200 സീറ്റ് കിട്ടിയാൽ രാഹുൽ സഖ്യനേതാവ് –കോൺഗ്രസ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിലൂടെ 200ൽപരം സീറ്റ് കിട്ടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ സഖ്യകക്ഷി സർക്കാറിനെ സ്വാഭാവികമായും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുമെന്ന് കോൺഗ്രസ്. പാർട്ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിൽ നേതാവും പ്രധാന പ്രചാരകനും രാഹുൽ ഗാന്ധിയായിരിക്കും. രാഹുൽ പ്രതിപക്ഷത്തിെൻറ പൊതു പ്രധാനമന്ത്രി സ്ഥാനാർഥിയായിരിക്കുമോ എന്ന ചോദ്യത്തിന് കോൺഗ്രസ് പ്രവർത്തക സമിതിക്കുശേഷം പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല നൽകിയതാണ് ഇൗ ഉത്തരം. രാഹുൽ പ്രതിപക്ഷത്തിെൻറ പൊതു പ്രധാനമന്ത്രി സ്ഥാനാർഥിയായിരിക്കുമെന്ന് ഉറപ്പിച്ചുപറയാൻ അദ്ദേഹം തയാറായില്ല.
ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ പ്രാദേശിക തലത്തിലും ദേശീയ തലത്തിലും കഴിയുന്നത്ര സഖ്യങ്ങൾ രൂപപ്പെടുത്താനാണ് ശ്രമിക്കുക. ഒാരോ സംസ്ഥാനത്തെയും സാധ്യതകൾ പ്രയോജനപ്പെടുത്തും. കോൺഗ്രസിെൻറ താൽപര്യത്തേക്കാൾ രാജ്യതാൽപര്യത്തിന് ഉൗന്നൽ നൽകും. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും ആരുമായി സഖ്യം വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് രാഹുൽ ഗാന്ധിയായിരിക്കും. 2019ലെ വിശാല ലക്ഷ്യം സമാധാനപരമായ സഹവർത്തിത്വം രാജ്യത്ത് പുനഃസ്ഥാപിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പ് ഏതെങ്കിലും വ്യക്തിക്കെതിരായ േപാരാട്ടമല്ല. രാജ്യത്തിെൻറ പാരമ്പര്യവും ഭരണഘടനാ സ്ഥാപനങ്ങൾ തന്നെയും തകർക്കുന്ന ചിന്താധാരക്കെതിരായ പോരാട്ടമാണ്. വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കുകയാണ് വേണ്ടത്. അതിനുതക്കവിധം സാധ്യമായ സഖ്യങ്ങൾ രൂപവത്കരിക്കും.
കശ്മീർ മുതൽ കന്യാകുമാരി വരെ വേരുകളുള്ള ഏക പാർട്ടി കോൺഗ്രസാണെന്ന് സുർേജവാല ചൂണ്ടിക്കാട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് കുറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഏറ്റവും കൂടുതൽ സീറ്റ് നേടുമെന്നുമാണ് പാർട്ടി കരുതുന്നത്. യുവാക്കളും സ്ത്രീകളും അടുത്ത തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കുമെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കും. ബി.ജെ.പിയെ ഉപേക്ഷിക്കുന്ന കക്ഷികളുടെ എണ്ണം കൂടിവരുകയാണ്. ശിവസേന പിന്മാറി നിൽക്കുന്നു. ടി.ഡി.പിയും ബി.ജെ.ഡിയും എൻ.ഡി.എ വിട്ടുപോയി. ബി.ജെ.പിക്കുള്ളിലും പ്രശ്നങ്ങളുണ്ട്. ക്രമേണ ബി.ജെ.പിയിൽ മോദി, അമിത് ഷാമാർ മാത്രമാവുമെന്നും സുർജേവാല പരിഹസിച്ചു.
പത്തിന പ്രചാരണ പരിപാടിക്ക് കോൺഗ്രസ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട്, മോദി സർക്കാറിനെതിരെ പത്തിന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചു. കാർഷിക മേഖലയിലെ പ്രതിസന്ധി, പ്രധാനന്ത്രിയുടെ തെറ്റായ വാഗ്ദാനങ്ങൾ, സാമ്പത്തിക സ്ഥിതി, യുവാക്കൾക്കിടയിൽ വർധിക്കുന്ന തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, ദലിത്-ന്യൂനപക്ഷ പ്രശ്നങ്ങൾ, വികല വിദേശനയം, ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസത്തകർച്ച തുടങ്ങിയ വിഷയങ്ങളാണ് മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.