Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകേന്ദ്രത്തില്‍ നിന്നും...

കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന 13,000 കോടി പെന്‍ഷന്‍ വിതരണത്തിന് ഉപയോഗിക്കണമെന്ന് വി.ഡി സതീശൻ

text_fields
bookmark_border
കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന 13,000 കോടി പെന്‍ഷന്‍ വിതരണത്തിന് ഉപയോഗിക്കണമെന്ന് വി.ഡി സതീശൻ
cancel

പരവൂർ: കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് 13,000 കോടി രൂപ കിട്ടുമ്പോള്‍ ആ പണം ഏഴ് മാസമായി മുടങ്ങിക്കിടക്കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് ഉപയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 55 ലക്ഷം കുടുംബങ്ങളാണ് പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് പ്രയാസപ്പെടുന്നത്. ക്ഷേമനിധി ബോര്‍ഡുകള്‍ തകര്‍ന്ന് ആനുകൂല്യങ്ങള്‍ മുടങ്ങിയവരെയും സഹായിക്കണം.

ആശുപത്രികളില്‍ മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും സപ്ലൈകോയ്ക്കും പണം നല്‍കണം. പണം കിട്ടുമ്പോള്‍ സര്‍ക്കാരിന് മുന്‍ഗണനകള്‍ വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കടമെടുപ്പിന്റെ പരിധി വര്‍ധിപ്പിക്കണമെന്നാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേന്ദ്രം 57600 കോടി നല്‍കാനുണ്ടെന്നും അത് കിട്ടാന്‍ വേണ്ടിയാണ് സുപ്രീം കോടതിയില്‍ പോയതെന്നുമാണ് പുറത്ത് പറയുന്നത്.

എന്നാല്‍ സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ 57600 കോടിയെ കുറിച്ച് മിണ്ടിയിട്ടേയില്ല. സംസ്ഥാന സര്‍ക്കാരിന് 26224 കോടിയുടെ ബാധ്യതയുണ്ടെന്നും അതുകൊടുത്തു തീര്‍ക്കാന്‍ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്നുമാണ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 57600 കോടി കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും പുറത്ത് ജനങ്ങളോട് പറയുന്നതും സുപ്രീം കോടതിയില്‍ പറയുന്നതും രണ്ടാണ്. നാല് ലക്ഷം കോടി രൂപയുടെ കടത്തിലേക്ക് കേരളം കൂപ്പ് കുത്തുമ്പോഴാണ് ഇനിയും കടമെടുക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കാപട്യവും ഇരട്ടത്താപ്പുമാണ് സര്‍ക്കാര്‍ കോടതിയിലും പുറത്തും സ്വീകരിച്ചിരിക്കുന്നത്.

എന്തൊരു നാണംകെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. 16 വര്‍ഷം സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ആളാണ് പിണറായി വിജയന്‍. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴാണ് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ ഉള്‍പ്പെടെ പ്രതിയായിരുന്ന വിശ്വനാഥ മേനോന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. പിണറായി സെക്രട്ടറിയായി ഇരിക്കുമ്പോഴാണ് അല്‍ഫോണ്‍സ് കണ്ണന്താനം പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് മന്ത്രിയായ കണ്ണന്താനത്തിന് വിരുന്ന് നല്‍കിയ ആളാണ് പിണറായി. അപ്പോള്‍ പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ സി.പി.എം നാണംകെട്ട പാര്‍ട്ടിയായിരുന്നോ? ഏറ്റവും മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടപ്പോള്‍ ആ നാണംകെട്ട പാര്‍ട്ടിയുടെ തലപ്പത്ത് പിണറായി വിജയനല്ലേ ഇരുന്നിരുന്നത്? ബംഗാളിലും ത്രിപുരയിലുമുള്ള സി.പി.എം നേതാക്കള്‍ ബി.ജെ.പിയിലും തൃണമൂല്‍ കോണ്‍ഗ്രസിലുമാണ്. പാര്‍ട്ടി സെക്രട്ടറിയെയും പാര്‍ട്ടിയെയും പിണറായി പറഞ്ഞതു പോലെ നാണംകെട്ട എന്ന് വിശേഷിപ്പിക്കുന്നില്ല.

77 ല്‍ ആര്‍.എസ്.എസ് പിന്തുണയില്‍ ജയിച്ച ആളാണ് പിണറായി. ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ 38 തവണയാണ് ലാവലിന്‍ കേസ് മാറ്റിയത്. ഇവര്‍ക്കെതിരെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളൊക്കെ എവിടെ പോയി? കരുവന്നൂരിലെ ഇ.ഡി അന്വേഷണം ധാരണയായോ? ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്ന് പറയുന്ന ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനറാണോ അതോ എന്‍.ഡി.എ ചെയര്‍മാനാണോ? ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നാല്‍ അവിടെയൊക്കെ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് വരുമെന്നാണ്. വായില്‍ തോന്നുന്നത് വിളിച്ച് പറയുകയാണ്. പിണറായിയെയും കുടുംബത്തെയും രക്ഷിക്കാനാണ് ഇല്ലാത്ത സ്‌പേസ് ബി.ജെ.പിക്ക് സി.പി.എം കേരളത്തില്‍ ഉണ്ടാക്കിക്കൊടുക്കുകയാണ്.

യു.ഡി.എഫിന്റെ വടകര, ആലപ്പുഴ, തൃശൂര്‍ സ്ഥാനാര്‍ത്ഥികള്‍ സി.പി.എമ്മിനെയും ബി.ജെ.പിയെയും ഞെട്ടിച്ചു. ആ ഞെട്ടല്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇരട്ടിയാകും. യു.ഡി.എഫിന് വടകരയില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന മിടുമിടുക്കനായ സ്ഥാനാര്‍ഥിയാണ് ഷാഫി പറമ്പില്‍. കേരളത്തില്‍ ഒരിടത്തും അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ല.

പദ്മജയെ ബി.ജെ.പിയില്‍ എത്തിച്ചതിന് പിന്നില്‍ മുന്‍ ഐ.പി.എസ് ഓഫീസര്‍ ആണെന്നതിന് തെളിവുകളുണ്ട്. നിഷേധിച്ചാല്‍ തെളിവുകള്‍ ഹാജരാക്കാം. കുറേക്കാലമായി സി.പി.എം- ബി.ജെ.പി ഇടനിലക്കാരനായാണ് ബഹ്‌റ പ്രവര്‍ത്തിക്കുന്നത്. പിണറായിയുടെ അനുമതിയോടെയാണ് പദ്മജയുടെ ബി.ജെ.പി പ്രവേശനത്തിന് ഇടനിലക്കാരനായി ബഹ്‌റ പ്രവര്‍ത്തിച്ചത്. പദ്മജ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദവും സി.പി.എമ്മിനായിരുന്നു. മാത്യു ടി തോമസിന്റെ പാര്‍ട്ടി എന്‍.ഡി.എയില്‍ തുടരുമ്പോഴാണ് ചാലക്കുടിയില്‍ അദ്ദേഹം ബി.ജെ.പിക്കെതിരെ പ്രസംഗിച്ചത്.

എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്ളിനെ പുറത്താക്കാന്‍ പിണറായിക്ക് ധൈര്യമുണ്ടോ? അതോ ബി.ജെ.പിയുമായുള്ള ധാരണയാണോ? മന്ത്രി കൃഷ്ണന്‍ കുട്ടിയെ പുറത്താക്കാന്‍ പിണറായിക്ക് ധൈര്യമുണ്ടോ? മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുമെന്നത് പിണറായിയും ബി.ജെ.പിയും തമ്മിലുള്ള ധാരണയാണ്. കരുവന്നൂര്‍, മാസപ്പടി അന്വേഷണങ്ങള്‍ എവിടെ പോയെന്നും സതീശൻ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pension distributionV D Satheesan
News Summary - 13000 crores from the center should be used for pension distribution, said VD Satheesan
Next Story