ കയറ്റവും കരിങ്കല്ലുകളും നിറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ കയറാതെ വന്നതോടെ ദീര്‍ഘദൂരം ഇറങ്ങി നടക്കേണ്ടി വന്നു. ഇവിടെ പോളിങ് 77.3 ശതമാനമായിരുന്നു. കഴിഞ്ഞ തവണ 76 ശതമാനം. 26 കുടികളിലായി 13 വാര്‍ഡുകളാണ് ഇവിടെ. ഇൻറര്‍നെറ്റ് കണക്ഷനും മൊബൈല്‍ ഫോണ്‍ റേഞ്ചും ഇല്ലാത്ത സാഹചര്യത്തില്‍ വയര്‍ലെസ് സെറ്റുകളെയാണ് ആശയവിനിമയത്തിനായി ആശ്രയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.