ബി.ജെ.പി, എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് മുന്നണികൾ; കടുങ്ങല്ലൂരിൽ നറുക്കെടുപ്പ് വേണ്ടിവരും
text_fieldsകടുങ്ങല്ലൂർ: പഞ്ചായത്തിൽ ഭരണ സമിതി രൂപവത്കരിക്കാൻ ബി.ജെ.പി, എസ്.ഡി.പി.ഐ പിന്തുണ സ്വീകരിക്കില്ലെന്ന് ഇടത്, ഐക്യജനാധിപത്യ മുന്നണികൾ. ഇതോടെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനു നറുക്കെടുപ്പ് വേണ്ടിവരും.
എൽ.ഡി.എഫ് ഭരിച്ചിരുന്ന കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ ഇക്കുറി ആർക്കും ഭൂരിപക്ഷമില്ല. 21 വാർഡിൽ എട്ട് സീറ്റ് വീതം എൽ.ഡി.എഫും യു.ഡി.എഫും നേടി. മൂന്നിൽ എൻ.ഡി.എയും രണ്ടിടത്ത് എസ്.ഡി.പി.ഐയും വിജയിച്ചു. ഇതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുമെന്ന് ഇരുമുന്നണിയുടെയും നേതാക്കൾ പറഞ്ഞു.
എന്നാൽ ബി.ജെ.പി, എസ്.ഡി.പി.ഐ കക്ഷികൾ പിന്തുണച്ചാൽ കിട്ടുന്ന സ്ഥാനം അപ്പോൾ തന്നെ രാജിെവക്കും. യു.ഡി.എഫിെൻറ പ്രസിഡൻറ് സ്ഥാനാർഥി കെ.കെ. ജിന്നാസും എൽ.ഡി.എഫിെൻറ പ്രസിഡൻറ് സ്ഥാനാർഥി പി.എ. ശിവശങ്കരനും തെരഞ്ഞെടുപ്പിൽ തോറ്റു. കഴിഞ്ഞ തവണ കേവല ഭൂരിപക്ഷമില്ലാതെയാണ് എൽ.ഡി.എഫ് ഭരിച്ചിരുന്നത്. എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് എട്ടും സീറ്റുകളാണ് ലഭിച്ചത്. അന്നും ബി.ജെ.പി മൂന്ന് സീറ്റ് നേടിയിരുന്നു. ഇടതുപക്ഷത്തിന് ഇക്കുറി സീറ്റുകൾ എട്ടായി കുറഞ്ഞപ്പോൾ ആദ്യമായി എസ്.ഡി.പി.ഐ രണ്ട് സീറ്റ് നേടി. യു.ഡി.എഫിനും എൻ.ഡി.എക്കും സീറ്റുകളുടെ എണ്ണത്തിൽ നഷ്ടമില്ല.
ഭരണ വിരുദ്ധ തരംഗം ഇടതിന് വിനയായപ്പോൾ യു.ഡി.എഫിന് കോൺഗ്രസിലെ ഗ്രൂപ് പ്രശ്‌നങ്ങളും സ്ഥാനാർഥി നിർണയങ്ങളിലുണ്ടായ വീഴ്ചകളും തിരിച്ചടിയായി. ഓമന ശിവശങ്കരൻ, സജിത അശോകൻ, ഷാഹിന ബീരാൻ, ആർ. ശ്രീരാജ്, മുഹമ്മദ് അൻവർ, എം.കെ. ബാബു, കെ.എസ്. താരാനാഥ്, സുരേഷ് മുട്ടത്തിൽ എന്നിവരാണ് യു.ഡി.എഫിൽനിന്ന് പഞ്ചായത്ത് അംഗങ്ങളായത്. പി.കെ. സലീം, ഉഷ ദാസൻ, വി.കെ. ശിവൻ, ആർ. രാജലക്ഷ്മി, പ്രജിത, കെ.എൻ. രാജീവ്, ടി.ബി. ജമാൽ, പി.ജെ. ലിജിഷ എന്നിവരാണ് ഇടതുപക്ഷത്ത് വിജയം കണ്ടവർ. ബി.ജെ.പിയിൽനിന്ന് ബേബി സരോജം, ആർ. മീര, സുനിത കുമാരി എന്നിവർ വിജയിച്ചു. റമീന അബ്ദുൽ ജബ്ബാർ, സിയാദ് പറമ്പത്തോടത്ത് എന്നിവരാണ് എസ്.ഡി.പി.ഐ അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.