സ്വതന്ത്രരിലും വിമതരിലും കൂടുതൽ പേർ ഇടതിനെ പിൻതുണക്കും
text_fieldsേകാഴിക്കോട്: സംസ്ഥാനത്തെ 45 നഗരസഭകളിലെങ്കിലും എൽ.ഡി.എഫ് ഭരണസാരഥ്യം കൈയാളുമെന്ന് ഉറപ്പായി. സ്ഥാനാർഥി നിർണയത്തിലും ഇലക്ഷൻ മാനേജ്മെൻറിലും പുലർത്തിയ മികവ് ഫലം വന്ന ശേഷവും നിലനിർത്തിയ എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇടങ്ങളിൽ വിമതരുടെയും സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിയതോടെയാണ് കൂടുതൽ നഗരസഭകൾ കൂടെപ്പോരുന്നത്.
38 നഗരസഭകളിലാണ് ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നത്. യു.ഡി.എഫ് 32ഉം ബി.ജെ.പി രണ്ടും നഗരസഭകളും നേടിയിരുന്നു. ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത 14 നഗരസഭകളുമുണ്ടായി.
ഇവിടങ്ങളിൽ ആടിനിന്ന സ്വതന്ത്രരേയും വിമതരെയും കൂടെ നിർത്താൻ ഇരു മുന്നണികളും ആഞ്ഞു ശ്രമിച്ചെങ്കിലും ഇടതു മുന്നണിയാണ് നേട്ടം കൊയ്തത്. ഇരിട്ടി, കളമശ്ശേരി, വർക്കല, നെയ്യാറ്റിൻകര, പത്തനംതിട്ട, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് ഇതര അംഗങ്ങളുടെ പിന്തുണ എൽ.ഡി.എഫ് ഉറപ്പാക്കിയത്. വൈക്കം, ഏറ്റുമാനൂർ, തിരുവല്ല നഗരസഭകളിൽ യു.ഡി.എഫ് പിന്തുണ സ്വരൂപിച്ചിട്ടുണ്ട്. ആർക്കും കേവലഭൂരിപക്ഷമില്ലാത്ത തൊടുപുഴയിൽ ഒരു സ്വതന്ത്ര അംഗത്തിെൻറ പിന്തുണ ഉറപ്പാക്കി അധ്യക്ഷ സ്ഥാനം നേടാൻ യു.ഡി.എഫ് ശ്രമം തുടരുന്നുണ്ട്.
യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ തുല്യനിലയിലെത്തിയ മാവേലിക്കര നഗരസഭയിൽ വിമത അംഗത്തിെൻറ ഡിമാൻറുകൾ അംഗീകരിക്കില്ലെന്ന് സി.പി.എം പ്രഖ്യാപിച്ചതോടെ ഇദ്ദേഹത്തെ യു.ഡി.എഫ് സമീപിച്ചിട്ടുണ്ട്.
പരവൂർ നഗരസഭ അധ്യക്ഷസ്ഥാനം നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടി വരും. ഈ മാസം 28നാണ് നഗരസഭ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.